Sanuj Suseelan
Kerala Anti-social Activities Prevention Act അഥവാ കാപ്പ എന്ന നിയമം നിലവിൽ വന്നിട്ട് പത്തു പതിനഞ്ചു വർഷമെങ്കിലും ആയിട്ടുണ്ടാവും. ഗുണ്ടകളെയാണ് ഈ നിയമത്തിലൂടെ സർക്കാർ ലക്ഷ്യമിട്ടിരുന്നത്. വിചാരണ കൂടാതെ ആറുമാസം വരെ തടവിൽ വയ്ക്കാനും അവരുടെ സ്വന്തം ജില്ലകളിൽ പ്രവേശിക്കുന്നത് ഒരു വർഷം വരെ തടയാനും അധികാരം നൽകുന്ന ഈ നിയമം നല്ല രീതിയിൽ പലയിടത്തും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അപൂർവ്വം ചില അവസരങ്ങളിൽ നിരപരാധികൾക്ക് നേരെയും ഉപയോഗിക്കപ്പെട്ടു എന്ന ആക്ഷേപം ഒഴിച്ചാൽ ഗുണ്ടകളുടെ ആധിപത്യം നിയന്ത്രിക്കാൻ ഇത്രയും ശക്തിയുള്ള ഒരായുധം വേറെയില്ല എന്നുവേണം കരുതാൻ. സിനിമയുടെ പേരും “നിയമമല്ല, നീതിയാണ്” എന്ന ടാഗ് ലൈനും ഒക്കെ കണ്ടപ്പോൾ കാപ്പയുടെ ശരിതെറ്റുകൾ അനുഭവിപ്പിക്കുന്ന ഒരു കഥയാവും ഇതിലേത് എന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ കൊച്ചി പശ്ചാത്തലമാക്കി സിനിമയിൽ പല തവണ വന്ന ഗുണ്ടാ കുടിപ്പകകളുടെ കഥയേ ഇതിലുമുള്ളൂ.
ഉള്ളത് പറയണമല്ലോ. സിനിമ ബോറടിക്കാതെ കണ്ടിരിക്കാൻ പറ്റും. അതിൻ്റെ ഫുൾ ക്രെഡിറ്റ് ഷാജി കൈലാസിന് മാത്രമുള്ളതാണ്. തിരുവനന്തപുരത്ത് ഒരുകാലത്തുണ്ടായിരുന്ന ഗുണ്ടാ സംഘങ്ങളുടെ കഥ അദ്ദേഹത്തിൻ്റെ ചില സിനിമകളിൽ മുന്നേ തന്നെ വന്നിട്ടുള്ളതാണ്. പട്ടത്തെ തീയറ്ററിലെ കൊലപാതകം പോലത്തെ സംഭവങ്ങൾ പണ്ടേ സിനിമയിൽ ഉപയോഗിച്ചിട്ടുള്ളയാളാണ് ഷാജി കൈലാസ്. അതുകൊണ്ട് ഈ കഥയൊക്കെ അദ്ദേഹത്തിൻ്റെ റേഞ്ചിന് താഴെ നിൽക്കുന്ന ഒന്നാണ്. എന്നാലും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നന്നാക്കാൻ പറ്റുന്നത്ര നന്നായി കഥ പറയാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ഒരുപരിധിവരെ വിജയിച്ചിട്ടുമുണ്ട്. പല വിടവുകളും അടയ്ക്കാതെ വിട്ടുകൊണ്ടുള്ള ഒരു എളുപ്പപ്പണിയാണ് ഈ സിനിമയുടെ തിരക്കഥയിലുള്ളത്. കൊട്ട മധു എന്ന കഥാപാത്രത്തിൻ്റെ ഭൂതകാലം കുറച്ചു കൂടി ഡീറ്റൈൽ ചെയ്തിരുന്നെങ്കിൽ ജയിച്ചു നിൽക്കുമ്പോളും അയാൾ കടന്നുപോകുന്ന ട്രോമയുടെ ഒരു ഫീൽ പ്രേക്ഷകർക്ക് കിട്ടിയേനെ.
ഗുണ്ട ബിനു എന്ന കഥാപാത്രമാണ് ഇതിലെ ഏറ്റവും വലിയ പരാജയം. മധുവിന്റെ കാര്യം പറഞ്ഞത് പോലെ ഈ കഥാപാത്രത്തിന്റെയും ഭൂതകാലം അല്പം കൂടി വിശദീകരിക്കാത്തത് ക്ലൈമാക്സിൽ അത് അവിശ്വസനീയമായി തോന്നാൻ കാരണമായിട്ടുണ്ട്. വേറൊരു പ്രശ്നം ഈ കഥാപാത്രത്തെ അവതരിപ്പിച്ച അന്നയാണ് . ഏതു സിനിമയായാലും എന്ത് കഥയായാലും ഏതു ഡയലോഗായാലും ഒരേ നിർവികാരതയോടെ അവതരിപ്പിക്കുന്ന മറ്റൊരു നടി മലയാളത്തിലുണ്ടോ എന്ന് സംശയമാണ്. അപർണ്ണയും അന്നയും തമ്മിൽ ഇക്കാര്യത്തിൽ മത്സരമാണെന്നു തോന്നിച്ചു ഈ സിനിമ. പൃഥ്വിരാജ് ഈയടുത്തു ചെയ്ത മറ്റു കഥാപാത്രങ്ങൾ വച്ച് നോക്കുമ്പോൾ കൊട്ടമധു ഭേദമായിരുന്നു. നന്ദു,ജഗദീഷ്, ആസിഫ് അലി എന്നിവരും നന്നായിട്ടുണ്ട്. സ്ഥിരം തമാശ കഥാപാത്രങ്ങൾ വിട്ട് വ്യത്യസ്തമായ വേഷങ്ങൾചെയ്യാൻ തുടങ്ങിയതില്പിന്നെ ജഗദീഷ് ചെയ്ത പോലീസല്ലാത്ത മികച്ചൊരു കഥാപാത്രമായിരുന്നു ഇതിലെ ഇക്ക.
അദ്ദേഹത്തെ മലയാള സിനിമയ്ക്ക് ഇതിലും നന്നായി ഉപയോഗിക്കാൻ കഴിയും. കഥാപാത്രങ്ങളുടെ തിരുവനന്തപുരം ഭാഷയും പാളിപ്പോയി. തിരുവനന്തപുരംകാരായ ജഗദീഷും പൃഥ്വിയും പോലും ഒരു മിശ്രിത ഭാഷയാണ് സംസാരിക്കുന്നത്. നന്ദുവും ബിജു പപ്പനും മാത്രമാണ് ശരിക്കുള്ള ആ സ്ലാങ് ഉപയോഗിച്ചത് എന്നാണ് എൻ്റെ തോന്നൽ. സാങ്കേതികമായി നല്ല നിലവാരമുണ്ട്. ഒരു തവണ തീർച്ചയായും കാണാവുന്ന ഈ ചിത്രം നെറ്റ് ഫ്ലിക്സിൽ ലഭ്യമാണ്