എഴുതിയത് രാജേഷ് ശിവ
നന്ദു.എം.മോഹൻ കഥ, തിരക്കഥ, സംവിധാനം നിർവ്വഹിച്ച ‘കാലമാടൻ’ കാണുമ്പോൾ നാം നമ്മോടു തന്നെ ചോദിക്കേണ്ട അനവധി ചോദ്യങ്ങളുണ്ട്. അതിന്റെ ഉത്തരം ആണ് അറിയേണ്ടത്. കാരണം സത്യസന്ധമായി നിങ്ങൾ മറുപടി പറയുകയാണെങ്കിൽ ഏതോ നവോഥാനകാലത്തു ‘പുതുമ’ നഷ്ടപ്പെട്ടുപോയ സ്വാമി വിവേകാനന്ദന്റെ ആ പ്രിയസത്യം നിറഞ്ഞ വാക്കുകൾ വീണ്ടും പുതുമ വീണ്ടെടുത്തു മുന്നേറുന്നതായി കാണാം. എന്നാൽ തികച്ചും മോശമായതിന്റെ പുതുമയാണ് എന്നതിൽ നമ്മൾ ലജ്ജിക്കേണ്ടിവരും.

കേരളത്തിലെ ഭൂരിപക്ഷം കുടുംബങ്ങളും ജാതിവെറിയെ തൊട്ടിലിൽ താലോലിക്കുന്നവരാണ്. രഹസ്യമായെങ്കിലും അയൽക്കാരനെ ജാതിചേർത്തു അവഹേളിച്ചു പറയാതെ ഉറക്കംവരാത്തവരാണ്. അപ്പോൾ പിന്നെ കാലങ്ങൾക്കു മുന്നേയുള്ള അവസ്ഥ പറയണോ ? സവർണ്ണജന്മിമാരുടെ മെതിയടികളിൽ പൊലിഞ്ഞ ജീവനുകളെത്ര ? ജന്മിമാരുടെ കാമവെറിയിൽ പിച്ചിച്ചീന്തപ്പെട്ട അടിയാള പെണ്ണുങ്ങൾ എത്ര, അയിത്തത്തിന്റെയും ചാതുർവർണ്യത്തിന്റെയും പുഷ്കലകാലത്തു ചാണക്കക്കുഴികളിലും പറമ്പുകളിലും ഉറങ്ങിയ അസ്ഥിപഞ്ജരങ്ങൾ എത്ര… ജീവിച്ചിരിക്കുമ്പോൾ തന്നെ ആരും വിലകല്പിക്കാത്തവരുടെ ‘ശവങ്ങൾ ‘ക്കു പിന്നെന്തുവിലയാണ് ? അവയൊക്കെ ഒരു ചരിത്ര പുസ്തകങ്ങളിലും വരാത്ത രക്തസാക്ഷികളുടെ സംഖ്യകൾ ആണ്. അവയൊക്കെ ഭൂതകാല ഏടുകളിൽ നിന്നും മായ്ക്കപ്പെട്ട് … മറ്റാരോ എഴുതിയ ചരിത്രങ്ങളുടെ പിന്നാമ്പുറങ്ങളിൽ നീതിരാഹിത്യം കൊണ്ട് മൗനമായി ഈ വർത്തമാനത്തിലും കേഴുന്ന ആത്മാക്കൾ മാത്രമാണ്. അവർക്കു ദൈവമില്ല… അവർക്കു ജീവിതവുമില്ല….അന്നും ഇന്നും എന്നും
‘ഞങ്ങൾക്കില്ലാ ദൈവമവർക്ക് സ്വർഗ്ഗത്തടിമപ്പണിയാണേ
സമ്പന്നതയുടെ ദൈവമിരിക്കും കൊട്ടാരത്തിലെ പരിചാരകനാം
നമ്മുടെയീശ്വരനെ (കാലമാടൻ) ങ്ങനെ കേൾക്കും
ഗോത്രഭൂമിയിൽ അനുദിനമുയരും പട്ടിണി മീട്ടും കൂട്ടത്തേങ്ങൽ ?
വഴിപാടുകളുടെ സമ്പന്നതയിൽ പണമുള്ളോരുടെ ഈശ്വരനവിടെ
കള്ളുംമോന്തി ഇറച്ചികടിക്കും നേരം ഞങ്ങട ദൈവമതെല്ലാം
കണ്ടിട്ടെല്ലിൻ തൂണ്ടുകൾ വാരി വക്കിൽ പറ്റിയ മാംസം തിന്നു നടു ചായ്ക്കുമ്പോൾ
പ്രാർത്ഥനാകേൾക്കാനെവിടെ സമയം ?’
ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ പിറവികൊണ്ടു എന്ന് പറയപ്പെടുന്ന മനുഷ്യജീവി അവന്റെ സ്വതസിദ്ധമായ അന്വേഷണത്വരയും അധിനിവേശമനോഭാവവും കുടിയേറ്റശീലങ്ങളും കൊണ്ട് ഭൂമിയാകെ പടർന്നുപന്തലിച്ചു. എന്നാൽ ഇതിനിടയിൽ എപ്പോഴോ രൂപപ്പെട്ട വംശീയ-വർഗ്ഗീയ സിദ്ധാന്തങ്ങൾ അവരുടെ മഹത്വത്തെ ഇല്ലായ്മ ചെയ്യുന്നതായി. വെളുപ്പിനെ ഉന്നതശ്രേണിയിൽ പ്രതിഷ്ഠിച്ചതിലൂടെ കറുപ്പ് ഹീനമായ നിറമായി മാറി. പകലിനോടുള്ള പ്രണയവും രാത്രിയോടുള്ള ഭയവും ആകാം നിറ വംശീയതയുടെ അടിസ്ഥാനശാസ്ത്രം. തൊഴിലും ജീവിതസാഹചര്യങ്ങളും കൂടി ചേർന്നപ്പോൾ മനുഷ്യനെ പലതട്ടുകളിൽ ആക്കി. ചില തൊഴിലുകൾക്കു വിശുദ്ധിയും മഹത്വവും കല്പിക്കപ്പെട്ടപ്പോൾ ചിലത് ഹീനമായ കാര്യമായി കണക്കാക്കി. അതിലൂടെ ചില ജാതികൾക്കു ഉച്ചത്വവും ചിലതിനു നീചത്വവും കൈവന്നു. ഈ ഉച്ചത്വ-നീചത്വ സിദ്ധാന്തങ്ങൾ മനുഷ്യന്റെ ജനിതകപുസ്തകത്തിൽ അവൻപോലുമറിയാതെ ഇഴുകിച്ചേർന്നു . സ്വയം വലിയവനെന്നും ചെറിയവനെന്നും അവർ തന്നെ ചിന്തിക്കാൻ തുടങ്ങി. എന്തും ചെയ്യാനും എന്തും സഹിക്കാനും ഉള്ള രണ്ടു ജനവിഭാഗങ്ങളെ ഈ ജനിതകബോധം വളർത്തിയെടുത്തു.
vote for kalamadan
തോറ്റോടിപ്പടയായി പൂർവികരേകി പാരമ്പരദുരിതങ്ങൾ,
എരിയുകയാണേ ഞങ്ങട ഭൂമി വരളുകയാണേ ഞങ്ങട ഭൂമി
അസ്ഥിപ്പാടത്തെന്നും കൊയ്യാൻ ആകാശത്തു കർഷകവൃന്ദം
ചുണ്ടിൻ വാളുകൾ രാകിമിനുക്കി പ്രപഞ്ചക്കണ്ണുകൾസൂക്ഷ്മതയാക്കി
താഴെയിറങ്ങും ചിറകിൻ നിഴലുകൾ, ദുർവിധി കൊത്തിവലിക്കും ഞങ്ങട ഹൃദയം
ജാതീയതയുടെ വന്യവനാന്തരങ്ങളിൽ ആർത്തനാദങ്ങൾ മാത്രമായിരുന്നു. പന്നികൾക്കും എലികൾക്കും തുല്യരായ മനുഷ്യക്കോലങ്ങളെ, അവരുടെ ജീവിതമെന്ന സ്വപ്നത്തിനു അന്ത്യകൂദാശ ചെയ്യിച്ചു കൊണ്ട് അടിമത്തത്തിന്റെ ഭൂമികളിലേക്കു കെട്ടിവലിക്കപ്പെട്ടു. ചാട്ടവാറുകളുടെ അഗ്രങ്ങൾ ഹുങ്കാരശബ്ദങ്ങളോടെ അന്തരീക്ഷത്തിൽ പലവുരു ആരോഹണാവരോഹണങ്ങൾ നടത്തി. തേങ്ങലുകളും ആർത്തനാദങ്ങളും കാലം മീട്ടിയ ദുരന്തവീണകളിൽ നിന്നും ചൂഷകരുടെ കർണ്ണങ്ങൾക്കു കുളിർമയേകി.
കാലത്തിന്റെ നവരസസദ്യയിൽ , ഓലപ്പുരകളിൽ കീഴാളപ്പെണ്ണിന്റെ ‘വിലയില്ലാത്ത ‘ മാനത്തെ കൊത്തിവലിക്കാൻ ശൃംഗാരവും , എതിർക്കാൻ വരുന്ന കീഴാളന്റെ കഴുത്തുമുറിക്കാൻ വീരവും അവനെതിരെ ഉറഞ്ഞുതുള്ളാൻ രൗദ്രവും എല്ലാംകഴിഞ്ഞു ചിരിക്കാൻ ഹാസ്യവും കീഴാളനെ കാണുമ്പോൾ ഉള്ള അറപ്പിൽ മുഖത്ത് പ്രതിഫലിക്കാൻ ബീഭത്സവും മേലാളന്റെ ജന്മാവകാശമായപ്പോൾ….. ഇതെല്ലാം കണ്ടുള്ള ഭയം ജനിപ്പിക്കാൻ ഭയാനകവും ഒടുവിൽ എരിഞ്ഞടങ്ങുന്ന ജീവിതത്തിന്റെ ചിഹ്നമായ ശാന്തവും പിന്നെയുള്ള ശോകവും കീഴാളനിൽ അടിച്ചേല്പിക്കപ്പെട്ടു. അവർ വേച്ചുവേച്ചുനടന്നു കാലത്തിനു മുന്നിൽ ഭിക്ഷാപാത്രം നീട്ടി ‘കരുണം’ യാചിച്ചു.
