കാലന്കുട്ടി മറ്റാരുമല്ല, എന്റെ വല്ല്യപ്പനാണ്. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് തറപ്പില്‍ ഉലഹന്നാന് മാണി എന്നാണ്. വല്യപ്പന് എന്നാല്‍ എന്റെ അമ്മയുടെ അപ്പന്. നേര്യമംഗലം ഊന്നുകള്‍ ഭാഗത്ത് നിന്നും 1960 സില് ഇടുക്കി മലനിരകള്‍ എക്സ്പ്ലോര്‍ ചെയ്തു എന്റെ വല്യപ്പനും സംഘവും. കാട്ടാനയോടും കാട്ടുപോത്തിനോടും പോരാടി അവിടെ പൊന്ന്!, സോറി കുരുമുളകും ഏലവും വിളയിച്ചു.
പതിയെ പതിയെ അക്കാലത്തെ ഏതൊരു ആമ്പിളയെയും പോലെ എന്റെ വല്യപ്പനും കള്ള് കഞ്ചാവ് തുടങ്ങിയ ഭക്ഷണ പദാര്‍തഥങ്ങളോട് സ്നേഹം കാട്ടി തുടങ്ങി. അങ്ങനെ വന്നു വന്നു ഡെയിലി ഒരു പൊതി കഞ്ചാവ് ഇല്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥ വന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ എല്ല് മുറിയെ പണി എടുക്കും. വൈകുന്നേരം മദ്യസേവ കഞ്ചാവ്സേവ തുടങ്ങിയ സേവനങ്ങള്‍ക്ക് ശേഷം മദയാന കരിമ്പിന് കാട്ടില്‍ കയറിയത് പോലെ ഒരു വരവുണ്ട്. എന്റെ വല്യപ്പന് ഏകദേശം ആറടി മൂന്നിഞ്ച് പൊക്കവും അതിനൊത്ത വണ്ണവുമുള്ള ഒരു ചെറിയ മനുഷ്യനാണ്. ആ വരവില്‍ ഇഷ്ടപ്പെടാത്തവരെയൊക്കെ ഓരോ താങ്ങ് താങ്ങും. ബാക്കി ഉള്ളവരെ തെറി വിളിക്കും. അങ്ങനെയാണ് കാലന്കുട്ടി എന്നാ ഓമനപ്പേര് സമ്പാദിച്ചത്. പക്ഷെ ആ പേര് ആരും നേരിട്ട് വിളിച്ചിട്ടില്ല, കാരണം പേടി തന്നെ. അതുകൊണ്ട് ആളുകള്‍ കുട്ടിച്ചേട്ടന്‍ എന്ന് കേള്‍ക്കെയും കാലന്കുട്ടി എന്ന് കേള്‍ക്കാതെയും വിളിച്ചുപോന്നു.
ഒരിക്കല്‍ അദ്ദേഹം കള്ളുകുടി മോര്‍ണിംഗ് ഷിഫ്ററിലേക്ക് മാറ്റി. അക്രമം അതിര് കടന്നപ്പോള്‍ എന്റെ അങ്കിള്‍സ് അദ്ദേഹത്തെ വീടിന്റെ മുറ്റത്ത് ഒരു കട്ടിലില്‍ പിടിച്ചു കെട്ടിയിട്ടു. കട്ടിലില്‍ കെട്ടിയിടപ്പെട്ട വല്യപ്പന് അവിടെ കിടന്നു കൊണ്ട് കെട്ടിയിട്ട മക്കളെയും നാട്ടുകാരെയും ഒക്കെ തെറി വിളിച്ചു.
അപ്പോഴാണ് ഞങ്ങളുടെ ഒരു അയല്‍വാസിയായ സോമന് ചേട്ടന് അങ്ങോട്ട് വന്നത്. നിങ്ങള്‍ക്ക് ഒരു ഏകദേശ രൂപം കിട്ടാനായി പറയാം, നമ്മുടെ സിനിമാ നടന് കൃഷ്ണന് കുട്ടി നായരെപ്പോലെയാണ് ഈ സോമന് ചേട്ടന്. ശുദ്ധ പാവവും വളരെ സ്നേഹം ഉള്ള ആളുമാണ് സോമന് ചേട്ടന് സോമന് ചേട്ടന് അന്നും ഇന്നും ചായക്കട നടത്തുന്നു. കൂടാതെ സോമന് ചേട്ടന് എന്റെ അമ്മവീടിന്റെ അടുത്ത് തന്നെയായി ഒരു റബ്ബര്‍ തോട്ടമുണ്ട്. ഫുള്‍ ടൈം ജോബ് ആയി ചായക്കടയും പാര്‍ട്ട് ടൈം ജോബ് ആയി റബ്ബര്‍ തോട്ടവും.
