ദാരിദ്ര്യത്തിന്റെ നഗ്നസത്യം, അതാണ് മകൾ പീഡിപ്പിക്കപ്പെടുന്നു എന്ന് മനസ്സിലാക്കിയിട്ടും ആ അമ്മ നിസ്സഹായയായി നിലകൊണ്ടത് എന്നു ഞാൻ പറയും

477

കല കൗൺസലിംഗ് സൈക്കോളജിസ്റ്

ഒരു നായ വന്നു ശല്യം ചെയ്താൽ കല്ലെടുത്ത് എറിയാം.പത്ത് നായ വന്നാലോ.എന്ന് പറയും പോലെ ആണ് പീഡനങ്ങൾ പെരുകുന്നത്.കർശനമാക്കണം നിയമങ്ങൾ.ബ്യൂറോക്രസിയുടെ അനിശ്ചിതാവസ്ഥ പലപ്പോഴും ഭരണങ്ങളെ നട്ടെല്ലില്ലാത്ത അവസ്ഥയിൽ എത്തിക്കാറുണ്ട്.ജനക്ഷേമകരമായ ത്വരിത പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ മുട്ടാപ്പു ന്യായങ്ങൾ നിരത്തുന്ന പ്രവണത.കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി ഉണ്ടാക്കി കൊണ്ട് വന്നിട്ടുള്ള വകുപ്പുകൾ,കുത്തഴിഞ്ഞു കിടക്കുന്നു എന്നത് ശ്രദ്ധിക്കാതിരിക്കാൻ,മറ്റേതെങ്കിലും കാര്യത്തിൽ പ്രശ്നം ഉണ്ടാക്കി എടുത്താൽ മതി. ജനങ്ങൾ അങ്ങോട്ട്‌ ശ്രദ്ധിച്ചോളും.

അംഗനവാടി കേന്ദ്രികരിച്ചു ഒരുപാട് കാര്യങ്ങൾ ചെയ്യാനാകും.ഏത് വിഭാഗത്തേക്കാളും നന്നായി പണിയെടുത്തു പോകുന്ന ഒരു വിഭാഗമാണ് അവിടെ.ആ സ്ത്രീകളിൽ കൂടി ഒരുപാട് കാര്യങ്ങൾ നടപ്പിലാക്കാൻ സാധിക്കും.അവർക്ക് ആവശ്യമുള്ള തരത്തിൽ ബോധവൽക്കരണവും പിന്തുണയും നൽകിയാൽ മതി.എത്രയോ പീഡനങ്ങൾ പുറത്തു വരുന്നത് അവർ വഴിയാണ്. സ്കൂൾ കൗണ്സിലര്മാരെയും അംഗനവാടി അധ്യാപകരെയും കുറെ കൂടി ഉത്തരവാദിത്വമുള്ള ഇടത്തേക്ക് കൊണ്ട് വരണം.പെൺകുട്ടികൾക്ക് ബോധവൽക്കരണം എന്നത് ഒഴിവാക്കി, ആണ്കുട്ടിക്കും പെൺകുട്ടിക്കും എന്നാതാക്കണം.അവർക്ക് നിരന്തരം ട്രെയിനിങ് കൊടുക്കുമ്പോൾ പാശ്ചാത്യനിലയിൽ എഴുതപ്പെട്ട മനഃശാസ്ത്ര കാര്യങ്ങൾ അല്ല പഠിപ്പിക്കേണ്ടത്.പകരം, നമ്മുടെ സമൂഹവും അവിടത്തെ രീതിയും എങ്ങനെ പ്രതികരിക്കണം എന്നും പഠിപ്പിക്കണം.നിയമം അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്..
അവർക്ക് നിരന്തരം ക്ലാസുകൾ കൊടുക്കാൻ ഒരു സംഘം തന്നെ രൂപീകരിക്കണം.ശാരീരികവും മാനസികവും മാത്രമല്ല, അത്യാവശ്യം പൊതു വിജ്ഞാവും അവരിലൂടെ എത്തിക്കണം.

