അത്തം പത്തിനു പൊന്നോണം
ഇന്ന് അത്തം

കാണം വിറ്റും ഓണം ഉണ്ണണം; അപ്പൊൾ എന്താണ് കാണം ?

അറിവ് തേടുന്ന പാവം പ്രവാസി

പഴയകാല കേരളത്തിൽ നിലവിലിരുന്ന ഉത്പാദന വിനിമയ രീതിയായിരുന്നു കാണപ്പാട്ട സമ്പ്രദായം. ഭൂമിയിൽ സർവ്വ അവകാശങ്ങളും ഉള്ളവനും, ഉത്പാദനത്തിന്റെ പ്രധാനഭാഗം കൃഷിയെടുത്തിരുന്ന പാട്ടക്കാരിൽ നിന്നും അനുഭവിക്കാൻ സ്വാതന്ത്ര്യം ഉള്ളവരുമായിരുന്ന ജന്മിമാർ തങ്ങളുടെ ഭൂമി അന്യാധീനപ്പെട്ടു പോകാതിരിക്കാൻ ഏർപ്പെടുത്തിയ പാട്ട സമ്പ്രദായമാണ് കാണപ്പാട്ട സമ്പ്രദായം. പാട്ടത്തിനു വാങ്ങുമ്പോൾ കുടിയാൻ ജന്മിക്കു കൊടുക്കുന്ന തുകയാണ്‌ കാണം അഥവാ കാണപ്പണം. നിശ്ചിതമായ പ്രതിഫലം ഉറപ്പിച്ചു കൃഷിക്കുള്ള അവകാശം മറ്റൊരാളെ ഏല്പിക്കുന്നതി പാട്ടം എന്ന് പറയുന്നു. ഭൂമി പാട്ടക്കാരനു പണയമായി നൽകുന്നതു പോലെയാണ് കാണപ്പാട്ടം വ്യവസ്ഥകൾ.

കുഴിക്കാണം, കുറ്റിക്കാണം, വെട്ടുകാണം, തേട്ടക്കാണം, നീർക്കാണം, കൈക്കാണം, നടുക്കാണം എന്നിങ്ങനെ കാണം പലവിധമുണ്ട്. തിരുവിതാംകൂറിലെ ഭൂരിഭാഗം നിലങ്ങളും കാണപ്പാട്ട വ്യവസ്ഥയിലായിരുന്നു. പാട്ടക്കാരൻ ഭൂവുടമക്ക് ഭൂമിയുടെ യഥാർത്ഥവിലയേക്കാളും കുറവുള്ള തുക പണയത്തുകയായി ആദ്യം നൽകണമായിരുന്നു. ആണ്ടുതോറും പലിശകുറച്ചുള്ള പാട്ടവും, ഭൂവുടമക്ക് അവകാശപ്പെട്ടതായിരുന്നു. പാട്ടക്കാരനെ കാണക്കാരൻ എന്നു വിളിച്ചു വന്നു. കാണക്കാരന് ഉത്പാദനത്തിന്റെ ഒരു ഭാഗം മുൻ‌കൂർ കൊടുത്ത തുകയുടെ പലിശയായും, മറ്റൊരു ഭാഗം നിലം സംരക്ഷിക്കുന്നതിന്റെ കൂലി എന്ന നിലയിലും സ്വന്തമാക്കാമായിരുന്നു. കാണക്കാരൻ മിക്കവാറും ഒരു ഇടനിലക്കാരൻ മാത്രമായിരുന്നു. കാണക്കാരനും, ജന്മിക്കും ഉള്ള പങ്കിന്റെ ബാക്കി മാത്രമായിരുന്നു യഥാർത്ഥ കർഷകന് ലഭിച്ചിരുന്നത്.പൂർണ്ണ അവകാശമുള്ള വസ്തുക്കൾക്കാണ്‌ കാണം എന്നു പറഞ്ഞിരുന്നത്‌. കാണം എന്ന വാക്കിന്‌ നികുതി എന്നാണ്‌ പൊതുവായ അർത്ഥം. പണയപ്പാട്ടം എന്നതു കൂടാതെ രൊക്കം പണം എന്ന അർത്ഥത്തിലും പ്രയോഗിക്കാറുണ്ട്‌. കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല്‌ പ്രസിദ്ധമാണ്‌. ഇവിടെ തറവാട്ടു വസ്തു എന്നണർത്ഥം.കാണമുള്ളവൻ ധനവാൻ എന്ന് ഗുണ്ടർട്ടെഴുതി. പ്രാണങ്ങൾ നൽകുവൻ കാണങ്ങൾ പിന്നെയോ? എന്ന് കൃഷ്ണഗാഥയിൽ കാണാം.

