KERALAM
ആദിവാസി വംശഹത്യയുടെ പതിനെട്ട് വർഷങ്ങൾ
ഭൂമിക്കായും അവകാശത്തിനായും അതിജീവനത്തിനായും മുത്തങ്ങയിൽ സമരം നടത്തിയ ആദിവാസികൾക്ക് നേരെ സ്റ്റേറ്റ് വെടിയുതിർത്തിട്ട് ഇന്ന് 18 വർഷങ്ങൾ തികയുന്നു. ആദിവാസി സമരപ്രവർത്തകനായ ജോഗിയെ
241 total views

മുത്തങ്ങാ ദിനം : ആദിവാസി വംശഹത്യയുടെ പതിനെട്ട് വർഷങ്ങൾ.
ഭൂമിക്കായും അവകാശത്തിനായും അതിജീവനത്തിനായും മുത്തങ്ങയിൽ സമരം നടത്തിയ ആദിവാസികൾക്ക് നേരെ സ്റ്റേറ്റ് വെടിയുതിർത്തിട്ട് ഇന്ന് 18 വർഷങ്ങൾ തികയുന്നു. ആദിവാസി സമരപ്രവർത്തകനായ ജോഗിയെ വെടിവെച്ച് കൊല്ലുകയും Geethanandan M ഉം സി കെ ജാനുവും ഉൾപ്പെടെ നൂറുകണക്കിന് സമരപ്രവർത്തകർക്ക് ക്രൂരമായ മർദ്ദനമേൽക്കുകയും 148 കുഞ്ഞുങ്ങളുൾപ്പടെ എഴുന്നൂറോളം പേരെ ജയിലിലടക്കുകയും ചെയ്ത ‘മുത്തങ്ങ’ ഭരണകൂടം ആദിവാസികൾക്കെതിരെ നടത്തിയ ബോധപൂർവ്വമായ വംശഹത്യയായിരുന്നു. മർദ്ധനമേറ്റ നാലു പേർ പിന്നീടു മരണമടഞ്ഞു. ഇരുപത്തിയഞ്ചോളം പേർ രോഗികളായി മരിച്ചു.
2003 ൽ മുത്തങ്ങ സമരം കഴിഞ്ഞ് 3 വർഷം കഴിഞ്ഞാണ് വനാവകാശനിയമം ( Forest Rights Act 2006 ) ഇന്ത്യയിൽ പാസ്സാക്കുന്നത്. വനാവകാശനിയമം കേരളത്തിൽ നിലവിൽ വന്നിട്ടും അതിനായി പോരാടിയ ആദിവാസികൾ ഏകപക്ഷീയമായി വിചാരണ നേരിടുന്ന വിചിത്രമായ കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്. ഭരണഘടനാ അവകാശത്തിനായി ആദിവാസികൾ നടത്തിയ സമരത്തെ വംശീയ വിചാരണയിലൂടെ ജയിലിലടയ്ക്കാൻ ശ്രമിക്കുകയാണിപ്പോൾ സർക്കാർ.
മുത്തങ്ങ സമരപോരാളികൾ ഉയർത്തിയ മുദ്രാവാക്യം ഇന്നും പ്രസക്തമായി ഉയർന്നു നിലനിൽക്കുന്നു. സർക്കാർ കണക്കുപ്രകാരം 10943 ആദിവാസി ഭൂരഹിതരാണ് ഇപ്പോൾ സംസ്ഥാനത്ത് ഉള്ളത്. ആദിവാസികളുടെ എൺപത് ശതമാനത്തിനു മുകളിൽ 4167 കോളനികളിലും സെറ്റിൽമെന്റുകളിലുമാണ് കഴിയുന്നത്. ഇവരുടെ ഭൂഉടമസ്ഥത എന്ന് പറയുന്നത് അഞ്ചു സെന്റിൽ താഴെയാണ്. ആദിവാസികൾക്ക് കുറഞ്ഞത് ഒരേക്കർ മുതൽ അഞ്ചേക്കർ ഭൂമി നൽകണമെന്ന നിയമപരമായവ്യവസ്ഥ പരിഗണിച്ചാൽ ആദിവാസികളുടെ ബഹുഭൂരിപക്ഷവും ഭൂരഹിതരായി മാറും. ഇവർക്ക് നൽകാൻ മതിയായ ഭൂമി സംസ്ഥാനത്ത് ഉണ്ടായിരിക്കേ ഇന്നും സർക്കാർ ഇവരെ ഭൂമിൽ നിന്നും നീതിയിൽ നിന്നും അകറ്റി നിർത്തിയിരിക്കുകയാണ്.
