മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിനായകന്മാർ അനവധിയുണ്ട്. ഒരുപക്ഷെ നായകനെക്കാൾ തിളങ്ങുന്ന പ്രതിനായകന്മാർ. സ്ഥിരം വില്ലൻ വേഷങ്ങൾ ചെയുന്നവരും നായകവേഷങ്ങൾ ചെയുന്ന സൂപ്പര്താരങ്ങളും എല്ലാം ഇത്തരത്തിൽ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എത്രകാലം കഴിഞ്ഞാലും നമ്മുടെ മനസ്സിൽ തിളങ്ങി നിൽക്കുന്ന ചില പ്രതിനായക കഥാപാത്രങ്ങളിലേക്കു ഒരു എത്തിനോട്ടമാണ് ഈ പരമ്പര. Santhosh Iriveri Parootty (ചന്തു) എഴുതുന്നു.
മലയാള സിനിമയിലെ പ്രതിനായകര്‍ – 3
കമ്മാരന്‍ നമ്പ്യാര്‍ (ദിലീപ്)
ചിത്രം – കമ്മാര സംഭവം (2018)
2018-ല്‍ മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത് 2018 ഏപ്രിൽ 14-ന് പുറത്തിറങ്ങിയ ചലച്ചിത്രമായിരുന്നു കമ്മാര സംഭവം. ഗോകുലം ഗോപാലന്റെ കീഴിലുള്ള ശ്രീഗോകുലം മൂവീസ് ആണ് ചിത്രം നിര്‍മ്മിച്ചത്. ദിലീപ്, സിദ്ധാർത്ഥ്, മുരളി ഗോപി, ബോബി സിൻഹ, നമിത പ്രമോദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ ശ്വേത മേനോന്‍, മണിക്കുട്ടന്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സിദ്ദിഖ് എന്നിവരും വേഷമിട്ടു.
പലതരത്തിലുള്ള വായനകള്‍ക്കു വിധേയമാക്കാവുന്ന ഒരു സിനിമ ആണ് കമ്മാര സംഭവം.. എളുപ്പത്തില്‍ പറഞ്ഞു പോകാവുന്ന ഒരു ഘടന അല്ല ചിത്രത്തിന്റേത്. ഒരു ആവറേജ് പ്രേക്ഷകന് ദഹിക്കാനോ മനസ്സിലാക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാവുന്ന പല ഘടകങ്ങളും ചിത്രത്തില്‍ ഉണ്ട്. ചരിത്രം എങ്ങനെയാണ് വളച്ചൊടിക്കപ്പെടുന്നത് എന്ന് വിശദീകരിക്കുന്ന ചിത്രം കറുത്ത രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമ കൂടിയാണ്. “History is a set of lies agreed upon” എന്ന നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെ വചനം എഴുതിക്കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും. ചരിത്രത്തിന്റെ അപനിര്‍മിതി ചിത്രം ചര്‍ച്ചാ വിഷയമാക്കുന്നുണ്ട്.
കണ്ടതില്‍ വെച്ച് ഒരു പക്ഷേ എന്നെ എറ്റവും അസ്വസ്ഥപ്പെടുത്തിയതും irritate ചെയ്തതുമായ വില്ലനാണ് ഇതില്‍ ദിലീപ് അവതരിപ്പിച്ച കമ്മാരന്‍ നമ്പ്യാര്‍. പ്രതിനായകന്‍ എന്നതും കഴിഞ്ഞു ഒരു നന്മയും അവകാശപ്പെടാനില്ലാത്ത പക്കാ വില്ലനാണയാള്‍. ചതിയും, വഞ്ചനയും, കുതന്ത്രവും നിറഞ്ഞ അയാളുടെ ജീവിതത്തിന്റെ കഥ തന്നെയാണ് ഒരര്‍ഥത്തില്‍ കമ്മാര സംഭവം. ഒതേനന്‍ (സിദ്ധാര്‍ഥ്) എന്ന ധീരനായ, സത്യസന്ധനായ, യഥാര്‍ത്ഥ നായകന്റെ കഥയെ, പ്രവര്‍ത്തനങ്ങളെ, കമ്മാരന്‍ എന്ന പ്രതിനായകന്‍ തന്റെ കുടില ബുദ്ധിയും സാമര്‍ഥ്യവും ഉപയോഗിച്ച് നിഷ്പ്രഭമാക്കുന്ന ആദ്യ പകുതി അവസാനിക്കുമ്പോള്‍ പ്രേക്ഷകന് അത് മികച്ച സിനിമാ അനുഭവം തന്നെയാണ് സമ്മാനിച്ചത്.പ്രേമിച്ച പെണ്ണിനെ നഷ്ടപ്പെടാതിരിക്കാന്‍, അപ്പന്റെ മരണത്തിന് ഇടയാക്കിയവനെ ഉന്മൂലനം ചെയ്യാന്‍ ഇതിനെല്ലാം തക്കം പാര്‍ത്തിരുന്നു പക വീട്ടുന്ന കമ്മാരന്‍ നമ്പ്യാര്‍ മലയാള സിനിമയിലെ എണ്ണം പറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളില്‍ മുകളില്‍ നില്‍ക്കുന്നു. അയാള്‍ തന്നെ പറയുന്ന പോലെ,
“ഒരിക്കല്‍ എടുത്തതൊന്നും കമ്മാരന്‍ പിന്നെ തിരിച്ചു കൊടുത്തിട്ടില്ല, കൊടുത്ത വാക്കൊഴിച്ച്.”
