എസ് സി/ എസ് ടി ഒഴികെ മറ്റുള്ളവരിൽ നിന്നു വിവാഹാലോചനകൾ ക്ഷണിക്കുന്നെന്ന് പത്രപരസ്യം ചെയ്യുന്നവരുടെ നാട്ടിൽ ജാതിയില്ലെന്ന് പറയരുത്

0
161

Kadakkal Vishnu

നമ്മുടെ രാജ്യത്ത് പിന്നോക്ക ദുർബല വിഭാഗങ്ങൾക്കെതിരെയുള്ള പീഡനങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പിന്നോക്ക ദുർബല വിഭാഗങ്ങൾ തന്നെ ഇതിനെതിരെ പോരാടി മുന്നോട്ട് വരുന്നുണ്ട് എന്നതു കൊണ്ടാണ് പല സംഭവങ്ങളും വാര്‍ത്തയാവുന്നത് തന്നെ. അത്ര നിശബ്ദമല്ല ഇപ്പോള്‍ കാര്യങ്ങള്‍. എന്നാലും അതിക്രമങ്ങള്‍ക്ക് ഒരു കുറവുമില്ല. വാര്‍ത്തകള്‍ക്കപ്പുറം എത്രപേര്‍ക്ക് നീതി കിട്ടുന്നുണ്ട് എന്നതും ചോദ്യചിഹ്‌നമാണ്.അതുകൊണ്ട്, ജാതീയ പീഡനങ്ങള്‍ എന്നു കേള്‍ക്കുമ്പോള്‍ നിഷ്‌കളങ്കമായി നമ്മളിനിയും ഞെട്ടാതിരിക്കേണ്ടതുണ്ട്. ഇത് യാഥാര്‍തഥ്യമാണ്. ഇത്തരം സംഭവങ്ങള്‍ ഇല്ലാതാവണമെങ്കില്‍, ആ തിരിച്ചറിവാണ് ആദ്യമുണ്ടാവേണ്ടത്. നമ്മുടെ ഉള്ളിലും അടിഞ്ഞു കിടക്കുന്ന ജാതിബോധത്തിന്റെ മാറാല തൂത്തുവൃത്തിയാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. കണ്ണടച്ചാല്‍ ഇരുട്ടാകും, പക്ഷെ, രാത്രിയാകില്ലല്ലോ…

എന്തിനാണ് ദളിത്, ദളിത് എന്ന് പറയുന്നത് മനുഷ്യന്‍ എന്ന് പറഞ്ഞാല്‍ പോരേ? ദളിതര്‍ അക്രമിക്കപ്പെടുന്ന ഓരോ വാര്‍ത്തയ്ക്കു താഴെയും നമുക്ക് ഇത്തരം ധാരാളം കമന്റുകള്‍ കാണാം. ഇത്തരം സംഭവങ്ങൾ അഡ്രസ് ചെയ്യുന്നവരാണ് ജാതിചിന്ത വളര്‍ത്തുന്നതെന്നാണ് ആരോപണം. എന്നാല്‍, എന്താണ് വാസ്തവം. വാര്‍ത്തകള്‍ ഉണ്ടാവുന്നത് യാഥാര്‍തഥ്യങ്ങളില്‍നിന്നാണ്. നിങ്ങളെത്ര മനുഷ്യത്വം പറഞ്ഞാലും ആ മനുഷ്യത്വത്തിന്റെ വിശാലമായ ഇടത്തുപോലും ദലിതരും ആദിവാസികളും ഒന്നുമില്ല എന്നതാണ് വാസ്തവം. ജാതിയും സാമൂഹ്യ സാഹചര്യങ്ങളും തീര്‍ക്കുന്ന പ്രിവിലേജ് കൂടുകള്‍ക്കകത്ത് കഴിയാനാവുന്നതു കൊണ്ടാണ് നിങ്ങള്‍ക്ക് ഈ ചോദ്യങ്ങളും അന്തം വിടലുകളും സാധ്യമാവുന്നത്. വാര്‍ത്തയില്‍ നിറയുന്ന ഈ മനുഷ്യരെല്ലാം അക്രമിക്കപ്പെട്ടത് അവരുടെ ജാതിയുടെ ഒറ്റ പേരിലാണ്. നിറത്തിന്റെ, ദാരിദ്ര്യത്തിന്റെ, ജോലിയുടെ, സാമൂഹ്യ പദവിയുടെ ഒക്കെ പേരിലാണ്. ഏറ്റവുമൊടുക്കം
മഹാരാഷ്ട്രിയിലെ മജല്‍ഗവോണ്‍ ബീട് ജില്ലയിലെ ഭാഗ്യശ്രീ എന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ വീഡിയോ വെളിപ്പെടുത്തൽ മുസ്‌ലിങ്ങളുടേയും ദളിതരുടേയും മേല്‍ കള്ളക്കേസ് ചുമത്തിയെന്ന് അവകാശപ്പെടുന്ന വീഡിയോ ആണ് രാജ്യത്തെമ്പാടും വയറൽ ആയിരിക്കുന്നത്. മുസ്‌ലിംകള്‍ക്കും ദളിത് സമുദായത്തില്‍ പെട്ടവര്‍ക്കു എളുപ്പത്തില്‍ ജാമ്യം കിട്ടാതിരിക്കാനായി ഐ.പി.സി 307(കൊലപാതക ശ്രമം) വകുപ്പ് ചുമത്തിയതായും ഭാഗ്യശ്രീ വീഡിയോയില്‍ പറയുന്നുതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.പട്ടിക ജാതി പട്ടിക വര്‍ഗത്തിനെതിരെയുള്ള അക്രമം തടയല്‍ വകുപ്പ് പ്രകാരം ഭാഗ്യശ്രീയുടെ പരിതിയിലുള്ള പൊലീസ് സ്റ്റേഷനില്‍ കേസ് രേഖപ്പെടുത്താന്‍ എത്തിയ 21 ദളിത് വിഭാഗക്കാര്‍ക്കെതിരെ കള്ളക്കേസ് ചുമത്തിയതായി 5 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഭാഗ്യശ്രീ അവകാശപ്പെടുന്നു.