കാലം കരുണയുടെ എച്ചിൽ പത്രങ്ങളെ വലിച്ചെറിഞ്ഞുകൊണ്ടു പോരാട്ടത്തിന്റെ ഭൂമികൾ ഒരുക്കികൊടുത്തു. നെഞ്ചിനു നേർക്കുയരുന്ന കാലുകളെ വെട്ടിക്കളയാൻ ആയുധങ്ങൾക്കും ആശയങ്ങൾക്കും മൂർച്ച നൽകി. മേലാളന്റെ കർണ്ണപുടങ്ങളെ തുളയ്ക്കാൻ മുദ്രാവാക്യങ്ങളുടെ വാരിക്കുന്തങ്ങൾ നൽകി. കീഴാളപ്പെണ്ണിന്റെ മാനത്തെ വലിച്ചുകീറുന്ന കാമത്തിന്റെ കണ്ണുകളിൽ… കീഴാള പൂർവ്വികരുടെ രക്തം പുരണ്ട ചുവന്ന തുണികളിൽ നിന്നും ഊറ്റിയെടുത്ത ലാവയൊഴിച്ചു. ഭൂതകാലത്തിന്റെ ചുടുകാടുകളിൽ നിന്നും അഭിമാനത്തിന്റെ ആയിരക്കണക്കിന് കൊടികളുയർന്നു മാനംമുട്ടെ… പടഹധ്വനികളുടെ ഇടിമുഴക്കങ്ങളായി , കാലങ്ങളോളം പിന്നിൽ വലിഞ്ഞുനിന്ന കടലിന്റെ മുന്നേറ്റം പോലെ സുനാമികൾ യാഥാസ്ഥിതികതയുടെയും വർണ്ണബോധ്ങ്ങളുടെയും ഭൂമികയിൽ ആഞ്ഞടിച്ചു. കാലവും പ്രകൃതിയും പ്രളയത്തിൽ മുങ്ങിക്കുളിച്ചു പരിശുദ്ധരായി… വെള്ളമിറങ്ങിയപ്പോൾ അതിരുകൾ മാഞ്ഞ ഭൂമിയിൽ പ്രതീക്ഷയുടെ പച്ചപ്പുകൾ ഉയർന്നുവന്നു.
എന്നാൽ പിന്നെന്താണ് സംഭവിച്ചത് ? ഭൂമിയുടെ മേല്പരപ്പിനെ മാത്രം നനച്ച പ്രളയം ആഴത്തിലെ മണ്ണിനെ ആർദ്രമാക്കുന്നതിനും മുൻപ് ജനാധിപത്യത്തിന്റെ സൂര്യോദയം ഉണ്ടായി. മേല്പരപ്പ് മാത്രം ശുദ്ധമായിക്കൊണ്ട് അടിത്തട്ടിൽ മാലിന്യങ്ങൾ അടഞ്ഞുകിടന്നു. അതറിയാതെയാണ് ‘കാലമാടനിലെ’ കണ്ണനും ആ മണ്ണിൽ ചവുട്ടി നടന്നത്. നിഷ്കളങ്കനായ അവന്റെ പ്രതീക്ഷകളും ചിന്തകളും ആയിരുന്നില്ല അവന്റെ സുഹൃത്തുക്കളിലൂടെ പുറത്തുവന്നത്.
നാലുപേരിൽ കണ്ണൻ ‘കാർവർണ്ണൻ’ ആയിരുന്നു. അതുകൊണ്ടുള്ള പരിഹാസങ്ങളും ജാതീയമായ പരോക്ഷ അവഹേളനങ്ങളും അവൻ രണ്ടു സുഹൃത്തുക്കളിൽ നിന്നും നിരന്തരം അനുഭവിക്കുന്നുണ്ട്. ഷെയർ ഇട്ട് ഫൈവ് സ്റ്റാർ മുട്ടായി മേടിക്കുമ്പോൾ അഞ്ചരൂപ കുറവുള്ള കണ്ണന് മാത്രം ഫൈവസ്റ്റാർ ഇല്ല, മഞ്ച് മാത്രം. മറ്റു മൂന്നുപേർക്കും ഫൈവ് സ്റ്റാർ. ആ മൂന്നുപേരിൽ ഒരാൾക്ക് മാത്രമാണ് കണ്ണനോട് സ്നേഹം. എന്നാൽ ആ മൂന്നുപേർക്കും പത്തുരൂപ ഉണ്ടായിട്ടും കണ്ണന്റെ കൈയിൽ മാത്രം അഞ്ചുരൂപ ആയതെങ്ങനെ ? അത് പറയുന്നതിന് മുൻപ് ഒരു ഓട്ടമത്സരത്തിന്റെ കഥ പറയാം.
ഓട്ടമത്സരത്തിനു മത്സരിക്കാൻ നിർത്തിയവരെ ഒരേ രേഖയിൽ ആയിരുന്നില്ല നിർത്തിയത്. ചിലർ ആദ്യവും മറ്റുചിലർ തൊട്ടു പിന്നിലും വേറെ ചിലർ അതിന്റെയും പിന്നിലും… അങ്ങനെ കാലങ്ങൾക്കും പിന്നിൽ നീണ്ടുനീണ്ടു പോയി ചിലർ . വിസിലടിച്ചു ഓട്ടം തുടങ്ങിയപ്പോൾ ആദ്യം ഫിനിഷിങ് പോയിന്റിൽ ഓടിയെത്തിയവർ പ്രകൃതിവിഭവങ്ങളെയും ഭൂമിയെയും സമ്പത്തിനെയും പങ്കിട്ടെടുത്തു. . ഒടുവിൽ ഒടുവിൽ എത്തിയവർ മിച്ചംവന്നവ സ്വന്തമാക്കികൊണ്ടേയിരുന്നു. ഏറ്റവും ഒടുവിൽ എത്തിയവർക്ക് പറയത്തക്കതായൊന്നും കിട്ടിയതുമില്ല. അങ്ങനെയൊക്കെയാണ് മറ്റുള്ളവരുടെ കൈയിൽ പത്തുരൂപ ഉണ്ടായതും കണ്ണന്റെ കയ്യിൽ അഞ്ചുരൂപ ആയിപ്പോയതും.
