കുന്നംകുളത്തെ ഈ കടുമാങ്ങക്ക് ഡ്യൂപ്ളിക്കേറ്റില്ല..!

722

Binoy Pc യുടെ പോസ്റ്റ്

കുന്നംകുളത്തെ ഈ കടുമാങ്ങക്ക് ഡ്യൂപ്ളിക്കേറ്റില്ല..!

പ്ളാവില കുത്തിയുണ്ടാക്കിയ കൈലുകൊണ്ട് കവിടി പിഞ്ഞാണത്തില്‍ നിന്ന് കഞ്ഞി കോരി കുടിച്ച് ,

Binoy Pc

വട്ടയിലയിലിട്ട് തരുന്ന മുതിരയുപ്പേരി നുള്ളി തിന്ന പഴയ ഓര്‍മ്മകള്‍ കുന്നംകുളത്തെ പള്ളികളിലെ ത്തിയിട്ടുള്ള ഏതൊരാളുടെയും മനസിലുണ്ടാകും. ഒരു പക്ഷേ കുന്നംകുളത്ത് മാത്രം കാണുന്ന രുചിക്കൂട്ടാണ് പള്ളികളിലെ കഞ്ഞിയും മുതിരയും.

നോമ്പ് കാലങ്ങളില്‍ മുതിരക്കൊപ്പമോ അല്ലെങ്കില്‍ പകരമോ ആയി കുന്നംകുളത്തെ പള്ളികളില്‍ ഇടം പിടിക്കുക കടുമാങ്ങയാണ്.

ഉടയാതെ പുഴുങ്ങിയ മാങ്ങപൂളില്‍ പറ്റിചേര്‍ന്ന് കിടക്കുന്ന മസാല , വിരലുകൊണ്ട് കനത്തില്‍ തോണ്ടി നാവില്‍ തേച്ച് ഒരു കവിള്‍ ചൂട് കഞ്ഞി കുടിച്ചാല്‍ ലഭിക്കുന്ന കൊതിയൂറും രുചി വേറെയെവിടെ കിട്ടാനാണ്!
ചുണ്ടോട് ചേര്‍ത്ത് കടുമാങ്ങാ പൂളിന്‍റെ കഷ്ണം ഒന്ന് കടിച്ച് തിന്നിട്ടുണ്ടെങ്കില്‍ കുന്നംകുളത്തുകാരന്‍ ഈ ദിവസങ്ങളില്‍ ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നാലും അവന്‍റെ / അവളുടെ ഒാര്‍മ്മയിലേക്ക് കടുമാങ്ങയുടെ എരിയും പുളിയും ഓടിയെത്തും.

കടുമാങ്ങയുണ്ടാക്കുന്നതും കുന്നംകുളത്ത് ആഘോഷമായാണ്. ചില പള്ളികളില്‍ ദേശക്കാരുടെ കൂട്ടായ്മയുടെ വകയായാണ് കടുമാങ്ങ നല്‍കുക. ചിലയിടങ്ങളില്‍ ചില കുടുംബങ്ങളുടെ വകയും.

ദേശക്കാര്‍ കടുമാങ്ങ തയ്യാറാക്കാന്‍ പള്ളിയില്‍ രാത്രിയില്‍ ഒത്ത് കൂടും. ഒരു മാങ്ങാ മൂന്നാക്കിയാണ് പൂളുക.തൊലിയോടുകൂടി മാങ്ങയുടെ മേല്‍ഭാഗവും താഴ്ഭാഗവും പൂളും. ബാക്കിവരുന്ന മാങ്ങായണ്ടിയടങ്ങുന്ന നടുഭാഗം അങ്ങനെ തന്നെയിടും.

നൂറ്കണക്കിന് വരുന്ന മാങ്ങകള്‍ ഇങ്ങനെ മൂന്നായി പൂളാന്‍ മണിക്കൂറുകളെടുക്കും. ആ സമയത്തുള്ള നാട്ട് വര്‍ത്തമാനങ്ങളും പഴങ്കഥകളും തമാശകളുമൊക്കെ കേള്‍ക്കുന്നത് ഏറെ രസമാണ്.

കുട്ടകങ്ങളില്‍ മഞ്ഞപൊടിയിട്ട വെള്ളം തിളപ്പിക്കും. മാങ്ങാപൂളുകള്‍ വള്ളികൊട്ടയിലാക്കി ഈ കുട്ടകങ്ങളിലെ തിളപ്പിച്ച വെള്ളത്തില്‍ മുക്കിയിടും. അങ്ങനെ ഉടയാത്ത വിധത്തില്‍ പുഴുങ്ങിയിടുത്ത മാങ്ങപൂളുകള്‍ വട്ടചെമ്പിലിട്ട് വെക്കും.

Image may contain: 1 person, sitting and standingഇതിനിടയില്‍ ഉലുവ, കായം, മല്ലി,മുളക്, വെളുത്തുള്ളി,വേപ്പില തുടങ്ങിയവ ഒരു വലിയ ചരക്കില്‍ വെളിച്ചെണ്ണയില്‍ മൂപ്പിച്ച് കടുക് പൊട്ടിച്ച് മസാല തയ്യാറാക്കും.

വട്ടചെമ്പുകളിലെ മാങ്ങകള്‍ കൊഴമ്പ് രൂപത്തിലുള്ള മസാലയിലിട്ട് കൂട്ടി ഇളക്കും. പിന്നെ ആ രാത്രി മുഴുവന്‍ പിറ്റേ ദിവസം വിളമ്പുംവരെ വാഴയിലയിട്ട് മസാല ചേര്‍ത്ത മാങ്ങ മൂടിയിടും. പിറ്റേ ദിവസം പള്ളിയിലെ എല്ലാ പ്രാര്‍ത്ഥന ചടങ്ങുകള്‍ക്ക് ശേഷമാണ് കടുമാങ്ങയും കഞ്ഞിയും വിളമ്പുക. ആ വിളമ്പുന്നതിന് മുമ്പ് വട്ടചെമ്പുകളിലെ വാഴയിലമാറ്റും. ആവിയില്‍ വാടിയ വാഴയിലയുടെ മണവും കൂടിചേര്‍ന്ന് കടുമാങ്ങാ ചെമ്പില്‍ നിന്ന് ഒരു മണം പൊങ്ങി വരാനുണ്ട്. അമ്പോ.. അത് ഉയരുമ്പോള്‍ വായില്‍ കപ്പലോടിക്കാം!

Image may contain: 1 person, plant, outdoor, nature and foodകുന്നംകുളത്ത് ഒട്ടുമിക്ക പള്ളികളിലും നോമ്പ് കാലങ്ങളില്‍ കടുമാങ്ങ വിളമ്പും. ആര്‍ത്താറ്റ് പള്ളിയില്‍ അയ്യായിരത്തോളം പേര്‍ക്കായി 2200 കിലോ മാങ്ങയുടെ കടുമാങ്ങയാണ് തയ്യാറാക്കുന്നത്. പഴഞ്ഞി പള്ളിയില്‍ ഓശാന ഞായറാഴ്ച്ച ദേശക്കാരുടെ നേതൃത്വത്തില്‍ ആയിരങ്ങള്‍ക്കാണ് കടുമാങ്ങ തയ്യാറാക്കി നല്‍കിയത്.
കാട്ടകാമ്പാലില്‍ ദുഃഖ വെള്ളിയാഴ്ച്ച ദിവസം വൈകീട്ടാണ് കടുമാങ്ങയും കഞ്ഞിയും.