കൊറോണ വന്ന് മരിക്കണോ പട്ടിണികൊണ്ട് മരിക്കണോ എന്ന കാര്യത്തിൽ ഈ ജനങ്ങൾ ഒരു തീരുമാനമെടുത്താൽ തീരുന്നതേയുള്ളൂ നിങ്ങളുടെ ധാർഷ്ട്യം

0
112
കെ.സഹദേവൻ 
രാജസ്ഥാനിലെ ഒരു ​ഗ്രാമത്തിലെ ഒരു അടുക്കളയാണിത്. നാല് ദിവസത്തിൽ കൂടുതലൊന്നും സൂക്ഷിച്ചുവെക്കാനുള്ള പാത്രങ്ങൾ പോലും സ്വന്തമായില്ലാത്ത ലക്ഷക്കണക്കായ ആളുകളുടെ അടുക്കളകൾ ഇങ്ങനെയാണ്. വിവിധ സർവ്വേകളുമായി ബന്ധപ്പെട്ട് ​ഗുജറാത്തിലെയും മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഝാർഘണ്ടിലെയും എത്രയോ അടുക്കളകളും തീപൂട്ടാത്ത അടുപ്പുകളും കണ്ടിട്ടുണ്ട്. വീടും തൊഴുത്തും തിരിച്ചറിയാത്ത തരത്തിലുള്ള കൂടാരങ്ങൾ.
മനുഷ്യ കുട്ടികളേക്കാൾ ആരോ​ഗ്യമുള്ള പശുക്കുട്ടികളും ആട്ടിൻകുട്ടികളും ഉള്ള പ്രദേശങ്ങൾ.
അവിടെയാണ് യാതൊരു മുന്നൊരുക്കങ്ങളോ ബദൽ സംവിധാനങ്ങളോ ഏർപ്പെടുത്താതെ, ജനങ്ങളെ ഒന്നാകെ അനിശ്ചിതത്വത്തിലേക്ക് തള്ളിയിട്ടുകൊണ്ട് 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ വന്ന് മരിക്കണോ പട്ടിണികൊണ്ട് മരിക്കണോ എന്ന കാര്യത്തിൽ ഈ ജനങ്ങൾ ഒരു തീരുമാനമെടുത്താൽ തീരുന്നതേയുള്ളൂ നിങ്ങളുടെ ധാർഷ്ട്യം.21 ദിവസം വീട്ടിലിരുന്ന് വർക്ഔട്ട് ചെയ്ത് തടികുറക്കുന്നതിനെക്കുറിച്ചും, നെറ്റ്ഫ്ലിക്സിൽ കിട്ടാവുന്ന പുതിയ മസാലകളെക്കുറിച്ചും നല്ല പാചക രീതികൾ കിട്ടുന്ന യൂട്യൂബ് ചാനലുകൾ ഏതാണെന്നും ഒക്കെയുള്ള മഹത്തായ വിവരങ്ങൾ യഥാവിധി നാട്ടുകാരിലേക്കെത്തിക്കുന്ന മാധ്യമങ്ങൾ കുടിവെള്ളത്തിനായി പരക്കംപായുന്ന ​ഗ്രാമങ്ങളെക്കുറിച്ച് ചിന്തിക്കാൻ പോലും തരമില്ല.