ജയസൂര്യ നായകനാകുന്ന റീലീസ് ചെയ്യാത്ത ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന ‘കള്ളന്‍റെ കഥ’ എന്ന ചിത്രത്തിന്റെ യഥാർത്ഥ സംഭവം എന്താണ്?
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
👉ഇരുളില്‍ നമ്മള്‍ ഉറങ്ങുമ്പോള്‍ ഉണര്‍ന്ന് നടക്കുന്നവരാണ് കള്ളന്മാര്‍. രാത്രികളില്‍ നമ്മള്‍ കാണാത്ത അവരുടെ ലോകം ഞെട്ടിപ്പിക്കുന്നതും , കരയിപ്പിക്കുന്നതും കരളലിയിപ്പിക്കുന്നതുമാണ്. ആ സാഹസികലോകത്തെ വിശേഷങ്ങള്‍ അറിയാന്‍ സമാധാനപൂര്‍വ്വം ജീവിക്കുന്നവര്‍ക്കും താല്പര്യമേറും. ഈ താല്പര്യം കൊണ്ടാണ് തസ്‌കരന്‍ മണിയന്‍ പിള്ളയുടെ ആത്മകഥ എന്ന പുസ്തകം മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമായത്.ഒരു പുസ്തകത്തിലും മുമ്പ് പറഞ്ഞിട്ടില്ലാത്ത ഒരു ജീവചരിത്രമാണ് തസ്‌കരന്‍ മണിയന്‍ പിള്ളയുടെ ആത്മകഥ.
വർഷം 1950, കൊല്ലം ജില്ലയിലെ ഇരവിപുരത്തിനടുത്തുള്ള വാളത്തുംഗൽ എന്ന ഗ്രാമം. സാമാന്യം ഭേദപ്പെട്ട കുടുംബത്തിൽ പിറന്ന മണിയൻ പിള്ള എന്ന ആറാം ക്ലാസ്സുകാരൻ അച്ഛന്റെ മരണത്തെ തുടർന്ന് പഠനം നിർത്തി പരിസരത്തുള്ള വയലുകളിൽ കൃഷി പണിക്ക് സഹായി ആയി നിൽക്കുന്ന കാലത്ത് ഒരു ബന്ധു തന്നെ പ്രേരിപ്പിച്ച് മറ്റൊരു ബന്ധുവിന്റെ കുഞ്ഞിന്റെ മാല മോഷ്ടിച്ചു കൊണ്ട് മോഷണ കലയിൽ “ഹരിശ്രീ ” കുറിക്കുന്നു. തുടർന്ന് ചീട്ടുകളി, ചീത്ത കൂട്ട് കെട്ട്, ചെറിയ ചെറിയ മോഷണശ്രമങ്ങൾ, 18 വയസ്സാകുന്നതിന് മുന്നെ ജയിൽ വാസം. ജയിലിലെ കൂട്ട് കെട്ടുകൾ,പുറത്തിറങ്ങൽ, മോഷണം, പിടിക്കപ്പെടൽ, കൊല്ലം സബ് ജയിൽ , പൂജപ്പുര , വിയൂർ സെൻട്രൽ ജയിലുകളിലായി തുടർ പഠനങ്ങൾ … ഇരുനൂറിലേറെ മോഷണ ശ്രമങ്ങൾ, അൻപതിലധികം വിജയങ്ങൾ, നൂറു പവനിലധികം സ്വർണ്ണവും പണവും മോഷ്ടിച്ച മൂന്ന് നാല് കേസുകൾ… ഇത്രയൊക്കെ ആകുമ്പോഴേയ്ക്കും മോഷണകലയിൽ അഗ്രഗണ്യനായി മാറിയിരുന്നു മണിയൻ പിള്ള..
