ആൾക്കൂട്ട വിചാരണ നേരിടുന്നതല്ല ഡോക്ടറുടെ ജോലി.

442
K Viswanathan എഴുതുന്നു 

പത്തു വർഷം മുമ്പാണ് അയാൾ രോഗിയായി മുന്നിൽ പ്രത്യക്ഷപ്പെട്ടത്. മറിഞ്ഞു വീണ് തോൾ സന്ധി ഒടിഞ്ഞിരിക്കുന്നു. മറ്റൊരു ആശുപത്രിയിൽ ബാൻഡേജ് ചെയ്ത് ഇങ്ങോട്ട് വിട്ടതാണ്.

“ഓപ്പറേഷൻ ചെയ്യണം,” ഞാൻ പറഞ്ഞു, “ഇല്ലെങ്കിൽ മോശമാകും.”

“അതെ. ഓപ്പറേഷൻ ചെയ്യാനാണ് വന്നത്. പക്ഷെ ഒരു ചെറിയ പ്രശ്നമുണ്ട്. ”

അയാൾ ഒരു കെട്ട് ഓപ്പി റ്റിക്കറ്റ് മുന്നോട്ട് നീക്കി. മെഡിക്കൽ കോളേജിലെ കടലാസുകളാണ്. ഇൻഫക്ഷ്യസ് ഡിസീസസ് വകുപ്പിലെ ചികിത്സയിലാണയാൾ. എയ്ഡ്സ് രോഗിയാണ്.

രാത്രി ഒരു ഓർത്തോ സുഹൃത്തിനെ വിളിച്ചു, “നാളെ ഒരു കേസുണ്ട്, ഞാൻ ഒറ്റക്കാണ്. ഒറ്റയ്ക്ക് പ്രയാസമാണ്. ഒന്ന് വരാമോ?”

അയാൾ ഏറ്റു. ഇടയ്ക്കിടെ അങ്ങോട്ടുമിങ്ങോട്ടും സഹായം തേടുന്നത് പതിവാണ്.

“ഒരു പ്രശ്നമുണ്ട്. രോഗിക്ക് എയ്ഡ്സാണ്.”

“എത്ര മണിക്കാണ് നീ തുടങ്ങുന്നത്?” അയാൾ ചോദിച്ചു.

പിറ്റേന്ന് വൈകിട്ട് സർജറി തുടങ്ങി. തോൾസന്ധിയിലേക്കുള്ള രാജവീഥി ഡെൽറ്റോ പെക്റ്റൊറലാണ് (delto-pectoral approach). മുറിവുണ്ടാക്കി അതിൽ അഡ്രിനാലിൻ അടങ്ങിയ മരുന്നു ഞാൻ കുത്തിവച്ചു. രക്തസ്രാവം കുറയ്ക്കാനായി ഇങ്ങനെ ചെയ്യാറുണ്ട്. സിറിഞ്ച് പൊങ്ങി താണു. വീണ്ടും പൊങ്ങി താണു. ഇത്തവണ സൂചി മുറിവു തുടയ്ക്കുന്ന സുഹൃത്തിന്റെ നടുവിരലിനുള്ളിലേക്ക് ആഴത്തിൽ ഇറങ്ങി. ഒരു നിമിഷത്തെ ശ്രദ്ധ കുറവ്.

അയാൾ ഒരു നിമിഷം പതറി. പിന്നെ കൈയ്യുറ മാറ്റി പണി തുടർന്നു. പിറ്റേന്ന് രാവിലെ മുതൽ സ്പെഷ്യലിസ്റ്റ് നിർദ്ദേശമനുസരിച്ച് ഡോക്ടർക്ക് ചികിത്സ തുടങ്ങി- post exposure prophylaxis.

പത്തു വർഷം മുമ്പ് ഇതിനുള്ള മരുന്നുകൾക്ക് പാർശ്വഫലം കൂടുതലായിരുന്നു. തലവേദനയും ഛർദ്ദിയുമായി അയാൾ വല്ലാതെ വലഞ്ഞു. രണ്ടാഴ്ച വീട്ടിൽ തന്നെ കിടന്നു.

എന്തായാലും സംഗതി നന്നായി അവസാനിച്ചു. രോഗിയുടെ തോൾ നന്നായി കൂടിച്ചേർന്നു. ഡോക്ടർ എയ്ഡ്സ് പിടിക്കാതെ രക്ഷപെട്ടു.

