1രാമനും കുടുംബവും ഞങ്ങളുടെ നാട്ടുകാരായിട്ടു വര്‍ഷങ്ങളേറെയായി. ഒരു തമിഴ് നാടോടി യാചക കുടുംബം. പത്തുമുപ്പത്തഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമങ്ങളില്‍ ,തമിഴന്‍മാര്‍ ഒരു അപൂര്‍വ്വ കാഴ്ചയാണ്. രാമനാണ് കുടുംബനാഥന്‍. മുപ്പതുമുപ്പത്തഞ്ചു വയസ്സുള്ള ഒരു ഊശാം താടിക്കാരന്‍. ഭാര്യ, കലപ്പ എന്നു എല്ലാരും വിളിക്കുന്ന ഒരു മൊഞ്ചത്തി. രണ്ടു കുട്ടികള്‍. രജനിയും കണ്ണനും.

ഒരു പള്ളിപ്പെരുന്നാളിന് യാചകരായെത്തിയതാണ് അവര്‍. ടെലിവിഷന് മുന്‍പുള്ള കാലമാണ്. പെരുന്നാളിന് ധാരാളം ആളുവരും. ശനിയും ഞായറുമാണ് പ്രധാന പെരുന്നാള്‍. ശനിയാഴ്ച രാത്രി നാടകമോ കഥാപ്രസംഗമോ അങ്ങിനെ എന്തെങ്കിലുമൊക്കെ കാണും. പായും ചാക്കുമൊക്കെയായി ഒരു പത്തുപതിനഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള പെണ്ണുങ്ങളൊക്കെ കാഴ്ചക്കാരായുണ്ടാവും. ഭക്തര്‍ മാത്രമല്ല, പെരുന്നാളിന് ധാരാളം ‘ധര്‍മ്മക്കാരും’ വരും. അവര്‍ക്കൊക്കെ നല്ല വരുമാനവും ഉണ്ടാകും. പൊതുനിരത്തില്‍നിന്നു പള്ളിയിലേക്കുള്ള വഴിയുടെ രണ്ടു വശവും ധര്‍മ്മക്കാര്‍ നിരന്നിരിക്കും. രണ്ടുകാലും മുറിച്ചുമാറ്റപ്പെട്ടവര്‍, ഒറ്റക്കാലന്‍മാര്‍, പ്രായമായവര്‍ എല്ലാവരും ദൈവത്തെയും അമ്മമാരെയും വിളിച്ച് ദയനീയമായിക്കരയും. പെരുന്നാള്‍ കഴിഞ്ഞു തിരിച്ചുപോകുമ്പോള്‍ ഭേദപ്പെട്ട സമ്പാദ്യവും കാണും. ഒരു പെരുന്നാള്‍ കഴിഞ്ഞു രാമനും കുടുംബവും തിരിച്ചുപോയില്ല. അങ്ങാടിയിലെ പള്ളിക്കെട്ടിടത്തിന്റെ വരാന്തയില്‍ ചുരുണ്ടുകൂടി. കുറച്ചുനാള്‍കഴിഞ്ഞു അച്ചനോട് ചോദിച്ചു അതിനോടു ചേര്‍ന്നോരു ചായ്പ്പ് ഉണ്ടാക്കി പൊറുതിയും തുടങ്ങി.

