Muhammed Sageer Pandarathil
എസ്.വി. പ്രൊഡക്ഷന്‍സിന്റ ബാനറില്‍ ഖത്തർ പ്രവാസിയായ ഷെജി വലിയകത്ത് നിർമ്മിച്ച് ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കാക്കിപ്പട.Delay in Justice, is Injustice എന്ന ടാഗ് ലൈന്‍ ഉള്ള ഈ ചിത്രത്തിൽ എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലചെയ്ത പ്രതിക്ക് സംരക്ഷണം നൽകേണ്ടിവന്ന ഒരു സംഘം റിസേർവ്ഡ് പൊലീസുമാരുടെ കഥയാണ് പറയുന്നത്.ശൈലജയുടെ കഥാപാത്രമായ കൂലിപ്പണിക്കാരി രാധികയും വിനോദ് സാഗറിന്റെ ശരീരം തളർന്ന ഭർത്താവ് സുരേഷും വെങ്കിയുടെ കഥാപാത്രം കൗമാരകാരനായ മകൻ അമലും സ്വര അരുണിന്റെ കഥാപാത്രമായ എട്ട് വയസ്സുള്ള മകൾ അനഘയും അടങ്ങുന്ന ആ സന്തുഷ്ട കുടുംബത്തിൽ കരിനിഴൽ വീത്തി കൊണ്ട്, ലഹരിമരുന്നിന് അടിമയും അയൽവാസിയുമായ യുവാവ് ജിഷ്ണു അനഘയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തുന്നു. സാഹചര്യ തെളിവും സാക്ഷി മൊഴിയും അടിസ്ഥാനമാക്കി പോലീസ് പെട്ടെന്ന് തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുന്നുണ്ട്.
പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവരുമ്പോൾ പ്രദേശത്ത് നാട്ടുകാർ ഉണ്ടാക്കിയേക്കാവുന്ന പ്രതിഷേധത്തെ പ്രതിരോധിക്കാൻ ഒരു സംഘം റിസേർവ്ഡ് പൊലീസിനെ അവിടെ നിയോഗിക്കുന്നു. ആ പൊലീസ് സംഘത്തിനെ നയിക്കുന്നത് സുജിത് ശങ്കറിന്റെ മോഹനനാണ്.ഇയാളുടെ കീഴിലാണ് നിരഞ്ജൻ മണിയന്‍പ്പിള്ള രാജുവിന്റെ അക്ഷയ്, അപ്പാനി ശരത്തിന്റെ അമീര്‍, ജിഷ്ണു ശ്രീകുമാറിന്റെ റോഷൻ, രവി ശങ്കറിന്റെ ദിനേശൻ,ലാൽബാബുവിന്റെ സുനിൽ, കുട്ടി അഖിലിന്റെ ജോഫിൻ, സൂര്യ അനിലിന്റെ മാത്യൂസ് എന്നിവർ.പ്രതിയുടെ അച്ഛൻ സജിമോൻ പാറയിലിന്റെ കഥാപാത്രമായ ഗണേശൻ സമൂഹത്തിൽ സ്വാധീനമുള്ള ഒരാളാണ്. അതിനാല്‍ തന്നെഇയാൾ പണം കൊടുത്ത് മകനെ എങ്ങിനെ എങ്കിലും നിരപരാധി ആക്കി തീർക്കാനുള്ള ശ്രമത്തിലാണ്. ജയിംസ് ഏല്യയുടെ എം എൽ എ കഥാപാത്രവും ടോം സ്കോടിന്റെ ഡിവൈഎസ്പി രാജ്കുമാറുമെല്ലാം ഇതിനുവേണ്ടി കിണഞ്ഞു ശ്രമിക്കുന്നുണ്ട്.
