ആയുർവേദക്കാരുടെ സർജറി, വേണ്ടത്ര പരീക്ഷണമൃഗങ്ങൾ ഇവിടെയുണ്ട് സർക്കാരേ

0
89

K Viswanathan

ആയുർവേദ ഡോക്ടർമാർക്ക് വേണ്ടത്ര പരിശീലനം കൊടുത്താൽ അവർ സർജറി ചെയ്യുന്നതിൽ തെറ്റില്ല എന്ന് ആരോഗ്യമന്ത്രി ഷൈലജ പറഞ്ഞതായി വാർത്ത കണ്ടു. കൃത്യമായ നിരീക്ഷണമാണ് മന്ത്രിയുടെ. എന്താണീ “വേണ്ടത്ര” പരിശീലനം എന്ന് നമുക്ക് നോക്കാം. അരോഗാവസ്ഥയിലും രോഗാവസ്ഥയിലും മനുഷ്യ ശരീരത്തെ പഠിക്കുക എന്നതാണ് പരിശീലനത്തിന്റെ അടിസ്ഥാനതത്വം. ജീവശാസ്ത്രത്തിന്റെ, അഥവാ ബയോളജിയുടെ, ഒരു ശാഖയാണ് ആരോഗ്യ ശാസ്ത്രം. ആധുനിക സയൻസിന്റെ അവിഭാജ്യ ഘടകമാണ് ബയോളജി.

ശരിരത്തിന്റെ സുക്ഷ്മവും സ്ഥൂലവുമായ ഘടനയുടെ പഠനമാണ് അനാറ്റമി. അതിന്റെ ഫിസിക്സ് ഫിസിയോളജി, കെമിസ്ട്രി ബയോകെമിസ്ട്രി. ഫിസിയോളജിയും ബയൊകെമിസ്ട്രിയുമെല്ലാം വിശാലമായ സയൻസ് ശാഖകളാണ്. അതിൽ പ്രസക്തമായ ഭാഗങ്ങൾ മാത്രം മതി നമ്മുടെ ആവശ്യത്തിന്.

മരുന്നുകളെ കുറിച്ചും മരുന്നും ശരീരവും തമ്മിലുള്ള ഇടപെടലുകളെ കുറിച്ചും ഫാർമക്കോളജി പറയുന്നു. രോഗാവസ്ഥയിലെ ശരിരശാസ്ത്രം പത്തോളജി. സൂക്ഷ്മജീവികളുടെ പഠനം, അവയിൽ രോഗമുണ്ടാക്കുന്നവയെ മാത്രം മതി നമുക്ക്, മൈക്രൊബയോളജി. പിന്നെ കമ്മ്യൂണിറ്റി മെഡിസിൻ, ഫോറൻസിക് മെഡിസിൻ. അതു കഴിഞ്ഞാൽ ഇന്റേണൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, ഇവയുടെ ബാലപാഠങ്ങൾ.

