ബോളിവുഡിലെ ക്വീൻ എന്നറിയപ്പെടുന്ന കങ്കണ റണാവത്ത്, സിനിമാ മേഖലയിലെ ഒരു ദമ്പതികൾ തനിക്കെതിരെ ചാരവൃത്തി നടത്തുകയാണെന്ന് ഞായറാഴ്ച അവകാശപ്പെട്ടു. ഇപ്പോഴിതാ വീണ്ടും സോഷ്യൽ മീഡിയയിൽ വന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യം എഴുതിയിരിക്കുന്നു. തനിക്കെതിരായ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ വീട്ടിൽ കയറി തല്ലുമെന്ന് കങ്കണ റാണോട്ട് ഇൻഡസ്ട്രിയിലെ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ തന്നെയാണ് വീണ്ടും പ്രതികരണം. ‘എന്നെക്കുറിച്ച് സങ്കടപ്പെടുന്നവർ അറിയാൻ, കഴിഞ്ഞ ദിവസം രാത്രിതൊട്ട് എന്നെ ചുറ്റിപ്പറ്റിയുള്ള ദുരൂഹമായ പ്രവർത്തനങ്ങളെല്ലാം നിന്നിട്ടുണ്ട്. കാമറയുമായും അല്ലാതെയും ആരും എന്നെ പിന്തുടരുന്നില്ല.’-കങ്കണ പറഞ്ഞു. പറഞ്ഞത് മനസിലാകാത്തവരെ മനസിലാക്കാൻ മറ്റു വഴികൾ വേണ്ടിവരുമെന്നും അവർ സൂചിപ്പിച്ചു. ‘ഏതെങ്കിലും ഗ്രാമത്തിൽനിന്ന് വരുന്നയാളെയല്ല നിങ്ങൾ നേരിടുന്നത്. നന്നായിട്ടില്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ കയറി തല്ലുമെന്ന് മുന്നറിയിപ്പ് തരികയാണ്. എന്നെ ഭ്രാന്തിയെന്ന് കരുതുന്നവരോട്: ഞാൻ ഭ്രാന്തി തന്നെയാണെന്നു മാത്രമേ നിങ്ങൾക്ക് അറിയൂ, എമ്മാതിരി ഭ്രാന്തിയാണെന്ന് നിങ്ങൾക്ക് അറിയില്ല.’-കങ്കണ കൂട്ടിച്ചേർത്തു.
35 കാരിയായ കങ്കണ തിങ്കളാഴ്ച തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു, ‘‘ഞാൻ പോകുന്നിടത്തെല്ലാം എന്നെ പിന്തുടരുകയും ചാരവൃത്തി നടത്തുകയും ചെയ്യുന്നു. തെരുവുകളിൽ മാത്രമല്ല, എന്റെ കെട്ടിട പാർക്കിങ്ങിലും വീടിന്റെ ടെറസിൽ പോലും അവർ എന്റെ ചിത്രം പകർത്താൻ സൂം ലെൻസുകൾ വച്ചിട്ടുണ്ട്. ഇപ്പോൾ പാപ്പരാസികൾ വരെ വലിയ വാർത്തകൾ ഉണ്ടെങ്കിൽ മാത്രമാണ് താരങ്ങളെ സന്ദർശിക്കാനെത്താറുള്ളതെന്ന് എല്ലാവർക്കും അറിയാം. അഭിനേതാക്കൾക്ക് ഫോട്ടോ എടുത്തുകൊടുക്കാൻ പണം ഈടാക്കുക പോലും തുടങ്ങിയിട്ടുണ്ട്. എന്റെ ടീമോ ഞാനോ അവർക്ക് പണം നൽകുന്നില്ല. പിന്നെ ആരാണ് ഇവർക്ക് പണം നൽകുന്നത്?രാവിലെ 6:30 ന് എന്റെ ചിത്രം എടുക്കുന്നുണ്ട്. അവർക്ക് എങ്ങനെയാണ് എന്റെ ഷെഡ്യൂൾ ലഭിക്കുന്നത്? ഈ ചിത്രങ്ങൾ കൊണ്ട് അവർ എന്താണ് ചെയ്യുന്നത്?
ഇപ്പോൾ ഞാൻ അതിരാവിലത്തെ കൊറിയോഗ്രഫി പ്രാക്ടീസ് സെക്‌ഷൻ പൂർത്തിയാക്കിയിരിക്കുകയാണ്. സ്റ്റുഡിയോയിലേക്ക് വരാൻ ആർക്കും സൂചന നൽകിയിരുന്നില്ല. എന്നിട്ടും ഞായറാഴ്ചയായിട്ടും നിരവധി പേരാണ് എത്തിയിരിക്കുന്നത്. എന്റെ വാട്ട്സാപ് വിവരങ്ങളും പ്രഫഷനൽ ഡീലുകളും വ്യക്തിജീവിത വിവരങ്ങൾ പോലും ചോർന്നതായി എനിക്ക് ഉറപ്പുണ്ട്. ഒരിക്കൽ ക്ഷണിക്കപ്പെടാതെ എന്റെ വീട്ടുവാതിൽക്കൽ വന്ന് എന്നെ (ശാരീരികബന്ധത്തിന്) നിർബന്ധിച്ച, സ്വജനപക്ഷപാത മാഫിയയുടെ കോമാളി വേഷം കെട്ടിയയാളാണ്. അറിയപ്പെട്ട സ്ത്രീലമ്പടനും കാസനോവയുമാണ്. ഇപ്പോൾ സ്വജനപക്ഷപാത മാഫിയയുടെ വൈസ് പ്രസിഡന്റുമാണ്.
