കടുവയെ പിടിച്ച കിടുവ…
എന്നോടീ ചതി ചെയ്തവന്റെ തലയില്‍ ഇടിത്തീ വീഴട്ടെ…
പോരാ…വഴീല് കൂടെ പോകുമ്പോ ഇടി വെട്ടേല്ക്കട്ടെ.
എന്നിട്ടും പോരാ അവനെ പാമ്പും കടിക്കട്ടെ..
സുഹൃത്തുക്കളെ…കഴിഞ്ഞ എന്റെ സ്ഥലം വില്‍പ്പനക്ക് എന്ന പോസ്റ്റിനെ കുറിച്ചും
അതിലെ കത്ത്യാഷിയെ കുറിച്ചും നിങ്ങള്‍ക്കറിയാലോ…? ദൈവം ഇപ്പൊ പണ്ടത്തെ പോലെയല്ല, എല്ലാം കംപ്യൂട്ടറൈസ്ടാണ്.
ഓണ്‍ ദി സ്പോട്ട് റിപ്ലെയ് കിട്ടും… അതാ അനുഭവം…
ഹും… എന്നാലും എന്നോടീ ചതി ചെയ്തവന് പണ്ടാറടങ്ങി പോട്ടെ!!!!
കാര്യം എന്താണെന്നോ…? ഏതോ ഒരുത്തന് ഞാന്‍ എഴുതിയ ആ പോസ്റ്റിനെ കുറിച്ച് നമ്മുടെ കത്ത്യാഷിയോട് പറഞ്ഞിരിക്കുന്നു…(പൈസ കടം ചോദിച്ചിട്ട് കൊടുക്കാത്തവന്മാര് ആരെങ്കിലുമായിരിക്കും)
കശ്മലന്മാര്,…സാമദ്രോഹികള്‍…നിങ്ങളറിഞ്ഞോ…? എനിക്കും കിട്ടി പണി…
നല്ല എട്ടിന്റെ പണി…ഇന്നു രാവിലെയാണു സംഭവം …ഓഫീസിലേക്ക് പോകാനുള്ള തെയ്യാറെടുപ്പിലായിരുന്നു
ഞാന്‍..അപ്പോഴാണു മൊബൈല്‍ റിങ്ങ് ചെയ്തത്…പരിചയമില്ലാത്ത ഒരു വോഡാ ഫോണ്‍ നമ്പര്‍…ഞാന്‍ അറ്റന്റ് ചെയ്തു..ഹലോ…മിസ്റ്റര്‍ റിയാസ്.. .മറുവശത്തു നിന്നും അപരിചിതമായ ശംബ്ദം.
ഞാന്‍ പറഞ്ഞു..യെസ്…സ്പീക്കിങ്ങ്..
ഹലൊ എന്റെ പേരു സൈനുദ്ദീന്‍.. നിങ്ങളുടെ വീടും പറമ്പും കൊടുക്കുന്നുണ്ടന്നു കേട്ടു.ശരിയാണോ…?
ങെഹ്!!! ഞാനൊന്നു ഞെട്ടി… ഞാന്‍ മനസ്സില്‍ പോലും വിചാരിക്കാത്ത കാര്യം.
നിങ്ങളോടാരാ പറഞ്ഞത്…? ഞാന്‍ ചോദിച്ചു
അതിനു അയാള്‍ പറഞ്ഞത്…ആരാ പറഞ്ഞത് എന്നത് അവിടെ നിക്കട്ടെ…സത്യത്തില്‍ ഞാന്‍ കേട്ടത് ശരിയാണോ…?
ഹേയ്…നിങ്ങള്‍ക്കു ആളു തെറ്റിയതാവും..എന്റെ വീട് വില്ക്കണൊന്നുമില്ല..
