എവിടെയാണ് റിപ്പബ്ലിക് ഓഫ് കൈലാസ ? അംഗത്വമില്ലാത്ത ഈ രാജ്യത്തിന്റെ പ്രതിനിധി ഐക്യരാഷ്ട്ര സഭയിൽ എത്തിയത് എങ്ങനെ?⭐
അറിവ് തേടുന്ന പാവം പ്രവാസി
👉ഇന്ത്യയില്‍ നിന്നും ആയിരക്കണക്കിനു കിലോമീറ്ററുകള്‍ അകലെ ഒരു സ്വകാര്യ ദ്വീപില്‍ വിവാദ ആള്‍ദൈവമായ നിത്യാനന്ദ സ്ഥാപിച്ച രാജ്യം ആണ് റിപ്പബ്ലിക് ഓഫ് കൈലാസ .ഇന്ത്യയില്‍ നിന്നും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായി രാജ്യം വിട്ടുപോയ സ്വയംപ്രഖ്യാപിത ആള്‍ ദൈവമാണ് സ്വാമി നിത്യാനന്ദ .ഇന്ത്യയില്‍ കുറ്റകൃത്യങ്ങള്‍ക്ക് വിചാരണ നേരിടുന്നതിനിടെ രാജ്യത്തു നിന്നും 2019 അവസാനത്തോടെ രക്ഷപെട്ട് പോവുകയായിരുന്നു ഇയാള്‍.
നേപ്പാള്‍ വഴി ഇക്വഡോര്‍ എന്ന രാജ്യത്തേയ്ക്കായിരുന്നു ഇയാള്‍ കടന്നത്.മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള സ്വകാര്യദ്വീപ് വാങ്ങിയാണ് നിത്യാനന്ദ തന്‍റെ രാജ്യമായി അതിനെ മാറ്റിയിരിക്കുന്നത്. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ഒരു ദ്വീപാണ് ഇതെന്നാണ് കരുതുന്നത്. ഓസ്ട്രേലിയയില്‍ നിന്നു ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ മാത്രമേ ഇവിടേക്ക് എത്തിച്ചേരുവാന്‍ സാധിക്കൂ .
ഒരു രാജ്യത്തിനു എന്തൊക്കെ കാര്യങ്ങള്‍ ആവശ്യമാണോ അതെല്ലാം ഇവിടെയുണ്ട് എന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്. കൈലാസ എന്നും റിപ്പബ്ലിക് ഓഫ് കൈലാസ എന്നും അറിയപ്പെടുന്ന ഈ ദ്വീപ് ഒരു ഹിന്ദു രാഷ്ട്രമായും ഇയാള്‍ വിഭാവനം ചെയ്തിട്ടുണ്ട്. സ്വന്തം രാജ്യത്ത് ഹിന്ദു മതം ആചരിക്കുവാനുള്ള അവകാശം നഷ്ടപ്പെട്ടവരാണ് ഇത് സ്ഥാപിച്ചതെന്നാണ് രാജ്യത്തിന്റെ വെബ്സൈറ്റ് അവകാശപ്പെടുന്നത്.
ആരോഗ്യം, വിദ്യാഭ്യാസം, വാണിജ്യം, ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് തുടങ്ങിയ ഭരണ വകുപ്പുകളെല്ലാം ഉള്ള ഒരു സമ്പൂര്‍ണ്ണ രാജ്യമാണത്രെ ഇത്. ഇത് കൂടാതെ രാജ്യത്തിനു സ്വന്തമായി പതാകയും , പാസ്പോര്‍ട്ടും , ഔദ്യോഗിക ഭാഷകളും , ദേശീയ ചിഹ്നവുമെല്ലാം ഉണ്ട്. ഇംഗ്ലിഷും , സംസ്കൃതവും , തമിഴുമാണ് ഇവിടുത്തെ ഭാഷകള്‍. രാജ്യത്തിനു സ്വന്തമായി ഒരു വെബ് സൈറ്റുമുണ്ട്.
