ഭാഷ പഠിക്കാൻ മാത്രമല്ല ഭാഷയെ സ്‌നേഹിക്കാനും കൂടിയാണ് അധ്യാപകർ പഠിപ്പിക്കേണ്ടത്. അതിനായി ഇതാ ചില നിർദ്ദേശങ്ങൾ

0
306
Kaladharan Tp
ഭാഷാപഠനം ശരിയായ രീതിയിൽ മുന്നോട്ടു പോയാൽ മാത്രമേ മാതൃഭാഷയെ സ്നേഹിക്കുന്ന തലമുറകൾ ഇവിടെ ഉണ്ടാകൂ. വെറുമൊരു വിഷയം(സബ്ജക്റ്റ് ) എന്നമട്ടിൽ സമീപിച്ചാൽ മാർക്ക് നേടാൻ പഠിപ്പിക്കുന്നതല്ലാതെ അല്ലെങ്കിൽ പഠിക്കുന്നതല്ലാതെ പ്രത്യേകിച്ചൊരു ഗുണവും ഭാഷയ്ക്കുണ്ടാകില്ല. ഭാഷാധ്യാപകർ ആണ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്. ഭാഷ പഠിക്കാൻ മാത്രമല്ല ഭാഷയെ സ്‌നേഹിക്കാനും കൂടിയാണ് അധ്യാപകർ പഠിപ്പിക്കേണ്ടത്. അതിനായി ഇതാ ചില നിർദ്ദേശങ്ങൾ
ഭാഷാധ്യാപകരുടെ പ്രതികരണത്തിനായി ഇരുപത്തഞ്ച് കാര്യങ്ങള്‍
1. ഭാഷയില്‍ ഉയര്‍ന്ന നിലവാരമുളള കുട്ടികള്‍ നിരാശരാണ്. അവരുടെ തൃഷ്ണകളെ വെല്ലുവിളിക്കുന്ന അനുഭവങ്ങള്‍ ക്ലാസില്‍ നിന്നും ലഭിക്കുന്നില്ല
2. കുട്ടികളുടെ രചനകളില്‍ കൂടുതല്‍ ആശയങ്ങള്‍ ഉണ്ട് പക്ഷേ, അവരുടെ ഭാഷ ക്ലാസിനൊപ്പം വളരുന്നില്ലല്ലോ എന്ന് ഒരു തോന്നല്‍..
3. നിരന്തരം ഓരോ കുട്ടിയേയും പിന്തുടരാനാകുന്നില്ല. കുട്ടി ഭാഷപരമായപിന്തുണ ആഗ്രഹിക്കുന്നുണ്ടാകും
4. ഓണ്‍ലൈനായി കിട്ടിയ കവിതകള്‍ കേള്‍പ്പിക്കുമ്പോള്‍ എല്ലാവരും അതിലേക്ക് മനസ് കൂര്‍പ്പിക്കുന്നില്ല. ടീച്ചര്‍ ചൊല്ലിയാല്‍ മതി എന്ന് ചിലര്‍ പറയുന്നു.
5. സാധാരണ അധ്യാപകര്‍ക്ക് വഴങ്ങുന്ന രീതിയിലുളള കാവ്യാസ്വാദനപ്രക്രിയ എന്താണ്?
6. അധ്യാപകരുടെ വായനാതാല്പര്യം കുട്ടികളുടെ വായനാതാല്പര്യത്തെ സ്വാധീനിക്കുമെന്ന് തിരിച്ചറിയപ്പെടുന്നില്ല. ഭാഷാധ്യാപകര്‍ നല്ല വായനക്കാരാകണമെന്ന് പാഠ്യപദ്ധതി സമ്മര്‍ദമുണ്ടാക്കുന്നില്ല
7. ഭാവിയിലെ സാമൂഹിക ഇടപെടലിന് കരുത്തും ആത്മവിശ്വാസവും പകരുന്ന വിധത്തിലാണോ ക്ലാസുകളിലെ ഭാഷാപഠനം എന്നതില്‍ സംശയമുണ്ട്
8. എല്ലാ മാസവും കഥാചര്‍ച്ചയും കവിതാചര്‍ച്ചയും സംഘടിപ്പിക്കുന്ന സാംസ്കാരിക കേന്ദ്രമുണ്ടെങ്കിലും അധ്യാപകരുടെ പ്രാതിനിധ്യം കുറവാണ്. കാരണം ?
