Kaashmelon Sky
Khamoshi: The Musical. പേര് പോലെ തന്നെ സംഗീതസാന്ദ്രമായ ചിത്രം. ജതിൻ-ലളിത് എന്ന music directors-ന്റെ മികച്ച സൃഷ്ടികളിൽ ഒന്ന്. 1996 ആഗസ്ത് 9-നായിരുന്നു റിലീസ് ആയത്.സഞ്ജയ് ലീലാ ബൻസാലി പുതുമുഖ സംവിധായകൻ ആയതുകൊണ്ട് അദ്ദേഹത്തെക്കുറിച്ച് അറിയില്ലായിരുന്നു. പക്ഷെ സിനിമയിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചും മുൻപേതന്നെ നല്ല ധാരണയുണ്ടായിരുന്നു. ഒരു ധാരണയും ഇല്ലാതിരുന്നത് ഇത് ഇത്രയും ഇമോഷണൽ സിനിമ ആകുമെന്ന കാര്യത്തിലായിരുന്നു. അതുകൊണ്ട് തന്നെ പല സീനുകളും കണ്ടപ്പോൾ കരച്ചിൽ സഹിക്കാൻ കഴിഞ്ഞില്ല.
ഒരു വിങ്ങലോടെയല്ലാതെ ഇതിലെ ഓരോ സീനും കാണാൻ ബുദ്ധിമുട്ടാണ്. അത്രക്കും അസാധ്യ പെർഫോമൻസ് ആയിരുന്നു എല്ലാവരുടെയും… പക്ഷെ കരഞ്ഞാൽ… അല്ലെങ്കിലേ നമ്മളെ പുല്ലുവിലയുള്ള ചേട്ടന്മാർ ഒക്കെ എടുത്തിട്ട് ഉടുക്കും. നാട്ടിൽ എന്നല്ല വീട്ടിൽ പോലും ഇവന്മാർ പിന്നെ എന്നെ ജീവിക്കാൻ സമ്മതിക്കില്ല എന്ന് ഉറപ്പായതുകൊണ്ട് തടിമാടന്മാരായ എന്റെ ചേട്ടന്മാരുടെ നടുവിൽ ഞാൻ ഇരുട്ടിൽ നിശബ്ദനായി കരയുകയും കണ്ണുനീർ ഒപ്പുകയും ചെയ്ത് ഒരുവിധം സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു ഞാൻ ആ ശബ്ദം കേട്ടത് – ഒരു വിങ്ങൽ!!!
കുറച്ചു ബേസ് കൂടിയ വിങ്ങൽ… അതാ വീണ്ടുമൊരു വിങ്ങൽ… ഇടതും വലതും വശങ്ങളിൽ നിന്ന് ഞാൻ അത് കേട്ടു… ഇതെന്താ സറൗണ്ട് ഇഫക്ട്സിൽ വിങ്ങിപ്പൊട്ടി കരയുന്ന സൗണ്ടോ എന്നറിയാൻ ഞാൻ സീറ്റിൽ ഇരുന്നുകൊണ്ട് ചുറ്റും നോക്കിയപ്പോൾ ആ വിങ്ങൽ സൗണ്ടിന്റെ ഉറവിടം കണ്ടുകിട്ടി. മസിലും പെരുപ്പിച്ചു എന്റെ ഇരുവശത്തും ഇരിക്കുന്ന ചേട്ടായീസ് രണ്ടെണ്ണവും നാനാ പടേക്കർ, സീമാ ബിശ്വാസ്, മനീഷ കൊയ്രാള എന്നിവരുടെ അഭിനയത്തിന്റെ മുന്നിൽ അടിയറവുപറഞ്ഞു കണ്ണുനിറഞ്ഞു ഇരിക്കുന്നു.
ഒന്ന് ഉറക്കെ അട്ടഹസിക്കാൻ ആയിരുന്നു എനിക്ക് അപ്പോൾ തോന്നിയത്… പക്ഷെ മനസ്സിൽ ചെറിയ പുഞ്ചിരി ഉണ്ടായിരുന്നെങ്കിലും അട്ടഹസിക്കാൻ പോയിട്ട് ഒന്ന് ചിരിക്കാൻ പോലുമുള്ള സാഹചര്യം ആയിരുന്നില്ല. കാരണം സ്ക്രീനിൽ “യെ ദിൽ സുൻ രഹാ ഹെ… തേരെ ദിൽ കി സുബാൻ” എന്ന് മനീഷ കൊയ്രാള പാടുകയായിരുന്നു.
ശ്രവണശേഷിയും സംസാരശേഷിയും ഇല്ലാത്ത അച്ഛനോടും അമ്മയോടും (Nana Patekar & Seema Biswas) മകളായ മനീഷ ആംഗ്യത്തോടൊപ്പം (sign language) പാടുകയാണ് – “Ye Dil Sun Raha Hai Tere Dil Ki Zubaan – My heart can hear the ‘unspoken’ language of your heart – നിന്റെ ഹൃദയത്തിന്റെ വാക്കുകൾ എന്റെ ഹൃദയത്തിന് കേൾക്കാം”. മഴ ഇനിയും കൂടാനുള്ള സാഹചര്യത്തിൽ ഡാം തുറന്നുവിടാൻ അനുമതി കിട്ടിയപോലത്തെ അവസ്ഥ ആയിരുന്നു. എന്തായാലും ചേട്ടന്മാർ കരയുന്നുണ്ട് പിന്നെ ഞാൻ എന്തിനു കരയാൻ നാണിക്കണം? ഞാനും നല്ല അന്തസ്സായിട്ട് വാ വിട്ട് കരഞ്ഞു.
അതിനുശേഷം ഒരു സിനിമയും കാണുമ്പോൾ കരയാൻ തോന്നിയാൽ കരയാതെ ഇരുന്നിട്ടില്ല. ചിരിക്കാൻ ചമ്മൽ വിചാരിക്കുന്നില്ലെങ്കിൽ പിന്നെയെന്തിന് കരയാൻ രണ്ടാമതൊന്ന് ആലോചിക്കണം? Just let your emotions flow. Don’t let anything stop you. Don’t let anyone EVER tell you that MEN cannot/should not cry. That’s what this film taught me. ബോക്സ് ഓഫീസിൽ വലിയ വിജയം ആയിരുന്നില്ലെങ്കിലും ഒരു സിനിമ കാണുമ്പോൾ മനസുതുറന്നു കരയാൻ പഠിപ്പിച്ച ഖാമോഷി എന്ന സിനിമക്ക് നന്ദി. ‘യെ ദിൽ സുൻ രഹാ ഹെ’ എന്ന ഗാനത്തിന് നന്ദി