വളരെയധികം ബുദ്ധിവൈഭവവും , അസാമാന്യ നീരീക്ഷണ പാടവും ഉണ്ടായിരുന്ന മണിയൻ പിള്ള മറ്റ് സമകാലീനരിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു. അതിന് ആ ജീവിതം തന്നെ ഒരു തെളിവാണ്. മനുഷ്യർ ഗാഢനിദ്രയിലാകുന്ന സമയം, തറയിൽ ചെവി ചേർത്ത് കിടന്ന് കാൽപ്പെരു മാറ്റം മനസ്സിലാകുന്ന വിദ്യ, ഏത് വളയാത്ത കമ്പിയും വളക്കാനുള്ള കഴിവ്, വീട്ടിലെ കാവാലാളായ നായകളെ കൈകാര്യം ചെയ്യേണ്ട വിധം, ഗ്ലാസ് ജനലുകൾ താഴെ വീണ് ശബ്ദമുണ്ടാകാതെ ഇളക്കി മാറ്റുന്ന വിദ്യ, അങ്ങനെ ഈ കള്ളൻ സ്വായത്തമാക്കാത്ത വിദ്യകൾ ഒന്നും തന്നെ ഇല്ല എന്നു പറയാം.
പിള്ളയുടെ ജീവിതത്തിൽ സുപ്രധാന മാറ്റങ്ങൾക്ക് കാരണമാകുന്നത് ഭാര്യ മെർഹനിസയുടെ സാന്നിധ്യമാണ്. അങ്ങനെ മണിയൻ പിള്ള സലിം പാഷ എന്ന പേരിൽ കർണ്ണാടകയിലേക്ക് കുടിയേറി . മോഷണമുതൽ മൂല ധനമാക്കി അവിടെ തന്റെ ബിസിനസ്സ് സംരഭങ്ങൾക്ക് തുടക്കമിടുന്നു. ആദ്യം ഹോട്ടലായും പിന്നീട് പുകയില കമ്പനിയായും എല്ലാം തന്റെ സാമ്രാജ്യം അവിടെ കെട്ടി പൊക്കുന്നു. തൊഴിലാളികളിൽ നിന്ന് സേനഹവും , ബഹുമാനവും നേടി സലിം പാഷ അവിടെ ഒരു പ്രസ്ഥാനമായി മാറുന്നതിനിടയ്ക്കാണ് അപ്രതീക്ഷിതമായി എല്ലാം തകർന്നടിയുന്നത്. കർണ്ണാടകയിൽ മൊതലാളി ആയി വാഴുമ്പോഴും ഇടക്ക് അമ്മയെ കാണാൻ നാട്ടിൽ രഹസ്യമായി വരികയും തിരിച്ച്പോകുന്ന വഴിയിൽ ചില്ലറ മോഷണങ്ങൾ നടത്തി ആ മുതൽ തന്റെ ബിസിനസ്സിൽ ഇൻവെസ്റ്റ് ചെയ്തിരുന്നു.
രണ്ട് നാലു ദിനം കൊണ്ട് തണ്ടിലേറിയവന്റെ അവസ്ഥയായിരുന്നു മണിയന്‍ പിള്ളയെ കാത്തിരുന്നത്. സമ്പല്‍ സമൃദ്ധിയുടെയും , ജനസമ്മതിയുടെയും മടിത്തട്ടില്‍ കിടന്ന അയാള്‍ 1983ല്‍ കര്‍ണ്ണാടക നിയമസഭയിലേയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങി. അപ്പോഴാണ് വിധി കേരളാപോലീസിന്റെ രൂപത്തില്‍ അയാളെ തേടിയെത്തിയത്. ഭാര്യയുടെ നിരന്തരമായ പ്രേരണയെ തുടർന്ന് ഭാര്യാഗ്യഹ സന്ദർശനം നടത്തുന്നിടത്ത് നിന്നാണ് കഥയിലെ ടേണിംഗ് പോയിൻറ്.