ഞാന്‍ വീണ്ടും പറഞ്ഞു…
അല്ല… നിങ്ങളുടെ വീട് തളിക്കുളത്തല്ലേ..? അയാള്‍ ചോദിച്ചു
എന്റെ വീടിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഒരു ചിരപരിചിതനെ പോലെ
അയാളെനിക്കു പറഞ്ഞു തന്നു…
സോറി…നിങ്ങളെ ആരോ തെറ്റിദ്ധരിപ്പിച്ചതായിരിക്കും എന്നു പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.
ഞാന്‍ ഓഫീസിലേക്ക് യാത്രയായി… കുറച്ച് നേരം കഴിഞ്ഞപ്പോള്‍ വീണ്ടും ഒരു കോള്‍ വന്നു. ഞാന്‍ അറ്റെന്റ് ചെയ്തു…… ആ കോളിന്റേയും ഉള്ളടക്കം എന്റെ വീട് വില്‍ക്കുന്നതിനെ കുറിച്ചു തന്നെയായിരുന്നു.
എനിക്കാകെ തല ചൂടായി തുടങ്ങി… ശ്ശെടാ..ഇതെന്താ ഇപ്പൊ ഇങ്ങനെ…? ആലോചിച്ചിട്ടൊരെത്തും പിടിയും കിട്ടുന്നില്ല.ഞാന്‍ ഓഫീസിലെത്തിയ ഉടനെ ഉമ്മായെ ഫോണില്‍ വിളിച്ചു. ഉമ്മയോട് ഈ വിവരം പറഞ്ഞു…ഇനി ഞാനറിയാതെ വാപ്പയെങ്ങാനും വീട് വില്‍ക്കാനുള്ള
പ്ലാന്‍ ഉണ്ടോ എന്നു ഉമ്മായോട് ചോദിച്ചു. ഉമ്മ പറഞ്ഞു..ഇല്ല..മോനേ ആരോ മോനെ പറ്റിച്ചതാ… എനിക്കു വട്ടായി തുടങ്ങി..ആരോ എനിക്കിട്ടു പണി തന്നു എന്നുറപ്പായി….ഓഫീസിലെ തിരക്കിനിടയിലാണു എന്റെ അമ്മാവന് സലീം അബുദാബിയില്‍ നിന്നും വിളിച്ചത്…..എന്താണാവോ പതിവില്ലാതെ ഈ നേരത്ത് എന്ന് മനസ്സില്‍ വിചാരിച്ചു കൊണ്ടാണു ഫോണ്‍ അറ്റന്റ് ചെയ്തത്.
ഡാ നീ വീടും പറമ്പും കൊടുക്കാന്‍ പോകുന്നു എന്നു കേട്ടല്ലോ…?
അമ്മാവന്റെ ചോദ്യം കേട്ട് ഞാനൊന്നു ഞെട്ടി…
എന്റള്ളോ!!! ആരു പറഞ്ഞു…?
ഞാനിവിടെ ലുലുവില്‍ പോയപ്പോ അറിഞ്ഞതാ… അവിടെ നമ്മുടെ കുന്നന് സുധി ഉണ്ടല്ലോ…? അവന് പറഞ്ഞതാ എന്നോട്… സുധിക്ക് ഖത്തറിലെ ലുലുവില്‍ നിന്നും കിട്ടിയ ന്യൂസ് ആണെന്നു പറഞ്ഞു…
ഓഹോ…!!! ഇപ്പൊ കാര്യങ്ങളുടെ കിടപ്പു വശം എനിക്കു പിടി കിട്ടി തുടങ്ങി…
ഇതു നമ്മുടെ കത്ത്യാഷിയുടെ പണി തന്നെ……
ഞാന്‍ മുമ്പ് നടന്ന എയര്‍പോര്‍ട്ട് വില്‍പ്പനയുടെ കാര്യം അമ്മാവനോട് പറഞ്ഞു…
ഹ..ഹഹാ “കടുവായെ പിടിച്ച കിടുവയോ…”?
