malabar-gold

ഇടയ്ക്കിടെ കോഴിക്കോട് പോകുമ്പോഴെല്ലാം ഞാന്‍ കാക്കഞ്ചേരിയില്‍ കാര്‍ നിര്‍ത്തി ഒരു നിമിഷം സമരപ്പന്തലിലേക്കു നോക്കി നില്‍ക്കും.

കാക്കഞ്ചേരിയില്‍ ഇന്നുമുണ്ട് സമരപ്പന്തല്‍. പക്ഷെ അവിടെ ആ നാടിനെ പ്രതിനിധീകരിച്ചിരിക്കുന്നതു രണ്ടു വൃദ്ധന്മാര്‍. മാസങ്ങള്‍ക്കു മുന്‍പ് വരെ ഈ സമരപ്പന്തല്‍ ആബാലവൃദ്ധം ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. പക്ഷെ എന്നും സമരപ്പന്തലില്‍ വന്നാല്‍ അടുക്കളയില്‍ അടുപ്പു പുകയുമോ?

പിറന്ന നാട്ടില്‍ ശുദ്ധവായു ശ്വസിച്ചു മരണം വരെ ജീവിക്കാനാണ് കാക്കഞ്ചേരിക്കാര്‍ സമരം ചെയ്യുന്നത്. ഇന്ത്യയിലെ ഒരു നീതിന്യായ വ്യവസ്ഥക്കും തള്ളിക്കളയാന്‍ കഴിയാത്ത വളരെ ന്യായമായ ആവശ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്…പക്ഷെ മലബാര്‍ ഗോള്‍ഡിന്റെ മഞ്ഞ ലോഹങ്ങള്‍ കണ്ടു കണ്ണ് മഞ്ഞളിച്ച ഭരണ സംവിധാനത്തിനും ഉദോഗസ്ഥര്‍ക്കും , പരസ്യങ്ങള്‍ക്ക് വേണ്ടി നല്‍കുന്ന ലക്ഷങ്ങള്‍ കണ്ടു മിഴികള്‍ ഇറുകെ മുറുക്കിയടച്ച മാധ്യമ ഹിജഡകള്‍ക്കും ഈ കണ്ണ് നീര്‍ കാണാനുള്ള മനസ്സില്ലാതായിരിക്കുന്നു. അന്യന്റെ ബെഡ്‌റൂമില്‍ വരെ രഹസ്യ ക്യാമറകള്‍ തിരുകിക്കയറ്റാന്‍ മടിയില്ലാത്ത മാധ്യമ ഷണ്ഡന്മാര്‍ മലബാര്‍ ഗോള്‍ഡ് നല്‍കുന്ന പിച്ചക്കാശിനു വേണ്ടി മാധ്യമ ധര്‍മം മറന്നു പ്രവര്‍ത്തിക്കുമ്പോള്‍ ഇല്ലാതാവുന്നത് മഹത്തായ ഒരു മാധ്യമ സംസ്‌കാരമാണ്. വക്കം അബ്ദുള്‍കാദര്‍ മൗലവിയും, സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള എന്നറിയപ്പെട്ടിരുന്ന കെ രാമകൃഷ്ണ പിള്ളയും ,മുഹമ്മദ് അബുര്‍റഹിമാന്‍ സാഹിബ് തുടങ്ങിയ മഹാരഥന്മാരിലൂടെ കേരളത്തില്‍ പടര്‍ന്നു പന്തലിച്ച ഒരു മഹത്തായ മാധ്യമ സംസ്‌കാരം.

