കണം 🎬
അമ്മ ഓർമ്മകളുടെ വീണ്ടെടുപ്പ്
എന്റെ അമ്മയെക്കുറിച്ചുളള ഏറ്റവും സജീവമായ ഓർമ്മ ഞങ്ങളുടെ കുടുംബവീട്ടിലെ ചുവരിലുണ്ടായിരുന്ന പഴയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ആയിരുന്നു.വീട് റിനോവേഷന്റെ ഭാഗമായി ആരോ ആ ഫോട്ടോയിൽ പറ്റിയിരുന്ന പൊടി തുടച്ചു മാറ്റിയപ്പോൾ അമ്മയുടെ പകുതി മുഖവും മാഞ്ഞുപോയി പിന്നീട് ഒരു ആർട്ടിസ്റ്റിനെക്കൊണ്ട് വിട്ടുപോയ ഭാഗം വരച്ചു ചേർത്തെങ്കിലും ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു അത് അമ്മയുടെ മുഖം അല്ലായിരുന്നു എന്ന്.അങ്ങനെ എന്റെ അമ്മയെക്കുറിച്ചുളള ഏക ഓർമ്മയും എനിക്ക് നഷ്ടമിയി…
ആദി എന്ന ചെറുപ്പക്കാരൻ ഒരു ഗിത്താർപ്ലയറും ഗായകനുമാണ്.സദസ്സിനെ അഭിമുഖീകരിക്കാനുള്ള ഭയവും സമൂഹത്തിൽ നിന്നും ഉൾവലിഞ്ഞ സ്വഭാവവും അവന്റെ നില പരുങ്ങലിലാക്കുന്നു.കിട്ടുന്ന അവസരങ്ങൾ ഉപയോഗിക്കാൻ കഴിയാതെ,മറ്റ് ജോലികളൊന്നും വശമില്ലാത്ത ആദിയുടെ നിലനില്പ് തന്നെ അപകടത്തിലാകുന്നു.ഈ പരിതസ്ഥിതിയിലും അവന്റെ ഏക ആനന്ദവും ആശ്വാസവും അകാലത്തിൽ നഷ്ടമായ അവന്റെ അമ്മയുടെ ഓർമ്മകളാണ്, അവന്റെ തീരാ വേദനയും…
ഒരിക്കലെങ്കിലും അമ്മയെ തിരികെ കിട്ടിയിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിക്കുന്നു.കാർത്തിക് രചനയും സംവിധാനവും നിർവഹിച്ച് സോണി ലൈവിൽ റിലീസ് ചെയ്ത “കണം” എന്ന തമിഴ് ചിത്രം ഒരു സയന്റിഫിക് ഫാന്റസി സിനിമ എന്നതിനേക്കാൾ മനുഷ്യന്റെ വൈകാരിക തലങ്ങളെ ആഴത്തിൽ തൊടുന്നു എന്നിടത്താണ് വിജയിക്കുന്നത്.ആ സ്പർശമാകട്ടെ ഏത് ജീവവർഗ്ഗത്തിന്റെയും അടിസ്ഥാന ചോദനയായ അമ്മ എന്ന ഏറ്റവും ആർദ്രമായ ഇടവുമാണ്.
ആദിയായ് അഭിനയിച്ച ശർവ്വാനന്ദ് അമ്മയായ് വന്ന അമലയും അവരുടെ കരിയറിലെ തന്നെ മികച്ച അഭിനയ മുഹൂർത്തങ്ങളാണ് സമ്മാനിക്കുന്നത്.നാസർ അടക്കമുള്ള വളരെ മികച്ച ഒരു താരനിരയും ചിത്രത്തിനുണ്ട്.പ്രധാന നടന്മാരുടെ ബാല്യകാലം അഭിനയിച്ച കുട്ടികളും അവരുടെ റോളുകൾ നന്നായി ചെയ്തിട്ടുണ്ട്.ഒരു ടൈം ട്രാവലർ ഗണത്തിൽ പെടുത്താവുന്ന ചിത്രം ഒരിടത്തു പോലും കല്ല് കടി ഉണ്ടാക്കുന്നില്ല.ഗ്രാഫിക്സും മറ്റും വളരെ മികച്ച രീതിയിൽ വന്നിട്ടുണ്ട്.സന്ദർഭോജിതമായ തമാശകളും.പഴയകാലത്തിലേക്ക് കടക്കുമ്പോഴുളള ആർട്ട് വർക്കുകളും അഭിനന്ദനീയമാണ്. എല്ലാ അർത്ഥത്തിലും കണം ഒരു മസ്റ്റ് വാച്ച് മൂവിയാണ്.ഒരു കുട്ടി ജനിച്ച് കുറച്ചു നാളുകൾക്കുള്ളിൽ തന്നെ അമ്മയുമായ് അതിനെ ബന്ധിപ്പിച്ച പൊക്കിൾ കൊടി പൊടിഞ്ഞു പോകുന്നു,പക്ഷേ അമ്മയുമായുള്ള അതിന്റെ ആത്മബന്ധം ഒരിക്കലും അറ്റുപോവുകയില്ല, ആ ബന്ധം ആജീവനാന്തമാണ്!.