കമ്മാരന്‍ നമ്പ്യാരുടെ യഥാര്‍ഥ കഥ ആണ് സിനിമയുടെ ആദ്യ പകുതി. കേരള-കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയില്‍ വരുന്ന അമൃത സമുദ്രം എന്ന ഗ്രാമത്തില്‍ 1940കളുടെ അവസാനം നടക്കുന്ന സംഭവങ്ങള്‍ ആയാണ് കാണിച്ചിരിക്കുന്നത്. കുടിലനും ക്രൂരനും സ്വാര്‍ഥനും ചതിയനും സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കുന്നവനും സര്‍വോപരി ഒരു മരയൂളയും പാഷാണത്തില്‍ കൃമിയുമാണ് കമ്മാരന്‍ നമ്പ്യാര്‍. അക്ഷരാര്‍ഥത്തില്‍ ഒരു കൊടും വില്ലന്‍. അക്കാലത്തു നടക്കുന്ന രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാന്‍ പക്ഷക്കാരനായി നടക്കുന്ന അയാള്‍ ജോലി പ്രകാരം ഒരു കപട വൈദ്യന്‍ ആണ്. ഗ്രാമത്തിലെ ജന്മി കേളു നമ്പ്യാരുടെ (മുരളി ഗോപി) കൂടെയും പാവപ്പെട്ട തമിഴരുടെ കൂടെയും ഐ എന്‍ എ സമര ഭടന്‍ ആയി വരുന്ന ഒതേനന്‍ നമ്പ്യാരുടെ കൂടെയും തരാതരം പോലെ കൂട്ടു കൂടുന്ന ഇയാള്‍ തന്റെ നാരദബുദ്ധി ഉപയോഗിച്ച് അവരെ ഒക്കെ തമ്മില്‍ തല്ലിപ്പിക്കുകയും ആ നാടിന്റെ നാശത്തിനു തന്നെ കാരണക്കാരനായി തീരുകയും ചെയ്യുന്നു. ഇതിനായി കൊടും കൊലകള്‍ വരെ നടത്താന്‍ അയാള്‍ മടിക്കുന്നില്ല. ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കിയതിനു പ്രത്യുപകാരമായി അയാളെ ഒരു മഹാനാക്കാനായി അന്നത്തെ ജനറല്‍ എഴുതിയ ചരിത്രപുസ്തകത്തില്‍ ഒരു അധ്യായം അയാള്‍ക്കായി നീക്കിവെക്കുന്നു.
ബ്രിട്ടീഷുകാരന്‍ എഴുതിയ പുസ്തകത്തിലെ അധ്യായം വെച്ച് സംവിധായകന്‍ പുലികേശി കമ്മാരന്‍ നമ്പ്യാരെ മഹാനായ സ്വാതന്ത്ര്യ സമര സേനാനി ആക്കി ‘സംഭവം’ എന്ന സിനിമ ഒരുക്കുന്നതാണ് ചിത്രത്തിന്റെ രണ്ടാം പകുതി. യാഥാര്‍ഥ്യം എന്താണോ അതെല്ലാം കീഴ്മേല്‍ മറിക്കപ്പെടുന്നു. കമ്മാരന്‍ നമ്പ്യാര്‍ നായകനും ഒതേനന്‍ നമ്പ്യാര്‍ വില്ലനും ആകുന്നു. നേതാജിയെ രക്ഷിക്കുന്ന ആളായി, ഗാന്ധിജിയെ വധശ്രമത്തില്‍ നിന്ന് രക്ഷിക്കുന്ന ധീരനായി, രാജ്യസ്നേഹത്തിന്റെ പഞ്ച് ഡയലോഗുകളും അടിച്ചു അയാള്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു. സിനിമ സൂപ്പര്‍ ഹിറ്റ് ആവുന്നു. തുടര്‍ന്ന് നടക്കുന്ന ഇലക്ഷനില്‍ കമ്മാരന്‍ നമ്പ്യാരുടെ പാര്‍ട്ടി അധികാരത്തില്‍ വരുകയും അയാള്‍ തന്നെ മുഖ്യമന്ത്രി ആവുകയും ചെയ്യുന്നു. വയസ്സ് തൊണ്ണൂറ്റഞ്ചു കഴിഞ്ഞിട്ടും ഒടുങ്ങാത്ത ക്രിമിനല്‍ ബുദ്ധിയും ആയാണ് അയാള്‍ ഇപ്പോഴും ജീവിക്കുന്നതെന്നു സിനിമയുടെ അവസാന ഭാഗങ്ങള്‍ വെളിവാക്കുന്നുണ്ട്. ഒതേനനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ഓര്‍ത്തെടുക്കുന്ന അയാളുടെ മുഖത്ത് നിഗൂഢമായ ഒരു ചിരി വിരിയുന്നു.
