ഗാന്ധിജിയുടെ അശാസ്തീയതയ്ക്ക് പിന്തുടർച്ച സംഘപരിവാർ

18

കൊറോണ കാലത്തെ ഗാന്ധിയൻ ചിന്തകൾ

സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ഗാന്ധിയൻ ചിന്തകളുടെ പ്രധാന്യം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് . പ്രത്യേകിച്ച് സംഘ പരിവാറിൻ്റെ നേതൃത്വത്തിൽ കപടശാസ്ത്ര വാദങ്ങൾ കൊവിഡിനെക്കാൾ വേഗത്തിൽ പടരുന്ന ഇക്കാലത്ത്.

” നമ്മൾ അസുഖം വന്നതിനു ശേഷം ശരീരത്തെ ചികിത്സക്ക് വിധേയമാക്കുകയാണെങ്കിൽ, നമ്മൾ ദൈവത്തിൽ നിന്ന് അകലുകയാണ്.
ശരീരത്തിൻ്റെ പ്രശ്നങ്ങളും പരിമിതികളും ദൈവഹിതമാണ്.

ബീഫ് കഴിച്ച് ഒരു മനുഷ്യൻ നശിക്കുന്നതു പോലെ തന്നെയാണ് ഒരു മനുഷ്യൻ വാക്സിനേഷൻ എടുക്കുന്നത് “.

എന്നൊക്കെയാണ് മണ്ണ് ചികിത്സയിൽ അഗ്രഗണ്യനായ ‘മഹാത്മാവിൻ്റ’ നിരീക്ഷണങ്ങൾ. ആധുനിക മെഡിസിനെ നിശിതമായി വിമർശിച്ചിരുന്ന ഗാന്ധി തൻ്റെ ആത്മകഥയിൽ മണ്ണ് ചികിത്സ, ജല ചികിത്സ തുടങ്ങിയ അശാസ്ത്രീയ ചികിത്സരീതിയെ കുറിച്ച് വാചാലനാകുന്നുണ്ട്.

നരേന്ദ്രമോദി പറയുന്നതും ചെയ്യുന്നതുമെല്ലാം ആധുനിക ശാസ്ത്രത്തെക്കാൾ മികച്ച അതിഭൗതിക ശാസ്ത്രമാണെന്ന പ്രചാരണം സംഘപരിവാറിൻ്റെ IT സെല്ലുകൾ വഴി വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.ഇതിനു വേണ്ടി നരേന്ദ്ര മോദി, ഗവൺമെൻ്റ് സംവിധാനത്തെ പോലും ദുരപയോഗം ചെയ്യുകയാണ്.2014ല്‍ മുംബൈയില്‍ ഒരു ആശുപത്രി ഉദ്ഘാടനം ചെയ്തപ്പോള്‍ ഗണപതിയുടെ കാലത്ത് പ്ലാസ്റ്റിക് സര്‍ജ്ജറി ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പ്രസംഗിച്ചത്.

ലോകം കൊവിഡ് 19ൻ്റെ മുൾമുനയിൽ നിൽക്കുംമ്പോൾ ഇന്ത്യയില്‍ പലയിടത്തും ഗോമൂത്ര ചികിത്സ പൊടിപൊടിക്കുന്നതിനോടൊപ്പം കൂട്ടിചേർത്ത് വായിക്കേണ്ടുന്ന ഒരു വാർത്തയാണ് ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ ഉപജ്ഞാതാവ് കുര്യനോട് ഗോമൂത്രം വിശുദ്ധവും ഔഷധഗുണമുള്ളതുമാണെന്ന് സാക്ഷ്യപ്പെടുത്താന്‍ RSS കാര്യാലയം ആവശ്യപ്പെട്ടത്.എന്നാല്‍ അദ്ദേഹം ആ തട്ടിപ്പിനു കൂട്ടുനിന്നില്ല എന്നു മാത്രമല്ല അദ്ദേഹം തന്നെ ഇക്കാര്യം പുറത്ത് പറയുകയുമുണ്ടായി.

