ചിലവുകൾ മുഴുവൻ പ്രവാസികളുടെ തലയിൽ, പുഷ്‌പാഭിഷേകം നടത്തി ധൂർത്തിനു ഒരുകുറവുമില്ല

75

Kannan S Das

കേന്ദ്ര സർക്കാർ എടുക്കുന്ന ഭൂരിപക്ഷം നിലപാടുകളേയും വിമർശിക്കേണ്ടി വരുന്നത് വലിയ കഷ്ടമാണ് ! പ്രവാസികളുടെ തിരിച്ചുവരവിൽ ആദ്യം മുതലേ കേന്ദ്രസർക്കാർ ഒരു മെല്ലെപ്പോക്ക് നയവും , അതുപോലെ തന്നെ അനുഭാവപൂർവ്വമായ നടപടികൾ ആയിരുന്നില്ല എടുത്തിരുന്നത് .

എന്നാൽ കേരള സർക്കാർ ആകട്ടെ ആവുന്ന വിധത്തിൽ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയും , തിരിച്ചുവരുന്ന മലയാളികൾക്ക് വേണ്ടിയുള്ള സൗകര്യങ്ങളും അവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളും നടത്തുന്നതിൽ ബഹുദൂരം മുന്നോട്ട് പോയി. NORKA സംവിധാനങ്ങൾ ഒക്കെ ഇതിന്റെ ഭാഗമായി പ്രവാസികൾക്കുള്ള രെജിസ്ട്രേഷൻ നടത്തിക്കൊണ്ടിരിക്കുന്നു.

അങ്ങനെ സമ്മർദ്ദങ്ങൾക്കൊടുവിൽ പ്രവാസികളെ ഈ വ്യാഴാഴ്ച മുതൽ ഘട്ടം ഘട്ടം ആയി മടക്കി കൊണ്ട് വരുന്നതിനുള്ള നടപടികൾ കേന്ദ്രം തുടങ്ങി . ഈ ഉത്തരവിൽ ഒരുപാട് അവ്യക്തതകൾ നിലനിൽക്കുന്നു എന്നതാണ് സങ്കടകരം . അതിൽ ഏറ്റവും പ്രതിഷേധമുള്ളത് തിരിച്ചുവരുന്നതിനുള്ള യാത്രാ ചിലവ് പ്രവാസികൾ വഹിക്കണം എന്നതാണ്. ഇങ്ങനെ നമ്മുടെ കയ്യിൽ നിന്ന് യാത്രാക്കൂലി വാങ്ങിച്ചാണ്‌ കൊണ്ടുപോകുന്നത് എങ്കിൽ വ്യാഴാഴ്ച മുതൽ ഇന്ത്യയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നു എന്ന് പറഞ്ഞാൽ പോരെ ? പ്രവാസികളെ നാട്ടിൽ എത്തിക്കും എന്നുള്ള പറച്ചിൽ ഒഴിവാക്കണമല്ലോ !

650 dhs (ഏകദേശം 13,397 രൂപ) ആണ് എയർ ഇന്ത്യയുടെ ഓഫീസിൽ നിന്ന് ഇ യാത്രക്കായി ചാർജ് ചെയ്യുന്നത് . കഴിഞ്ഞ രണ്ട് മാസക്കാലത്തോളം ആയി ഭൂരിപക്ഷം വരുന്ന തൊഴിലാളികൾക്കും ജോലി നഷ്ടപ്പെട്ടോ , അല്ലങ്കിൽ ശമ്പളം ഇല്ലാതെയോ ഒക്കെ ആയി റൂമിൽ വളരെ ബുദ്ധിമുട്ടികഴിയുകയാണ് . ഇത്തരത്തിൽ കഴിയുന്ന ഇവരിൽ നിന്ന് ആണ് നടെത്തുന്നതിനു വേണ്ടി പണം ചിലവാക്കണം എന്ന് പറയുന്നത് . മനുഷ്യത്വ രഹിതമല്ലേ ഇത് എന്ന് സംശയമില്ലാതെ പറയാം. ഈ ബുദ്ധിമുട്ടിൽ കഴിയുന്ന ഇവർക്കിത് എത്രത്തോളം സമ്മർദ്ദത്തിനും , വിഷമത്തിനും കാരണം ആകും എന്ന് കേന്ദ്ര സർക്കാർ മനസ്സിലാക്കണം .