അങ്ങിനെ രാമനും കുടുംബവും ഞങ്ങളുടെ നാട്ടുകാരായി. ഇടയ്ക്കു ഉല്‍സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കുമായി വിട്ടു നില്‍ക്കുന്ന കാലമൊഴിച്ചാല്‍ അവര്‍ നാട്ടില്‍ തന്നെയുണ്ടാവും. നാട്ടുകാര്‍ക്ക് അല്ലറ ചില്ലറ സഹായങ്ങളൊക്കെ ചെയ്തു കൊടുത്തു ജീവിക്കാനുള്ള വക സമ്പാദിക്കും. സീസണ്‍ കഴിഞ്ഞു വരുമ്പോഴേക്കും രാമന്‍ ഒരു കൊച്ചു മുതലാളി ആയിട്ടുണ്ടാവും. സമ്പാദ്യം, വിശ്വാസമുള്ളവര്‍ക്ക് കൈവായ്പ്പ കൊടുക്കും. ആരോ നിര്‍ബ്ബന്ധിച്ചു രാമന്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഒരു അക്കൌണ്ടും തുടങ്ങി. രാമനും കുടുംബവും നാട്ടുകാര്‍ക്ക് സഹായികളാണ്. പക്ഷേ രാത്രിയില്‍ രാമന്‍ കലപ്പയെ തല്ലും. കയ്യില്‍ കിട്ടുന്നത് കൊണ്ടാണ് പ്രഹരം. അതിലൊരു ദാക്ഷിണ്യവുമില്ല. ചിരപരിചിതമായത് കൊണ്ട് രാമന്‍ വടിയോ മുട്ടിയോ എടുക്കുമ്പോഴേക്കും കലപ്പ ഓടും. ചുറ്റും കൃഷി സ്ഥലങ്ങളായത് കൊണ്ട് ഒളിക്കാന്‍ ധാരാളം ഇടങ്ങളുണ്ട്. രാമന്‍ പുറകെ ഓടും. ഭാര്യയെ കയ്യില്‍ കിട്ടിയാല്‍ പിന്നെ ക്രൂര മര്‍ദ്ദനമാണ്. പക്ഷേ കൂടുതല്‍ ആരോഗ്യം കലപ്പയ്ക്ക് ആയത് കൊണ്ട് മിക്കവാറും അവള്‍ ഓടി രക്ഷപ്പെടും. രാത്രിയില്‍ ഇങ്ങിനെ ഒക്കെ ആണെങ്കിലും പകലായാല്‍ രണ്ടും വീണ്ടും ഇണക്കുരുവികളാകും.

ഒരു രാത്രി രാമന്‍ ഞങ്ങളുടെ വീട്ടിലും വന്നു. കയ്യില്‍ ഒരു വടിയുമുണ്ട്. കലപ്പ ആ വഴി എങ്ങാനും വന്നോ എന്നാണ് ചോദ്യം. രാമന്‍ അവളെ ഓടിച്ചു കൊണ്ട് വരികയായിരുന്നു. ഞങ്ങളുടെ വീടിനടുത്ത് വരെ കണ്ടിരുന്നു. പിന്നീട് എങ്ങോട്ട് പോയി എന്നറിയില്ല. രാമന്‍ പോയി അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കലപ്പ ഞങ്ങളുടെ വിറകുപുരയില്‍ നിന്നു ഇറങ്ങി വരുന്നു. വിറകുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുകയായിരുന്നു അവള്‍. അന്നൊക്കെ കര്‍ഷക കുടുംബങ്ങളില്‍ വിറകു ശേഖരിച്ചു വെയ്ക്കാന്‍ പ്രത്യേകം പുരകളുണ്ട്. മഴക്കാലത്ത് ഉപയോഗിക്കാനുള്ള വിറകു നേരത്തെ ശേഖരിക്കും. എത്രയൊക്കെ ശേഖരിച്ചാലും പാചകം വല്ലാത്തൊരു കഷ്ടപ്പാട് തന്നെയാണ്. തീ ഊതി വീട്ടമ്മമാരുടെ കണ്ണു കലങ്ങാതെ ചോറും കറികളും ഉണ്ടാവില്ല.