മണിയൻ പിള്ള പറയുന്ന കഥകൾ വിശ്വസിക്കാനാവാതെ ഭാര്യവീട്ടുകാർ വിവരങ്ങൾ അന്വേഷിക്കാൻ ഭാര്യ സഹോദരനെ പിളളയോടൊപ്പം കർണ്ണാടകയിലേക്ക് പറഞ്ഞ് വിടുന്നു. പിളളയുടെ സാമ്രാജ്യം കണ്ട് ഞെട്ടുന്ന ഭാര്യാസഹോദരൻ തിരിച്ച് വരാതെ അവിടെ ത്തന്നെ തുടർന്നത് ഭാര്യാ വീട്ടുകാർക്ക് സംശയം തോന്നുകയും അവർ പോലീസിൽ പരാതി പ്പെടുകയും ചെയ്യുന്നു. ഭാര്യ സഹോദരൻ നാട്ടിൽ തിരിച്ചെത്തിയപ്പോൾ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നു, ഭാര്യ സഹോദരനെയും കൊണ്ട് കേരളാ പോലീസ് കർണ്ണാടകയിൽ എത്തുന്നു.
മണിയൻ പിള്ളയുടെ പുതിയ അവതാരമായ സലിം പാഷയെ കണ്ട് കേരള പോലീസും ഞെട്ടുന്നു. മോഷണമുതൽ സ്വരുകൂട്ടി ഹോട്ടലിൽ നിന്നും തുടങ്ങിയ പിള്ള പീന്നീട് പുകയില കച്ചവടത്തിൽ ഇറങ്ങി തന്ത്രങ്ങൾ കൊണ്ടും കുതന്ത്രങ്ങൾ കൊണ്ടും പുകയില കയറ്റി അയക്കുന്നതിനുള്ള ലൈസൻസും സ്വന്തമാക്കുന്നു. തന്റെ ജീവനക്കാരോട് എന്നും മര്യാദ വിട്ട് പെരുമാറാതെ അവരുടെ മുന്നിൽ എന്നും മാന്യത നിലനിർത്തിയിരുന്നു സലിം പാഷ എന്ന മുതലാളിക്ക് കർണ്ണാടകയിലെ ഉയർന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥൻ വരെ സുഹ്യത്തുക്കൾ ആയി ഉണ്ടായിരുന്നു എന്നുള്ളതും പോലീസിനെ അമ്പരപ്പിച്ചു.
”ടാ പിള്ളേ ” എന്ന പിന്നിൽ നിന്നുള്ള പോലീസിന്റെ വിളി കേട്ട് അറിയാതെ തിരിഞ്ഞ് നോക്കിയ സലിം പാഷ തന്റെ കള്ളി വെളിച്ചത്തായി എന്ന് തിരിച്ചറിയുന്നു. മലയാളം പറയാതെ താൻ സലിം പാഷയാണെന്ന് കന്നടയിലും അറിയാവുന്ന ഇംഗ്ലീഷിലുമൊകെ പറഞ്ഞ് നിൽക്കാൻ നോക്കിയെങ്കിലും ഭാര്യ സഹോദരനെ പോലീസ് ജീപ്പിൽ കണ്ടതോടെ തന്റെ പതനം പൂർത്തിയായതായി മനസ്സിലാക്കി തന്റെ ഐഡൻറിറ്റി ഇന്നാട്ടുകാരുടെ മുന്നിൽ വെളിപ്പെടുത്തരുതെന്ന അഭ്യർത്ഥനയോടെ പോലീസിനു മുന്നിൽ നിരുപാധികം കീഴടങ്ങുന്നു. അറസ്റ്റ് ചെയ്ത സമയത്ത് നഞ്ചന്‍കോട് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധീനതയില്‍ ആസ്തികള്‍ ലേലം ചെയ്ത വകയില്‍ മാത്രം 93 ലക്ഷം രൂപയുണ്ടായിരുന്നു. 31 വര്‍ഷം മുമ്പായിരുന്നു ഈ തുക എന്നോര്‍ക്കുമ്പോഴാണ് കള്ളന്റെ നഷ്ടത്തിന്റെ ആഴം ബോധ്യപ്പെടുന്നത്.
