ഒന്നേ പറയാനുള്ളൂ ഒരു സമൂഹത്തെയാകെ പറയിപ്പിക്കരുത്

0
179

K Santha Koyilandy

അദ്ധ്യാപികയായി ജോലിയിൽ ചേർന്ന ദിവസം, ഒരു സംഭാഷണത്തിനിടെ ഭർത്താവ് തമാശയായി പറഞ്ഞ ഒരു കഥയുണ്ട്. മൂന്ന് ആളുകൾ ചായക്കടയിൽ കയറി, ഒരാൾ സാധാരണ തൊഴിലാളി, മറ്റൊരാൾ ഒരു സർക്കാർ ജീവനക്കാരൻ, ഇനിയൊരാൾ ഒരദ്ധ്യാപകൻ. ചായക്കകത്ത് ഒരു ഈച്ച വീണു. തൊഴിലാളിയായ ആൾ ആ ചായ ഒഴിച്ചു കളഞ്ഞ്, പുതിയ ഒരു ചായക്ക് ഓർഡർ ചെയ്തു. രണ്ടാമൻ സർക്കാർ ജീവനക്കാരൻ ഈച്ചയെ എടുത്തു പുറത്തിട്ട് ചായ കുടിച്ചു. മൂന്നാമൻ മാഷ് ഈച്ചയെ എടുത്ത് ഈമ്പി പുറത്തിട്ട ശേഷം ചായകുടിച്ചു. പോരാത്തതിന് ചായ കളയുന്നത് വഴിയുണ്ടാവുന്ന ദേശീയ നഷ്ടത്തെക്കുറിച്ച് ഒരു പ്രഭാഷണവും നടത്തി. എന്നെ പ്രകോപിപ്പിക്കാനാണ് ഇത് പറഞ്ഞതെങ്കിലും ഈ ഉളുപ്പില്ലായ്മ വെളിവാക്കുന്നതായിപ്പോയി ഒരു ‘അദ്ധ്യാപക സംഘടനാ നേതാവി’ന്റെ പ്രതികരണം.

മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം കണ്ടപ്പോൾ പ്രയാസം തോന്നി. ഈ വാക്കുകൾ നമ്മൾ പഠിപ്പിക്കുന്ന കുട്ടികളും കേട്ടിട്ടുണ്ടാവില്ലേ? സ്കൂളിൽ സഹായം ചോദിച്ച് വരുന്ന പാവങ്ങൾക്ക് നിരവധി തവണ ക്ലാസിൽ കയറി കുഞ്ഞുങ്ങളോട് നാണയത്തുട്ടുകൾ പിരിച്ചിട്ടുണ്ട്. ഒരു മടിയും കൂടാതെ മിഠായി വാങ്ങാൻ വച്ച നാണയത്തുട്ടുകൾ അവർ തരാറുണ്ട്. ഞങ്ങളുടെ വിഹിതവും ചേർത്ത് പരമാവധി സഹായം കൊടുത്തിട്ടുമുണ്ട്. ഇനിയും എങ്ങനെയാണ് അവരുടെ മുഖത്ത് നോക്കുക? അവരോട് സഹായം ചോദിച്ച് എങ്ങിനെ കൈ നീട്ടും? പട്ടിണിക്കാരെ സഹായിക്കാൻ ചെറിയ സഹായം ചോദിച്ചപ്പോൾ കൊടുക്കാത്ത നിങ്ങൾ ആണോ ഞങ്ങളെ പഠിപ്പിയ്ക്കുന്നത് എന്നവർ ചോദിച്ചാൽ?

ആറ് ദിവസത്തെ ശമ്പളം തൽക്കാലം തരാനില്ല എന്ന് പറഞ്ഞപ്പോൾ നമുക്ക് പൊള്ളി. ഇതു വരെയില്ലാത്ത വലിയ പ്രതിസന്ധി അനുഭവിക്കുകയാണ് നാട്. അമേരിക്കയിൽ ഓയിൽ വില മൈനസ്സിലേയ്ക്ക് പോയി എന്നതിനർത്ഥം, സമ്പത്ത് വ്യവസ്ഥ തകർന്നടിയുന്നു എന്നല്ലേ? സമ്പന്ന രാഷ്ട്രങ്ങൾ പകച്ചു നിൽക്കുകയാണ്. രണ്ട് മാസമായി ഉൽപാദനമില്ല. ആളുകളുടെ വാങ്ങൽ ശേഷി പൂജ്യത്തിലേയ്ക്ക് അടുക്കുകയാണ്. ഒരമ്മ പട്ടിണി സഹിയ്ക്കാതെ അഞ്ച് മക്കളെ ഗംഗയിലെറിഞ്ഞു കൊന്ന വാർത്ത പത്രത്തിലുണ്ട്. 27 രോഹിംഗ്യൻ അഭയാർത്ഥികൾ പട്ടിണി കിടന്ന് മരിച്ച വാർത്തയും പത്രത്തിൽ വന്നു. ഈ നിലയിൽ മുന്നോട്ടു പോയാൽ അടുത്ത മാസങ്ങളിൽ ലക്ഷക്കണക്കിന് ഗ്രാമീണർ പട്ടിണി കിടന്ന് മരിയ്ക്കുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകുന്നു. ആറ് ദിവസത്തെ ശമ്പളം തൽക്കാലം പിടിച്ചു വെയ്ക്കുമെന്ന് പറഞ്ഞപ്പോൾ ഉത്തരവ് കത്തിച്ച ‘അദ്ധ്യാപകനേതാവ്’ ഇതെന്തെങ്കിലും അറിയുമോ? ഇനിയുള്ള മാസങ്ങളിൽ സർക്കാരിന് ഒരു വരുമാനവുമില്ലാതായാൽ, ശമ്പളമേ തരാനാവില്ല എന്ന് പറഞ്ഞാൽ ഈ നേതാവ് എന്ത് ചെയ്യും? പിണറായി വിജയനോ തോമസ് ഐസക്കോ ഇനി ഉമ്മൻ ചാണ്ടിയോ ഒക്കെ ശമ്പളം തരുന്നത്, പൊതുഖജനാവിൽ നിന്നെടുത്തല്ലേ?അത് ശൂന്യമായാൽ നമുക്കെവിടെ നിന്നാണ് ശമ്പളം തരിക? പ്രളയം വന്നപ്പോൾ സാലറി ചാലഞ്ചിൽ പങ്കെടുക്കാതിരിക്കാൻ നൂറ് ന്യായങ്ങൾ നാം പറഞ്ഞു. നമുക്ക് 24 ദിവസത്തെ ശമ്പളമെങ്കിലും ഇപ്പോൾ കിട്ടുമെല്ലോ.