ഫൈവ് സ്റ്റാറും മഞ്ചും നല്ല മുട്ടായികൾ തന്നെ. എന്നാൽ സാമ്പത്തികാടിസ്ഥാനത്തിലും ജാതി അടിസ്ഥാനത്തിലും നോക്കുമ്പോൾ ആണ് അവ മോശം മുട്ടായികൾ ആകുന്നത്. കണ്ണന്റെ അഞ്ചുരൂപയുടെ കുറവ് കൊണ്ട് അവൻ പ്രതിനിധീകരിക്കുന്നവർ കാലങ്ങളോളം പിന്നിലാകുകയാണ്. മിടായി വിൽക്കുന്ന കട ഭരണകൂടം തന്നെ ആകുമ്പോൾ പണത്തിന്റെ തൂക്കം പ്രിവില്ലേജുകൾ കൈപറ്റുന്നതിന്റെ മാനദണ്ഡം ആകുന്നതിൽ അത്ഭുതമില്ല.
അവിടെ തുടങ്ങുന്ന അവഹേളനം അവരുടെ നാലുപേരുടെയും സ്വപ്ന കാമുകി ആയ മാളുവിന്റെ വീട്ടിലെ പിറന്നാളിന് പോകുന്നത് വരെ തുടരുകയാണ്. കണ്ണന്റെ കറുപ്പും കണ്ണന്റെ ജാതിയും കണ്ണന്റെ രൂപവും വലിപ്പക്കുറവും എല്ലാം പരിഹാസത്തിനു പാത്രമാകുന്നു . മനുഷ്യന്റെ സങ്കലനങ്ങളിൽ ആണ് ജനിതകവ്യത്യാസങ്ങൾ ഇല്ലാതാകുന്നത്. വ്യവകലനങ്ങളിലും ഭാഗിക്കലുകളിലും അത് നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ ഒരൊ വംശജരും തങ്ങളുടെ ജനിതകപരമായ ഗുണങ്ങളും ദോഷങ്ങളും പിന്നീടുള്ള തലമുറകൾക്കു പൂർവ്വിക സമ്പത്തുപോലെ കൈമാറുന്നു. സംവരണത്തിന്റെ ആവശ്യകത ഇങ്ങനെയുള്ള ഒട്ടനവധി ‘കുറവുകളിൽ’ നിന്നുകൊണ്ട് ഊന്നിയൂന്നി പറയേണ്ടിവരികയാണ്. മുകളിൽ പറഞ്ഞ ഓട്ടമത്സരത്തിന് മറ്റൊരു മാനവുമുണ്ട്.
എന്തെന്നാൽ നേരത്തെ ഓടിയെത്തിയവർക്ക് വിശിഷ്ടഭോജ്യങ്ങളും പിന്നീട് ഓടിയെത്തിയവർക്കു എല്ലിന്കഷണങ്ങളും ആണ് കിട്ടിയതെങ്കിൽ സമ്പത്തിലും വിദ്യാഭ്യാസത്തിലും മാത്രമല്ല ആരോഗ്യത്തിലും രൂപത്തിലും ചിലർ പിന്നിൽ പോകാതിരിക്കുന്നത് എങ്ങനെയാണ് ? അതൊരു കുറവല്ല. ഒരാൾ അഞ്ചുവർഷം മുൻപ് ജിമ്മിൽ പോയി ഒരാൾ അഞ്ചുമാസം മുന്നേ ജിമ്മിൽ പോയി.. ആർക്കാകും മസിൽ കൂടുതൽ ഉണ്ടാകുക ? അത്ര സിംപിൾ ആയൊരു തിയറി മാത്രമാണ്. മനുഷ്യന്റെ ജനിതക വ്യത്യാസങ്ങൾക്കു കാലാവസ്ഥയും ദേശവും കൂടി കാരണമാകുന്നു. അത് അവന്റെ കുറ്റമല്ല .