ഹിന്ദു നാഗരികതയെയും , ഹിന്ദുമതത്തിന്റെ 10,000 പാരമ്പര്യങ്ങളെയും പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഈ രാഷ്ട്രത്തിന്റെ പരമമായ ലക്ഷ്യം. 150 രാജ്യങ്ങളില്‍ എംബസികളും , എന്‍ജിഒകളും കൈലാസ രാജ്യം സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദ്ദേഹം അവകാശപ്പെടുന്നു.സാമൂഹികമാധ്യമങ്ങളിലൂടെ നിത്യാനന്ദ തന്നെയാണ് കൈലാസത്തിൽ ‘റിസർവ് ബാങ്ക് ഓഫ് കൈലാസ’ എന്ന പേരിൽ ബാങ്ക് സ്ഥാപിച്ചതായി അറിയിച്ചത്. ഒരു ഗണേശ ചതുർഥി ദിനത്തിൽ പുതിയ കറൻസി പുറത്തിറക്കി.രാജ്യത്തെ നാണയങ്ങളെല്ലാം സ്വർണത്തിലാണ് പുറത്തിറക്കിയത് എന്ന് അവകാശപ്പെടുന്നു.മറ്റ് രാജ്യങ്ങളിലെ സാമ്പത്തിക നയങ്ങളെയും , കറൻസികളെയും കുറിച്ച് പഠിച്ചതിന് ശേഷമാണ് തങ്ങളുടെ കറൻസി പുറത്തിറക്കുന്നതെന്നും വ്യക്തമാക്കുന്നു.
ഹിന്ദു വിശ്വാസ പ്രകാരം സ്വർണമെന്നാൽ വിലപിടിപ്പുള്ള വസ്തുവെന്നല്ല, പരിപാവനമായ ലോഹം എന്നാണ് കണക്കാക്കുന്നത് . അതിനാൽ തന്നെ എല്ലാ നാണയങ്ങളും സ്വർണത്തിലാണ് നിർമിച്ചത് എന്ന് നിത്യാനന്ദ പറയുന്നത്. സംസ്കൃതത്തിൽ സ്വർണമുദ്ര അഥവാ സ്വർണ പുഷ്പം എന്നും ഇംഗ്ലിഷിൽ കൈലാസിയൻ ഡോളർ എന്നുമാണ് നാണയം അറിയപ്പെടുന്നത്. തമിഴിൽ പൊർകാസ് എന്ന് അറിയപ്പെടും. ഒരു സ്വർണമുദ്ര 11.66 ഗ്രാമോളം സ്വർണമാണ്. കാൽകാസ്, അരക്കാസ്, ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, പത്ത് കാസുകളുണ്ടാകും.
റിപ്പബ്ലിക് ഓഫ് കൈലാസ’യിൽ രാജ്യത്തിന്റെ ‘പ്രധാനമന്ത്രി’, ‘കാബിനറ്റ്’ അംഗീകാരം ലഭിച്ചവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. നിത്യാനന്ദയുടെ ഭക്തരും അദ്ദേഹത്തിന്റെ ലക്ഷ്യത്തിനായി സംഭാവന നൽകുന്നവരുമായ ആളുകൾക്ക് മാത്രമേ ഇവിടെ പ്രവേശനം ലഭിക്കൂ.രാജ്യത്തിന്റെ വെബ്‌സൈറ്റായ Kailaasa . org പ്രകാരം സംഭാവനയായി ലഭിക്കുന്ന സാമ്പത്തികം സൈപ്‌റ്റോ കറൻസിയാക്കിയാണ് മാറ്റുന്നത്.സൈബർ വിദഗ്ധരുടെ അഭിപ്രായത്തിൽ, 2018 ഒക്ടോബർ 21 നാണ് ഈ വെബ്‌സൈറ്റ് സൃഷ്‌ടിച്ചത് .
ഇത് 2020 ഒക്ടോബർ 10 നാണ് അവസാനമായി അപ്‌ഡേറ്റ് ചെയ്‌തത്. യുഎസിലെ ഡാളസിൽ സ്ഥിതി ചെയ്യുന്ന ഐപി ഉപയോഗിച്ച് പനാമയിൽ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
⚡ദേശീയ മൃഗം (നന്ദി – പരമശിവന്റെ വാഹനമായ പവിത്രമായ കാള)
⚡പക്ഷി (ശരബം – സിംഹത്തോട് സാമ്യമുള്ള ചിറകുകളുള്ള ഒരു പുരാണ ജീവിയാണ്)
⚡പുഷ്പം (താമര),
⚡ വൃക്ഷം (ആൽ മരം ).
ഈ വർഷം ഫെബ്രുവരി 22ന് നടന്ന യുഎൻ കമ്മിറ്റി ഓൺ എക്കോണമിക് സോഷ്യൽ ആന്റ് കൾച്ചറൽ റൈറ്റ്‌സ് മീറ്റിംഗിൽ മാ വിജയപ്രദ നിത്യാനന്ത ‘യുനൈറ്റഡ് നേഷൻസ് ഓഫ് കൈലാസം’ എന്ന സാങ്കൽപിക രാജ്യത്തെ പ്രിതിനിധീകരിച്ച് എത്തിയതോടെയാണ് വീണ്ടും വാർത്താ പ്രാധാന്യം നേടിയത്.