ഒരു ദിവസം 20 രൂപ പോലും വരുമാനമില്ലാത്ത കോടികളുണ്ട് ഇന്ത്യയിൽ. അവരാണ് ലോക് ഡൗൺപ്രഖ്യാപിച്ചപ്പോൾ പട്ടിണി ഭയന്ന് പലായനം ചെയ്തത്. നഗരങ്ങളിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള ഗ്രാമങ്ങളിലേയ്ക്ക് കൈക്കുഞ്ഞുങ്ങളുമായി അവർ പൊരിവെയിലിൽ നടന്നു പോകുന്ന ഹൃദയഭേദകമായ കാഴ്ച ഈ നേതാവും കണ്ടിട്ടുണ്ടാവില്ലേ?അവരെക്കാൾ എന്ത് പ്രിവിലേജാണ് നമ്മൾക്കുള്ളത് എന്ന് ഈ നേതാവ് വ്യക്തമാക്കുമോ? സൗജന്യ റേഷനും കിറ്റും കമ്മ്യൂണിറ്റി കിച്ചണുമൊക്കെയായി ആളുകൾ പട്ടിണിയാകാതെ നോക്കാൻ പാടുപെടുന്നുണ്ട് കേരളം. കോവിഡ് പ്രതിരോധത്തിന് എത്ര കോടി ഇതിനകം ചെലവിട്ടു? ഇനിയെത്ര വേണ്ടി വരും എന്നതൊക്കെ ഈ നേതാവ് എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഇന്നിപ്പോൾ യാതൊരു ഉളുപ്പുമില്ലാതെ ഒരു നയാ പൈസ കൊടുക്കാതെ എച്ചിത്തരം വിളമ്പുമ്പോൾ,ഈ സമൂഹം നമുക്ക് കൽപ്പിച്ചു തന്ന ഒരു സാമൂഹ്യപദവിയുണ്ട്. അത് കളഞ്ഞു കുളിയ്ക്കരുത്. ഒരു മാസമായി വീട്ടിലിരുന്ന് പുതിയ പാചകവും കളികളും പരീക്ഷിച്ച് കുടുംബത്തോടൊപ്പം സുഖിച്ച് കഴിയുന്ന നമുക്ക് എന്ത് അർഹതയാണ് മാഷേ ഇക്കണ്ട അവകാശ വാദങ്ങൾക്കൊക്കെ?

പഴയ അദ്ധ്യാപകന്റെ കഥ വായിച്ചതോർക്കുന്നു. പന്ത്രണ്ട് ഉറുപ്പികയാണ് ശമ്പളം.മാനേജർ കൊടുത്തത് 6 രൂപ. മുഴുവൻ കിട്ടിയാലേ ഒപ്പിട്ടു തരൂ എന്ന് പറഞ്ഞ അദ്ധ്യാപകനെ മാനേജർ കെട്ടിയിട്ട് ചൂരലെടുത്തിടിച്ചു. പട്ടിണി സഹിക്കാൻ കഴിയാതെ തന്റെ ശിഷ്യ ന്റെ പൊതിച്ചോറ് മോഷ്ടിച്ച് കഴിച്ച അദ്ധ്യാപകനെ നമ്മൾ മറന്നു പോയി. അദ്ധ്യാപക ജോലി അവസാനിപ്പിച്ച് ഭക്ഷണം കിട്ടാനായി ശിഷ്യനെത്തേടി വരുന്ന അദ്ധ്യാപകനെയും നമ്മൾ മറന്നു. എത്ര സമരങ്ങൾ.. കൃത്യമായി ശമ്പളം എക്കൗണ്ടിലേക്ക് വരുമ്പോൾ എല്ലാ ചരിത്രവും മറന്നു പോയി ഈ നേതാവ്!
ഒന്നോർക്കുക,
ഭൂമി ഒന്ന് കറങ്ങിത്തിരിഞ്ഞു വന്നാൽ ആപഴയ കഥയൊക്കെ ആവർത്തിച്ചു വന്നാൽ അതിലൊട്ടും അത്ഭുതമില്ല മാഷേ! ഒന്നേ പറയാനുള്ളൂ ഒരു സമൂഹത്തെയാകെ പറയിപ്പിക്കരുത്, അപമാനിയ്ക്കരുത്…….