അമേരിക്കയിലെ അരിസോണ യൂണിവേഴ്‌സിറ്റിയില്‍ നിന്നും വൈറസ് പഠനത്തില്‍ ഡോക്ടറേറ്റ് നേടിയ തമിഴ് നാട്ടുകാരിയായ യുവശാസ്ത്രജ്ഞ ഈ അടുത്ത കാലത്താണ് ഗോമൂത്രത്തിന്റെ ഔഷധഗുണമെന്ന കള്ളത്തരത്തെ പൊളിച്ചടുക്കിയത്.
സണ്ണി കപിക്കാടിൻ്റെ വാക്കുകൾ കടമെടുത്താൽ, “ശാസ്ത്രമെന്തു പറഞ്ഞാലും ബാധകമല്ലാത്തവര്‍ മാത്രമല്ല ഇവര്‍. മറിച്ച് ശാസ്ത്രം തങ്ങളുടെ വിശുദ്ധ പാരമ്പര്യത്തെ നശിപ്പിക്കുകയാണെന്ന് വിശ്വസിക്കുന്നവര്‍ കൂടിയാണ്. അപകടകാരികളായ ഈ വിശ്വാസകൂട്ടങ്ങളാണ് ഹിന്ദുത്വഭീകരവാഴ്ചക്ക് അടിസ്ഥാനമായിരിക്കുന്നത്. ഇവിടെ ശാസ്ത്രബോധ്യങ്ങളെ വെല്ലുവിളിക്കുകയും കപടശാസ്ത്രത്തിന്റെ പ്രചാരകരായിരിക്കുകയും ചെയ്യുന്ന ആസ്ഥാനവിദഗ്ധരുടെ ഒരു വലിയ നിരതന്നെ മോദിയുടെ അധികാരത്തിന്റെ തണലില്‍ വളര്‍ന്നുവന്നിട്ടുണ്ട്.

ഒ വി വിജയന്റെ ‘ധര്‍മ്മപുരാണ’ത്തില്‍ മഹാരാജാവ് വിസര്‍ജ്ജിക്കുന്നത് തല്‍സസമയം സംപ്രേഷണം ചെയ്യുകയും ടി വിക്കുമുന്നില്‍ കൂപ്പുകൈകളോടേയും നിറകണ്ണുകളോടേയും ഇരുന്ന് ആ ദിവ്യകര്‍മ്മം കാണുന്ന ഭക്തപരവശരായ പ്രജകളെ കുറിച്ച് പറയുന്നുണ്ട്. കൊറോണകാലത്ത് രാമായണവും മഹാഭാരതവും പുനസംപ്രേഷണം ചെയ്യുന്നത് ഇത്തരം ഭക്തപ്രജകളെ ലക്ഷ്യം വെച്ചാണ്. ഈ പ്രജകളെ സംബന്ധിച്ചിടത്തോളം അവ ടി വി പരിപാടികളല്ല. കാണുന്നത് ദിവ്യവും സത്യവുമാണെന്നതില്‍ അവര്‍ക്ക് തര്‍ക്കമില്ല.

അങ്ങനെയാണ് ഈ കൊറോണകാലത്ത് പുതിയ തന്ത്രങ്ങള്‍ മെനയുന്നത്. മോദി ദിവ്യശേഷിയുള്ള ഭരണാധികാരിയാണെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്ന പ്രചാരണങ്ങളുടെ പ്രായോക്കാക്കളും ഉപഭോക്താക്കളും ഈ പ്രജകള്‍ തന്നെയാണ്.” എന്തായാലും ‘മഹാത്മാക്കളും’ സംഘപരിവാറും പടച്ചുവിടുന്ന കപടശാസ്ത്ര വാദവും കൊറോണയെ പോലെ തന്നെ എതിർക്കപ്പെടേണ്ടവ തന്നെയാണ്.