malabar-gold-2

സമരം എന്തിനു വേണ്ടി

പ്രതിദിനം 120 കിലോ സ്വര്‍ണ്ണാഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന പ്ലാന്റാണ് കാക്കഞ്ചേരിയിലേത്. പൊട്ടാസ്യം സൈനേഡ്, കാഡ്മിയം, ഇറിഡിയം, റുഥേനിയം, പ്ലാറ്റിനം, ഈയ്യം, കോപ്പര്‍, നൈട്രിക് ആസിഡ്, സിങ്ക്, ഹൈഡ്രോകോലോറിക് ആസിഡ് തുടങ്ങിയ രാസ മാലിന്യങ്ങളാണ് ഫാക്ടറിയില്‍ നിന്നും വേസ്റ്റ് ആയി പുറം തള്ളാനിരിക്കുന്നത്. പ്രതി ദിനം മൂന്നു ലക്ഷം ലിറ്ററിനടുത്തു വെള്ളമാണ് ഫാക്ടറിക്ക് ആവശ്യമായി വരുന്നത്. ഇത്രയും ജലം അശാസ്ത്രീയമായി ഊറ്റുമ്പോള്‍ നാടിന്റെ ജലസ്രോസ്റ്റസുകള്‍ വറ്റുമെന്നത് മാത്രമല്ല സംഭവിക്കുന്നത്, ആ നാട്ടിലെ മൊത്തം ജലാശയങ്ങളും കെമിക്കല്‍ മാലിന്യം മൂലം മലിനീകരിക്കപ്പെടുക കൂടിയാണ്. ഇതിന്റെ ഫലമായി ശ്വാസകോശ തകരാറുകള്‍, കരള്‍ വൃക്കയുടെ പ്രവര്‍ത്തനം,പ്രത്യുല്പാദനം എന്നിവ താറുമാറാകുകയും ക്യാന്‍സറിന് വരെ കാരണമാവുകയും ചെയ്യുന്നു. ഇത് വെറും അഭ്യൂഹങ്ങളല്ല. ശാസ്ത്രീയ പഠനങ്ങളുടെയും ,വിവരാവകാശ രേഖകളുടെയും അധികാരികതയോടെയാണ് കാക്കഞ്ചേരി നിവാസികള്‍ ഇത് പറയുന്നത്.

മലബാര്‍ ഗോള്‍ഡിന് കിന്‍ഫ്രയിലെ കണ്ണായ സ്ഥലം ലഭിച്ചതെങ്ങനെ?

ഇന്ത്യയിലെ ഒന്നാമത്തെ ഫുഡ് പാര്‍ക്കെന്ന പ്രഖ്യാപനത്തോടെ 2003 ആഗസ്തിലാണ് മലപ്പുറം കാക്കഞ്ചേരിയിലെ കിന്‍ഫ്ര പാര്‍ക്ക് അന്നത്തെ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാം രാജ്യത്തിന് സമര്‍പ്പിച്ചത്. ഭക്ഷ്യവ്യവസായങ്ങള്‍ക്കും ഭക്ഷ്യഅനുബന്ധ വ്യവസായങ്ങള്‍ക്കും 30 ഏക്കര്‍ വീതം, ഐടി വ്യവസായത്തിന് 10 ഏക്കര്‍ എന്ന നിലയിലാണ് സ്ഥലം അനുവദിക്കപ്പെട്ടത്. 30 ഭക്ഷ്യ, അനുബന്ധ വ്യവസായങ്ങളും 26 ഐടി സ്ഥാപനങ്ങളുമാണ് നിലവില്‍ അവിടെ പ്രവര്‍ത്തിക്കുന്നത്.