9. ചില അധ്യാപകര്‍ നല്ല വായനക്കാരാണ്. ചിലര്‍ നല്ല എഴുത്തുകാരാണ്. പക്ഷേ അവരുടെ ക്ലാസുകളില്‍ നിന്ന് നല്ല വായനക്കാരുണ്ടാകുന്നില്ല . നല്ല ആസ്വാദകരുമുണ്ടാാകുന്നില്ല.
10. സര്‍ഗാത്മകമായ ഇടപെടലിലൂടെ കുട്ടികളുടെ ഭാഷമെച്ചപ്പെടുത്താനാകുമെന്നുലക്ഷ്യമിട്ട് പത്തുവര്‍ഷം മുമ്പ് ട്രൈ ഔട്ടുകള്‍ നടത്തിയിരുന്നു. കുട്ടികളുടെ ക്യാമ്പുകളില്‍ വികസിപ്പിച്ച സാധ്യതകളെ ക്ലാസ്മുറിക്കുളളിലേക്ക് സന്നിവേശിപ്പിക്കുന്നതിനു പകരം ക്യാമ്പുകള്‍ തുടരുന്നതിനാണ് ശ്രമിച്ചത്. ലക്ഷ്യത്തില്‍ നിന്നും വ്യതിചലിച്ചു. അന്ന് താഴ്ന്ന ഗ്രേഡുകാരും മുന്നിലേക്ക് വന്നു. അവഗണിക്കപ്പെട്ട കുട്ടികളും സര്‍ഗാത്മകമായി ഭാഷ ഉപയോഗിക്കുന്നവരാണേെന്ന് തിരിച്ചറിഞ്ഞു
11. കുട്ടികളെയും അധ്യാപകരെയും സ്വീകര്‍ത്താക്കളായി കാണുന്ന സമീപനമാണ് ഇപ്പോഴുമുളളത്. റിസോഴ്സ് പേഴ്സണ്‍സ് തയ്യാറാക്കിയ മോഡ്യൂളിന്റെ പരിധി ലംഘിക്കാതെ കേരളത്തിലെ അധ്യാപകരെല്ലാം ഒരേ പോലെ പരിശീലനാനുഭവത്തില്‍ കൂടി കടന്നുപോകണം.
12. അവര്‍ ഉല്പാദകരാകേണ്ടതില്ല എന്നതും കുട്ടികളെല്ലാം നിശ്ചിത പാഠം, അധ്യാപകസഹായി വിഭാവനം ചെയ്ത അതേ പ്രക്രിയയില്‍ കൂടി കടന്നു പോയി പൂര്‍ത്തീകരിക്കണമെന്നതും ഒരു കാഴ്ചപ്പാടിന്റെ പ്രതിഫലനാണ്. കുട്ടികളെ ഉല്പാദകരായി കാണുന്നില്ല. നിര്‍ദേശിക്കുന്നു, പറഞ്ഞുകൊടുക്കുന്നു കുട്ടി പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുന്നു. സര്‍ഗാത്മകതയില്ലാത്ത അന്തരീക്ഷം ക്രമേണ കുട്ടിക്ക് മടുപ്പുളവാക്കുന്നു.
13. കുട്ടികളുടെ നിലവാരത്തിന് അനുസരിച്ച് പുതിയ വായനാസാമഗ്രികള്‍ കണ്ടെത്താന്‍ അധ്യാപകര്‍ക്ക് പ്രയാസമുണ്ട്. അതിനാല്‍ പുസ്തകത്തിനപ്പുറത്തേക്ക് പോകുന്നില്ല
14. എളുപ്പത്തില്‍ ഉത്തരത്തിലെത്തിക്കുക എന്നതിന് അബോധപൂര്‍വമായ ആന്തരിക സമ്മര്‍ദം. പ്രയോഗഭംഗി കുട്ടികള്‍ കണ്ടെത്തുകയല്ല അധ്യാപിക കാണിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.
15. കുട്ടിക്ക് രചനാപരമായ കമ്പം ഉണ്ടാകണം. കൂടുതല്‍ എഴുതണം, കൂടുതല്‍ വായിക്കണം, കൂടുതല്‍ കണ്ടെത്തണം, കൂടുതല്‍ മികവുണ്ടാക്കണം എന്നിങ്ങനെ. പക്ഷേ അതു സംഭവിക്കുന്നില്ല
16. പരീക്ഷയിലെ ചോദ്യങ്ങള്‍ കുട്ടികളുടെ ഭാഷാപരമായ കഴിവുകളുടെ ഉയര്‍ന്ന തലത്തെ ആവശ്യപ്പെടുന്നില്ല. എല്ലാ ടേമിലും ഒരേ വ്യവഹാരരൂപങ്ങള്‍, സൂചകങ്ങളും ഉയര്‍ന്ന ഗുണതയെ പ്രതിഫലിപ്പിക്കുന്നില്ല.കുട്ടിക്കോ അധ്യാപികയ്കോ അവ മെച്ചപ്പെടുത്തേണ്ട സൂക്ഷ്മതലത്തെക്കുറിച്ച് തിരിച്ചറിവ് നല്‍കുന്നില്ല.
