വംശീയ ഹിംസകളെ പിന്തുണച്ചയാൾക്ക് സാഹിത്യ നൊബേൽ

171


Kamarudheen Amayam എഴുതുന്നത്

*വംശീയ ഹിംസകളെ പിന്തുണച്ചയാൾക്ക് സാഹിത്യ നൊബേൽ*

സ്വീഡിഷ് അക്കാദമി സാഹിത്യത്തിനുള്ള 2019 ലെ നൊബേൽ പുരസ്കാരം നൽകാൻ തീരുമാനിച്ചത് ആസ്ത്രിയൻ നാടകകൃത്തും കവിയും നോവലിസ്റ്റുമായ പീറ്റർ ഹാന്റ്കേ (Peter Handke) ക്കാണ്. സെർബിയൻ വംശീയവാദികളുടെ സഹചാരിയും യുദ്ധക്കുറ്റങ്ങൾക്ക് അന്താരാഷ്ട്ര വിചാരണ നേരിട്ട സെർബിയൻ വംശീയ ഏകാധിപതി സ്ലൊബോദാൻ മിലോ സെവിച്ചിന്റെ പിന്തുണക്കാരനുമായ ഹാന്റ്കേക്ക് നൊബേൽ പുരസ്ക്കാരം നൽകാനുള്ള തീരുമാനത്തിനെതിരെ വലിയ വിമർശനങ്ങളാണ് ലോകത്തെങ്ങും ഉയർന്നു വരുന്നത്.

1990 കളിലെ യുഗോസ്ലാവിയൻ യുദ്ധകാലത്ത് സെർബിയൻ വംശീയവാദികളെ ന്യായീകരിക്കുന്ന നിലപാടുകളാണ് ഹാന്റ്കേ സ്വീകരിച്ചിരുന്നത്. 1995 ജൂലൈയിൽ സെർബ് സൈനികരും അക്രമികളും ചേർന്ന് 8000ത്തിലധികം ബോസ്നിയക്കാരെ കൂട്ടക്കൊല നടത്തിയ സ്റെബ്രേനിക്ക വംശഹത്യ (Srebrenica Genocide) യെ മൂടി വക്കാൻ അക്രമികൾക്കൊപ്പം നിന്ന ചരിത്രത്തിന്റെ ഉടമയാണ് അദ്ദേഹം. ഹാന്റ്കേയ്ക്ക് നോബേൽ പുരസ്കാരം ലഭിച്ചെന്നറിഞ്ഞപ്പോൾ, സ്റെബ്രേനിക്ക കൂട്ടക്കൊലയിൽ നിന്നും രക്ഷപ്പെട്ട എമിർ സുൽജാജിക് പറഞ്ഞത്, “മിലോസെവിച്ചിന്റെ ആരാധകനും ഒരു കൂട്ടക്കൊലയെ മന:പൂർവ്വം മൂടി വക്കാൻ ശ്രമിച്ചതിനു കുപ്രസിദ്ധനുമായ ഒരാൾക്ക് നൊബേൽ സമ്മാനം ലഭിക്കുക…. കാലം ജീവിക്കാൻ കൊള്ളരുതാത്തതാണ്” എന്നാണ്.

അൽബേനിയൻ പ്രധാനമന്ത്രിയായ എദി റമാ (Edi Rama) ട്വിറ്ററിൽ എഴുതിയത്, “ഒരാൾക്കു നൊബേൽ പുരസ്ക്കാരം ലഭിച്ചെന്നറിയുമ്പോൾ ഛർദ്ദിക്കാൻ വരുന്ന സാഹചര്യമുണ്ടാവുമെന്ന് ഞാൻ ചിന്തിച്ചിരുന്നതേ ഇല്ല” എന്നാണ്.

എഴുത്തുകാരുടെ സംഘടനയായ ‘പെൻ അമേരിക്ക’ (PEN America) യുടെ പ്രസിഡന്റ് ജെന്നിഫർ എഗാൻ (Jennifer Egan) ഒരു പ്രസ്താവനയിൽ പറഞ്ഞത്, “ചരിത്രസത്യങ്ങളെ തമസ്ക്കരിക്കാൻ സ്വന്തം ശബ്ദത്തെ പരസ്യമായി തന്നെ ഉപയോഗപ്പെടുത്തി യ ഒരു എഴുത്തുകാരനെ ഇത്തരമൊരു പുരസ്ക്കാരത്തിനു തെരഞ്ഞെടുത്തത് ഞെട്ടലുളവാക്കുന്നു” എന്നാണ്.