പിന്നെ കുറച്ചുകാലം സർജറിയിൽ പരിശീലനം. അതു കൂടിയായാൽ ഇഷ്ടമുള്ള മേഖലയിൽ സ്പെഷ്യലൈസ് ചെയ്യാം. കഴിഞ്ഞു. ആവശ്യത്തിനു പരിശിലനമായി. സർജറി ചെയ്യാം. ആയുർവേദ ഡോക്ടർക്കു മാത്രമല്ല ശരശരി ബുദ്ധിയുള്ള, ശരാശരി കായികക്ഷമതയുള്ള ഏതു പ്ലസ് ടൂക്കാരനും പത്തു പതിനഞ്ചു കൊല്ലം ഇതൊക്കെ ചെയ്താൽ പരിശീലനമായി. ഈ പരിശീലനത്തിന് നമ്മുടെ നാട്ടിൽ പറയുന്ന പേര് MBBS. അതു കഴിഞ്ഞ് MS, പിന്നെ വേണമെങ്കിൽ MCh, അല്ലെങ്കിൽ എന്തെങ്കിലും ഫെല്ലോഷിപ്പ്. ഇതാണ് “വേണ്ടത്ര” പരിശീലനം.
സത്യത്തിൽ ഇത്രയൊക്കെ വേണോ? ഒരു സർജറി, ഉദാഹരണത്തിന് അപ്പെൻഡിസെക്റ്റമി എന്ന ഓപ്പറേഷൻ ചെയ്യാൻ ഇത്രയൊക്കെ വേണോ? കൈ കൊണ്ടുള്ള സർക്കസ് മാത്രമാണ് സർജറിയെങ്കിൽ ഇതൊന്നും വേണ്ട. ശരാശരി എതു മനുഷ്യനും അഞ്ചോ പത്തോ പ്രാവശ്യം മനസ്സിരുത്തി നിരീക്ഷിച്ചാൽ ചെയ്യാവുന്ന കാര്യം തന്നെയാണ് ഒരുമാതിരിപ്പെട്ട ഏത് ഓപ്പറേഷനും. പിന്നെ ധൈര്യകഷായമൊക്കെ കഴിച്ചങ്ങ് ചെയ്തു തുടങ്ങുക. ഒന്നു രണ്ടു കൊല്ലം ചെയ്യുക. പതുക്കെ പതുക്കെ നാം പോലുമറിയാതെ നാം അപ്പെൻഡിസെക്റ്റമിയുടെ ഉസ്താദായി മാറും.

പ്രശ്നം കൈ കൊണ്ടു ചെയ്യുന്ന സർക്കസല്ല സർജറി എന്നതാണ്. അഥവാ കൈ കൊണ്ട് ചെയ്യുന്നതാകും അതിലെ ഏറ്റവും നിസ്സാര ഭാഗം. എന്താണ് പ്രശ്നം, എന്തു ചെയ്യണം, എന്തെങ്കിലും ചെയ്യണോ, ചെയ്തു കഴിഞ്ഞെന്തു ചെയ്യണം, ചളമായാൽ എന്തു ചെയ്യണം, കൊളമായാൽ എന്തു ചെയ്യണം, ചളംകൊളമായാൽ എന്തു ചെയ്യണം ഇങ്ങനെ ചില കുഴപ്പിക്കുന്ന ചോദ്യങ്ങളുണ്ടിതിൽ. പത്തിരുപത്തഞ്ചു കൊല്ലമായി ചെയ്യുന്ന പണിയെന്ന പരിചയം വച്ചു പറയട്ടെ, ഞാനെടുത്തിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട സർജിക്കൽ തീരുമാനങ്ങൾ ഓപറേഷൻ തീയേറ്ററിനു പുറത്തായിരുന്നു. ഒട്ടും അലങ്കാരമില്ലാതെ പറയാം, ഞാൻ ചെയ്യാതെ വിട്ട ഓപ്പറേഷനുകളാണ് എന്റെ ഏറ്റവും നല്ല കേസുകൾ.

ഇത് പ്രധാനമാണ് എന്നു സമ്മതിച്ചാൽ പിന്നെ വേറെ മാർഗമില്ല, നേരത്തെ പറഞ്ഞ വഴി തന്നെ പരിശീലിക്കണം. ലോകത്തെ എല്ലാ പരിഷ്കൃതരാജ്യത്തിലും അതാണ് രീതി. ആ പരിശീലനം ചെയ്താൽ ആർക്കും- ഏത് ആയുർവേദക്കാരനും, എതു ഹോമിയോക്കാരനും ഏതു മന്ത്രവാദിക്കും ഏതു പ്ളസ് ടൂകാരനും- സർജറി ചെയ്യാം, നമുക്കയാളെ വിശ്വസിച്ചു റ്റേബിളിൽ ഓപ്പറേഷന് കിടന്നു കൊടുക്കാം.
അനുബന്ധമായി പറയട്ടെ, ആരോഗ്യമന്ത്രിയുടെ നിലപാടു എന്നെ തീരെ അദ്ഭുതപ്പെടുത്തുന്നില്ല. അവരുടെ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സയന്റിഫിക് ടെമ്പറൊക്കെ വളരെ വർഷങ്ങൾക്കു മുന്നെ നേരിട്ട് മനസ്സിലാക്കിയതാണ്.