ഇനി ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ എത്തുന്ന പ്രവാസികൾ 14 ദിവസം ക്വാറന്റീനിൽ കഴിയണം. ആശുപത്രിയിലോ, പ്രത്യേകം ആയി സജ്ജീകരിക്കുന്ന സ്ഥലനങ്ങളിലോ ആണ് ക്വാറന്റീനിൽ കഴിയേണ്ടത്. ക്വാറന്റീനിൽ കഴിയുന്നതിന്റെ ചെലവ് പ്രവാസി വഹിക്കണം.14 ദിവസത്തിന് ശേഷം കോവിഡ് പരിശോധന നടത്തും. കോവിഡ് ഇല്ലെന്ന് തെളിഞ്ഞാൽ വീട്ടിലേക്ക് പോകാം. ഇവിടേയും ചിലവുകൾ പ്രവാസിയുടെ ചുമലിൽ തന്നെ.

അടിയന്തര ഘട്ടങ്ങളിൽ പൗരന്മാരെ സ്വദേശത്തേക്ക് തിരിച്ചുകൊണ്ടുവരേണ്ട ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണ്. ഇത് കൂടി ഓർമ്മിപ്പിക്കുന്നു 2018-ൽ ഇൻഡ്യയിലേക്ക് പ്രവാസികളയച്ചത് 79 ബില്യൺ ഡോളർ , അതിൽ തന്നെ 40 ബില്യൺ ഡോളർ ഗൾഫിൽ നിന്ന് മാത്രം , അതിന്റെ ഒരു ചെറിയ ശതമാനം മതിയാകുമല്ലോ ഇ പാവങ്ങളെ അവരവരുടെ നാട്ടിലേക്ക് സൗജന്യമായി എത്തിക്കാൻ !

അതുപോലെ തന്നെ 2009 മുതൽ ഓരോ പ്രവാസിയുടെ കയ്യിൽ നിന്നും ഇന്ത്യൻ എംബസ്സിയുടേയോ കോൺസുലേറ്റിന്റേയോ സേവനങ്ങൾ ലഭ്യമാകുവാൻ എല്ലാ പ്രവാസി ഇന്ത്യക്കാരനിൽ നിന്നും ഈടാക്കുന്ന ഒരു നിശ്ചിത തുക‌ ഉണ്ട്‌. ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ ഉന്നമനത്തിനായി ഉപയോഗിക്കും എന്ന് അവകാശപ്പെട്ടാണു 2009 ൽ ഈ ഒരു ഫണ്ട്‌ ശേഖരണം ആരംഭിച്ചത്‌. കഴിഞ്ഞ 10 വർഷങ്ങളായി ഇത്തരത്തിൽ ശേഖരിക്കുന്ന ഫണ്ട്‌ ആണു Indian Community Welfare Fund (ICWF). ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികൾ ഉള്ള ഗൾഫ്‌ രാജ്യങ്ങളിൽ നിന്ന് ഇത്തരത്തിൽ ശേഖരിച്ച തുക എത്ര കോടി രൂപയായിരിക്കും എന്ന് നമുക്ക്‌ ഊഹിക്കാമല്ലോ. ഈ മഹാമാരിയുടെ സമയത്തല്ലാതെ എപ്പോഴാണു പ്രവാസികൾക്ക്‌ സഹായം നൽകേണ്ടത്‌?

ഒരു നേരത്തെ അന്നത്തിനും ആശ്രയിക്കുന്നവരുടെ നിലനിൽപ്പിനും വേണ്ടി രാജ്യം വിട്ടവരാണ് പ്രവാസികൾ , അവർ അയക്കുന്ന വരുമാനത്തിൽ ഒരു പങ്ക് രാജ്യത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും ഉപയോഗപ്പെടുന്നുണ്ട് . എന്നാൽ സത്ത് മുഴുവൻ പിഴിഞ്ഞ് ചണ്ടിയാക്കി ഓരത്തിടാൻ പ്രവാസിയുടെ ജീവിതം ! സർക്കാർ ഖജനാവിൽ നിന്ന് പണമെടുത്ത് പുഷ്പവൃഷ്ടി നടത്തട്ടെ , പാവപ്പെട്ടവന്റെ വയർ നിറയട്ടെ !