മുത്തങ്ങ സമരത്തെ തുടർന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 19002 ഏക്കർ ഭൂമി വിട്ടു നൽകിയിരുന്നു. പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി എ കെ ബാലൻ 2019 ജൂണിൽ നിയമസഭയിൽ നൽകിയ കണക്ക് പ്രകാരം ഈ ഭൂമിയിൽ 4789 ഏക്കർ ഭൂമി 3616 കുടുംബങ്ങൾക്കായി വിതരണം ചെയ്തിട്ടുണ്ട്. ആദിവാസികൾക്ക് വിതരണം ചെയ്യേണ്ട 14213 ഏക്കർ നിക്ഷിപ്ത വനഭൂമി വിതരണം ചെയ്യാതെ ഇപ്പോഴും കിടക്കുകയാണ്. വിതരണം ചെയ്യണ്ട ഈ ഭൂമിയിൽ വാസയോഗ്യമായ ഭൂമി കണ്ടെത്തി ആദിവാസികൾക്ക് വിതരണം ചെയ്യണമെന്ന് 2015 ഫെബ്രുവരിയിൽ വയനാട് കളക്ടറുടെയും വനം ഉദ്യോഗസ്ഥരുടെയും വിവിധ ആദിവാസി സംഘടന പ്രതിനിധികളുടെയും മുൻകൈയിൽ യോഗം കൂടി ഉത്തരവിറക്കിയെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മാത്രമല്ല ഈ ഭൂമി കൂടാതെ ആദിവാസികൾക്ക് വിതരണം ചെയ്യാൻ കഴിയുന്ന 352 ഏക്കർ നിക്ഷിപ്ത വനഭൂമിയും ജില്ലയിൽ ഉണ്ടെന്നു വനം വകുപ്പ് സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇത് കൂടാതെ ഓരോ വർഷവും കോടിക്കണക്കിനു രൂപയാണ് ഭൂമി വാങ്ങി ഭൂരഹിതർക്ക് നൽകുന്നതിന് നൽകുന്നത്.
2001 ലെ സെക്രട്ടറിയേറ്റിനു മുൻപിലെ കുടിൽകെട്ടി സമരത്തെ തുടർന്ന് ആദിവാസികളുടെ സമഗ്ര പുനരധിവാസം ലക്ഷ്യം വെച്ച് ആരംഭിച്ച The Tribal Resettlement and Development Mission ( TRDM ) വഴി 8906 ആദിവാസി കുടുംബങ്ങൾക്ക് 10666 ഏക്കർ ഭൂമി വിതരണം നടത്തിയെങ്കിലും ആദിവാസി ഭൂവിതരണം അട്ടിമറിക്കാനും ലൈഫ് പദ്ധതിയിലൂടെ അവരെ കോളനിവൽക്കരിക്കാനും ലക്ഷ്യമിട്ട് അതിന്റെ പ്രവർത്തനങ്ങൾ ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണ്.
വനാവകാശത്തിന്റെ മുഴുവൻ അന്തസത്തയും ചോർത്തിക്കളയുന്ന നിലയിലാണ് കേരളത്തിൽ വനാവകാശം നടപ്പിലാക്കുന്നത്. 43129 വനാവകാശ അപേക്ഷകളിൽ 25825 പേർക്ക് 34565 ഏക്കർ ഭൂമി മാത്രമാണ് വനാവകാശം നൽകിയത്. രണ്ടേകാൽ ലക്ഷം ഭൂമി നൽകേണ്ടിടത്താണ്ട് ഈ അട്ടിമറി നടന്നിരിക്കുന്നത്. ആദിവാസി സ്വയംഭരണ അവകാശം ( PESA ) നടപ്പിലാക്കാൻ സർക്കാർ ഇനിയും തയ്യാറായിട്ടില്ല. അതിന്റെ തുടർ പ്രവർത്തനങ്ങൾ നടക്കുന്നതാകട്ടെ മന്ദഗതിയിലും. ആദിവാസി അവകാശങ്ങൾ ഒന്നൊന്നായി അട്ടിമറിക്കപ്പെടുമ്പോൾ മുത്തങ്ങ ഉയർത്തിയ മുദ്രാവാക്യം ഇപ്പോഴും നമുക്ക് മുന്നിൽ അതേ ആവശ്യത്തോടെ നിലനിൽക്കുന്നുണ്ട്.
242 total views, 1 views today