17. ഭാഷയിലെ മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ പുനപ്പരിശോധിക്കണം.
എഴുതിയ ആശയത്തിനോ പ്രയോഗത്തിനോ അവതരണരീതിക്കോ അല്ല അക്ഷരത്തെറ്റിനാണ് ഇപ്പോഴും ഊന്നല്‍നോട്ടം.
19. സര്‍ഗാത്മകാനുഭവവും ചിന്തയും പ്രധാനമാണ്.
20. ഗൈഡില്‍ നിന്നോ ബോര്‍ഡില്‍ നിന്നോ നോട്ടെഴുതിയെടുക്കുന്നതിലേക്ക് ക്ലാസുകള്‍ മാറുന്നുണ്ട്. കുട്ടികള്‍ സ്വന്തമായി എഴുതുന്നത് കുറയുന്നു.
21. വാക്കുകളുടെ ആന്തരാര്‍ഥത്തിലേക്കുളള യാത്ര നടക്കുന്നില്ല
22. കുട്ടികള്‍ എഴുത്തുകാരാണ് എന്ന് വിശ്വസിക്കുന്നില്ല.
23. ഇപ്പോഴും പാഠത്തിനാണ് ഊന്നല്‍, ഭാഷാനുഭവത്തിനല്ല. പാഠം, അഭ്യാസം എന്നീ രണ്ടു കാര്യങ്ങളാണ് മുഖ്യപരിഗണന.
24. എഴുതിപ്രകടിപ്പിക്കേണ്ടതാണ് ഭാഷയിലെ മികവ് എന്ന ധാരണ പരീക്ഷ സൃഷ്ടിച്ചതാണ്. നല്ല പ്രഭാഷകരെ, കഥ പറച്ചിലുകാരെ, അവതാരകരെ, പ്രസംഗകരെ, വാര്‍ത്തവായനക്കാരെ, ഭാവം ഉള്‍ക്കൊണ്ടുളള വായനക്കാരെ മാനിക്കുന്നില്ല. അവസരങ്ങളും കുറവ്.
25. കവിതയോ കഥയോ ഉണ്ടെങ്കിില്‍ ആസ്വാദനക്കുറിപ്പെഴുതിക്കണമെന്ന് നിര്‍ബന്ധമുളളതുപോലെ. ആസ്വാദനക്കുറിപ്പിനാകട്ടെ അയവില്ലാത്ത ഘടനയും.
ഇനിയുമുണ്ട് നിരവധി പ്രശ്നങ്ങൾ. ഉയർന്ന നിലവാരം എന്നാൽ പാഠത്തിനു പുറത്തേക്ക് വളർത്തിയെടൂക്കാൻ കഴിയുന്ന നിരവധി പാഠങ്ങൾ സൃഷ്ടിക്കാൻ കഴിയുക എന്നതല്ലേ.ഇതെത്റ സാധ്യമാകുന്നു എന്നത് ചിന്തനീയം. മലയാളത്തിലെ ഏറ്റവും പുതിയ എഴുത്തുകാരെക്കുറിച്ച് ഏഴാം ക്ളാസുകാർക്ക് എന്തു പറയാനാവും ?അഥവാ സാഹിത്യ ചർച്ചകളിലെ അവരുടെ സ്ഥാനം എന്താണ്?അങ്ങനെ വേണ്ടേ? ജൻഡർ കാഴ്ച പ്പാടിന്ടെ ജനാധിപത്യ രീതി അവർക്ക് പരിചിതമാകുന്നുണ്ടോ?വി കെ എന്നിനെ പ്പോലെ ഒരു അൽഭുത പ്രതിഭയെ ക്ളാസിലവതരിപ്പിക്കാൻ എന്തു മുന്നൊരുക്കം?ഇങ്ങനെ നിരവധി കാര്യങ്ങൾ.. പ്രശ്നങ്ങൾ എകദേശം ഇവിടെ ചർച്ചയിൽ വന്നാൽ പരിഹരണ നിർദേശങ്ങൾ വയ്ക്കാൻ ശ്രമിക്കും