ഞാന്‍ ബൈ ബൈ പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു..
അപ്പോഴും എന്റെ മനസ്സില്‍ എനിക്കിട്ട് പണി തന്നവന് ആരായിരിക്കും,
അവന്ക്കിട്ടൊരു പണി എങ്ങിനെ, എപ്പോള്‍ കൊടുക്കണം എന്ന ചിന്തയിലായിരുന്നു ഞാന്‍…
കാരണം അവനാണല്ലോ കത്ത്യാഷിക്കു ആ പോസ്റ്റ് കാണിച്ചു കൊടുത്തത്…
ഇനി ഈ ബ്ലോഗ് വായിച്ച നിങ്ങളാരെങ്കിലുമാണോ…?
അങ്ങിനെ ഞാന്‍ ആഷിക്കിട്ടൊരു പണി കൊടുക്കാന്‍ തന്നെ തീരുമാനിച്ചു…
അതിനു വേണ്ടി ലുലുവില്‍ തന്നെ ജോലി ചെയ്യുന്ന എന്റെ ഒരു കൂട്ടുകാരനെ ഞാന്‍
ഏര്‍പ്പാടാക്കി.അവനോട് ഞാന്‍ എല്ലാ വിവരവും പറഞ്ഞു..എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍
അവനും ആവേശമായി..കാരണം കത്ത്യാഷിയുടെ കത്തി കേട്ട് അവന്റെ നിഴല്‍ കണ്ടാല്‍
അപ്പോ ഓടി രക്ഷപ്പെടും എന്നൊരു പരുവത്തിലായിട്ടുണ്ടായിരുന്നു അവനും…
അങ്ങിനെ ഞങ്ങള്‍ ഒരു പ്ലാന്‍ തെയ്യാറാക്കി.
ഇനി കത്ത്യാഷിയെ കാണുമ്പോള്‍. പറയുക.. തളിക്കുളം അപ്പു മാഷിന്റെ സ്കൂള്‍
ഞങ്ങളുടെയൊക്കെ മാതാപിതാക്കള്‍, ഒരുപക്ഷേ അവരുടെ മതാപിതാക്കളും പഠിച്ചിരുന്ന
സ്കൂള്‍,അത്രക്കും പഴക്കമുണ്ട്)വില്‍ക്കാനുണ്ട് എന്നു പറയുക..എന്നിട്ടു അവന്റെ പ്രതികരണം അറിയുക..ബാക്കി നമുക്ക് വഴിയെ ശരിയാക്കാം എന്ന തീരുമാനത്തില്‍ അവന് കത്ത്യാഷിയെ കാണാന്‍ പോയി..
അവന് ചെന്ന് കത്ത്യാഷിയോട് പറഞ്ഞു.. ഡാ ആഷി നീ അറിഞ്ഞൊ..?
നമ്മുടെ അപ്പു മാഷിന്റെ സ്കൂള്‍ വില്ക്കാന് പോകുന്നെടാ…
ഉടനെ അവന് പറഞ്ഞു..ആഹാ..നീ ഇത് ഇപ്പോ അറിയുന്നതേയുള്ളൂ…?
കഷ്ടം,വളരെ മോശം…ഞാനല്ലേ അതിന്റെ ബ്രോക്കര്‍…അതു വാങ്ങിക്കാന്‍ പറ്റിയ പാര്‍ട്ടിക്കാരെ തപ്പി കൊണ്ടിരിക്ക്യാ ഞാന്‍…
അതു കേട്ടതും എന്റ് കൂട്ടുകാരന് അല്‍പ്പ നേരത്തേക്ക് വായും പൊളിച്ചു നിന്നു പോയി…
ഹും… കളി നമ്മളോടോ എന്നൊരു മുഖഭാവത്തില്‍ ഒരു കള്ളച്ചിരിയുമായി കത്ത്യാഷി നടന്നു മറഞ്ഞു…
228 total views, 3 views today