നിത്യാനന്ദയുടെ ആശ്രമത്തിൽ നിന്ന് ഒരു കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഗുജറാത്തിൽ നിന്ന് നിത്യാനന്ദ കടന്നു കളയുന്നത്. പിന്നീട് പുറത്ത് വരുന്ന വിവരം ആർക്കുമറിയാത്ത ഒരു സ്ഥലത്ത് നിത്യാനന്ദ ‘കൈലസ’ എന്ന രാജ്യമുണ്ടാക്കിയെന്നാണ്. യുഎന്നിൽ നിത്യാനന്ദയുടെ സാങ്കൽപിക രാജ്യത്തിന് ഇതുവരെ അംഗത്വം ലഭിച്ചിട്ടില്ല. കൈലാസ രാജ്യ സ്ഥാപകന്‍ സ്വാമി നിത്യാനന്ദയെ ഇന്ത്യ പീഡിപ്പിക്കുകയും വേട്ടയാടുകയാണെന്നും ഐക്യ രാഷ്ട്രസഭ അദ്ദേഹത്തെ സംരക്ഷിക്കണമെന്നും ‘യു എന്‍ പ്രതിനിധി’ മാ വിജയപ്രിയ നിത്യാനന്ദ ആവശ്യപ്പെട്ടത് ലോകം ചർച്ച ചെയ്തിരുന്നു. വിജയപ്രിയ കൈലാസത്തില്‍ നിന്നുള്ള സ്ഥിരം അംബാസിഡര്‍ ആണെന്നാണ് യു എന്‍ വെബ്‌സൈററ് നല്‍കുന്ന വിവരം.
2022 ഒക്ടോബറില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ദീപാവലി ആഘോഷത്തിന് നിത്യാനന്ദയുടെ അനുയായികളില്‍ ഒരാളായ നിത്യ ആത്മദയാനന്ദയെ ക്ഷണിച്ചത് വിവാദമായിരുന്നു. ഇന്റര്‍പോള്‍ നിത്യാനന്ദക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ വിസമ്മതം അറിയിച്ചിരുന്നു.
ഐക്യരാഷ്ട്രസഭ എന്നത് പലതരം ഓർഗനൈസേഷനുകൾ , ഏജൻസികൾ ഒക്കെ ചേർന്നതാണ്.
ഐക്യരാഷ്ട്രസംഘടനയിലെ അംഗത്വത്തിന് ഒരു സ്വതന്ത്ര പരമാധികാര രാജ്യമായിരിക്കുക എന്നത് നിർബന്ധമാണ്.അതുകൊണ്ടു തന്നെ ഒരു രാജ്യമാണ് എന്ന് തെളിയിക്കാൻ ആഗ്രഹിക്കുന്നവർ ഐക്യരാഷ്ട്രസഭയിലെ അംഗത്വത്തിനോ അത് കിട്ടിയില്ലെങ്കിൽ ഏതെങ്കിലും ഏജൻസിയുടെ എങ്കിലും അംഗത്വത്തിനോ ശ്രമിക്കാറുണ്ട്. ഐക്യരാഷ്ട്രസഭയിൽ അംഗത്വം ലഭിക്കണമെങ്കിൽ സെക്യൂരിറ്റി കൗൺസിൽ ശുപാർശ ചെയ്യുകയും, ജനറൽ അസംബ്ലി തീരുമാനം എടുക്കുകയും വേണം. ചില ഏജൻസികളിലെ അംഗത്വം അതാത് ഏജൻസികൾക്ക് തീരുമാനിക്കാം.
അന്താരാഷ്ട്ര തലത്തിൽ മനുഷ്യാവകാശങ്ങളെ സംബന്ധിക്കുന്ന രണ്ട് കരാറുകൾ ആണ്
⚡ “ഇന്റർനാഷണൽ കവനന്റ് ഓൺ സിവിൽ ആൻഡ് പൊളിറ്റിക്കൽ റൈറ്റ്സ്”,
⚡”ഇന്റർനാഷണൽ കവനന്റ് ഓൺ എക്കണോമിക്, സോഷ്യൽ ആൻഡ് കൾച്ചറൽ റൈറ്റ്സ്” .