പാര്‍ക്കിന്റെ മുന്‍വശത്തെ 2.25 ഏക്കര്‍ കൊമേഴ്‌സ്യല്‍ സോണ്‍ ആയി മാറ്റിവെച്ചിരുന്നു. കിന്‍ഫ്രയില്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങളുടെ വില്‍പനയും പ്രചരണവും ലക്ഷ്യമിട്ടായിരുന്നു ഈ നീക്കിവെപ്പ്. എന്നാല്‍ പിന്നീട് വ്യാവസായിക ആവശ്യത്തിനായി ഈ സ്ഥലം വിട്ടുനല്‍കുന്നതിനായി കിന്‍ഫ്ര ടെണ്ടര്‍ ക്ഷണിച്ചു. ഇത് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആക്ടിന്റെ 9ാം ഖണ്ഡിക പ്രകാരം നിയമവിരുദ്ധമാണ്. ടെണ്ടറില്‍ പങ്കെടുത്ത മലബാര്‍ ഗോള്‍ഡിന് 2013 മാര്‍ച്ചില്‍ 2.25 ഏക്കര്‍ സ്ഥലം അനുവദിച്ച് ഉത്തരവായി. 200 കോടി രൂപ ചെലവഴിച്ച് മൂന്ന് ഘട്ടങ്ങളിലായി (75 കോടി, 75 കോടി, 50 കോടി) ആഭരണ നിര്‍മാണശാലയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് മലബാര്‍ ഗോള്‍ഡ് കിന്‍ഫ്രയെ അറിയിച്ചത്. ഓരോ ഘട്ടത്തിലും പ്രതിദിനം ലക്ഷ്യമിടുന്നത് 40 കിലോഗ്രാം സ്വര്‍ണാഭരണ നിര്‍മാണമാണ്. അതായത് മൂന്ന് ഘട്ടവും പൂര്‍ത്തിയാകുമ്പോള്‍ പ്രതിദിനം 120 കിലോഗ്രാം സ്വര്‍ണാഭരണം നിര്‍മിക്കുമെന്ന് പദ്ധതി റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥാപനം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ 2675 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും മലബാര്‍ ഗോള്‍ഡ് അവകാശപ്പെട്ടു. കിന്‍ഫ്രയുടെ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് ഈ പദ്ധതി അംഗീകരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഫുഡ് സേഫ്റ്റി നിയമപ്രകാരം രാസമാലിന്യങ്ങള്‍ പുറന്തള്ളുന്ന കമ്പനി ഫുഡ് പാര്‍ക്കില്‍ അനുവദനീയമല്ല.

malabar-gold-3

പരാതിക്കാര്‍ നാട്ടുകാര്‍ മാത്രമല്ല, കിന്‍ഫ്ര ഇന്‍ഡസ്ട്രീസ് ചേമ്പറും

ആഭരണ നിര്‍മാണശാലയ്ക്ക് 2015 ജൂണില്‍ ഹൈക്കോടതിയുടെ സ്‌റ്റേ ഓര്‍ഡര്‍ നല്‍കിയിരുന്നു .കിന്‍ഫ്രയിലെ 30 ഭക്ഷ്യസംസ്‌കരണ സ്ഥാപനങ്ങളും 26 ഐടി സ്ഥാപനങ്ങളും ഉള്‍പ്പെട്ട സംയുക്ത സംഘടനയായ കിന്‍ഫ്ര ഇന്‍ഡസ്ട്രീസ് ചേംബര്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് ആഭരണ നിര്‍മാണശാലയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ജല, വായു മലിനീകരണ സാധ്യതയുള്ള ഒരു വ്യവസായ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തങ്ങളുടെ ഉല്‍പന്നങ്ങളുടെ വില്‍പനയെയും കയറ്റുമതിയെയും ബാധിക്കും എന്നാണ് കിന്‍ഫ്ര ഇന്‍ഡസ്ട്രീസ് ചേംബര്‍ പ്രധാനമായും വാദിച്ചത്.