1990ൽ ഇടതുപക്ഷ സർക്കാരിനെതിരെ കേരള മെഡിക്കോസ് അസ്സോസിയേഷൻ എന്ന കേരളത്തിൽ അന്നുണ്ടായിരുന്ന അഞ്ചു മെഡിക്കൽ കോളേജുകളിലെ വിദ്യാർഥി സംഘടന മാസങ്ങൾ നീണ്ട ഒരു വലിയ സമരം നടത്തി. ആയുർവേദ വിദ്യാർത്ഥികൾക്ക് സർജറി പോസ്റ്റിങ്ങ് കൊണ്ടുവരാനുള്ള സർക്കാർ തീരുമാനത്തിനെതിരെയായിരുന്നു സമരം. അന്നത്തെ ആരോഗ്യമന്ത്രി ഷൺമുഖദാസ്.
ഞാനും സമരത്തിൽ പങ്കെടുത്തു. നേതാവായിട്ടല്ല- ആ സൈസ് പണ്ടേ എടുത്തിട്ടില്ല. വെറും കാലാൾ. പദയാത്രകൾ നടത്തി, മുദ്രാവാക്യം വിളിച്ച്, തെരുവിൽ സത്യാഗ്രഹം ഇരുന്ന്, തെരുവു നാടകത്തിൽ അഭിനയിച്ച്, ബാനർ എഴുതുന്നവർക്ക് രാത്രി കൂട്ടിരുന്ന്, പത്രമോഫീസുകളിൽ കയറിയിറങ്ങി, പന്തം കൊളുത്തി പ്രകടനത്തിന് കത്തിക്കാൻ ടയർ സംഘടിച്ച്, തല്ലു കൊള്ളാൻ തയ്യാറായി- ചുമ്മാ കാലാൾ. എന്തോ വലിയ കാര്യം നടക്കുന്നു, അതിൽ ഭാഗമാകുക, അതായിരുന്നു വിശ്വാസം. പ്രായം അതായിരുന്നു. സുഹൃത്ത് രാജഗോപാലെഴുതിയ തെരുവുനാടകത്തിലെ ഗാനങ്ങൾ ഇന്നും, മുപ്പതു കൊല്ലം കഴിഞ്ഞ്, ഇടക്ക് മൂളി പാടാറുണ്ട്. പ്രായം അതായിരുന്നു.

സർക്കാരും അവരുടെ യുവജനപ്രസ്ഥാനവും വിദ്യാർഥിപ്രസ്ഥാനവും ഞങ്ങളെ വേണ്ടുവോളം ഉപദ്രവിച്ചു. അന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ SFI ആകെ പത്തു പേരാണ്. അവർ സമരം പൊളിക്കാൻ കഴിയുന്ന എല്ലാ മാർഗ്ഗവും സ്വീകരിച്ചു. അകത്ത് പത്താണെങ്കിലും പുറത്തു SFI, DYFI, പാർട്ടി എല്ലാവരുമുണ്ട്. സൗകര്യത്തിന് ഒത്തു കിട്ടിയവരെയൊക്കെ അവർ തല്ലിച്ചതച്ചു. മെഡിക്കൽ കോളേജ് ജംക്ഷനിലെ നിരാഹാര പന്തലിന്റെ മുന്നിൽ രാത്രി പതിനൊന്നു മണിക്ക് തെരുവുഗുണ്ടകളെ പോലെ സംഘം ചേർന്ന് വന്നു കൊലവിളി മുഴക്കിയ ഇപ്പോഴത്തെ പല മാന്യ ദേഹങ്ങളെയും നേതാക്കളെയും ഓർത്തു പോകുന്നു. മെഡിക്കൽ കോളെജിൽ കിടന്നു തല്ലു കൊണ്ട് ചത്താലും ആരുമറിയില്ല എന്നു കരുതി സെക്രട്ടേറിയേറ്റിനു മുന്നിലാക്കി സമരം. അവിടെ പന്തലിനു മുകളിൽ DYFIക്കാർ വല്യ ഒരു ബാനർ കെട്ടി, “ഈ സമരം അനാവശ്യം, ജനവിരുദ്ധം.” തിരിച്ച് SFI യുടെ ഒരു സമരപന്തലിനു മുകളിൽ ഞാനിങ്ങനെ ഒരു ബാനർ കെട്ടിയിരുന്നെങ്കിൽ എന്തായേനെ അവസ്ഥ എന്ന് ആലോചിക്കാറുണ്ട്. ഈ മഹാന്മാരൊക്കെയിന്ന് വല്യ ജനാധിപത്യവാദികളാണ്. പതിവായി ദൂരദേശങ്ങളിലെ ഫാസിസത്തിനെതിരെ ആഞ്ഞടിക്കുന്നത് കാണാറുണ്ട്.

