സ്ത്രീകൾ ഭരിക്കുന്ന സ്ഥലങ്ങളിലെ കോവിഡ് പ്രതിരോധവിജയം വാർത്തയാണ്

34
K Viswanathan
സ്ത്രീകൾ ഭരിക്കുന്ന സ്ഥലങ്ങളിലെ കോവിഡ് പ്രതിരോധവിജയം വാർത്തയാണ്. ന്യൂസിലാണ്ട്, തൈവാൻ, ജെർമനി, ഫിൻലാണ്ട് ഒക്കെ ഉദാഹരണം. ഇന്ത്യക്കുള്ളിൽ തന്നെ കേരളത്തിലെ പ്രതിരോധവും അതിൽ ശൈലജറ്റീച്ചറുടെ പങ്കും ലോകം മുഴുവൻ ശ്രദ്ധിച്ചു. നാരികളുടെ കഴിവൊന്നുമല്ല ഇതിനു കാരണം എന്നു കരുതുന്നവർ രണ്ടു ചോദ്യങ്ങൾ ചോദിക്കുന്നു. ഒന്ന്, സ്ത്രീകൾ പ്രധാനമന്ത്രിയോ പ്രസിഡന്റൊ ആയ രാജ്യങ്ങളിൽ കൊറോണപ്രശ്നം വരില്ലെ? രണ്ട്, ഷൈലജ റ്റീച്ചറെ പ്രധാനമന്ത്രിയാക്കിയാൽ ഇന്ത്യയിൽ കോവിഡ് മാറുമോ? രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം ഇല്ല എന്നു തന്നെയാണ്. ആദ്യത്തെ ചോദ്യം അത്ര ലളിതമല്ല.

അവസാന രോഗിയും ഡിസ്ച്ചാർജായത്തിനുശേഷം ന്യൂസ്‌ലാന്റിൽ ആരോഗ്യപ്രവർത്തകർ കോവിഡ് ഡിപ്പാർട്മെന്റിൽനിന്നും പുറത്തേക്കുവരുന്നു

മനുഷ്യനു വില കൊടുക്കുന്ന ജനാധിപത്യസംവിധാനങ്ങളിൽ കോവിഡ് രോഗപ്രതിരോധവിജയം ഒരു വ്യക്തിയുടെ കഴിവല്ല. അതാ സമൂഹത്തിലെ പൊതു ആരോഗ്യവ്യവസ്ഥയുടെ ശക്തി, ജനങ്ങളുടെ ശാസ്ത്രബോധം, അവരുടെ പക്വതയും സമത്വബോധവും, സർക്കാർ സംവിധാനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. ഇങ്ങനെയുള്ള ഒരു സമൂഹത്തിലെ ഭരണാധികാരികൾ അപകടസമയങ്ങളിൽ രാഷ്ട്രീയതാല്പര്യങ്ങൾക്ക് അതീതരായി പ്രതികരിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ഇങ്ങനെയുള്ള സമൂഹങ്ങൾ സ്ത്രീകൾ ഭരിക്കുന്നിടമാകാനുള്ള സാദ്ധ്യതയും കൂടുലാണ്.
സ്ത്രീകൾക്ക് തുല്യതയുള്ള സമൂഹങ്ങളിലെ പൊതു ആരോഗ്യസൂചികകൾ ഉയർന്ന നിലയിലായിരിക്കും. സ്ത്രീകൾക്ക് സാക്ഷരത കൂടുന്നതോടൊപ്പം ഫെർട്ടിലിറ്റി നിരക്കുകൾ, പ്രസവസംബന്ധമായ മരണങ്ങൾ, ഒരു വയസ്സിനു താഴെ മരിക്കുന്ന കുട്ടികളുടെ നിരക്ക് ഇവയെല്ലാം കുറയുന്നു. ഒരു സമൂഹത്തെ മെച്ചപ്പെടുത്താൻ പെൺകുട്ടികളെ സ്കൂളിൽ വിട്ടാൽ മതിയെന്നുള്ളത് അടിസ്ഥാനതത്വമാണ്. പെണ്ണുങ്ങളുടെ വിദ്യാഭ്യാസം എതിർക്കുന്ന യാഥാസ്ഥികശക്തികൾക്കും നല്ലതു പോലെ അറിയാവുന്ന കാര്യമാണിത്.
ഇനി ജപ്പാന്റെ കാര്യമെടുക്കുക. വളരെയേറെ മനുഷ്യർ തിങ്ങിപാർക്കുന്ന, മുപ്പതു ശതമാനം ആൾക്കാർ 60 വയസ്സിനു മുകളിലുള്ള രാജ്യമാണത്. കോവിഡിനു പറ്റിയ സ്ഥലം. എന്നാൽ ചില്ലറ നിയന്ത്രണങ്ങൾ മാത്രം കൊണ്ട് ജപ്പാൻ മാതൃകാപരമായ രോഗപ്രതിരോധമാണ് ഇതു വരെ ചെയ്തിരിക്കുന്നത്. നാരി ഭരിച്ചു എന്നതു കൊണ്ടല്ല അങ്ങനെ വന്നത്, അവിടെ ആരു ഭരിച്ചാലും മതി എന്നതു കൊണ്ടാണ്. നേരത്തെ പറഞ്ഞ ഘടകങ്ങൾ- ശാസ്ത്രബോധമുള്ള ജനം, തുല്യത, ശക്തമായ പൊതുആരോഗ്യവ്യവസ്ഥ, ജനങ്ങൾക്ക് വിശ്വാസമുള്ള സർക്കാർ സംവിധാനങ്ങൾ- ഇവയെല്ലാം അതിനു സഹായിച്ചു.
നാരി ഭരിക്കുന്നതു കൊണ്ടല്ല നേരത്തെ പറഞ്ഞ സ്ഥലങ്ങളിലെയും കോവിഡ് പ്രതിരോധം വിജയിച്ചത്. ഭരിക്കുന്നത് നാരിയായാലും അല്ലെങ്കിലും നാറി ആകാതിരുന്നാൽ മതി, ഭരണപ്പെടുന്നവരിലും നാറികളുടെ എണ്ണം കുറവായിരിക്കണം.