ഒരു പേര് പിടിച്ചെടുക്കുക എന്നതിനർത്ഥം ഓർമകളെ പിടിച്ചെടുക്കുക എന്ന് കൂടിയാണ്

65

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയുടെ പുതിയ ക്യാമ്പസിനു ആർ. എസ്. എസ് മേധാവി ആയിരുന്ന മാധവ സദാശിവ ഗോൾവാക്കറുടെ പേര് നൽകാനുള്ള കേന്ദ്ര ഗവർമെന്റിന്റെ തീരുമാനം വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് .ആയിരത്തിത്തൊള്ളായിരത്തി നാല്പതു മുതൽ ആയിരത്തിത്തൊള്ളായിരത്തി എഴുപതുവരെയുള്ള ആർ. എസ്. എസ് മേധാവി ആയിരുന്നു ഗോൾവാക്കർ. ശാസ്ത്രപരമായ ചിന്ത ശേഷിയുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു സ്ഥാപനത്തിനു ഇദ്ദേഹത്തിന്റെ പേര് നൽകുവാൻ മാത്രം എന്ത് സവിശേഷത ആണ് എന്ത് സംഭാവന അണ് ഗോൾവാക്കർ സമൂഹത്തിനു നൽകിയത്?.


✍️കെ.എ.നസീർ എഴുതുന്നു 

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയുടെ തിരുവനന്തപുരത്തെ പുതിയ ക്യാംപസിന് ആർ.എസ്.എസ് താത്വികാചാര്യൻ എം.എസ്.ഗോൾവൾക്കറുടെ പേരിടുമെന്ന് കേന്ദ്രമന്ത്രി ഹർഷവർധൻ.”ശ്രീ ഗുരുജി മാധവ സദാശിവ് ഗോൾവൾക്കർ നാഷണൽ സെന്റർ ഫോർ കോംപ്ലക്സ് ഡിസീസ് ഇൻ ക്യാൻസർ ആൻറ് വൈറൽ ഇൻഫെക്ഷൻ എന്നാണത്രേ ഇതറിയപ്പെടുക.

“നമ്മുടെ മാതൃഭൂമിയുടെ ഭാരതമെന്ന പേരിന്റെ കാര്യവും അപ്രകാരം തന്നെ.നമ്മളേക്കാൾ എത്രയോ പണ്ട് ജനിച്ച നമ്മുടെയെല്ലാം ജ്യേഷ്ഠ സഹോദരനാണ് ഭരതൻ.സൽഗുണ സമ്പന്നനും വിജയശ്രീലാളിതനുമായ മഹാനായൊരു രാജാവും ഹൈന്ദവ പൗരുഷത്തിന്റെ ഉജ്ജ്വല മാതൃകയുമാണദ്ദേഹം.ഒരമ്മക്ക് ഒന്നിലധികം കുട്ടികളുള്ളപ്പോൾ മൂത്ത മകന്റെ പേർ ചൊല്ലി നാമവരെ വിളിക്കും.ഭരതൻ സുപ്രസിദ്ധനാണ്.ഭരതന്റെ അമ്മയെന്ന നിലയ്ക്ക് ഈ ഭൂമിയെ ഭാരതം-എല്ലാ ഹിന്ദുക്കളുടേയും അമ്മ എന്ന് വിളിച്ചിരുന്നു..”(വിചാരധാര-ഗോൾവൾക്കർ).

അങ്ങനെ ഭരതനെന്ന പേരിൽ നിന്ന് ഭാരതമെന്ന സങ്കൽപ്പമുണ്ടാകുന്നു.ഭരതൻ ഭരിച്ച ഭാരതം ഏതാണെന്ന് നമുക്കറിഞ്ഞ് കൂട.അഖണ്ഡഭാരതമെന്നത് ഒരു മിത്തും ഇന്ത്യ എന്നത് കത്തുന്ന ഒരു സത്യവുമാണ്.ഭാഷ കൊണ്ടും വാക്കു കൊണ്ടും ഒരു പേരു കൊണ്ടുമൊക്കെ നമുക്കൊരു ജനതയെ കീഴ്പ്പെടുത്താം.ആദ്യം ഒരു പേരിനെ പുരാണത്തിൽ നിന്നോ പ്രത്യയശാസ്ത്രത്തിൽ നിന്നോ പൊക്കി കൊണ്ട് വരിക.എന്നിട്ടത് സുപ്രധാനമായൊരു ചുമരിൽ ഒട്ടിച്ച് വെയ്ക്കുക.ആ ചുമരുകൾ എപ്പോഴും കാണുന്നത് കൊണ്ടും ചുമരിനൊപ്പം ആ പേരും കാണുന്നത് കൊണ്ടും ക്രമേണ ആ പേര് ഉച്ചരിക്കുന്നതും കേൾക്കുന്നതും ഒരു സ്വാഭാവികതയും അനിവാര്യതയും ആയിത്തീരുന്നു.അതുകൊണ്ട് പേര് കൊത്തി വെയ്ക്കുക എന്നുള്ളത് അപരന്റെ ചിന്താ മണ്ഡലത്തിലേക്കുള്ള ഒരു പടിവാതിൽ കൂടിയാണ്.ഫാസിസം പ്രവർത്തിക്കുന്നത് തീക്ഷ്ണമായ അധിനിവേശങ്ങൾക്കൊപ്പം തന്നെ സൗമ്യമായ അടയാള പ്രതിഷ്ഠകളിൽ കൂടിയാണ്.

അതുകൊണ്ട് തന്നെ ഒരു പേര് പിടിച്ചെടുക്കുക എന്നതിനർത്ഥം ഓർമകളെ പിടിച്ചെടുക്കുക എന്ന് കൂടിയാണ്.അങ്ങിനെയാണ് അലഹബാദ് പ്രയാഗ് രാജായത്,ഫൈസാബാദ് അയോധ്യയായത്, അഹമ്മദാബാദ് കർണാവതി ആകാൻ പോകുന്നത്.താജ്മഹൽ ശിവക്ഷേത്രമാണെന്നും രജപുത്ര നിർമിതിയായ “തേജോ മഹാലയ”ആണെന്നും അവരിപ്പോൾ വാദിക്കുന്നത്.

കോൺഗ്രസ്സുകാരൊക്കെ ജാഥ നയിച്ച് ബി.ജെ.പിയിൽ എത്തുന്ന സ്ഥിതിക്ക് രാജീവ് ഗാന്ധിക്ക് പകരം ഗോൾവൾക്കർ വരുന്നത് അവരെ സംബന്ധിച്ചിടത്തോളം അത്ര ഗൗരവമുള്ള കാര്യമാകാൻ സാധ്യതയില്ല.പണ്ടേ തന്നെ പട്ടേലിനെയൊക്കെ പാട്ടിലാക്കിയ സ്ഥിതിക്ക്, പ്രതിമയിൽ ഉരുക്കിയെടുത്ത സ്ഥിതിക്ക് ഇതൊക്കെ എന്ത്…..!