ഗൃഹലക്ഷ്മിക്കെതിരെ കനി കുസൃതി, ‘എന്റെ രോമമുള്ള കൈയ്യും, നിറവുമെവിടെ’ ?

0
127

ഏറ്റവും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കിയ കനി കുസൃതിയാണ് ഗൃഹലക്ഷ്മി വാരികയുടെ ഈ ലക്കത്തെ കവര്‍ ചിത്രത്തിൽ . എന്നാൽ ഫോട്ടോയ്‌ക്കെതിരെ ഇടപെട്ട് കനി കുസൃതി തന്നെ രംഗത്തെത്തി. വെളുപ്പാണ് സൗന്ദര്യം എന്ന് ധരിച്ചുവച്ചിട്ടുള്ള ഒരു സമൂഹമാണ് നമ്മുടേത്. അപ്പോൾ പിന്നെ മാധ്യമങ്ങളുടെ കാര്യം പറയണോ ? കറുപ്പ് നിറം ഒരു കുറവെന്ന ധാരണ മൂലം പലരും ജീവിതത്തിൽ ഉൾവലിഞ്ഞു പോയിട്ടുണ്ട്. അത്തരം ധാരണകളെ കുത്തിവയ്ക്കുന്നു നമ്മുടെ മാധ്യമങ്ങളും. മാധ്യമങ്ങളിൽ ഫോട്ടോകൾ വെളുപ്പിച്ചു മെഴുകുപ്രതിമ പോലെ ആക്കുന്ന കുറെ എഡിറ്റർമാർ ഉണ്ട്. കറുപ്പ് നിറമുള്ള ചിലർ ഈ വെളുപ്പുവത്കരണത്തിൽ സുഖിച്ചിട്ടുണ്ടാകും എന്നാൽ നിലപാടുള്ളവരോട് അത് നടക്കണം എന്നില്ല. നിലപാടുകൾ ശ്രദ്ധേയയായ വ്യക്തിത്വമാണ് നടി കനിയുടേത് .

‘എന്റെ രോമമുള്ള കൈയ്യും, നിറവുമെവിടെ?’

കനി പറയുന്നു

“ഫോട്ടോഗ്രാഫറോടും സ്‌റ്റൈലിസ്റ്റിനോടും എന്റെ പോലെ തന്നെ ആയിരിക്കണം ഫോട്ടോയും എന്ന് പറഞ്ഞിരുന്നു. അവർ അത് സന്തോഷത്തോടെ സമ്മതിച്ചിരുന്നു. മാതൃഭൂമിയുടെ ആളോടും അക്കാര്യം സൂചിപ്പിച്ചിരുന്നു. കൈയ്യിലെ രോമം ഒന്നും കളയരുത്. ഞാന്‍ അത് ചെയ്യാറില്ലെന്നാണ് ഞാന്‍ പറഞ്ഞത്. ഇതൊരു ബ്രാന്‍ഡ് ഷൂട്ട് അല്ല, കൊമേഷ്യല്‍ ഷൂട്ടുകളാണെങ്കിലും ഞാന്‍ അത്തരം കാര്യങ്ങള്‍ പറയാറുണ്ട്. എന്നാല്‍ ഇത് എന്നെ തന്നെയാണ് റെപ്രസെന്റ് ചെയ്യുന്നത്. അതുകൊണ്ട് ഒരുപാട് തവണ ഞാന്‍ പറഞ്ഞിരുന്നു. എന്നിട്ടും അവര്‍ എന്റെ സ്‌കിന്‍ ടോണിന് മാറ്റം വരുത്തി. അതുകൊണ്ടാണ് ഞാന്‍ എന്റെ സോഷ്യല്‍ മീഡിയയില്‍ അങ്ങനെ എഴുതിയത്. കവര്‍ ചിത്രമാണ് ഞാനിങ്ങനെ മാറ്റം വരുത്തിയതായി കണ്ടത്. വാരിക എന്റെ കൈയില്‍ കിട്ടിയിട്ടില്ല. അകത്തെ ചിത്രങ്ങളും ഇതേ പോലെ എഡിറ്റ് ചെയ്തിട്ടുണ്ടോയെന്ന് അറിയില്ല.

“നമ്മുടെ മുഖത്ത് പാടുകളും, കണ്ണിനടിയില്‍ ഇരുണ്ട നിരവുമെല്ലാം ഉണ്ടാവും. ചെറിയ മെയ്ക്കപ്പെല്ലാം ഫോട്ടോഷൂട്ടിന് ആവശ്യമാണ്. എന്നാല്‍ ഞാന്‍ എന്ന വ്യക്തിയില്‍ നിന്ന് വളരെ വ്യത്യസ്തമായ ഒരു മുഖമാക്കി മാറ്റുന്നതിനോട് തനിക്ക് വിയോജിപ്പാണ്. ഞാന്‍ എപ്പോഴും വാക്‌സ് ചെയ്യുന്ന ഒരാളല്ല. കൈയ്യിലും കാലിലും മിക്കപ്പോഴും രോമം ഉണ്ടാവാറുണ്ട്. അത് അങ്ങിനെ തന്നെ ഇരുന്നോട്ടെ എന്നാണ് പറഞ്ഞത്. ഫോട്ടോഷൂട്ടിന് മുമ്പും, ഷൂട്ട് നടക്കുമ്പോഴും ആവര്‍ത്തിച്ച പറഞ്ഞിരുന്ന കാര്യമാണ്. സ്‌കിന്‍ ടോണ്‍ മാത്രമല്ല, മുഖം തന്നെ മാറ്റുന്ന രീതിയിലുള്ള എഡിറ്റിങ്ങാണ് പലരും ചെയ്യുന്നത്. മുഖത്തിന്റെ അത്തരം മാറ്റങ്ങള്‍ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളാണ്. അങ്ങനെ മുഖത്തിന് മാറ്റം വരുത്താന്‍ എനിക്ക്‌ നിലവില്‍ താത്പര്യമില്ല. ഇനി ഭാവിയില്‍ തോന്നുകയാണെങ്കില്‍ അപ്പോഴല്ലെ

“വെളുപ്പിച്ചുവെന്നല്ല പറഞ്ഞത്. സ്‌കിന്‍ ടോണ്‍ മാറ്റുകയാണ് ഉണ്ടായത്. പിന്നെ കണ്ണിനടിയിലെ കുഴിയും, കൈയ്യിലെ രോമവും മാറ്റി. അവര്‍ ആദ്യമെടുത്ത ഫോട്ടോയില്‍ ഇതെല്ലാം ഉണ്ടായിരുന്നു. അതെല്ലാം എവിടെ ? ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നുണ്ടെങ്കില്‍ ആദ്യമെ പറയണം. പ്രസിദ്ധീകരിച്ചതിന് ശേഷമാണ് കവര്‍ ചിത്രം കാണുന്നത്. കൈയ്യിലെ രോമം കളയരുതെന്ന് പറയുമ്പോള്‍ അതൊരു നിലപാടാണെന്ന് അവര്‍ക്ക് മനസിലാകുന്നില്ല. അതൊകൊണ്ടാണ് എല്ലാ ഫോട്ടോയും പോലെ തന്റെ ഫോട്ടോയും എഡിറ്റ് ചെയ്തത് “