Kanam Rajendran

മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക് വെടിയുണ്ട പരിഹാരമല്ല

Kanam Rajendran
Kanam Rajendran

പാലക്കാട് മഞ്ചക്കണ്ടി വനത്തിനുള്ളില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവം നടുക്കമുളവാക്കുന്നതും പ്രതിഷേധാര്‍ഹവുമാണെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
മാവോയിസ്റ്റുകളുടെ രാഷ്ട്രീയത്തോട് സി പി ഐ യോജിക്കുന്നില്ല. എന്നാല്‍ അവര്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ക്ക് അടിയന്തര രാഷ്ട്രീയ പരിഹാരം കാണേണ്ടതുണ്ടെന്നാണ് സി പി ഐയുടെ അഭിപ്രായം.
ഭരണകൂടം രാഷ്ട്രീയ പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യാനിറങ്ങുന്നതും വെടിവെച്ച് കൊല്ലുന്നതും ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല, വെടിയുണ്ടകൊണ്ട് എല്ലാം പരിഹരിക്കാമെന്ന് കരുതുന്നത് പ്രാകൃതമാണ്.

വടക്കേഇന്ത്യയില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ വ്യാജങ്ങളായിരുന്നു എന്ന് തെളിഞ്ഞത് വിസ്മരിക്കരുതത്. പല സംസ്ഥാനങ്ങളിലും അമിതാധികാരം ലഭിച്ച പൊലീസും ഭരണകൂടങ്ങളും സൃഷ്ടിക്കുന്ന വ്യാജ ഏറ്റുമുട്ടലുകള്‍പോലെയൊന്നും കേരളത്തില്‍ ഉണ്ടാവാന്‍ പാടില്ല.
മാവോയിസ്റ്റുകളെ അവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് പരിശ്രമിക്കേണ്ടത്. ഇന്ത്യയിലെ നിരവധിയിടങ്ങളില്‍ ആ ശ്രമങ്ങള്‍ ഫലംകണ്ടതും ഓര്‍ക്കേണ്ടതാണ്. മാവോയിസ്റ്റ് എന്ന് മുദ്രകുത്തി നടത്തിയ വേട്ടയാടലുകള്‍ക്ക് എതിരെ ഉന്നത കോടതികള്‍ സ്വീകരിച്ച നിലപാടും വിസ്മരിക്കാന്‍ പാടില്ല.
അട്ടപ്പാടി വനത്തില്‍ മാവോയിസ്റ്റുകള്‍ തമ്പടിച്ചാല്‍ അവരെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കാനുള്ള നീക്കമാണ് നടത്തേണ്ടിയിരുന്നത്.അല്ലാതെ തണ്ടര്‍ബോള്‍ട്ട് ഉടനടിതന്നെ വധശിക്ഷ വിധിക്കുന്ന രീതി ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല.

പൊലീസ് ശിക്ഷാവിധി നടപ്പിലാക്കാനിറങ്ങുന്നത് നിയമവാഴ്ചയെ അട്ടിമറിക്കലാണ്. ഇത് കാടത്തവുമാണ്. ഈ രീതി കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടാലും കേരളാ പോലീസ് സ്വീകരിക്കാന്‍ പാടില്ലാത്തതാണ്.

പാലക്കാട് മഞ്ചക്കണ്ടി വനത്തിലുണ്ടായ മാവോയിസ്റ്റുകളുടെ കൊലപാതകം സംബന്ധിച്ച് മജിസ്റ്റീരിയല്‍ അന്വേഷണം നടത്തണമെന്നും സത്യാവസ്ഥ ജനങ്ങളെ അറിയിക്കണമെന്നും സിപിഐ സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു.

അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന മുന്‍ ഡിജിപി സെന്‍കുമാര്‍ മാവോയിസ്റ്റുകളുടെ കേന്ദ്രങ്ങളിലേക്ക് കാനം രാജേന്ദ്രനെയും ബിനോയ് വിശ്വത്തിനെയും അയക്കാമെന്ന് പറഞ്ഞത്, ഉത്തരേന്ത്യയില്‍ നടന്ന പല സംഭവങ്ങളെക്കുറിച്ചും അറിവില്ലാത്തതുകൊണ്ടാണ്.
മാവോയിസ്റ്റ് ഭീഷണി ഉണ്ടാകുമ്പോള്‍ അവയെ നേരിടാനും ചെറുത്തു നില്‍ക്കാനും സിപിഐ നേതാക്കള്‍ മാത്രമേ ഉണ്ടായിട്ടുള്ളു. ഐഎഎസ് ഉദ്യോഗസ്ഥനായ അലക്‌സ് പോളിനെ മാവോയിസ്റ്റുകള്‍ ബന്ധിയാക്കിയപ്പോള്‍ ഖോരവനത്തിനുള്ളില്‍ പോയി അദ്ദേഹത്തെ മോചിപ്പിച്ചത് സിപിഐയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും ആദിവാസി മഹാസഭാ അഖിലേന്ത്യാ നേതാവുമായ മനീഷ് കുഞ്ചാമാണ്. അദ്ദേഹത്തെക്കൊണ്ട് മാത്രമേ അലക്‌സ് പോളിനെ മോചിപ്പിക്കാന്‍ കഴിയൂവെന്ന് ഗവണ്‍മെന്റിനോട് പറഞ്ഞത് അവിടത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ്. മനീഷ്‌കുഞ്ചാമിന്റെയും കാനം രാജേന്ദ്രന്റെയും ബിനോയ് വിശ്വത്തിന്റെയും കൈയ്യിലുള്ളത് ഒരേ പാര്‍ട്ടി കാര്‍ഡാണ്. ബിജെപിയുടെ പുത്തന്‍ കൂറ്റുകാരനായ ടി പി സെന്‍കുമാര്‍ കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിക്കാനായി സിപിഐ നേതാക്കളുടെമേല്‍ കുതിരകയറേണ്ടതില്ല. അദ്ദേഹം കുറേ എഴുത്തും വായനയും ശീലമുള്ള ആളാണെന്നാണ് കരുതുന്നത്. അതുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രം ഒന്ന് വായിച്ചു നോക്കി അഭിപ്രായ പ്രകടനം നടത്തുന്നത് നന്നായിരിക്കും.
പ്രതിപക്ഷം സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണ്. പൊലീസിന്റെ കൈയ്യില്‍ അമിതാധികാരം നല്‍കുന്നത് ശരിയല്ലെന്നതാണ് സിപിഐ നിലപാട്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.