അമ്മ അവള്‍ക്ക് ഭക്ഷണം കൊടുത്തു. അടുക്കളയില്‍ ഇരുന്നു ആഹാരം കഴിക്കുമ്പോള്‍ കലപ്പ പറഞ്ഞു. രാമന് സംശയമാണത്രേ. സുന്ദരിയും ആരോഗ്യവതിയും ആയ ഭാര്യയെ രാമന് സംശയമാണ്. നാട്ടിലെ പൂവാലന്മാരായ കുഞ്ഞൂഞ്ഞും പാപ്പയും അവളുടെ പുറകെ വട്ടമിട്ട് പറക്കുന്നത് അയാള്‍ കാണുന്നുണ്ട്. കലപ്പയുടെ കൊഞ്ചലും വെകിളിയുമൊന്നും അയാള്‍ക്ക് പിടിക്കുന്നില്ല. പക്ഷേ നാട്ടുകാരോട് മുഖം കറുപ്പിക്കാന്‍ അയാള്‍ക്ക് ശക്തിയില്ല. എന്തിന് അവരുടെ മുന്നില്‍ വെച്ചു ഭാര്യയെ ശാസിക്കാന്‍ പോലും അയാള്‍ക്ക് ത്രാണിയില്ല. രാത്രി പോലും അവളുടെ കാമുകന്മാര്‍ പുരയുടെ ചുറ്റും ഉണ്ടെന്നാണ് രാമന്റെ തോന്നല്‍. അതിന്റെ പകയെല്ലാം അയാള്‍ രാത്രിയില്‍ തീര്‍ക്കും. എന്തെങ്കിലും ചോദിക്കുന്നവരോട് ചിരിച്ചുകൊണ്ടു മറുപടി പറയും എന്നല്ലാതെ കലപ്പ ഒരു മോശം സ്ത്രീ ആണെന്ന് നാട്ടിലാര്‍ക്കും തോന്നിയിരുന്നില്ല.

ഒരു ഉല്‍സവ സീസണ്‍ കഴിഞ്ഞു അവര്‍ തിരിച്ചു വരുമ്പോള്‍ രജനിയുടെ കാല്‍, മുട്ടിന് താഴെവെച്ചു മുറിച്ച് മാറ്റിയ നിലയിലാണ്. ഏതോ വാഹനം കയറി ഇറങ്ങിയതാണ്. രാമന്‍, കുട്ടിയെ വാഹനത്തിന് മുമ്പിലേക്ക് തള്ളി നീക്കിയതാണെന്നാണ് കലപ്പ പറഞ്ഞത്. ഏതായാലും ആ കേസ്സില്‍ രാമന് ഭേദപ്പെട്ടൊരു സംഖ്യ കിട്ടി. രജനിയുടെ മുറിഞ്ഞ കാല്‍ രാമന് വലിയ ഭാഗ്യം കൊണ്ട് വന്നു. ഉല്‍സവ പറമ്പുകളിലെ പിരിവ് പല മടങ്ങായി. മുറിഞ്ഞ കാലില്‍ എണ്ണ തേച്ചു ദയനീയത വര്‍ദ്ധിപ്പിച്ചു. രാമന്റെയും രജനിയുടെയും കരച്ചില്‍ സ്ത്രീ ജനങ്ങളുടെ മനസ്സിളക്കി. താമസിയാതെ രാമന്‍ പത്തു സെന്റ് സ്ഥലം വാങ്ങി അതിലൊരു കുടിലും ഉണ്ടാക്കി.

കാലം പിന്നേയും മാറ്റങ്ങള്‍ ഉണ്ടാക്കി. രാമന്‍ കുടിലിന്റെ സ്ഥാനത്ത് ഭംഗിയുള്ള ഒരു കൊച്ചുവീടുണ്ടാക്കി. തൊട്ടുകിടന്ന പത്തു സെന്റ് സ്ഥലവും കൂടി വാങ്ങി. കണ്ണനെ സ്‌കൂളില്‍ ചേര്‍ത്തു. നല്ല ഓമനത്തമുള്ള ഒരു കൊച്ചുമിടുക്കനായിരുന്നു കണ്ണന്‍. പഠിക്കാന്‍ മിടുക്കാനായിരുന്ന അവന്‍ അദ്ധ്യാപകരുടെ കണ്ണിലുണ്ണിയുമായി. എന്തൊക്കെയാണെങ്കിലും രാമന്‍ ഉല്‍സവങ്ങള്‍ ഒഴിവാക്കിയില്ല. രാമനും രജനിയും ഉല്‍സവപ്പറമ്പുകളില്‍ ഭാഗ്യം തേടി അലഞ്ഞപ്പോള്‍ കലപ്പ വീട് നോക്കി. കലപ്പയെ അങ്ങിനെ വിട്ടുപോകാന്‍ മനസ്സുണ്ടായിട്ടല്ല, പക്ഷേ കണ്ണന്റെ പഠിത്തം ഉഴപ്പുന്നത് രാമന് സഹിക്കുമായിരുന്നില്ല. രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം രാമന്‍ ഞങ്ങളുടെ നാട്ടിലെ സ്ഥലവും വീടും വിറ്റു രണ്ടു മൈലകലെ രണ്ടേക്കര്‍ ഭൂമി വാങ്ങി. കൃഷിയും കാലിവളര്‍ത്തലുമൊക്കെയായി ആ കുടുംബം കൂടുതല്‍ അഭിവൃദ്ധി നേടി. എന്നാലും രജനിയുമായി പെരുന്നാളുകള്‍ക്കും ഉല്‍സവങ്ങള്‍ക്കും പോകുന്ന പതിവ് രാമന്‍ നിര്‍ത്തിയില്ല. ഇക്കാര്യത്തില്‍ ഭാര്യയുടെയും മകന്റെയും എതിര്‍പ്പ് അയാള്‍ വകവച്ചില്ല.