ഒന്നിച്ചു ഓടിയെത്താൻ സാധിച്ചില്ല എങ്കിലും അല്പംകൂടി അവർ ഓടേണ്ടതുണ്ട്. ചിലതൊക്കെ അവർക്കും കിട്ടേണ്ടതുണ്ട് , നേടേണ്ടതുണ്ട്. തുല്യതയുടെ ട്രാക്കിൽ ഒരേ രേഖയിൽ നിന്നും അവർ ഓട്ടം തുടങ്ങേണ്ടതുണ്ട് ..അതിനുള്ള ആരോഗ്യം സംഭരിക്കേണ്ടതുണ്ട് . സാമൂഹ്യവ്യവസ്ഥയുടെ ആ ട്രാക്കിൽ വിജയിച്ചു നിൽക്കുമ്പോൾ മാത്രമേ കണ്ണന്റെ കയ്യിൽ അഞ്ചുരൂപയ്ക്കു പകരം പത്തുരൂപ എടുക്കാൻ ഉണ്ടാകൂ. അവിടെ മാത്രമേ ഫിനിഷിങ് പോയിന്റിൽ ഭരണകൂടവും സമൂഹവും അവനു ഫൈവ് സ്റ്റാർ മുട്ടായികൾ സ്നേഹത്തോടെ വച്ചുനീട്ടുകയുള്ളൂ. അങ്ങനെ ഒന്നിച്ചു അവർ ഓടിയെത്തുന്ന ദിവസം നമുക്ക് സംവരണത്തിന്റെ ദാഹജലപന്തലുകൾ അഴിച്ചുകളയാം. എല്ലാരുടെ കൈയിലെയും ജ്യൂസ് ബോട്ടിലുകൾ കണ്ടുകൊണ്ടുള്ള നവോഥാനത്തിന്റെ ചാകരയിൽ മാത്രമേ നേരത്തെ പറഞ്ഞ ഭൂമിയുടെ അടിത്തട്ടിലും ആർദ്രതയും പ്രബുദ്ധതയും വിവേകവും പടരുകയുള്ളൂ.
അല്ലാത്തടുത്തോളം കാലം … മാളുവിന്റെ വീട്ടിലെ പിറന്നാൾ ആഘോഷത്തിന് അവളുടെ അമ്മയിൽ നിന്നും കണ്ണൻ നേരിട്ട ജാതി അവഹേളനം തുടരും… അതിനു മുൻപും അതിനു ശേഷവും അവന്റെകൂട്ടുകാരിൽ നിന്നും നേരിടുന്നത് തുടരും… ജാതിയും മതവും ദൈവവും വേണ്ട എന്ന ഉദ്‌ഘോഷങ്ങളുടെ താളുകളിൽ കണ്ണന്റെ പേനകൾ പ്രതിഷേധത്തിന്റെ വരകൾ കോറിയിടും ..ഒരുജാതി ഒരു മതം ഒരു ദൈവം എന്ന ഗുരുദേവന്റെ വാക്കുകൾക്ക് മുന്നിൽ അവന്റെ പ്രതിഷേധം ഇരമ്പും , സമൂഹത്തെ നവോഥാനം പഠിപ്പിക്കേണ്ട തന്റെ വിദ്യാലയത്തിന് മുന്നിൽ അവൻ ഒരു ചോദ്യചിഹ്നമാകും, കേരളം ഭ്രാന്താലയം എന്ന് പറഞ്ഞ വിവേകാനന്ദന്റെ ആ വാക്കുകൾ തന്റെ മാഷിന്റെ മുന്നിലവൻ വിവേകാനന്ദനിൽ നിന്നും ഏറ്റുപറയും. ഞങ്ങൾ ജനിക്കേണ്ടവർ അല്ല എന്ന് അവൻ കണ്ണീരോടെ പറയും , എന്നാൽ… ജനിച്ചുപോയി ജീവിച്ചേപറ്റൂ എന്ന ബോധം കൊണ്ട് ഉയർത്തെഴുന്നേൽക്കുന്ന ഒരു വീരനായകനേ പോലെ ആർജ്ജവം വീണ്ടെടുത്തു പോകുന്ന അവന്റെ കൈപിടിക്കാൻ ജന്മിയെ കെട്ടിത്തൂക്കി പ്രതികാരത്തിന്റെ ജ്വാലയുമായി ഏതോ ഭൂതകാലത്തിൽ നിന്നും വരുന്ന ഒരുവൻ കൂട്ടിനുണ്ടാകും. അവരുടെ പിന്നിൽ കാലത്തിന്റെ നട്ടെല്ലുപോലെ… ചെഞ്ചോരവർണ്ണത്തിൽ ഒരു കൊടിയടയാളത്തിന്റെ അഭിമാനമുള്ള ഒപ്പ്.
സംവിധായകൻ നന്ദു.എം.മോഹൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു
ആദ്യം തന്നെ ഇങ്ങനെയൊരു കമന്റിന് ഞാൻ നന്ദി അറിയിക്കുകയാണ് .ഞാനിപ്പോൾ പഠിക്കുകയാണ്. പ്ലസ്‌ടു കാലംവരെ സിനിമയോടും എഡിറ്റിങ്ങിനോടും ഷോർട് ഫിലിമിനോടും ഒക്കെ വലിയ താത്പര്യം ഉണ്ടായിരുന്നു . എന്റെ കുടുംബം പണ്ടുമുതൽക്ക് തന്നെ ഇടതുപക്ഷ ചായ്‌വ് ഉള്ളതാണ്. കോളേജിൽ പഠിക്കുമ്പോഴേയ്ക്കും എസ് എഫ് ഐ ഭാരവാഹിത്വത്തിലേക്കൊക്കെ പ്രവേശിച്ചു. അങ്ങനെ പിന്നെ ചില ഉത്തരവാദിത്തങ്ങളിലേക്കൊക്കെ പോയി. കോളേജ് പഠനകാലത്ത് തന്നെ ഫിലിമിൽ ഒക്കെ താത്പര്യമുള്ള കുറച്ചു സുഹൃത്തുക്കളെയൊക്കെ കിട്ടിയിരുന്നു. കോളേജ് ആൽബത്തിൽ നിന്നാണ് ഞങ്ങൾ തുടങ്ങുന്നത്. അതിനുശേഷം ടീം ഡെവലപ് ചെയ്തു ഞങ്ങൾ വർക്കുകൾ ചെയ്യാൻ തുടങ്ങി. കാലമാടൻ ഞങ്ങളുടെ മൂന്നാമത്തെ വർക്ക് ആയിരുന്നു. ആദ്യത്തേത് കോളേജ് ആൽബം, രണ്ടാമത്തേത് ഗോൾഡ് ഫിഷ് എന്ന ഷോർട്ട് ഫിലിം, മൂന്നാമത്തേതാണ് കാലമാടൻ .