പാട്ടവസ്തു അല്ല സ്ഥിരാവകാശമുള്ള വസ്തു എന്നാണിവിടെ അർത്ഥം. കാണുക എന്നതിൽ നിന്നാണ്‌ കാണം ഉണ്ടായതെന്നു ഗുണ്ടർട്ട്‌. കാണുക എന്നാൽ ഉണ്ടാക്കുക എന്നർഥം. കാണുതൽ= ഉണ്ടാക്കുതൽ. നിന്റെ അപ്പൻ കണ്ട വസ്തുക്കൾ നീയായിട്ടു കളയരുത്‌ എന്നിങ്ങനെ പറയാറുണ്ട്‌, കാണം വസ്തു എന്നു പറഞ്ഞാൽ പൂർവ്വികസ്വത്ത്‌. പൂർവ്വിക സ്വത്തിനുടമ എന്ന അർത്ഥത്തിൽ കാണപ്പുലയൻ എന്നും പറഞ്ഞിരുന്നു.ആധാരം അഥവാ പ്രമാണം എഴുതുമ്പോൾ അതിൽ വസ്‌തുവിന്റെ അവസ്ഥ പ്രതിപാദിക്കുന്നത്‌ ഇപ്രകാരമാണ്‌ – നീർകാണം, ഒപ്പുകാണം, കുഴിക്കാണം, നടുക്കാണം, ഒറ്റിക്കാണം, കുറ്റിക്കാണം. മലബാറിലെ രാജാക്കന്മാരുടെ പ്രധാന കാണവരുമാന ഇനങ്ങൾ ഇവയൊക്കെ ആണ് :അങ്കം, ചുങ്കം, പിഴ, കോഴ, തപ്പ്‌, പുരുഷാന്തരം, പുലയാട്ടു പെണ്ണുകാഴ്‌ച, ദത്തുകാഴ്‌ച, പൊന്നരിപ്പ്‌, അറ്റാലടക്കം, അടിമപ്പണം, തലപ്പണം, വലപ്പണം, ചങ്ങാത്തം, രക്ഷാഭോഗം എന്നിവയായിരുന്നു. ‌കണ്ണൂരിലെ അറക്കൽ ബീബി തന്റെ ഗുദാമുകളിൽ വളർത്തിയിരുന്ന പൂച്ചകൾക്ക്‌ തീറ്റി കൊടുക്കാനായി പൂച്ചക്കാണം എന്ന പ്രത്യേക നികുതി ഏർപ്പെടുത്തിയിരുന്നുവത്രേ. ഇന്ന്‌ സേവന നികുതി ഈടാക്കുന്നതുപോലെ അക്കാലത്ത്‌ വേശ്യാവൃത്തിക്കും നികുതി ഏർപ്പെടുത്തിയതായി കാണാം.