ഒരു ദൂര യാത്ര കഴിഞ്ഞു ഞാന്‍ മടങ്ങുകയായിരുന്നു. നാട്ടിലേക്കുള്ള നേര്‍ വണ്ടി നേരം വെളുത്തിട്ടെ ഉള്ളൂ. ഇരുപത്തേഴില്‍ ഇറങ്ങി നടക്കുകയാണെങ്കില്‍ വെളുക്കുമ്പോള്‍ വീട്ടില്‍ എത്താം. രാമന്റെ വീടിന് മുമ്പിലെത്തിയപ്പോള്‍ ലൂക്കാച്ചന്‍ ഇറങ്ങി വരുന്നു. പഴയ അള്‍ത്താര ബാലന്മാരില്‍ ലൂക്കാ വൈദീകനായി. ഞങ്ങളുടെ ഇടവകയില്‍ ‘അസിദേന്തി’ ആയി സേവനമനുഷ്ഠിക്കായാണ്. കൂട്ടുവന്ന കണ്ണനോട് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു ഞങ്ങള്‍ രണ്ടുപേരും നാട്ടിലേക്കു നടന്നു. ‘എന്താ അതിരാവിലെ രാമന്റെ വീട്ടില്‍?’ എന്ന ചോദ്യത്തിന് മറുപടി ഒരു ചോദ്യം തന്നെയായിരുന്നു. ‘അപ്പോള്‍ വിവരം അറിഞ്ഞില്ലേ?’

രാമന്‍ മരിച്ചു. തൊഴുത്തില്‍ കെട്ടിത്തൂങ്ങി മരിക്കയായിരുന്നു. പതിവുപോലെ രാത്രിയില്‍ രാമന് ഹാലിളകി. കലപ്പയെ അടിക്കാന്‍ തുടങ്ങി. കണ്ണന്‍ ഇടപെട്ടു. ക്ഷുഭിതനായ രാമന്‍ പഴങ്കഥകളൊക്കെ പറഞ്ഞു ഇനി താന്‍ ജീവിക്കില്ല എന്നു സത്യം ചെയ്തു, കയറുമെടുത്ത് ഇറങ്ങി. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ കലപ്പയും കണ്ണനും കൂടി കാലുപിടിച്ചു രാമനെ അനുനയിപ്പിച്ചു തിരിച്ചു കൊണ്ടുവരും. ഒട്ടുമിക്ക ദിവസവും നടക്കുന്ന കലാപരിപാടി ആയതുകൊണ്ട് അന്നാരും പുറകെ പോയില്ല. അനുനയം കാത്തുനിന്നു നാണം കെട്ടിട്ടാവണം രാമന്‍ തൊഴുത്തില്‍ തൂങ്ങിമരിച്ചു. പിറ്റെന്നു രാവിലെ തൊഴുത്തിലേക്ക് ചെന്ന കണ്ണനാണ് തൂങ്ങി നില്‍ക്കുന്ന രാമനെ കണ്ടത്.