ഓരോ രാജ്യങ്ങളും ഈ കരാറുകൾ എങ്ങനെ നടപ്പാക്കുന്നു എന്ന് പരിശോധിക്കാൻ ചില വ്യവസ്ഥകളുണ്ട്.അത്തരം ഒരു വ്യവസ്ഥയാണ് കമ്മിറ്റി ഓൺ എക്കണോമിക്, സോഷ്യൽ ആൻഡ് കൾച്ചറൽ റൈറ്റ്സ്. ആ കമ്മിറ്റിക്ക് മുന്നിലാണ് റിപ്പബ്ലിക്ക് ഓഫ് കൈലാസയുടെ അംബാസഡർ ഹാജരായത്.
ഈ കമ്മിറ്റി ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയോ , സെക്യൂരിറ്റി കൗൺസിലോ പോലെ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന ഒന്നല്ല. പകരം പതിനെട്ട് ഇൻഡിപെൻഡന്റ് എക്സ്പെർട്ടുകളാണ് കമ്മിറ്റിയിൽ ഉള്ളത്.
⚡ വിവിധ രാജ്യങ്ങളിലെ മനുഷ്യാവകാശ സ്ഥിതി പരിശോധിച്ച് റിപ്പോർട്ടുകൾ തയാറാക്കുക,
⚡ചില സാഹചര്യങ്ങളിൽ വ്യക്തികളുടെ പരാതി സ്വീകരിച്ച് അവ പരിശോധിച്ച് റിപ്പോർട്ട് തയാറാക്കുക ഒക്കെയാണ് കമ്മിറ്റിയുടെ ചുമതലകൾ.
ഇവർക്ക് മുന്നിലാണ് നിത്യാനന്ദ സ്വാമിയെയും ,അനുയായികളെയും ഇന്ത്യ നിരന്തരം പീഡിപ്പിക്കുന്നു എന്ന് പരാതി ബോധിപ്പിച്ചത്. ഇത് ആദ്യമായിട്ടല്ല ഇങ്ങനെ ഒരു പരാതി.സ്വാമിയുടെ വകയായി ഇത്തരത്തിൽ കൊടുത്ത ധാരാളം പരാതികൾ ഉണ്ട്. ഈ കമ്മിറ്റിക്ക് മുന്നിൽ സംസാരിച്ചു എന്നതുകൊണ്ട് റിപ്പബ്ലിക്ക് ഓഫ് കൈലാസ എന്ന രാജ്യത്തെ ഐക്യരാഷ്ട്ര സഭ അംഗീകരിച്ചു എന്ന് അർത്ഥമില്ല .
💢 വാൽ കഷ്ണം💢
പീഡന കേസുകളുൾപ്പെടെ നിരവധി ക്രമിനൽ കേസുകളിൽ പ്രതിയാണ് സ്വയം പ്രഖ്യാപിത ആൾദൈവങ്ങളിൽ ഒരാളായ നിത്യാനന്ദ. 2019 നവംബർ അവസാനത്തോടെയാണ് ഇയാൾ ഇന്ത്യ വിട്ടതെന്നാണ് റിപ്പോർട്ടുകൾ. ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വീഡിയോകളിലൂടെ ഇയാൾ തന്‍റെ അനുയായികളോട് സംവദിക്കാൻ തുടങ്ങിയത്. കൈലാസ രാജ്യത്തെ പ്രധാനമന്ത്രിയാണ് താനെന്ന് വിശേഷിപ്പിച്ചായിരുന്നു ഓരോ വീഡിയോയും. 2000ത്തിൽ ആശ്രമം തുടങ്ങിയ നിത്യാനന്ദ
പ്രശസ്തനാകുന്നത് 2010ലാണ്. പിന്നീട് വിവാദങ്ങളിലൂടെ മുന്നോട്ട് പോയ ‘ആത്മീയ ജീവിത’മാണ് ഇദ്ദേഹം നയിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ആശ്രമത്തിൽ പാർപ്പിച്ചതടക്കം പല വിവാദങ്ങളും ഇതിന് പിന്നാലെയെത്തി. നിരവധി കേസുകളിൽ പ്രതിയായതോടെ ശിക്ഷ ഉറപ്പാകുമെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഇയാൾ ഇന്ത്യ വിടുന്നത്.