ഇതിവിടെ ഇപ്പോൾ ഓർക്കാൻ കാരണം ബംഗാൾ സംഭവമാണ്. രോഗി മരിച്ചതു പ്രമാണിച്ച് ഡോക്ടറെ (Dr.Paribaha Mukhopadhyay) തല്ലി ഗുരുതര നിലയിൽ ഐസിയുവിലാക്കി. സംഭവത്തിൽ ഡോക്ടർമാർ പ്രതിഷേധിച്ച് സമരം ചെയ്യുന്നു. ഇതിനെ കുറിച്ച് മുഖ്യമന്ത്രി മമതാ ദീദിയുടെ ഒരു പ്രസ്താവന, ഏതാണ്ടിങ്ങനെ: “ഡോക്ടർമാർ സമരം ചെയ്യാൻ പാടില്ല. ജോലിയുടെ ഇടയിൽ ഇങ്ങനെയൊക്കെ ചിലപ്പോൾ ഉണ്ടാകും. പോലീസുകാർ അടി കൊള്ളുമ്പോൾ സമരം ചെയ്താൽ എങ്ങനെയാകും?”

ലൈൻ ഓഫ് ഡ്യൂട്ടിയാണ് ദീദി പറയുന്നത്. ഫെയ്സ്ബുക്കിൽ ചിലർ ഇതിനെ ശരിവയ്ക്കുന്നതു കണ്ടു.

ഡോക്ടറുടെയും നഴ്സിന്റെയും ലൈൻ ഓഫ് ഡ്യൂട്ടി മറ്റാരെക്കാളും കൃത്യമായി അവർക്ക് തന്നെയറിയാം. അതു കൊണ്ടാണ് നിപ്പാ വൈറസ്സ് വന്ന് അവരിലൊരാൾ മരിച്ചപ്പോൾ അവർ പിന്നെയും ജോലിയിൽ തുടർന്നത്. ആശുപത്രി ഇടനാഴികളിലും ഐസിയുവിനുള്ളിലും ഓപ്പറേഷൻ തീയറ്ററിലും അപകടം പതിയിരിക്കുന്നത് അവർക്കറിയാം. മരണം റോന്തു ചുറ്റുന്ന സ്ഥലമാണ് ആശുപത്രി. അതിനെ കണ്ടു ഭയന്നു മാറിനില്ക്കാറില്ല. അതാണ് അവരുടെ ലൈൻ ഓഫ് ഡ്യൂട്ടി.

അതിനെതിരെയൊന്നും ഇന്നു വരെ ഇവരാരും സമരം ചെയ്തിട്ടില്ല. മറിച്ചാണ് കണ്ടിട്ടുള്ളത്. ആരോഗ്യ പ്രവർത്തകന്റെ നായകർ രാജ്യം വെട്ടിപിടിച്ചവരോ ഒരടിക്ക് പത്തു പേരെ വീഴ്ത്തിയവരോ അല്ല. സ്വന്തം ശരീരത്തിൽ പരീക്ഷണം നടത്തിയ ഒരു വല്യ നിര തന്നെയുണ്ട് അവരുടെയിടയിൽ. ചെയ്യുന്ന ജോലിയുടെ ഇടയിൽ വീണ, വീണു കൊണ്ടിരിക്കുന്ന കുറേയേറെ പേരുണ്ട് അവർക്ക് പറയാൻ. അതാണ് അവരുടെ ലൈൻ ഓഫ് ഡ്യൂട്ടി.

അല്ലാതെ ആൾക്കൂട്ട വിചാരണ നേരിടുന്നതല്ല ഡോക്ടറുടെ ജോലി. തല്ലു കൊള്ളുന്നതല്ല. ആ ലൈൻ പിടിക്കാൻ ആയിരുന്നെങ്കിൽ ദീദി പറഞ്ഞതു പോലെ പോലീസാകാമായിരുന്നു. അത് വേറെ ലൈൻ.

ആ ലൈൻ ആരോഗ്യപ്രവർത്തകരെ കൊണ്ട് പിടിപ്പിക്കാൻ ശ്രമിക്കരുത്. അക്രമം തടയാൻ ശക്തമായ നിയമം വേണം. അഥവാ അക്രമം ഉണ്ടായാൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടണം.

അല്ലാത്ത പക്ഷം ജോലി ചെയ്യാൻ കഴിയില്ല. ചെയ്യാൻ പാടില്ല. ഡോക്ടർമാരുടെ മാത്രം പ്രശ്നമല്ലിത്.

അറിവിനും അറിവില്ലായ്മയുടെയും ഇടയിൽ ജീവനും മരണത്തിനുമിടയിൽ ഒരു അനിശ്ചിത ശാസ്ത്രത്തിന്റെ വിവേകപൂർവ്വമായ പ്രയോഗമാണ് വൈദ്യം. തല്ലിയും കൊന്നും പിടിച്ചെടുക്കാൻ കഴിയുന്ന ഒന്നല്ലത്. എല്ലാവരും ഇത് മനസ്സിലാക്കിയാൽ എല്ലാവർക്കും നല്ലത്.