സിനിമയുടെ അവസാന ഭാഗത്ത് കമ്മാരന്‍ നമ്പ്യാരുടെ യഥാര്‍ഥ ജീവിതം സിനിമയാക്കണം എന്ന് സംവിധായകൻ അയാളോട് പറയുന്നുണ്ട്. അപ്പോൾ അധികാരക്കസേരയിൽ അമർന്നിരുന്നു കൊണ്ട് കമ്മാരൻ നമ്പ്യാർ സംവിധായകനോട് പറയുന്നത് ഇങ്ങനെയാണ്-
“മുന്‍പേ ഈ കസേരയില്‍ ഇരുന്നവര്‍ എന്ത് ചെയ്തോ അത് തന്നെ ഞാനും ആവര്‍ത്തിക്കും. വന്ന വഴി മറക്കുക”
ചതിയും വഞ്ചനയും സ്വാർഥതയും കൈമുതലായ, സ്വന്തം നേട്ടത്തിനുവേണ്ടി നാടിനെ വരെ ഒറ്റിക്കൊടുത്ത കമ്മാരന്‍ നമ്പ്യാര്‍ എന്ന വ്യാജ വൈദ്യന്‍ ദിലീപ് എന്ന നടന്റെ മറ്റൊരു മുഖം പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിക്കുന്നുണ്ട്. പലയവസരത്തിലും പ്രേക്ഷകര്‍ക്ക് അയാളെ കൊന്നു കൊലവിളിക്കാന്‍ തോന്നും. നാട്ടിലെ ജന്മിയായ കേളു നമ്പ്യാര്‍ക്കൊപ്പവും, അയാളുടെ മകനായ ഒതേനനൊപ്പവും, ബ്രിട്ടീഷുകാര്‍ക്കൊപ്പവും, നാട്ടിലെ പാവപ്പെട്ട തമിഴന്മാര്‍ക്കൊപ്പവുമെല്ലാമാണ് താനെന്ന് ഓരോരുത്തരെയും വിശ്വസിപ്പിക്കുകയും പിന്നീട് എല്ലാവരെയും ചതിക്കുകയും ചെയ്യുന്ന ഇയാള്‍ ആത്യന്തികമായി തന്‍റെ ലക്ഷ്യം കൈവരിക്കുക തന്നെയാണ്. ചരിത്രം നായകനാക്കിയവര്‍ യഥാര്‍ത്ഥത്തില്‍ വില്ലനും, വില്ലനാക്കിയവര്‍ യഥാര്‍ത്ഥത്തില്‍ നായകനുമാണെന്ന് പറഞ്ഞുവയ്ക്കാന്‍ സിനിമ ശ്രമിക്കുന്നുണ്ടെന്നത് ശ്രദ്ധേയം. നാലു ഗെറ്റപ്പുകളിലാണ് ദിലീപ് എത്തുന്നത്. ഒന്ന് പ്രായമായ 95കാരനായ കമ്മാരന്‍ നമ്പ്യാര്‍, അയാളുടെ യുവത്വം, സിനിമയ്ക്കുള്ളിലെ സിനിമയിലെ കമ്മാരന്‍ നമ്പ്യാര്‍, പിന്നെ യഥാര്‍ത്ഥ ദിലീപ് എന്നിങ്ങനെ നാല് ഗെറ്റപ്പിലാണ് ദിലീപ് ഈ ചിത്രത്തില്‍ വേഷമിട്ടത്.
ദൈർഘ്യവും പ്രമേയത്തിലെ സങ്കീർണതയും ചിത്രത്തിന്റെ സാമ്പത്തിക വിജയത്തിന് വിഘാതമായി. ആദ്യപകുതി തന്നെ ഒന്നര മണിക്കൂറിൽ അധികമുണ്ട്. അത് തന്നെ ഒരു സിനിമയ്ക്കുള്ള വകയുമാണ്. വേണമെങ്കിൽ രണ്ട് ഭാഗമായി എടുക്കാവുന്ന ഒരു ചിത്രമായിരുന്നു ഇത്. കഥ പറയുന്ന രീതി കുറച്ചു കൂടി ലളിതമാക്കാമായിരുന്നു.അപ്പോൾ ശരി, എല്ലാവർക്കും ഒരു നല്ല അവധിദിനം ആശംസിക്കുന്നു. അടുത്ത ഞായറാഴ്ച പുതിയ ഒരു കഥാപാത്രവുമായി കാണുന്നത് വരെ ബൈ…