കനയ്യയെ ആദ്യം ശ്രദ്ധിച്ച രാത്രി

613

പ്രശാന്ത് ആലപ്പുഴയുടെ (Prasanth Alappuzha )യുടെ പോസ്റ്റ് 

ദ ഹിന്ദു സീനിയർ അസിസ്റ്റൻറ് എഡിറ്റർ
കെ സുധി എഴുതുന്നു

കനയ്യയെ ആദ്യം ശ്രദ്ധിച്ച രാത്രി…

കനയ്യ കുമാർ ആദ്യമായി പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ, ആദ്യമായി അയാൾ പ്രസംഗിക്കുന്നത് കേട്ട് ദിവസവും, അന്നെഴുതിയ പോസ്റ്റും ഓർമ്മ വന്നു.

ആ പോസ്റ്റ് ഇതാ:

നിശാവസ്ത്രം പോലെ ലജ്ജ ഊർന്നു പോയ രാത്രി !
**

ലജ്ജ കൂടാതെ ഞാൻ അത് സമ്മതിക്കാം.

ഞാൻ ഒരു പ്രസംഗം കേട്ട് വിസ്മയസ്തംബ്ധനായി കയ്യടിച്ചു ആർത്തു വിളിച്ചുപോയി.

രാഷ്ട്രീയവും പൊതു പ്രവർത്തനവും ശ്രദ്ധിക്കാൻ തുടങ്ങിയ കാലം മുതൽ ഒട്ടേറെ പ്രസംഗങ്ങൾ കേട്ടിട്ടുണ്ട്.

ഇ എം എസ്സും എംവിയാറും കരുണാകരനും രാമകൃഷ്ണ ഹെഗ്ദെയും വാജ്പേയും മോഡിയും സുഷമാ സ്വരാജും മോഹൻ ഭാഗവതും തുടങ്ങി ഒട്ടനവധി നേതാക്കൾ നടത്തിയിട്ടുള്ള രാഷ്ട്രീയ പ്രഭാഷണങ്ങൾ നേരിട്ടും റ്റിവിയിലുമായി കേട്ടിരുന്നിട്ടുണ്ട്.

ഇന്നും എന്റെ പ്രിയപ്പെട്ട ചാനൽ ലോക്സഭാ റ്റിവിയാണ്.

സഭ കൂടുന്ന കാലത്ത് കഴിയുന്നത്ര പ്രസംഗങ്ങൾ കേൾക്കാനും ശ്രദ്ധിക്കും.

പത്രപ്രവർത്തനം തൊഴിലായി മാറിയ കഴിഞ്ഞ 23 കൊല്ലം ഒട്ടുവളരെ പ്രസംഗങ്ങൾ മൂന്നു ദിനപ്പത്രങ്ങൾക്കായി റിപ്പോർട്ടു ചെയ്തിട്ടുമുണ്ട്.

ഒരു രാഷ്ട്രീയ പാർട്ടിയുടെയും അണിയാവാൻ ഈഗോ അനുവദിക്കാത്തതിനാൽ അണിയായി നിന്നിട്ടുമില്ല.

പത്രപ്രവർത്തനം തരുന്ന സവിശേഷ അഹങ്കാരത്താൽ മിക്ക നേതാക്കളെയും പേരെടുത്തു മാത്രം വിളിക്കാൻ എന്നും ശ്രദ്ധിച്ചു പോന്നിട്ടുമുണ്ട്.

നാളിത്രയും ആയിട്ടും നാനാവിധം പ്രഭാഷണങ്ങൾ കേട്ടിട്ടും
ഒരു നേതാവിന്റെയും പ്രസംഗത്തിന് കയ്യടിച്ചിട്ടുമില്ല.

പക്ഷെ വ്യാഴാഴ്ച രാത്രി എല്ലാം ഒരു ചെറുപ്പകാരൻ കീഴ്മേൽ മറിച്ചുകളഞ്ഞു.

കാലം എന്നിൽ ഏൽപ്പിച്ച വൈകാരിക ആഘാതം മൂലമോ, എന്നിലെ രാഷ്ട്രീയം ഇഷ്ടപ്പെടുന്ന കാല്പനികനെ കൊതിപ്പിച്ചതിനാലാണോ എന്നറിയില്ല, ആ രാത്രിയിൽ എന്നിലെ രാഷ്ട്രീയ മനുഷ്യൻ വികാരഭരിതമായി പെരുമാറി.

എന്തിനെയും വാർത്ത എന്ന പ്രൊഫഷനൽ സമീപനത്തോടെ സമീപിക്കാൻ ഉണ്ടായിരുന്ന ജാഗ്രത സന്തോഷതോടെ തകിടം മറിയുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.

