മറ്റൊരു പോലീസ് സ്റ്റോറി കൂടി റിലീസ് ആകാൻ പോകുകയാണ് കാക്കിപ്പട. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഷെബി ചൗഘട് ആണ് ചിത്രത്തിന്റെ സംവിധായകൻ. ഇത് വളരെ വ്യത്യസ്തമായൊരു പോലീസ് സ്റ്റോറി ആയിരിക്കും എന്നാണ് ടീസറിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. ഇ.എം.എസിന്റെ കൊച്ചുമകൻ സുജിത്ത് ശങ്കർ അവതരിപ്പിക്കുന്ന സീനിയർ പൊലീസ് ഓഫീസർ തന്റെ കീഴ് ഉദ്യോഗസ്ഥരോട് സംസാരിക്കുന്ന രംഗമാണ് ആദ്യ ടീസറിലുള്ളത്. അതിൽ സുജിത്തിന്റെ കഥാപാത്രം പറയുന്നതിങ്ങനെയാണ്- “പക്ഷേ ഇത് കേരളമാ… ഇവിടെ ഭരിക്കുന്നത് പൊലീസല്ല, പിണറായി വിജയനാ… പണിയും പോകും അഴിയും എണ്ണേണ്ടിവരും”- ഇതാണ് ആ ഡയലോഗ്. പോലീസിനെ കുറിച്ച് പ്രത്യകം പറയേണ്ടതില്ലല്ലോ. ആര് ഭരിച്ചാലും പോലീസ് അനുഭവിക്കുന്നതും അവർ സൃഷ്ടിക്കുന്നതുമായ ചില പ്രശ്നങ്ങൾക്കു സമാനതകൾ ഉണ്ട്. ഇതൊക്കെ തന്നെയാകും കാക്കിപ്പടയുടെയും ഇതിവൃത്തം.
ചിത്രം ക്രിസ്തുമസ് റിലീസായി എത്തുന്നു. നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധ്യാ ആൻ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്, സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ദീപു കരുണാകരൻ, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.എസ്.വി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് കാക്കിപ്പട നിർമിച്ചിരിക്കുന്നത്. തിരക്കഥ & സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. ക്രിയേറ്റീവ് ഡയറക്ടർ- മാത്യൂസ് എബ്രഹാം. സംഗീതം – ജാസി ഗിഫ്റ്റ്, റോണി റാഫേൽ. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിംഗും നിർവ്വഹിക്കുന്നു. പശ്ചാത്തല സംഗീതം- റോണി റാഫേൽ. ഗാനരചന- ഹരിനാരായണൻ, ജോയ് തമലം.