അതിനിടയിൽ അമൽ കൂട്ടുകാരുമൊത്ത് തനിക്ക് കഴിയുന്നതുപോലെ തന്റെ സഹോദരിയുടെ ഘാതകനെ കൊന്നുകളയാനുള്ള പദ്ധതികളുമായി പലരെയും ചെന്നുകാണുന്നുണ്ട്. ഈ പരിശ്രമത്തിനിടയിൽ ഇവർ ഒരിക്കൽ ഗണേശന്റെയും ജിഷ്ണുവിന്റെ ജേഷ്ഠൻ ബിനു ദേവിന്റെ കഥാപാത്രമായ ജിത്തു ഗണേശന്റെയും മുമ്പിൽ ചെന്നുപ്പെടുന്നുണ്ട്.ഗണേശനിൽ നിന്ന് ഭീഷണിയും സമ്മര്‍ദ്ദവും അനുനയശ്രമങ്ങളും എല്ലാം ഈ പൊലീസ് സംഘത്തിന് നേരിടേണ്ടി വരുന്നുണ്ട്.അവരിൽ ചിലര്‍ ആ പ്രലോഭനങ്ങളിൽ വീഴുന്നുമുണ്ട്. എന്നാൽ പൊലീസ് സംഘത്തിലെ ഭൂരിപക്ഷം പേരും ആ കുട്ടിയുടെവീട്ടുകാരോടൊപ്പമാണ്.ഒരു ദിവസം അനഘയുടെ വീട്ടിലെത്തുന്ന DYSP രാജ്കുമാർ അമൽ കൂട്ടുകാരോടൊപ്പം മദ്യപിച്ച് ബോധമില്ലാതെ സ്വന്തം സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നതായി ആരോപിക്കുന്നു. അതറിഞ്ഞ അനഘയുടെ അച്ഛൻ സുരേഷ് ഹൃദയപൊട്ടി മരിക്കുന്നു. തുടർന്ന് അയാൾ അതിഥി തൊഴിലാളികളിലൊരാളെ പ്രതിയാക്കാൻ ശ്രമിക്കുന്നു. അതിനായി അയാൾ നിരവധി പേരെ ചോദ്യം ചെയ്ത ശേഷം മുസ്ലിമായ ഇർഫാൻ അലിയെന്ന ഒരു ബംഗാളിയെ അറസ്റ്റ് ചെയ്യുന്നു.
ആ പോലീസ് സംഘത്തിലെ ദിനേശൻ പ്രതിയുടെ വീട്ടിൽ പോകുകയും അവിടെ നിന്ന് ഭക്ഷണം കഴിക്കുകയും മറ്റും ചെയ്യുന്നുണ്ട്. ഇത് ആ സംഘത്തിലെ മറ്റുള്ളവർക്ക് അത്ര രസിക്കുന്നില്ല. പ്രത്യേകിച്ച് അമീറിന്. അത് അയാൾ ദിനേശി നോട് തുറന്നു പറയുന്നുമുണ്ട്. ഇത് അവർ തമ്മിൽ അടിപിടിയിൽ എത്തിക്കുന്നു. എന്നാൽ തക്കസമയത്ത് ഇവരുടെ സംഘത്തലവൻ മോഹനൻ ഇടപ്പെട്ട് രംഗം ശാന്തമാക്കുന്നുണ്ട്. ദിനേശിന്റെ ഈ പ്രവൃത്തി അമീറിനെ ചൊടിപ്പിക്കാൻ ഒരു കാരണമുണ്ട്. നാല് വർഷങ്ങൾക്ക് മുമ്പ്, ഇയാളും ഇപ്പോൾ അനഘക്ക് സംഭവിച്ചപ്പോലെയുള്ള ഒരു സാഹചര്യത്തിലൂടെ കടന്നുപോയ ആളാണ്. അമീറിന്റെ സഹോദരി അൻസിബ അന്ന് ജീവിനൊടുക്കിയത് റോയിൽവേ പാളത്തിലായിരുന്നു. ഇവിടെ വില്ലൻ ജിഷ്ണു ആണെങ്കിൽ അവിടെ ഇവരുടെ കൊച്ചാപ്പ ആയിരുന്നുവെന്ന് മാത്രം. എന്നാൽ അന്ന് അയാളോട് പകരം ചോദിക്കാൻ അമീറിനായില്ല. അതിനുമുമ്പേ അയാൾ തൂങ്ങി മരിച്ചു.
അതുപോലെ ആ സംഘത്തിൽപ്പെട്ട മറ്റു പലർക്കും പലതരത്തിലുമുള്ള സമാനമായ സാഹചര്യങ്ങൾ ഉള്ളവരാണ്.അക്ഷയ് യുടെ അമ്മ മാല പാർവതിയുടെ രേവതി രോഗക്കിടക്കയിലാണ്. സുനിലിന്റെ മകളും ഭാര്യയും ഒറ്റക്കാണ് വീട്ടിൽ. ഇടക്ക് അയാൾ വീട്ടിലേക്ക് ഫോൺ ചെയ്തപ്പോൾ മകൾ മാമനുമായി അവരുടെ വീട്ടിൽ പോയയെന്ന് അറിയുമ്പോൾ, അതയാളെ ഭീതിയിലാഴ്ത്തുന്നുണ്ട്. അതുപോലെ വിവാഹം അടുത്തിരിക്കുന്ന ജോഫിന്റെ പ്രതിശ്രുത വധു ആരാധ്യ ആന്റെ ശീതൾ വിവാഹ ഡ്രസ്സിന്റെ അളവെടുക്കാൻ പോലും ആ ക്യാംപിൽ വരേണ്ടിവരുന്നുണ്ട്.