രാവിലെ ഒരു പത്തു പതിനൊന്നു മണി ആയിക്കാണും. റബ്ബര്‍ പാല് എടുക്കാനായി പറമ്പില്‍ വന്ന സോമന് ചേട്ടന് തെറിയും ബഹളവും കേട്ടാണ് അങ്ങോട്ട് വന്നത്. നോക്കിയപ്പോള്‍ കാണുന്നത് തന്റെ അയല്‍വാസിയായ കാലന്കുട്ടിയെ അല്ല കുട്ടിച്ചേട്ടനെ അതാ മക്കള്‍ കട്ടിലില്‍ കെട്ടി ഇട്ടിരിക്കുന്നു. സോമന് ചേട്ടന് കാര്യം പിടികിട്ടി. എന്നാലും കുട്ടിച്ചേട്ടനെ ഒന്ന് സോപ്പിടാന്‍ പറ്റിയ സമയം തന്നെ ഇത്.
‘എന്ത് പറ്റി കുട്ടിച്ചേട്ടാ?’
‘എന്റെ സോമാ, ഈ ***** മക്കള്‍ എന്നെ കെട്ടിയിട്ടെടാ…’
ഇതൊന്നും ശ്രദ്ധിക്കാതെ അങ്കിള്‍സ് പറമ്പില്‍ പണിയെടുത്തു കൊണ്ടിരുന്നു.
‘ആരാടാ എന്റെ കുട്ടിച്ചേട്ടനെ ഇങ്ങനെ കെട്ടിയിട്ടത്? ‘
അങ്കിള്മാര് സോമന് ചേട്ടനോട് പറഞ്ഞു
‘ചേട്ടാ ആളിന്നിത്തിരെ വയലന്റ് ആണ്. അത്കൊണ്ട് അടുത്ത് പോകണ്ട’
‘നീ പോടാ, അതിനു സ്വന്തം തന്തയെ കെട്ടിയിടുകയാണോ ചെയ്യേണ്ടത്? ‘
സോമന് ചേട്ടന്റെ ധാര്‍മിക രോഷം ഉണര്‍ന്നു.
‘എടാ സോമാ എന്നെ അഴിച്ചു വിടടാ’
കുട്ടിച്ചേട്ടനെ സോപ്പിടാന്‍ പറ്റിയ സമയമാണ്. ‘അതിനെന്താ കുട്ടിച്ചേട്ടാ ഞാന്‍ ഇപ്പൊ അഴിച്ചു വിടാം’
അങ്കിള്മാര് വീണ്ടും പറഞ്ഞു, ‘ സോമന് ചേട്ടാ വേണ്ടാ, വെറുതെ പണിയാക്കരുത്’
‘നിങ്ങള്‍ പോടാ, ഞാന്‍ എന്റെ ഫ്രണ്ട് കുട്ടിച്ചേട്ടനെയാ അഴിച്ചു വിടാന്‍ പോകുന്നത്.’
എന്ന് പറഞ്ഞു സോമന് ചേട്ടന് എന്റെ വല്യപ്പന്റെ കെട്ടുകള്‍ അഴിച്ചു. സ്വതന്ത്രനായ വല്യപ്പന് കള്ളിന്റെ കെട്ടുവിടാതെ തന്നെ സോമന് ചേട്ടനെ ഒന്ന് തുറിച്ചു നോക്കി. സോമന് ചേട്ടന് ഹരിശ്രീ അശോകന് മോഡല്‍ ഒരു ചിരി ചിരിച്ചു.
പെട്ടന്നാണ് വല്യപ്പന്റെ ഉള്ളിലെ കഞ്ചാവ് ഉണര്‍ന്നത്.
‘നായിന്റെ മോനെ നീ ആണല്ലേ എന്നെ കെട്ടി ഇട്ടത്?’
സോമന് ചേട്ടന്റെ കണ്ണ് തള്ളിപ്പോയി.
അയ്യോ കുട്ടിച്ചേട്ടാ ഞാനാ അഴിച്ചു വിട്ടത്.
‘ **** മോനെ നിന്നെ ഇന്ന് ഞാന്‍ ശരിയാക്കും’
ഇതും പറഞ്ഞു കൊണ്ട് വല്യപ്പന് മുറ്റത്ത് കിടന്ന ഒരു വിറകു കഷണവുമായി സോമന് ചേട്ടന്റെ നേരെ പാഞ്ഞടുത്തു. അങ്കിള്‍സ് ഓടിയെത്തി വീണ്ടും കഞ്ചാവിന്റെ കെട്ട് വിടുന്നത് വരെ കട്ടിലില്‍ കെട്ടിയിട്ടു.
അന്ന് സോമന് ചേട്ടന് ഓടിയ വഴിയില്‍ ഇന്നും പുല്ലു മുളച്ചിട്ടില്ല എന്ന് കേള്‍ക്കുന്നു.
വാല്‍ക്കഷ്ണം: ഈ കഥയില്‍ പ്രതിപാദിച്ചിരിക്കുന്ന എന്റെ വല്യപ്പന് മരിച്ചിട്ട് എട്ടു വര്‍ഷത്തോളമായി. അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി ഈ കഥ സമര്‍പ്പിക്കുന്നു. എന്റെ വല്യമ്മ വളരെ സങ്കടത്തോടെ എന്നോട് പറഞ്ഞു തന്ന ഒരു സംഭവമാണ് ഇത്. പക്ഷെ എനിക്കിതു രസകരമായി തോന്നി.