തീർന്നില്ല. സമരമൊക്കെ കഴിഞ്ഞ് രണ്ടും മൂന്നും കൊല്ലം കള്ള കേസുകൾ പറഞ്ഞു നടത്തിച്ചു. കൃത്യം പരീക്ഷകളുടെ തലേന്ന് വീട്ടിൽ പതിവായി പോലീസെത്തും, അറസ്റ്റ് വാറണ്ടുമായി. പിറ്റേന്ന് കോടതിവരാന്തയിൽ.നമ്മുടെ നേതാക്കന്മാർക്ക് ഇതൊന്നും വിഷയമല്ല. വിഎസ് അച്യതാനന്ദൻ തൈമോമാ ഓപ്പറെഷൻ ചെയ്യാൻ ഇംഗ്ളണ്ടിൽ പോകാനുള്ള വണ്ടി കയറിയപ്പോൾ എതോ പത്രക്കാരൻ ചോദിച്ചു, സഖാവെ ഇതൊക്കെ നാട്ടിൽ തന്നെ ചെയ്തു കൂടെ എന്നു. അദ്ദേഹം ചിരിച്ചു പറഞ്ഞു, “ഒരു പരീക്ഷണത്തിനു തയ്യറല്ല.” വാജ്പേയിയുടെ മുട്ടു മാറ്റി വയ്ക്കാൻ ആ ഓപ്പറേഷൻ ഡിസൈൻ ചെയ്ത ഡോക്ടർ ചിത്തരഞ്ചൻ രണാവത്തിനെ അമേരിക്കയിൽ നിന്നിറക്കി. നമ്മുടെ മുഖ്യനും പരീക്ഷണത്തിന് തയ്യാറായില്ല. പരീക്ഷണമൃഗങ്ങൾ വേറെ ഒരുപാടുണ്ടിവിടെ.

ആരു എന്തു ചെയ്താലും തൽക്കാലം എനിക്കൊന്നുമില്ല. ഏറിയാൽ പത്തു കൊല്ലം കൂടി ഈ പണി ചെയ്യും. ആരേലും എന്തേലും ചെയ്യട്ടെ. മണ്ടന്മാരുടെ രാജ്യത്ത് മണ്ടത്തരം ഏറ്റു പറയുന്നതാണ് ബുദ്ധി. ആകെയുള്ളത്, വയസ്സു കാലത്തു ഇടിപ്പെല്ല് ഒടിഞ്ഞു ഓപ്പറേഷനു കിടക്കുന്നേരം ചാണകം വാരി തേച്ച് കീറി മുറിച്ചിട്ട് എണ്ണതോണിയിൽ കിടത്തുമോന്നുള്ള പേടിയാണ്. അതാണ് യോഗമെങ്കിൽ അങ്ങനെ തന്നെ, വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ. അപ്പോഴേക്കും പക്ഷെ എന്തെങ്കിലും റോബോട്ട് വരുമായിരിക്കും, സർജറി ചെയ്യുന്ന. അതൊരു സമാധാനം. പക്ഷെ ആയുർവേദ റോബോട്ടാണെങ്കിലോ? അതും രക്ഷയില്ല. എങ്ങനെ നോക്കിയാലും മൂഞ്ചിയെന്നാണ് തോന്നുന്നത്.