നിർമാതാവാകാനും കൂടുതൽ സ്ത്രീ കേന്ദ്രീകൃത സിനിമകൾ ചെയ്യാനും എന്നെപ്പോലെ വസ്ത്രം ധരിക്കാനും എന്നെപ്പോലെ വീടിന്റെ ഇന്റീരിയർ ചെയ്യാനും വരെ അയാൾ ഇപ്പോൾ ഭാര്യയെ നിർബന്ധിക്കുകയാണ്. എന്റെ സ്വന്തം സ്‌റ്റൈലിസ്റ്റുകളെ വിലക്കെടുത്തിരിക്കുക പോലും ചെയ്തിരിക്കുകയാണ്. വർഷങ്ങളായി എന്റെ സ്‌റ്റൈലിസ്റ്റായിരുന്നവർ ഇപ്പോൾ എനിക്കൊപ്പം ജോലി ചെയ്യാൻ വിസമ്മതിക്കുന്നു. ഈ ശല്യപ്പെടുത്തുന്ന സ്വഭാവത്തെ ഭാര്യ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മുൻപ് എന്റെ സഹോദരന്റെ വിവാഹ സൽക്കാരത്തിന് ഞാൻ ഉടുത്തിരുന്ന അതേ സാരി അവളുടെ വിവാഹത്തിനു പോലും അവൾ ധരിച്ചിരുന്നു, ഇത് വിചിത്രമാണ്. ഒരു ദശാബ്ദത്തിലേറെയായി എനിക്ക് അറിയുന്ന സിനിമാ വസ്ത്രാലങ്കാരം ചെയ്യുന്ന ഒരു സുഹൃത്ത് (ഉറ്റ സുഹൃത്ത്) അടുത്തിടെ എന്നോട് മോശമായി പെരുമാറി. യാദൃച്ഛികമെന്നോണം അവൻ ഇപ്പോൾ ഇതേ ദമ്പതികൾക്കൊപ്പമാണ് ജോലി ചെയ്യുന്നത്. എനിക്ക് ഫണ്ട് നൽകുന്നവരോ ബിസിനസ് പങ്കാളികളോ ഒരു കാരണവുമില്ലാതെ അവസാന നിമിഷം ഡീലുകൾ ഉപേക്ഷിക്കുന്നു.
എന്നെ ഒറ്റപ്പെടുത്താനും മാനസിക പിരിമുറുക്കത്തിൽ അകപ്പെടുത്താനുമാണ് അയാളുടെ ശ്രമം. അതേസമയം, താമസിക്കുന്ന ഫ്ലാറ്റിൽത്തന്നെ അവളെ മറ്റൊരു നിലയിലേക്ക് മാറ്റിയിരിക്കുകയാണ് അയാൾ. ഒരേ കെട്ടിടത്തിൽ വേർപിരിഞ്ഞാണ് അവർ കഴിയുന്നത്. ഇത് അംഗീകരിക്കരുതെന്നും അവനുമേൽ ഒരു കണ്ണു വേണമെന്നുമാണ് അവളോട് എനിക്ക് നിർദേശിക്കാനുള്ളത്. ഈ വിവരങ്ങളെല്ലാം എങ്ങനെയാണ് അയാൾക്ക് കിട്ടുന്നത്? എന്തുപണിയാണ് അയാൾ ചെയ്യുന്നത്? അയാൾക്ക് എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ അത് അവളെയും അവരുടെ കുഞ്ഞിനെയുമെല്ലാം ബാധിക്കും. നിയമവിരുദ്ധമായ ഒന്നിലും ഏർപ്പെടുന്നില്ലെന്ന് അവൾ ഉറപ്പാക്കണം. പ്രിയപ്പെട്ടവൾക്കും നിന്റെ കുഞ്ഞിനും നിറയെ സ്‌നേഹം.’’–കങ്കണ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
പോസ്റ്റ് വൈറലായതോടെ കങ്കണയുടെ പോസ്റ്റിൽ പറഞ്ഞ താരദമ്പതികൾ ആരെന്ന അന്വേഷണത്തിലായി സോഷ്യൽ മീഡിയ. രൺബീർ കപൂറും ആലിയ ഭട്ടും ആണിതെന്നാണ് പുറത്തുവരുന്ന സൂചന. ഇരുവർക്കുമെതിരെ കങ്കണ മുമ്പ് നടത്തിയിട്ടുള്ള പ്രസ്താവനകളും ചേർത്തുവായിച്ചാണ് അവർ ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്.
ഡെൽഹിയിലുള്ള അസ്മിത നാടക സംഘത്തിലെ നാടകങ്ങളിലൂടെയാണ് കങ്കണ കലാജീവിതം ആരംഭിക്കുന്നത്. കങ്കണയുടെ ആദ്യ ഹിന്ദി ചലച്ചിത്രം പ്രശസ്ത ബോളിവുഡ് സംവിധായകനായ മഹേഷ് ബട്ട് സംവിധാനം ചെയ്ത ഗാംഗ്സ്റ്റർ ആയിരുന്നു. 2006-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. കങ്കണയുടെ ഈ ചിത്രത്തിലെ അഭിനയം വളരെയേറെ ശ്രദ്ധിക്കപ്പെടുകയും ഈ ചിത്രം നല്ല രീതിയിൽ വിജയം കൈവരിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ കങ്കണയ്ക്ക് മോശം സമയമാണ്. ഒന്നിനുപിറകെ മറ്റൊന്നായി ചിത്രങ്ങൾ പരാജയപ്പെടുകയാണ് .