കാണത്തിന്‌ ഭൂമി വാങ്ങുമ്പോൾ ചെയ്യുന്ന കൈമാറ്റ ആധാരങ്ങളിൽ, അവകാശികളും, ബന്ധുക്കളും അയൽപക്കക്കാരനും, രാജപ്രതിനിധിയും,കൈയെഴുത്തുകാരനും സാക്ഷികളായി ഒപ്പിടണമെന്നുവന്നു. അതോടെ കാണം എഴുതുന്നവന്‌ കൊടുക്കുന്ന പണം തൂശിക്കാണവും, ഒപ്പിടുന്നവർക്ക്‌ കൊടുക്കുന്ന പണം ഒപ്പുകാണവുമായി. മലബാറിൽ സ്‌ത്രീയുടെ കല്യാണസമയത്ത്‌ മുറച്ചെറുക്കന്‌ നൽകുന്ന നഷ്‌ടപരിഹാരത്തെ കാണപ്പണം എന്നാണ്‌ പറയുന്നത്‌. ഇത്‌ കല്യാണപ്പന്തലിൽവെച്ചാണ്‌ നൽകുന്നത്‌. കാണത്തിന്‌ നിയമസംബന്ധമായ അർത്ഥം റൊക്കം പണം എന്നത്‌ ഇവിടെ അന്വർഥമാകുന്നതായി കാണാം.

“കാണം വിറ്റും ഓണം ഉണ്ണണം” എന്ന ചൊല്ലിന്‌ മലബാർ മേഖലയിലെ അർത്ഥം, പാട്ടത്തിനെടുത്ത സ്ഥലമായാലും ഓണം ആഘോഷിക്കുവാൻ അത്‌ കൈമാറുന്നതിൽ തെറ്റില്ല എന്നാണ്‌. ഓണമെന്നതിന്‌ ശബ്ദതാരാവലിയിൽ മുതിര എന്നും ചക്കിൽകൊള്ളുന്ന അളവെന്നുമൊക്കെ അർത്ഥം നൽകിയിട്ടുണ്ട്‌. കാണം വിറ്റിട്ടായാലും ഓണമുണ്ണണമെന്നാണ്‌ തിരുവിതാംകൂറിലെ പ്രമാണം.

ഭൂമിയുടെ ഗുണം നോക്കിയാണ്‌ കാണം നിശ്ചയിക്കുക. ഇതിൽ പണത്തിന്റെ പലിശ കഴിച്ചുള്ള തുകയായ മിച്ചവാരം അഥവാ പുറപ്പാട് ജന്മിക്ക് നൽകണം. ജന്മിയുടെ കൈയിലെ ജന്മം ഭൂമി കാണക്കാരൻ കൈയേന്തിക്കഴിയുമ്പോൾ കാണം ഭൂമിയാകുന്നു. സർക്കാർ രജിസ്റ്ററിലും നിലം കാണഭൂമിയായി പതിച്ചുവന്നു. പട്ടയവും കാണക്കാരനായിരുന്നു.

ആധാരത്തിൽ വ്യക്തമായി പറഞ്ഞിട്ടിലെങ്കിൽ 12 വർഷത്തേക്കാണ്‌ കാലാവധി. ആദ്യകാലത്ത് 12 വർഷത്തേക്കായിരുന്നു കാണം നൽകിയിരുന്നതെങ്കിലും പിന്നീട് 24, 36 ,48 വർഷങ്ങളായിത്തീർന്നു. കാലക്രമേണം ഇത് സ്ഥിരമായി ഒരു കാണക്കാരന്റെ കൈയിലായിത്തീരുകയും ചെയ്തുവന്നു.
എങ്കിലും 12 വർഷത്തിനു ശേഷം വീണ്ടും ഒരു നിശ്ചിത തുക വാങ്ങിക്കൊണ്ട് കാണപ്പാട്ടം പൊളിച്ചെഴുതാനുള്ള സ്വാതന്ത്ര്യം ജന്മിക്കുണ്ടായിരുന്നു. കാലാവധി കഴിഞ്ഞതിനുശേഷം കാണക്കാരുടെ തന്നെ കുടുംബാംഗങ്ങത്തിനു തന്നെ വീൺറ്റും ഭൂമി എഴുതിക്കൊടുക്കുമായിരുന്നു. പലകുടങ്ങളും പരമ്പരാഗതമായിത്തന്നെ കാണം ഭൂമികൾ കൈവശം വച്ചു. കാണാധാരം പൊളിച്ചെഴുതുമ്പോൾ ജന്മിയുടെ അവകാശങ്ങൾ കാണക്കാരൻ സംരക്ഷിക്കേണ്ടതുണ്ടായിരുന്നു. കാണക്കാരന് പാട്ടഭൂമി പണയം വെക്കുവാനും വിൽക്കാൻ തന്നെയും ജന്മിയുടെ സമ്മതത്തോടെ കഴിയുമായിരുന്നു. കാണം വിറ്റും ഓണം കൊള്ളണം എന്ന പഴഞ്ചൊല്ലിന്റെ ഉത്ഭവം അതാണ്‌. കൃഷിസംബന്ധമായും നിബന്ധനകൾ ഒന്നുമുണ്ടായിരുന്നില്ല.

പലകുടുംബങ്ങളും കാണംഭൂമിയെ പരമ്പരാഗതമായി തന്നെ കൈവശം വച്ചു പോന്നു. കാലം ചെല്ലും തോറും കാണപ്പാട്ടക്കാരന്റെ കുടുംബവും കുടുംബക്ഷേത്രവും കാണംഭൂമിയിലായി. കാണക്കാരന്റെ കുടുംബപ്പേരുതന്നെ കാണംഭൂമിയുടെ പേരിലായി.

Leave a Reply
You May Also Like

അടുക്കളയിൽ ഉപയോഗിക്കുന്ന ഗ്യാസ് ലൈറ്ററിൽ എങ്ങനെയാണ് തീപ്പൊരി ഉണ്ടാക്കുന്നത്..?

1880 ല്‍ കണ്ടെത്തിയ ഒരു പ്രതിഭാസമാണ് ഈ ലൈറ്ററുകളുടെ പുറകില്‍ പ്രവര്‍ത്തിക്കുന്നത്. ‘പീസോ ഇലക്ട്രിക്ക് പ്രഭാവം’ എന്ന പ്രതിഭാസമായിരുന്നു ഇത്.ചിലതരം പദാര്‍ത്ഥങ്ങളില്‍ മര്‍ദ്ദം പ്രയോഗിക്കുമ്പോള്‍ വൈദ്യുതിയുണ്ടാകുന്ന പ്രതിഭാസമാണിത്.

തീവണ്ടികളിൽ പുതപ്പ് (ബ്ലാങ്കറ്റ്) ഉൾപ്പടെയുള്ള സംവിധാനം നിർത്താലാക്കാൻ ഇൻഡ്യൻ റെയിൽവേ ഉദ്ദേശിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ എന്തെല്ലാം ?

തീവണ്ടികളിൽ പുതച്ചുറങ്ങാൻ നൽകുന്ന പുതപ്പ് (ബ്ലാങ്കറ്റ്) ഉൾപ്പടെയുള്ള സംവിധാനം നിർത്താലാക്കാൻ ഇൻഡ്യൻ റെയിൽവേ ഉദ്ദേശിക്കുന്നതിന്റെ പ്രധാന…

ഈ കടന്നൽ ഇനത്തിന്റെ പേരിൽ ഒരു വാഹനം ഉള്ളതായി അറിയാമോ ?

ഇവർ കർഷക മിത്രം കൂടിയാണ്. നൂറുകണക്കിന് ഉപദ്രവകാരികളായ, കൃഷിനശിപ്പിക്കുന്ന ശല്യക്കാരായ പുഴുക്കളെ, ലർവയ്ക്ക്‌ തീറ്റക്കായി എടുത്തുകൊണ്ടുപോയി സഹായിക്കുന്നതുകൂടാതെ നല്ല പരാഗണ സഹായികളും കൂടിയാണ് ഇവ

ഇസ്രായേൽ- ജൂതമാരുടെ രാജ്യം- ഒരു പാതി സുന്ദരി

ഇസ്രായേൽ- ജൂതമാരുടെ രാജ്യം- ഒരു പാതി സുന്ദരി എഴുതിയത് : ഡോക്ടർ ജിമ്മി മാത്യു (ഫേസ്ബുക്കിൽ…