അതിസാഹസികമായ തന്റെ ജീവിതകഥ രണ്ടും കല്പിച്ച് മണിയന്‍ പിള്ള തുറന്നെഴുതിയത് 2008ല്‍ ആയിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ആ തുറന്നെഴുത്തില്‍ കള്ളനു കഞ്ഞി വെയ്ക്കാന്‍ മലയാള മനോരമയില്‍ സീനിയര്‍ സബ് എഡിറ്ററും എഴുത്തുകാരനുമായ ജി.ആര്‍.ഇന്ദുഗോപന്‍ ഒപ്പമുണ്ടായിരുന്നു. കള്ളന്റെ അനുഭവങ്ങളും ഇന്ദുഗോപന്റെ ഹൃദ്യമായ ഭാഷയും ചേര്‍ന്നപ്പോള്‍ ഒരു മികച്ച വായനാനുഭവമായി മാറി തസ്‌കരന്‍ മണിയന്‍ പിള്ളയുടെ ആത്മകഥ.
മലയാളത്തില്‍ വ്യത്യസ്തമായ ജീവിതമെഴുത്തിന് വായനക്കാരുടെ സ്വീകാര്യത ലഭിച്ചു തുടങ്ങിയത് മണിയന്‍ പിള്ളയോടെയാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ആത്മകഥകള്‍ വിജയിച്ചവര്‍ക്കും വെള്ളിവെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുന്നവര്‍ക്കും മാത്രമാണെന്ന ധാരണ പൊളിച്ചെഴുതിയിടത്താണ് ഈ ആത്മകഥയുടെ വിജയം. വായനയില്‍ പുതിയൊരു വിപ്ലവം തന്നെ സൃഷ്ടിച്ച് മുന്നേറിയ തസ്‌കരന്‍ മണിയന്‍ പിള്ളയുടെ ആത്മകഥയ്ക്ക് പിന്നീട് തുടര്‍ച്ച ഉണ്ടായി. “കള്ളന്‍ ബാക്കി എഴുതുമ്പോള്‍ ” എന്ന ആ പുസ്തകവും ബെസ്റ്റ്‌സെല്ലറായി.
കട്ട സ്വർണ്ണ മുതലുകൾ പലപ്പോഴും പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹ ആവശ്യത്തിനും മറ്റ് നൽകിയിട്ടുള്ള ഈ കൊച്ചു കള്ളനിൽ ഒരു മനുഷ്യ സ്നേഹിയെയും കാണാൻ കഴിയുന്നുണ്ട്. അരിയും, സാധനങ്ങളും വാങ്ങി ചില ദരിദ്ര ഭവനങ്ങളുടെ വരാന്തയിൽ കൊണ്ട് വച്ചിട്ടുണ്ട്. പിടിക്കപ്പെട്ടപ്പോഴൊന്നും മോഷണമുതലുകൾ ഇത്തരത്തിൽ വിനിയോഗിച്ചത് എങ്ങും വെളിപ്പെടുത്തിയിട്ടില്ല.
ജയിലില്‍ കിടക്കുമ്പോഴാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങള്‍ മണിയൻ പിള്ള വായിച്ചു. ബഷീറിനെ പരിചയപ്പെടാന്‍വേണ്ടി അദ്ദേഹത്തിന്റെ വീട്ടിലും മോഷണം നടത്തി. വാച്ചും പേനയുമാണ് അന്ന് എടുത്തത്. പിറ്റേന്ന് അത് തിരിച്ചുകൊണ്ടുവെച്ച് അദ്ദേഹത്തെ പരിചയപ്പെടാതെ മടങ്ങി. വിയ്യൂര്‍ ജയിലില്‍ വെച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ കണ്ടിട്ടുണ്ട്. പരിചയപ്പെട്ടത് സിനിമയില്‍ അഭിനയം തുടങ്ങിയതിനുശേഷമാണ്.
മണിയൻ പിള്ള ഇപ്പോൾ മകന്റെ സംരക്ഷണയിൽ കഴിഞ്ഞു പോരുന്നു… ചില കേസുകൾ കോടതിയിൽ തീർപ്പായിരിക്കുന്നു. ചിലത് നടക്കുന്നു..പിന്നീട് സീരിയലിലും , സിനിമയിലും അഭിനയിച്ചു. മലയാളത്തിലും തമിഴിലുമായി ഇരുപത്തിരണ്ടോളം സിനിമകളിലും മാര്‍ത്താണ്ഡവര്‍മ്മ, സ്വാമി അയ്യപ്പന്‍, എന്റെ മാനസപുത്രി തുടങ്ങി സീരിയലുകളിലും അഭിനയിച്ചു.