കലപ്പയ്ക്ക് ആകെ വിഭ്രാന്തിയായി. എല്ലായിടത്തും രാമന്‍ ഒരു വടിയുമായി നില്‍ക്കുന്നതുപോലെ ഒരു തോന്നല്‍. രാമന്റെ പ്രേതത്തെക്കൊണ്ടു പൊറുതിമുട്ടിയപ്പോള്‍ അവള്‍ പള്ളീലച്ചന്റെ അടുത്ത് അഭയം തേടി. ലൂക്കാച്ചന്‍ അതിരാവിലെ ചെന്നു പ്രാര്‍ത്ഥനകള്‍ നടത്തി, വീട് വെഞ്ചരിച്ചു, വീട്ടുകാരെ ആശ്വസിപ്പിച്ചു തിരിച്ചു പോരുകയാണ്.

രാമന്റെ ആദ്യകാലമാണ് ഞാനോര്‍ത്തത്. ഒന്നുമില്ലായ്മയില്‍നിന്ന് വളര്‍ന്ന് പരസ്സഹായം ആവശ്യമില്ലാത്ത അവസ്ഥയിലെത്തി. പക്ഷേ സഹജമായ രീതികളൊന്നും മാറ്റാന്‍ പറ്റുന്നില്ല. സ്വാഭാവികമായ ദുരന്തങ്ങള്‍ ഏറ്റുവാങ്ങി ഒരുജീവിതം അവസാനിക്കുന്നു.

You May Also Like

തൂണുകള്‍

ആധുനിക ജാലകത്തിലൂടെ ദൂരെ വരിവരിയായി കെട്ടിപ്പൊക്കിയ ആഡംബര സൗധങ്ങള്‍ നോക്കി കാപ്പെചീനോ നുനയുകയായിരുന്നു അയാള്‍ .. “പിതാവ് മരിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു. നമ്മളിനിയും നാട്ടില്‍ പോയില്ലെങ്കില്‍ മോശമല്ലേ? ആളുകള്‍ എന്ത് വിചാരിക്കും?” ഭാര്യ അയാളെ ഓര്‍മിപ്പിച്ചു..” കോണ്‍ഫറന്‍സ് ഒന്ന് കഴിയാന്‍ കാത്തിരിക്കയായിരുന്നു..നാളെ നമുക്ക് പോകാം” അയാള്‍ നീരസമാണോ എന്ന് മനസ്സിലാകാത്ത ഭാവത്തില്‍ പറഞ്ഞു. തന്റെ ജീവിതത്തിരക്കുകളൊക്കെ മാറ്റിവച്ചു അവര്‍ നാട്ടിലേക്ക് അടുത്ത ദിവസം പുറപ്പെട്ടു..

കാറിനുള്ളിൽ മാത്രമെടുത്ത ‘സന്തോഷത്തിൻറെ ഒന്നാം രഹസ്യം’.

മൂന്ന് പേർ മാത്രമൂള്ള സിനിമ എന്ന് കേട്ടപ്പോൾ ആദ്യം ഈ പടം കാണാൻ തോന്നിയില്ല. കോവിഡ് തുടങ്ങിയതിൽ പിന്നെ ഇറങ്ങിയ സിനിമകളിൽ ഭൂരിഭാഗം എണ്ണത്തിലും

1000 കോടി മുതല്‍മുടക്കില്‍ 10 സിനിമകൾ വരുന്നു

സിനിമാ വ്യവസായ രംഗത്തെ ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രമുഖരായ രണ്ടു കമ്പനികളാണ് റിലയൻസും ടി സീരിസും. ഒട്ടേറെ വമ്പൻ പ്രൊജെക്ടുകളാണ് വിനോദ വ്യവസായ രംഗത്ത്

വിളക്കെണ്ണയുടെ ലേബലില്‍ മൃഗക്കൊഴുപ്പ്…!!

എള്ളെണ്ണ സംസ്‌കരിച്ചതിന് ശേഷം ലഭിക്കുന്നതാണ് വിളക്കെണ്ണയെന്നാണ് പൊതു ധാരണ. നല്ലെണ്ണയേക്കാള്‍ വിലക്കുറവാണെന്നതും വിപണിയില്‍ ഇതിനെ പ്രീയങ്കരമാക്കുന്നു. കൂടുതലായി ഈ വീഡിയോ സംസാരിക്കും