സ്വീഡിഷ് അക്കാദമിയുടെ തീരുമാനത്തെ വിമർശിച്ചു കൊണ്ട് ബ്രിട്ടീഷ് എഴുത്തുകാരനായ ഹാരി കുൻസ്റു (Hari Kunzru) വും മുന്നോട്ടുവന്നിട്ടുണ്ട്. “നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ നിർമ്മമത്വത്തിനും സിനിസിസത്തിനും മുന്നിൽ മനുഷ്യാവകാശങ്ങളെ പ്രതിരോധിക്കാൻ ആത്മാർത്ഥ ശ്രമം നടത്തുന്ന സാമൂഹിക പ്രതിഭകളെ (public intellectuals) എന്നത്തേക്കാളും കൂടുതൽ ആവശ്യമുള്ള ഒരു കാലമാണിത്. ഹാന്റ്കേ അത്തരം ഒരാളല്ല തന്നെ.” എന്നാണു കുൻസ്റു ‘ദി ഗാർഡിയനോ’ട് പറഞ്ഞത്.

മുൻപ് നൊബേൽ പുരസ്കാരങ്ങളെ തള്ളിപ്പറയുകയും പരിഹസിക്കുകയും ചെയ്തിട്ടുള്ള ഹാൻറ്കേ തനിക്കു സമ്മാനം നൽകാൻ എടുത്ത തീരുമാനത്തെപ്പറ്റി പറഞ്ഞത്, “സ്വീഡിഷ് അക്കാദമിയുടെ വളരെ ധീരമായ തീരുമാനം” എന്നാണ്.

സ്ലൊവേനിയൻ ദാർശനികനും ദീർഘകാലമായി ഹാന്റ്കേയുടെ വിമർശകനുമായ സ്ലാവോജ് സിസെക് (Slavoj Zizek) ‘ദി ഗാർഡിയനോ’ടു പറഞ്ഞു. ” നൊബേൽ സമ്മാനം സാഹിത്യത്തിൽ ഒരു തരം ‘വ്യാജമായ വാഴ്ത്തു പദവികൾ’ (false canonisation) സൃഷ്ടിക്കുന്നതാണെന്നും അതുകൊണ്ട് ആ പുരസ്കാരം നിർത്തലാക്കണമെന്നും 2014 ൽ ആവശ്യപ്പെട്ട ആളാണു ഹാന്റ്കെ. അദ്ദേഹത്തിനു തന്നെ നൊബേൽ സമ്മാനം ലഭിച്ചപ്പോൾ, ഹാൻറ്കേയുടെ പ്രസ്താവന എത്ര മാത്രം ശരിയാണെന്നു തെളിഞ്ഞു കഴിഞ്ഞു. ഇത് ഇന്നത്തെ സ്വീഡനാണ്. നമ്മുടെ കാലഘട്ടത്തിലെ യഥാർത്ഥ ധീരൻ, ജൂലിയൻ അസാഞ്ജെയെ സ്വഭാവഹത്യക്കു വിധേയനാക്കാൻ രാജ്യത്തെ എല്ലാവരും കൈകോർക്കുമ്പോൾ തന്നെയാണ് യുദ്ധക്കുറ്റങ്ങളുടെ വക്താവായ ഒരാൾ നൊബേൽ പുരസ്ക്കാരത്തിന് തെരഞ്ഞെടുക്കപ്പെടുന്നത്‌. എന്തായിരിക്കണം നമ്മുടെ പ്രതികരണം? ഹാൻറ്കേയ്ക്ക് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നൽകലല്ല; അസാഞ്ജേയ്ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകുക എന്നതാണ് ഇന്നത്തെ ആവശ്യം.”

( ബിബിസി യോട് കടപ്പാട്)

Advertisements