സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പോസ്റ്റ്

Kadakampally Surendran

ഓണം ഇങ്ങെത്താറായി. ഇത്തവണ നമുക്ക് ചെറുതായൊന്നു ട്രാക്ക് മാറ്റിയാലോ?

വിനോദ സഞ്ചാരികള്‍ക്കായി നാട്ടിന്‍പുറത്ത് താമസവും ഓണസദ്യയും ഓണസമ്മാനവും യാത്രാസൗകര്യവും ഒരുക്കി വേറിട്ട രീതിയില്‍ ഓണം ആഘോഷിക്കാന്‍ അവസരം ഒരുക്കുകയാണ് സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്‍. 2017ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി ആണ് ‘നാട്ടിന്‍പുറങ്ങളില്‍ ഓണമുണ്ണാം, ഓണസമ്മാനങ്ങള്‍ വാങ്ങാം’ എന്ന സ്‌പെഷ്യല്‍ വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പ്രോഗ്രാം. ഇത്തവണ ആകര്‍ഷകമായ മാറ്റങ്ങളോടെ ഈയൊരു പദ്ധതി വിപുലമായി തന്നെ നടപ്പാക്കാനൊരുങ്ങുകയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍. താമസസൗകര്യം ഉള്‍പ്പെടെയുള്ള പാക്കേജുകളും പദ്ധതിയുടെ ഭാഗമായുണ്ട്. സെപ്തംബര്‍ 1 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന പദ്ധതിയില്‍ 4 തരം പാക്കേജുകളാണ് ഉത്തരവാദിത്വ ടൂറിസം മിഷന്‍ സഞ്ചാരികള്‍ക്കായി ഒരുക്കുന്നത്.

1. 15 വയസ്സ് വരെ പ്രായമുള്ള 2 കുട്ടികള്‍ അടക്കമുള്ള നാലംഗ കുടുംബത്തിന് ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരു ഓണവിരുന്ന് താമസത്തോടൊപ്പം ഗ്രാമീണ സദ്യയും ഉള്‍പ്പടെയുള്ള പാക്കേജ്. അക്കമോഡേഷന്‍ യൂണിറ്റിന്റെ കാറ്റഗറി അനുസരിച്ചു 3,000 മുതല്‍ 8,500 രൂപയുടെ വരെയാണ് നിരക്ക്.

2. ഓണസദ്യയുടെ രുചി അറിയാന്‍ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികള്‍ക്കായി ഒരുക്കിയ പാക്കേജ്. പരമ്പരാഗത രീതിയിലുള്ള ഓണ സദ്യയാണ് അതിഥികള്‍ക്ക് നല്‍കുന്നത്. സദ്യ ഒന്നിന് പരമാവധി 250 രൂപ വരെയാണ് നിരക്ക്.

3. ഗ്രാമ യാത്രകളിലൂടെ പഴമയിലേക്ക് മടങ്ങി പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി അവതരിപ്പിക്കുന്ന പാക്കേജ്. യാത്രയോടൊപ്പം ഓണസദ്യയും ഓണസമ്മാനങ്ങളും നല്‍കുന്നു. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്വന്തം വാഹനം ഉപയോഗിക്കുന്ന 12 വയസ്സ് വരെ പ്രായമുള്ള 2 കുട്ടികള്‍ അടക്കമുള്ള നാലംഗ കുടുംബത്തിന് 3000 രൂപയാണ് നിരക്ക്.

4. ഇതിനു പുറമേ കേരളത്തിലെ വിവിധ ജില്ലകളിലെ ടൂറിസം കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് വ്യത്യസ്‌തമായ ഓണം വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പാക്കേജുകളും ഉത്തരവാദിത്ത ടൂറിസം മിഷന്‍ തയ്യാറാക്കിയിട്ടുണ്ട്‌.

ഓരോ ജില്ലകളിലും ഏതൊക്കെ പ്രദേശങ്ങള്‍ ഈ വില്ലേജ് എക്സ്പീരിയന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുന്നു എന്നറിയുവാനും ഓരോ പാക്കേജുകളുടെയും വിശദവിവരങ്ങള്‍ മനസിലാക്കുവാനും കേരള ടൂറിസത്തിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ് (https://www.keralatourism.org/responsible-tou…/onam-packages). വീടുകള്‍, നാടന്‍ റെസ്റ്റോറന്റുകള്‍, കുടുംബശ്രീ റെസ്റ്റോറന്റുകള്‍, കാറ്ററിംഗ്‌ യൂണിറ്റുകള്‍, ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍, അക്രെഡിറ്റഡ്‌ ഹോട്ടലുകള്‍, വഴിയോരക്കടകള്‍ എന്നിവര്‍ക്കും രജിസ്റ്റര്‍ ചെയ്ത് ഈ പദ്ധതിയുടെ ഭാഗമാകാവുന്നതാണ്. അതിനായി ആദ്യം സ്ഥാപനത്തിന്റെ വിശദാംശങ്ങള്‍ www.keralatourism.org/responsible-to…/onam-packages/onasadya എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ഓണസദ്യ നല്‍കുന്നതിനായി രജിസ്‌റ്റര്‍ ചെയ്യുന്ന യൂണിറ്റുകള്‍ക്ക്‌ fssai-യുടെ സര്‍ട്ടിഫിക്കറ്റോ രജിസ്‌ട്രേഷനോ ഉണ്ടായിരിക്കണം എന്നത് നിര്‍ബന്ധമാണ്‌.

കടകംപള്ളി സുരേന്ദ്രന്‍
സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മന്ത്രി

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.