മലബാര്‍ ഗോള്‍ഡ് ആദ്യഘട്ടത്തില്‍ സമര്‍പ്പിച്ച പദ്ധതി പ്രകാരം ‘റെഡ് വിഭാഗത്തില്‍ പെട്ട ‘ലാര്‍ജ് സ്‌കെയില്‍’ സ്ഥാപനമാണ് തുടങ്ങാന്‍ പോകുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ 09082004ലെ സര്‍ക്കുലര്‍ അനുസരിച്ച് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വ്യവസായത്തിന്റെ 100 മീറ്ററിനുള്ളില്‍ വീടുകളോ മറ്റ് സ്ഥാപനങ്ങളോ പാടില്ല. എന്നാല്‍ ഈ സ്ഥാപനത്തിന്റെ 100 മീറ്ററിനുള്ളില്‍ 6 വീടുകളും 78 ക്വാര്‍ട്ടേഴ്‌സുകളും 36 കടകളും 2 ആരാധനാലയങ്ങളുമുണ്ട്. ജനവാസ മേഖലയില്‍ ഇത്തരം വ്യവസായങ്ങള്‍ പാടില്ല എന്ന പ്രാഥമിക നിയമം പോലും മലബാര്‍ ഗോള്‍ഡിന്റെ കാര്യത്തില്‍ പരിഗണിക്കപ്പെട്ടതേയില്ല. ഇക്കാര്യങ്ങള്‍ മുഖവിലയ്‌ക്കെടുത്ത കോടതി സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സ്റ്റേ ചെയ്തു. സ്റ്റേ നിലനില്‍ക്കെ തന്നെ ഉല്‍പാദനം മാത്രമാണ് കോടതി തടഞ്ഞത്, നിര്‍മാണ പ്രവര്‍ത്തനം തടഞ്ഞിട്ടില്ല എന്ന വാദവുമായി മലബാര്‍ ഗോള്‍ഡ് കെട്ടിട നിര്‍മാണം തുടര്‍ന്നു. കഴിഞ്ഞ ഡിസംബറില്‍ നാട്ടുകാര്‍ സമര പന്തലില്‍ ഒത്തുകൂടിയതോടെയാണ് നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ കമ്പനി തയ്യാറായത്.

മോഹന്‍ ലാല്‍ പ്രതികരിച്ചു, പക്ഷെ ഇന്നും പ്രതികരിക്കാത്ത ഭരണകൂടം

കാക്കഞ്ചേരിക്കാരുടെ കദന കഥകള്‍ കത്തുകളിലൂടെ ഒഴുകിയപ്പോള്‍ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ മലബാര്‍ ഗോള്‍ഡിന്റെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തു നിന്നും സ്ഥാനമൊഴിഞ്ഞു…അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധത കാക്കഞ്ചേരിക്കാര്‍ ഇന്നും നന്ദിയോടെ സ്മരിക്കുന്നു…..

കേരളത്തിലെ മുഖ്യധാരാ പത്രങ്ങള്‍ചാനലുകള്‍ മറച്ചു വെച്ച ,കാക്കഞ്ചേരിക്കാരുടെ സമരം സമൂഹ മാധ്യമങ്ങളില്‍ ചെറിയ ഓളങ്ങള്‍ ഉണ്ടാക്കി എന്നതൊഴിച്ചാല്‍ വലിയ മാറ്റങ്ങള്‍ ഒന്നുമുണ്ടാക്കിയില്ല..പക്ഷെ ഒരു ബഹുജന പ്രക്ഷോഭം കാക്കഞ്ചേരിക്കാര്‍ ഇന്നും പ്രതീക്ഷിക്കുന്നുണ്ട്…ഈ സമരം വിജയിപ്പിക്കേണ്ടത് ഓരോ സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്റെയും കടമയാണ്…കാരണം നാളത്തെ കാക്കഞ്ചേരി നമ്മുടെ നാടായിക്കൂടാ എന്നില്ലല്ലോ….വികസനത്തിനെതിരെയല്ല കാക്കഞ്ചേരിക്കാരുടെ സമരം…വിഷത്തിനെതിരെയാണ്…പിറന്ന നാട്ടില്‍ ശുദ്ധ വായു ശ്വസിച്ചു,മാരക രോഗങ്ങളില്ലാതെ ജീവിച്ചു മരിക്കാന്‍ വേണ്ടി…

നമുക്കും കൈ കോര്‍ക്കാം, ഒരു നാടിനു വേണ്ടി, ഒരു കൂട്ടം സാധാരണക്കാരായ ജങ്ങള്‍ക്കു വേണ്ടി…ഒരു ഷെയറി ലൂടെയെങ്കിലും

Advertisements
പഴമയേയും,നന്മകളെയും സ്നേഹിക്കുന്ന, മനുഷ്യ നന്മയിലും , ദൈവത്തിലും വിശ്വസിക്കുന്ന ,എഴുത്തിനെയും,പാട്ടിനെയും ഇഷ്ടപ്പെടുന്ന ഒരു പച്ചയായ മനുഷ്യൻ.....