‘തസ്കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥ’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ബാബു ജനാര്‍ദ്ദനന്‍ ‘കള്ളന്‍റെ കഥ’ ഒരുക്കുന്നത്. തസ്കരന്‍ മണിയന്‍പിള്ള എന്ന യഥാര്‍ത്ഥ കഥാപാത്രത്തെ ജയസൂര്യ അവതരിപ്പിക്കുന്നു.മണിയന്‍പിള്ളയുടെ ‘മോഷണജീവിത’വും കേസുകള്‍ കോടതിയില്‍ വരുമ്പോള്‍ സ്വയം വാദിക്കുന്നതും വലിയ കവര്‍ച്ചകളും എല്ലാം ഈ ചിത്രത്തില്‍ ഉണ്ടെന്നാണ് അണിയറ വാർത്തകൾ . അറുപത് വര്‍ഷങ്ങളിലെ ഓരോ നിമിഷവും സാഹസികമായി ജീവിച്ച ഒരു കള്ളന്റെ ലഘുജീവചരിത്രംപോലും നമ്മെ വിസ്മയപ്പെടുത്തുന്നില്ലേ.ഔദ്യോഗികരേഖകളില്‍ അയാളുടെ പേര് കെ.മണിയന്‍പിള്ള. സിനിമാരംഗത്തും എയര്‍പോര്‍ട്ടിലും സലീംകുമാർ പാഷ. കേരളത്തിലെ വായനക്കാര്‍ അയാളെ സ്‌നേഹപൂര്‍വം തസ്‌കരന്‍ മണിയന്‍പിള്ള എന്നു വിളിക്കുന്നു. മലയാളത്തിലെ ആത്മകഥാസാഹിത്യത്തിന് ലഭിച്ച ആഴമുള്ള മറ്റൊരു വിസ്മയ ജീവിതമായിരുന്നു തസ്‌കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥ.
ഈ പുസ്തകം തമിഴിലും മൊഴിമാറ്റായിട്ടുണ്ട്. “തിരുടന്‍ മണിയന്‍പിള്ളെ” .
“തിരുടന്‍ മണിയന്‍പിള്ളെ” ക്ക് വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.
മണിയന്‍പിള്ളയുടെ പേരില്‍ ഇപ്പോഴും മോഷണക്കേസുണ്ട്. കേസിന്റെ പേരിൽ പലപ്പോഴും ആത്മകഥ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പ് അത് നിര്‍ത്തിവെച്ചിട്ടുണ്ട്.കേരള നിയമസഭയിലും പുസ്തകം എതിര്‍ക്കപ്പെട്ടു. പാഠപുസ്തകമാക്കാനുള്ള തീരുമാനത്തെ പ്രതിപക്ഷം സഭയില്‍ എതിര്‍ത്തു. കുട്ടികള്‍ കള്ളന്‍മാരെക്കുറിച്ചല്ല പഠിക്കേണ്ടത് എന്നായിരുന്നു വാദം. മലയാളത്തെ കൂടാതെ തമിഴിലും തെലുങ്കിലും പുസ്തകത്തെ കേന്ദ്രീകരിച്ച് സിനിമ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മലയാള പുസ്തകത്തിന്റെ റോയല്‍റ്റി, സിനിമാ പ്രോജക്ടുകളില്‍ നിന്നും ലഭിച്ച മുന്‍കൂര്‍ റോയല്‍റ്റി എന്നിവ പിള്ളയെ നികുതി (ടി.ഡി.എസ്) നല്‍കേണ്ട ഒരു പൗരനാക്കി മാറ്റി. മലയാളത്തിലെ സാംസ്‌കാരിക/സാഹിത്യ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ കഴിയാത്ത ബഹുമതി തമിഴിലൂടെ, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരമായി കരസ്ഥമാക്കാന്‍ പുസ്തകത്തിനു കഴിഞ്ഞു.(തമിഴിലേക്ക് ഇത് വിവർത്തനം ചെയ്തത് കുളച്ചല്‍ യൂസുഫ് ആണ്).