ഇതിനിടയിൽ റോഷനോട് അയാളുടെ മേലുദ്യോസസ്ഥൻ ഗണേശൻ നൽകിയ ഒരു ഗിഫ്റ്റ് DYSP രാജ്കുമാറിന്റെ ഓഫീസിൽ എത്തിക്കാൻ പറയുന്നു. ഇങ്ങിനെ അവിടെ പോകുന്ന അയാൾക്ക് അനഘയുടെ പ്രതിയെന്ന് പറഞ്ഞു പിടികൂടിയ ഇർഫാൻ അലിയെന്ന ബംഗാളിയെ കുറ്റം സമ്മദിപ്പിക്കാനായി പോലീസ് മർദ്ദിക്കുന്ന രംഗത്തിന് സാക്ഷി ആകേണ്ടി വരുന്നുണ്ട്.ഇത് പിന്നീട് ഈ ചിത്രത്തിൽ ഒരു വലിയ വഴിതിരിവിലേക്ക് എത്തിക്കുന്നുണ്ട്. അതുപോലെ എല്ലാവരാലും വെറുപ്പ് നേടുന്ന ദിനേശൻ അവസാനം കൈയ്യടി വാങ്ങുന്നുണ്ട്.ഗണേശന്റെയും ജിത്തു ഗണേശന്റെയും ഭീഷണിക്ക് വഴങ്ങാതെ അമലും കൂട്ടുകാരും ജിഷ്ണുവിനോട് പ്രതികാരം ചോദിക്കാനായി വഴികൾ തേടി കൊണ്ടിരുന്നു. അങ്ങിനെ അവർ ബോംബ് നിർമ്മിക്കുന്ന സിനോജ് വർഗ്ഗീസിന്റെ കഥാപാത്രത്തെ തേടിപിടിക്കുന്നു. അയാൾ ചോദിക്കുന്ന പണത്തിനായി അയാൾ അനഘയുടെ കാശ് കുടുക്കപൊട്ടികുന്നത് കണ്ട അവന്റെ അമ്മ ശൈലജ കാര്യമറിഞ്ഞപ്പോൾ അവരുടെ കെട്ടുതാലിപോലും ഊരി കൊടുക്കുന്നു. എന്നാൽ സിനോജ് ഒരു ചില്ലി കാശുപോലും വാങ്ങാതെ, ഒരു ബോംബിന് പകരം രണ്ട് ബോംബുകൾ കൊടുക്കുന്നു…..
ഇതൊന്നും അറിയാത്ത അനഘയുടെ അമ്മാവനായ രാഘവൻ പാർട്ടിയുടെ സഹായം തേടുന്നുണ്ട്. എന്നാൽ അവർ കൈയൊഴിയുന്നത്തോടെ അയാൾ തന്നെ ആ കൃത്യം നിർവഹിക്കാൻ തയ്യാറാകുന്നു. ഇതിനിടയിൽ ആ പോലീസ് സംഘത്തിലെ അക്ഷയ്ക്കും അമീറിനും പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവരുമ്പോള്‍ നടപ്പാക്കേണ്ട ചില പദ്ധതികളുണ്ട്. അതിനായി അവർ അനഘയുടെ വീട്ടിലെ പൊട്ടിപൊളിഞ്ഞ കുളിമുറിയുടെ അറ്റുകുറ്റ പണികൾ പിരിവിട്ട് ചെയ്യുന്നുണ്ട്. അതോടൊപ്പം ഗണേശിന്റെ വീട്ടിലെ വേലക്കാരിയായ പ്രീത പ്രദീപിന്റെ സെൽവിക്കുമുണ്ട്….. ഇതെല്ലാം എങ്ങിനെ വിജയത്തിൽ എത്തുന്നുവെന്ന് കാണാൻ നമുക്ക് തീയറ്ററിലേക്ക് പോകാം….
ചന്തുനാഥിന്റെ ഡോക്ടർ പ്രവീൺ കൃഷ്ണ, ബെൻസി മാത്യുവിന്റെ അഡ്വക്കറ്റ് സ്വാമിനാഥൻ, സാക്ഷിയായ സിനി ഗണേഷിന്റെ ശാലിനി, ശാലിനിയുടെ ഭർത്താവ് മാത്യു എബ്രഹാം, ഗണേഷന്റെ കൈയ്യാളായി മണികണ്ഠൻ ആചാരിയുടെ സുധാകരൻ, അക്ഷയിയുടെ ജേഷ്ഠനായ കാർത്തി ശ്രീകുമാറിന്റെ റോബിൻ, ദീപു കരുണാകരന്റെ DYSP അനന്ത മൂർത്തി തുടങ്ങിയ പ്രമുഖ അഭിനേതാക്കൾക്കൊപ്പം ഒരു പിടി പുതുമുഖങ്ങളും ഈ ചിത്രത്തെ ധന്യമാക്കുന്നുണ്ട്.സംവിധായകനും നിർമ്മാതാവും ചേർന്ന് ഒരുക്കിയ തിരക്കഥയും സംഭാഷണവും പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും പ്രദീപ് ശങ്കർ ചിത്രസംയോജനവും ജാസി ഗിഫ്റ്റിന്റെ സംഗീതവും മികവുറ്റതാണ്.