തമിഴ്നാട്ടിലെ തിരുവണ്ണാമലൈയ്ക്കടുത്തുള്ള കീഴ്ക്കച്ചിറാപ്പട്ട് എന്ന സ്ഥലത്ത് 1977ലാണ് നിത്യാനന്ദയുടെ ജനനം. രാജശേഖരൻ എന്നായിരുന്നു മാതാപിതാക്കൾ നൽകിയ പേര്. ചെറുപ്പ കാലം മുതൽ ആത്മീയതയോടാണ് രാജശേഖരന് താൽപ്പര്യമുണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ. 1995ൽ സന്യാസം സ്വീകരിക്കാൻ ചെന്നൈയിലെ രാമകൃഷ്ണ മഠത്തിൽ എത്തിയ രാജശേഖരൻ. പത്തുവർഷം നീണ്ടു നിൽക്കുന്ന പഠനം നാലാം വർഷം തന്നെ നിർത്തി മടങ്ങുകയായിരുന്നു. പിന്നീട് ചില ആശ്രമങ്ങളിൽ കഴിഞ്ഞ ഇയാൾ 2000ത്തിലാണ് സ്വന്തം ആശ്രമം തുടങ്ങുന്നത്.
ബാംഗ്ലൂരിലെ ബിദാദിക്കടുത്ത് ധ്യാനപീഠം എന്ന പേരിൽ ഒരു ആശ്രമം നടത്തിപ്പോന്നിരുന്ന എ രാജശേഖരൻ എന്ന സ്വാമി നിത്യാനന്ദ പരമഹംസ ഒരു സുപ്രഭാതത്തിൽ തന്റെ സാമ്രാജ്യം കെട്ടിപ്പൊക്കുകയായിരുന്നു. മീഡിയ സപ്പോർട്ട് കൂടി ലഭിച്ചതോടെ ആശ്രമം വളർന്നു. നിത്യാനന്ദയുടെ പ്രസംഗം കേൾക്കാൻ ഭക്തരുടെ ഒഴുക്കായി . ആത്മീയതയെ കച്ചവട ഉൽപന്നമാക്കി മാറ്റാൻ നിത്യാനന്ദ എന്ന വ്യാജനെ സഹായിച്ചത് തെന്നിന്ത്യയിലെ മുൻ നിര നായികയാിരുന്ന രഞ്ജിതയുടെ കടന്ന് വരവായിരുന്നു. ആശ്രമത്തിന്റെ ഭാഗമായി രഞ്ജിത മാറിയതോടെ നിത്യാനന്ദയുടെ പേരും പ്രശസ്തിയും വർധിച്ചു.കന്യകമാരായ ശിഷ്യ ഗണങ്ങളായിരുന്നു നിത്യാനന്ദയ്ക്ക് കൂടുതൽ സന്തോഷം നൽകിയിരുന്നത്.തെന്നിന്ത്യൻ നടി രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ വിവാദ ലൈംഗിക ടേപ്പ് കേസിൽ നിത്യാനന്ദയ്‌ക്കെതിരെ കോടതി ഒട്ടേറെ സമൻസുകൾ പുറപ്പെടുവിച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിൽ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു .ഈ കേസിൽ നേരത്തേ അറസ്റ്റിലായ നിത്യാനന്ദ, ജാമ്യം ലഭിച്ചതിനെ തുടർന്ന്, കാലാവധി തീർന്ന പാസ്‌പോർട്ട് ഉപയോഗിച്ച് നേപ്പാൾ വഴി ഇക്വഡോറിലേക്കു കടക്കുകയായിരുന്നു.
2018 മുതൽ വിചാരണയിൽനിന്നു വിട്ടുനിൽക്കുന്നതിനാൽ 2020ൽ കോടതി ജാമ്യം റദ്ദാക്കി. യുഎസിൽ നിന്നുള്ള ഇന്ത്യൻ വംശജയെ 5 വർഷം ബിഡദി ആശ്രമത്തിൽ പാർപ്പിച്ചു പീഡിപ്പിച്ചെന്നുള്ള കേസിലും നിത്യാനന്ദയ്‌ക്കെതിരെ മറ്റൊരു കേസ് ഉണ്ട്.ഇയാൾ തങ്ങളുടെ രാജ്യത്ത് ഇല്ലെന്ന് ഇക്വഡോർ ഭരണകൂടം പല തവണ ആവർത്തിച്ചിട്ടുണ്ട്. 2018 സെപ്റ്റംബറിൽ ഇയാളുടെ പാസ്‌പോർട്ടിന്റെ കാലാവധി പൂർത്തിയായിരുന്നു. ഇത് പുതുക്കിയിട്ടുമില്ല. ക്രിമിനൽ കേസുകൾ നിലനിൽക്കുന്നതിനാൽ പാസ്‌പോർട്ട് പുതുക്കാൻ പൊലീസ് അനുമതി ലഭിക്കാറുമില്ല.
📌 കടപ്പാട്: ദീപക്ക്
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി