വിഷ്ണു വിജയൻ (Vishnu Vijayan)എഴുതുന്നു

കങ്കണയും സായിപല്ലവിയും കയ്യടി അർഹിക്കുന്നു

തെന്നിന്ത്യൻ സിനിമാ താരം സായ് പല്ലവി തനിക്ക് ലഭിച്ച പ്രശസ്ത ഫെയര്‍നെസ്സ് ക്രീം ബ്രാന്‍ഡിന്‍റെ പരസ്യ ഓഫർ നിഷേധിച്ചതായി ഒരു വാർത്ത കണ്ടു. രണ്ടു കോടി രൂപയോളം കമ്പനി ഓഫര്‍ ചെയ്‌ത പരസ്യം സായ് പല്ലവി സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

Vishnu Vijayan

ഹിറ്റ് സിനിമകളുടെ ഭാഗമായ താരം അപൂര്‍വ്വമായി മാത്രമാണ് മേക്കപ്പ് ഉപയോഗിക്കാറുള്ളതെന്നും, അതേ കാരണമാണ്‌ പരസ്യം നിഷേധിച്ചതിന് പിന്നിലെന്നും പറയപ്പെടുന്നു.

ഏതാനും വർഷം മുമ്പ് സമാനമായ മറ്റൊരു വാർത്ത വന്നത് ബോളിവുഡ് താരം കങ്കണ റണാവത്തിനെ കുറിച്ചാണ്, തനിക്ക് വന്ന രണ്ടു കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത ഫെയർനെസ് ക്രീമിൻ്റെ പരസ്യം കങ്കണ റണാവത്ത് നിരസിച്ചത് ആയിരുന്നു അത്. ഫെയർനെസ് ക്രീമിൻ്റെ പരസ്യത്തിൽ അഭിനയിക്കാൻ കഴിയില്ല എന്നും അത്തരം ബ്രാന്ഡുകളെ പ്രോത്സാഹിപ്പിക്കാൻ ആകില്ലെന്നും ഓഫർ നിരസിക്കുന്നതിൽ ഖേദമില്ല എന്നുമാണ് കങ്കണ അന്ന് പറഞ്ഞത്.

സിനിമയിൽ സാധാരണയായി കണ്ടു വരുന്ന മറ്റൊരു പ്രവണത കറുത്ത ഉടലുകളുടെ കഥ പറയാൻ വെളുത്ത ശരീരങ്ങളിൽ കറുത്ത ചായം പൂശി അവതരിപ്പിക്കുന്നത്.

മലയാളത്തിൽ സെല്ലുലോയ്ഡ് ഒക്കെ അതിന്റെ ഉത്തമ ഉദാഹരണമാണ്. ഇത്തരം പ്രവണതകൾ വഴി സിനിമയെ കൂടുതൽ വാരേണ്യ കലാരൂപമായി നിലനിർത്തി പോകാൻ സാധിക്കുന്നു എന്നതാണ്,

മറുവശത്ത് കീഴാള ശരീരങ്ങൾ ഇൻഡസ്ട്രിയിൽ മുഖ്യധാരയിൽ നിന്ന് കൃത്യമായി മാറ്റി നിർത്തപ്പെടുകയും, ചെറിയ വേഷങ്ങളിൽ ഒതുക്കപ്പെടുകയും ചെയ്യും.

സ്ക്രീനിൻ്റെ പുറത്ത് തെരുവിൽ പോലും ശരീരത്തിൽ കറുത്ത നിറം തേച്ചുപിടിപ്പിച്ച് നടത്തിയ പ്രഹസനങ്ങൾ നമ്മൾ പലപ്പോഴും കണ്ടിട്ടുള്ളതാണ്.

ശരീരത്തിൽ കറുപ്പു നിറം തേച്ച് കറുത്ത ശരീരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടക്കുന്നത് തന്നെ ഒരുതരം സാഡിസ്റ്റു മനോഭാവമാണ്, അഥവാ കറുത്ത ചായം പൂശി നടന്നാൽ അത്തരം വേഷപ്രച്ഛന്നം കേവലം കൗതുകം എന്നതിനപ്പുറം സമൂഹത്തിൽ യാതൊരു പ്രയോചനവും ചെയ്യുന്നില്ല, ഇതുവഴി കറുത്ത ഉടലുകൾ നേരിടുന്ന സാമൂഹിക വെല്ലുവിളികളിൽ കൂടി കടന്നു പോകും എന്നൊക്കെ കരുതുന്നു എങ്കിൽ വിവരക്കേടാണ്, മറ്റൊരു തരത്തിൽ ക്രൂരത കൂടിയാണത്.

ഫെയർനെസ് ക്രീമിൻ്റെ കാര്യത്തിൽ സായ് പല്ലവിയും, കങ്കണ റണാവതും അല്ലെങ്കിൽ മറ്റൊരാൾ ആ പരസ്യം ചെയ്യും, ഒരുപക്ഷെ ഇതിൽ കൂടുതൽ തുകയുടെ കരാറിൽ തന്നെ ചെയ്യും, ഫെയർനെസ് ക്രീമുകളും, അതുവഴി ഗ്ലോറിഫൈ ചെയ്യുന്ന സൗന്ദര്യ സങ്കൽപ്പവും മനുഷ്യന് അതിനോടുള്ള അടങ്ങാത്ത ആസക്തിയും, ഇനിയുള്ള കാലവും ഇവിടെ തുടരുക തന്നെ ചെയ്യും.

അതേസമയം അങ്ങനെ ഒരു പ്രോഡക്റ്റിൻ്റെ മാർക്കറ്റിംഗിൻ്റെ ഭാഗമാകില്ല എന്ന് തുറന്നു പറയുന്നത് പ്രോത്സാഹിപ്പിക്കേണ്ട കാര്യം തന്നെയാണ്….

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.