കാലമാടൻ ചെയ്യാനുണ്ടായ സാഹചര്യം നന്ദു വിശദീകരിക്കുന്നു
ഞാൻ ഈ പടം ചെയ്യാനുണ്ടായ സാഹചര്യം എന്റെ ജീവിതത്തിൽ നിന്നുള്ള അനുഭവങ്ങളാണ്. സമൂഹത്തോട് എനിക്ക് പറയാനുള്ളതിനെ എന്റേതായ രീതിയിൽ അവതരിപ്പിക്കുകയാണ് ഞാൻ ഈ സിനിമ വഴി ചെയ്തത്. ഞാനും ഒരു താഴ്ന്ന കുടുംബത്തിൽ ജനിച്ചുവളർന്ന ആളാണ്. ഒരു ഷെഡ്യുൾഡ് കാസ്റ്റ് വിഭാഗത്തിൽ ആണ് വളർന്നത്. ആ ഒരു ജാതിയിൽ പെട്ടതുകൊണ്ടുമാത്രം കുട്ടിക്കാലം മുതൽ നാളിതുവരെ ചില സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. കാലമാടൻ ഷോർട്ട് മൂവിയിൽ പറയുന്ന ആ തീവ്രതയിൽ അല്ലെങ്കിലും കുറെയൊക്കെ സംഭവിച്ചിട്ടുണ്ട്. അങ്ങനെയുള്ള അനുഭവങ്ങളാണ് എന്നെ ഇങ്ങനെയൊരു കഥയെഴുതാൻ പ്രേരിപ്പിച്ചത്. ‘പരിയേറും പെരുമാൾ’ എന്ന മാരി സെൽവരാജിന്റെ തമിഴ് സിനിമകൂടി കണ്ടപ്പോൾ ഇങ്ങനെയൊരു സിനിമ ചെയ്യണം, ഇത്തരത്തിൽ ഒരു വിഷയം എടുത്തു സമൂഹത്തോട് പറയണം എന്നും ചിന്തിച്ചു.
എല്ലാം സമൂഹത്തിൽ നിന്നും തുടച്ചു മാറ്റപ്പെട്ടു എന്ന് കരുതുന്നെങ്കിലും എല്ലാം അവിടവിടെ തുടരുന്നുണ്ട് എന്ന് കാണിക്കാനും ആണ് കാലമാടൻ എടുത്തത്. സമൂഹത്തിൽ ഞങ്ങൾക്ക് മാത്രം ചില പ്രിവില്ലേജുകളുണ്ട്, ചില പദവികളുണ്ട് എന്ന് വിശ്വസിക്കുന്ന കൂട്ടർക്കെതിരെ എന്റേതായിട്ടുള്ള ഒരു പ്രതിഷേധം അറിയിക്കണം എന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ഈ പറയുന്ന കാലമാടൻ പിറവി കൊള്ളുന്നത്.
അഭിമുഖത്തിന്റെ ശബ്‌ദരേഖ
[zoomsounds_player artistname=”BoolokamTV Interview” songname=”Nandu M Mohan” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2021/12/kalamaaaaaadan.mp3″ thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]
കാലമാടനെ പോലെ ശ്രദ്ധിക്കപ്പെടുന്ന ഒരു ആശയം കൈകാര്യം ചെയ്തപ്പോൾ ഫെസ്റ്റിവൽ, അവാർഡ് അനുഭവങ്ങൾ പങ്കുവയ്ക്കുമോ ?
നമ്മൾ ഈയൊരു വിഷയം എടുത്തപ്പോൾ തന്നെ പ്രതീക്ഷിച്ചതാണ് . കാരണം അത്രയേറെ തീക്ഷ്ണവും തീവ്രവുമായ ഒരു വിഷയം ആയതിനാൽ തന്നെ റിലീസ് ചെയ്തതോടെ ഒരുപാടുപേർ ഇതുകണ്ടിട്ടു നമ്മുടെ കോൺടാക്റ്റ് നമ്പർ കണ്ടെത്തി വിളിച്ചു. അപ്പോൾ തന്നെ ഇങ്ങനെയൊരു വർക്ക് ചെയ്തതിൽ ഞങ്ങൾക്ക് വലിയ സന്തോഷം തോന്നി. ഞങ്ങൾ പറയുന്ന ആശയത്തെ അതേപടി ഉൾക്കൊണ്ട ഒരു വലിയ സമൂഹം കേരളത്തിൽ ഉണ്ട് എന്ന് മനസിലാക്കാൻ സാധിച്ചു.