രാത്രി വൈകിക്കഴിഞ്ഞിരുന്നു. നേരം പുലരിയോടു അടുക്കുന്നുമുണ്ടായിരുന്നു.

എന്റെ വീട്ടിലെ ഓഫീസ് മുറിയിൽ ഒറ്റക്കിരുന്നു ഞാൻ അയാളുടെ വാക്കുകൾക്ക് ആർത്തു വിളിച്ചു.

അപ്പോൾ എന്റെ കുഞ്ഞുങ്ങൾ താഴത്തെ നിലയിലെ മുറിയിൽ ശാന്തരായി ഉറങ്ങുന്നുമുണ്ടായിരുന്നു.

അപ്പോൾ അയാൾ ആകാശ മേലാപ്പിൻ കീഴിൽ ഉണർന്നിരുന്നു വാക്കുകൾ കൊണ്ട് മനസ്സുകളെ തീപിടിപ്പിക്കുകയായിരുന്നു.

അതുകേട്ട് ഞാൻ അയാളെ
മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്തു.

അയാളുടെ പ്രഭാഷണത്തിലെ തമാശകളും മുനകൂർപ്പിച്ച പ്രയോഗങ്ങളും കേട്ട് ലജ്ജ കൂടാതെ കൈകൊട്ടി ചിരിച്ചു.

എന്നിലെ വൈകാരിക കാല്പനിക സഞ്ചാരി ആ വികാരത്തിരമാലകളിൽ ആടിയുലഞ്ഞു ഉയർന്നു താണ് പതിച്ചും സമുദ്ര സഞ്ചാരം നടത്തി.

എന്നിൽ നിന്ന് ലജ്ജ രാത്രി വസ്ത്രം പോലെ ഊർന്നു വീണു.

ഒരു പ്രതീക്ഷയുടെ കൊടി ആ രാത്രി തന്നെ ഞാൻ വലിച്ചുയർത്തി.

നേരം അപ്പോഴേക്കും പുലർന്നിരുന്നു.

ഒരു മാദക മദ്യത്തിനും പകരാനാകാത്ത ലഹരി ആ രാഷ്ട്രീയ പ്രസംഗം എന്റെ സിരകളിലേക്ക്, ബോധത്തിലേക്ക്‌ കടത്തി വിട്ടു.

അത് വിളിച്ചു പങ്കിടാൻ അധികം പേരൊന്നും ആ നേരത്ത് ഉണർന്നിരിപ്പുണ്ടാവില്ല എന്ന ഓർമ്മ എന്നെ ഖിന്നനാക്കി.

ആ ലഹരിത്തിര എന്റെ ഉള്ളിലെ അകാൽപ്പനിക നഗര ജീവിയുടെ അവസാന അഭയ കൂടാരത്തെയും അടിച്ചു തെറിപ്പിച്ചു.

നിർലജ്ജം, സസന്തോഷം, സാഭിമാനം ഞാൻ ആ തേരോട്ടത്തിന് വഴങ്ങിക്കൊടുത്തു.

ആഹ്ലാദത്തോടെ ഞാൻ അവന്റെ വാക്കുകളിൽ നിന്ന് ഊർജ്ജം കടംകൊണ്ടു.

അഗ്നിപർവ്വതത്തിൽ നിന്നു കുതിച്ചു വരുന്ന ലാവാ പ്രവാഹം പോലുള്ള പൊള്ളുന്ന വാക്കുകൾ കൊണ്ട് അയാൾ ഈ നഗരത്തിനു തീകൊളുത്തുമോ എന്ന് ഞാൻ പ്രതീക്ഷയോടെ വേവലാതിപ്പെടുന്നു.

ഒരു ചെറുനാളം പോലെ അണഞ്ഞു പോകുമോ എന്നു വേദനയോടെ ആശങ്കപ്പെടുന്നു.

എന്നിലെ ആശങ്കകളും പ്രതീക്ഷകളും അയാളുടെ തലമുറയുടെ കണ്ണിലെ തിളക്കത്തിലാണ്; വേദനയോടെ നമുക്കു നേരെ കണ്ണടച്ച രോഹിത്ത് വെമൂലയിലുമാണ്.

ഞങ്ങളുടെ തലമുറയെ, ലജ്ജ കൂടാതെ നിങ്ങളെ അഭിവാദ്യം ചെയ്യാൻ അനുവദിക്കുക.

നിങ്ങളുടെ തലമുറകളെ മുന്നോട്ടു കൊണ്ടു പോവുക.

അഭിവാദ്യങ്ങൾ രോഹിത്, സ്നേഹാഭിവാദ്യങ്ങൾ കനയ്യ.