ഇതുമായി ബന്ധപ്പെട്ട മറ്റൊരു മിത്ത് ഇതാണ്: ‘വിവരവും വിദ്യാഭ്യാസവുമില്ലാത്തവര്‍ക്കിടയിലാകും ഇങ്ങനെയൊക്കെ നടക്കുന്നത്…’. എന്നാല്‍, ഇതിലെന്താണ് വാസ്തവം? ഡോ. പായലിനെ ജാതീയമായി നിരന്തരം അധിക്ഷേപിച്ചത്, അക്രമിച്ചത്, എല്ലാം കൂടെയുള്ള ഡോക്ടര്‍മാരാണ്. ഉന്നത വിദ്യാഭ്യാസമുള്ള, മിടുക്കരായി പഠിച്ചുവരുന്ന, ഉന്നത സാമ്പത്തിക, സാമൂഹ്യ പശ്ചാത്തലത്തിലുള്ള ആളുകള്‍. ഡോക്ടര്‍മാരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പിലാണ് ജാതിയുടെ പേരില്‍ ഡോ. പായല്‍ നിരന്തരം പരിഹാസപാത്രമായത്. ഈ സത്യം കാണാതെയാണ് നാം പ്രശ്‌നങ്ങള്‍ വിദ്യാഭ്യാസമില്ലാത്തതിന്റേതാകും എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്.

വളരെ കുറച്ച് സംഭവങ്ങളല്ലേ ഇങ്ങനെയുണ്ടാകുന്നത് എന്നതാണ് അടുത്ത ചോദ്യം. ഇക്കഴിഞ്ഞ നവംമ്പർ മാസത്തിലെ വാര്‍ത്തകള്‍ മാത്രമെടുത്തു നോക്കൂ. ഓരോ ദിവസവും ഒരു വാർത്തയെങ്കിലും കാണാം.
രാജ്യത്തെ പ്രഥമ പൗരനായ രാഷ്ട്രപതിക്കു പോലും ജാതിയുടെ പേരിൽ ക്ഷേത്ര പ്രവേശനം ഒരു കൂട്ടം ആളുകൾ തടഞ്ഞത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

അതുപോലെ തന്നെ SC &St ഒഴികെ മറ്റുള്ളവരിൽ നിന്നു വിവാഹാലോചനകൾ ക്ഷെണിക്കുന്നു എന്ന് പത്രപരസ്യം ചെയ്യുന്ന നമ്മുടെ സിവിൽ സൊസയ്റ്റിയിൽ നിന്നു കൊണ്ട് ജാതി ഇല്ല എന്നു നിഷ്കളങ്കമായി വിശ്വസിക്കുവാൻ യാഥാർത്യബോധമുള്ളവർക്ക് സാധ്യമല്ല. അതുകൊണ്ട് ഇനിയെങ്കിലും നാം തിരിച്ചറിയണം. ജാതിയുണ്ട്. ആഴത്തില്‍ത്തന്നെ. അതുണ്ടാക്കുന്ന പ്രിവിലേജുകളും യാഥാര്‍ത്ഥ്യമാണ്. ഇനിയെങ്കിലും ഇത്രയ്ക്കങ്ങോട്ട് നിഷ്‌കളങ്കമായ ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ ഈ തിരിച്ചറിവ് നിങ്ങളെ സഹായിക്കും.