കൊറോണകാലം ആയത് കൊണ്ടുതന്നെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽസ് എല്ലാം തന്നെ ഓൺലൈൻ ആയിട്ടായിരുന്നല്ലോ. ഞങ്ങൾ കൂട്ടുകാർ നൂറും ഇരുന്നൂറും ഒക്കെ പിരിച്ചെടുത്ത് രജിസ്‌ട്രേഷൻ ഫീസ് ഒപ്പിച്ചു കോണ്ടസ്റ്റുകൾക്കു അയക്കുകയുണ്ടായി. അങ്ങനെ അയച്ചപ്പോൾ നാല് കോണ്ടസ്റ്റുകൾക്കു മികച്ച സ്റ്റോറി , മികച്ച ചൈൽഡ് ആക്ടർ.. നാലഞ്ച് അംഗീകാരങ്ങൾ ഇതിനകം തന്നെ കിട്ടിയിട്ടുണ്ട്. പിന്നൊരു സംഘടന കേരളാ തലത്തിൽ നടത്തിയ ഫെസ്റ്റിവലിൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് അതിൽ അഭിനയിച്ച ഡാവിഞ്ചിക്ക് ലഭിക്കുകയുണ്ടായി.
സിനിമയിൽ കഴിവു തെളിയിച്ച മാസ്റ്റർ ഡാവിഞ്ചി ഈ പ്രൊജക്റ്റിലേക്കു വന്നത് ?
ഡാവിഞ്ചി നല്ലൊരു ആക്ടർ ആണ്. തൊട്ടപ്പൻ എന്ന വിനായകൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ലോനപ്പന്റെ മാമോദിസ എന്ന ജയറാം ചിത്രത്തിലും സമക്ഷം, മധുരമീ ജീവിതം എന്നീ ചിത്രങ്ങളിലും ഡാവിഞ്ചി അഭിനയിച്ചിട്ടുണ്ട്. അങ്ങനെ കുറെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്..ഇനി അഭിനയിക്കാൻ പോകുന്നുമുണ്ട്.
(ബൂലോകം : നാലുവയസുമുതൽക്ക് തെരുവു നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങിയതാണ് മാസ്റ്റർ ഡാവിഞ്ചി. സിജു വിൽസൻ നായകനായി അഭിനയിക്കുന്ന വരയനിലും ഡാവിൻചി മികച്ച ഒരു വേഷം ചെയ്യുന്നുണ്ട് . കേപ്പയെന്ന കഥാപാത്രം. ആസിഫ് അലി നായകനായ കുഞ്ഞെൽദോയിലും ഡാവിഞ്ചി ചെറിയ വേഷം ചെയ്തിട്ടുണ്ട്.. കാടകലം എന്ന സിനിമയിൽ കുഞ്ഞാപ്പു എന്ന കേന്ദ്ര കഥാപാത്രത്തെ ഈ കുഞ്ഞു കലാകാരൻ ഭംഗിയാക്കി. സ്റ്റേഷൻ ഫൈവ്, സൂപ്പർ ഹീറോ, 10 E99 ബാച്ച്, വില്ലേജ് ക്രിക്കറ്റ് ബോയ്, വിനായകന്റെ മകനായി അഭിനയിക്കുന്ന ‘പട’ തുടങ്ങി ചില ചിത്രങ്ങളും ഈ കുഞ്ഞു കലാകാരന്റേതായി ഇറങ്ങാനുണ്ട്. നാടക-സിനിമാ നടനായ സതീഷ് കുന്നത്ത് ആണ് ഡാവിഞ്ചിയുടെ അച്ഛൻ )
ഇതിൽ കാസ്റ്റിങ് എങ്ങനെ ആയിരുന്നു ?
ഡാവിഞ്ചിയുടെ രണ്ടുമൂന്നു ഷോർട്ട് മൂവി മുൻപ് കണ്ടിട്ടുണ്ടായിരുന്നു. ഈ കഥാപാത്രം എഴുതുമ്പോൾ തന്നെ എന്റെ മനസ്സിൽ വന്ന മുഖം ഡാവിഞ്ചി ആയിരുന്നു . കാലമാടനിൽ അവൻ മാഷിനോട് സംസാരിക്കുന്ന ആ ഇമോഷൻ സീൻ , അത് സിനിമയിലെ തന്നെ മുഖ്യമായ ഒരു ഘടകമായിരുന്നു. പിന്നെ ആ പെൺകുട്ടിയുടെ വീട്ടിൽ വച്ച് സംഭവിക്കുന്നതും. അതിനൊക്കെ അവൻ തന്നെയാണ് പറ്റിയതെന്ന് എനിക്ക് തോന്നി. ആ സീനുകളിൽ ഞാൻ കരുതുന്ന പോലെ, പ്രേക്ഷകർക്കിഷ്ടപ്പെടുന്ന ഒരു അഭിനയം കാഴ്ചവയ്ക്കാൻ ഡാവിഞ്ചി ആണ് ബെസ്റ്റ് എന്ന് എനിക്ക് ഉറപ്പായിരുന്നു. അങ്ങനെ സിനിമാ മേഖലയിലും ഷോർട്ട് ഫിലിം മേഖലയിലും ഉള്ള ചില കൂട്ടുകാരുമായി ബന്ധപ്പെട്ടിട്ടാണ് ഡാവിഞ്ചിയുടെ അച്ഛൻ സതീഷ് ചേട്ടനുമായി ബന്ധപ്പെട്ടത്. അദ്ദേഹവും ഒരു ഫിലിം ആർട്ടിസ്റ്റ് ആണ്. സതീഷേട്ടനെ വിളിച്ചു കഥപറഞ്ഞപ്പോൾ തന്നെ അദ്ദേഹം ഓകെ പറയുകയാണുണ്ടായത്. ഈ കഥയുടെ ഒരു ആഴം അവർക്കു മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. ഡാവിഞ്ചി ഒരു സിനിമാതാരമായിട്ടും യാതൊരു നിബന്ധനകളും വയ്ക്കാതെ തന്നെ ഓകെ പറഞ്ഞു. അങ്ങനെയാണ് ഡാവിഞ്ചി ഇതിലേക്ക് കാസ്റ്റ് ചെയ്യപ്പെടുന്നത്. ബാക്കിയുള്ള ആർട്ടിസ്റ്റുകൾ ഒക്കെ വീടിനടുത്തുള്ള കുട്ടികൾ തന്നെ ആയിരുന്നു.