ശാശ്വതമായ ശത്രുത ഇല്ലാത്ത ഒരേയൊരു കൂട്ടമാണ് രാഷ്ട്രീയ നേതാക്കളുടേത്.ഇത്തരം കാര്യങ്ങളിൽ എല്ലാ പാർട്ടിക്കാരും ഒത്തോരുമയോടെ പ്രയത്നിച്ചാൽ ജനം ഒന്നടങ്കം കൂടെ നില്കില്ലേ?
പോലീസ് വകുപ്പിന് നിയമം പാലിക്കാൻ അവസരം വേണമെങ്കിൽ രാഷ്ട്രീയ ഇടപെടൽ കേസുകളിൽ ഉണ്ടാകരുത്.ഇല്ലായ്‌മകളാണ് ശെരിക്കും വാളയാർ കേസ് പോലെ ഉണ്ടാകുന്ന ദുരന്തങ്ങളുടെ കാരണം..
അത്യാവശ്യം പോഷകാഹരം, വസ്ത്രം, പാർപ്പിടം.ജീവിതത്തിനു അർത്ഥവും ഉദ്ദേശവും നൽകുന്ന വിദ്യാഭ്യാസം.ഇത്രയും എല്ലായിടത്തും എത്തുന്നുണ്ടോ എന്ന് ഭരണം കണ്ടെത്തണം.അടിസ്ഥാനപരമായ അസമത്വം ഇവിടെയെങ്കിലും മാറ്റപ്പെടണം.പട്ടിണി ഉണ്ടോന്നു അറിയാൻ ac മുറികളിൽ നിന്നുംപുറത്തിറങ്ങി ജനങ്ങൾക്ക് ഇടയിൽ വോട്ട് തേടാനല്ലാതെ എത്തണം.

വിശപ്പും പോഷകാഹാരക്കുറവും ഒഴിവാക്കാനാനാവശ്യമായ സാമ്പത്തിക വിഭവശേഷിനമ്മുടെ നാട്ടിൽ ഇല്ലേ?പാർട്ടിയും ഭരണവും അല്ലാതെ ജനങ്ങളെ കുറിച്ചും നേതാക്കൾ ഇടയ്ക്കൊന്നു ചിന്തിക്കണം..മഹിളാമന്ദിരങ്ങൾ, aftercare ഹോമുകൾ, ജുവനൈൽ ഹോമുകൾ ഇവയുടെ പ്രവർത്തനം നിരന്തരം പരിശോധന നടത്തണം.പുറം ലോകമറിയാത്ത ആത്മഹത്യ എത്രയോ ഉണ്ടാകാം.Childwelfare കമ്മിറ്റിയുടെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് എങ്കിലും രാഷ്ട്രീയ ശുപാർശയുടെ പേരിൽ ആകരുത്.

വാളയാർ കേസിന്റെ തീ കെട്ടു തുടങ്ങി.ഇനി ചാരമേ ബാക്കി ഉണ്ടാകു.ഇനിയും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ, അടിസ്ഥാനപരമായ മാറ്റങ്ങൾ കൊണ്ട് വന്നെങ്കിൽ. ദാരിദ്ര്യത്തിന്റെ നഗ്നസത്യം, അതാണ് മകൾ പീഡിപ്പിക്കപ്പെടുന്നു എന്ന് മനസ്സിലാക്കിയിട്ടും ആ അമ്മ നിസ്സഹായയായി നിലകൊണ്ടത് എന്നു ഞാൻ പറയും.കാരണം,വിദ്യാഭ്യാസവും സാമ്പത്തിക വ്യവസ്ഥിതയും ഉയർന്ന ഭൂരിപക്ഷ കൂട്ടങ്ങൾക്കിടയിൽ സാമൂഹിക ബലഹീനതകളിൽ തുടരുന്ന ഒരു കൂട്ടം എന്നുമുണ്ട്.ഇന്നുമുണ്ട്..
ഓരോ കേസുകൾ വരുമ്പോൾ ചർച്ച ചെയ്യുന്നു.പിന്നെ മറക്കുന്നു.സ്വന്തം വാതിൽപ്പടിയിൽ ഉളള പ്രശ്നമായി ഭരണാധികാരികൾ അതിനെ നോക്കിയാൽ മാത്രമേ,അതെത്ര വലുതാണെന്ന് മനസ്സിലാകൂ..