ഇത്തരമൊരു മൂവി ചെയ്ത ആളിൽ നിന്നും പ്രേക്ഷകർ കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്, അടുത്ത പ്രോജക്റ്റ് എന്താണ് ?
ഞങ്ങൾ ഒക്ടോബർ ഇരുപത്തിയാറാം തിയതി ഷൂട്ട് ചെയ്തൊരു വർക്ക് ഉണ്ട്. കേരള യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്നൊരു ഷോട്ട് മൂവി കോണ്ടസ്റ്റിലേക്കു അയച്ചിട്ടുണ്ട്. സ്വാതന്ത്ര്യം, പ്രതീക്ഷ, ഭയം എന്നീ മൂന്നുവിഷയങ്ങൾ ആസ്പദമാക്കിയാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. അഞ്ചുമിനിട്ടാണ് അവർ പറഞ്ഞിരിക്കുന്ന ടൈം ലിമിറ്റ്. നമ്മുടെ വർക്കിന്റെ പ്രിവ്യു കണ്ടവർ വളരെ നല്ല അഭിപ്രായം ആണ് പറഞ്ഞത്. വളരെ പ്രതീക്ഷയോടെ ആണ് ഞങ്ങൾ റിസൾട്ടിന് കാത്തിരിക്കുന്നത്. ഇപ്പോൾ സെൻസേഷൻ ആയി നിൽക്കുന്നൊരു കാര്യമാണ് സ്ത്രീധനം. ഈഷോർട്ട് മൂവിയിൽ ഒരു മിന്നുകെട്ട് ഒക്കെയാണ് പ്രമേയം. എന്നാൽ പ്രേക്ഷകർ വിചാരിക്കുന്നൊരു വിവാഹം അല്ല ഇതിൽ നടക്കാൻ പോകുന്നത്. സ്വാതന്ത്ര്യം എന്ന വിഷയത്തിലാണ് നമ്മൾ പടം അയച്ചിരിക്കുന്നത്. കാരണം ഇന്ത്യൻ ഭരണഘടനയിൽ right to life – ന് (ജീവിക്കാനുള്ള അവകാശം) വേണ്ടിയുള്ളൊരു ആർട്ടിക്കിൾ ഉണ്ട് – Article 21 . ആ ഒരു കണ്ടന്റ് എടുത്തുകൊണ്ടാണ് നമ്മൾ ഈയൊരു ഷോർട്ട് ഫിലിം പൂർത്തിയാക്കിയത്. ഇതിന്റെ പ്രൊഡ്യൂസർ ഇതിന്റെ സ്റ്റോറി ഫസ്റ്റ് ടൈം കേട്ടപ്പോൾ തന്നെ ഒകെ പറഞ്ഞു. വളരെ കുറഞ്ഞൊരു ബഡ്ജറ്റിൽ ചെയ്താണ് ഞങ്ങൾ ഈ പടം അയച്ചിരിക്കുന്നത്.
കാലമാടൻ
കഥ,തിരക്കഥ,സംവിധാനം – നന്ദു.എം.മോഹൻ
നിർമ്മാണം – ആസിഫ് എം.എ ,സുസിന ആസിഫ്
ഡി.ഒാ.പി – അനന്തു.എം.എസ്
എഡിറ്റർ – വിഷ്ണു വിശ്വനാഥ്
അസോസിയേറ്റ് ഡയറക്ടർ – ഷാനു ഷാജി
അസിസ്റ്റന്റ് ഡയറക്ടേഴ്സ് – അനന്തകൃഷ്ണൻ,ആന്റണി ജോൺ, ജോവാകിം ജോസഫ്
ഡബ്ബിംഗ് – ഏറുമാടം
ബി.ജി.എം & സൗണ്ട് ഡിസൈൻ – യദു കൃഷ്ണ
ഡി.ഐ – മിഥുൻ രവി
മേക്കിംഗ് വീഡിയോ – ഗോപകുമാർ
ആർട്ട് – ബിബിൻ അനിൽകുമാർ
ആർട്ട് അസിസ്റ്റന്റ് – അർജുൻ ദാസ്
പ്രൊഡക്ഷൻ കൺട്രോളേഴ്സ് – അജയ് പഴശ്ശി, യദുകൃഷ്ണൻ
പോസ്റ്റർ – അലക്സ് ബാബു
*********************************