കുഞ്ഞിനെ പാറയിൽ എറിഞ്ഞ് കൊന്ന വാർത്ത വരുമ്പോൾ അവിടെ ചർച്ച ചെയ്യപ്പെടുന്നത് സ്തീ ലൈംഗികത മാത്രമാണ്

136
Beena Sunny
ഭർതൃമതിയായ യുവതി കുട്ടികളെ ഉപേക്ഷിച്ച് കാമുകനുമൊത്ത് ഒളിച്ചോടി: കഴിഞ്ഞ ഏതാനും ദിവസത്തെ പത്രവാർത്തകൾ എടുത്ത് പരിശോധിച്ചാൽ ഒരു ദിവസം പോലും ഏറിയോ കുറഞ്ഞോ ഇത്തരമൊരു വാർത്ത ഇല്ലാത്ത ഒരു ദിവസം പോലും ഇല്ല.കാമുകനൊപ്പം ജീവിക്കാനും ഭർത്താവിനെ പ്രതിയാക്കി ജയിലിൽ അടക്കാനും പ്ളാൻ ചെയ്ത് ഒരു നരാധമ സ്വന്തം കുഞ്ഞിനെ കടലിൽ എറിഞ്ഞ് കൊന്ന വാർത്ത ഇതാ ചാനലിൽ വന്നുകൊണ്ടിരിക്കുന്നൂ.
ഇത്തരം വാർത്തകൾ പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ ആ വാർത്താ ലിങ്കിന് താഴെ പോയി കമന്റുകൾ വായിച്ചിട്ടുണ്ടോ? അവിടെ ചർച്ച ചെയ്യപ്പെടുന്നത് സ്തീ ലൈംഗികത മാത്രമാണ്. അവൾടെ കഴപ്പ്, അവൾടെ തോന്നിയവാസം, അവൾടെ ചൊറിച്ചിൽ ഇത്തരത്തിൽ അവൾ മാത്രമാണ് എല്ലായിടത്തും പ്രതി. (കണ്ണൂരിലെ യുവതിയെ ഒന്നും ഒരു തരത്തിലും ന്യായീകരിക്കുന്നില്ല)
എന്നാൽ നമ്മുടെ സമൂഹത്തിന് എന്താണ് സംഭവിച്ചിരിക്കുന്നത് എന്ന് ആരെങ്കിലും കാര്യ കാരണ സഹിതം ചർച്ച ചെയ്തുവോ? ഇല്ല എന്നതാണ് യാഥാർത്ഥ്യം.മോണോഗമി എന്ന പരമ്പരാഗത രീതി യെ തൂത്തെറിഞ്ഞ് വിവാഹേതര ബന്ധങ്ങളിൽ സ്ത്രീയും പുരുഷനും ഇത്ര വ്യാപകമായ തോതിൽ ഏർപ്പെടാൻ തുടങ്ങിയത് എന്ന് മുതലാണ്? ഒരു പത്ത് വർഷത്തിനിപ്പുറം. അല്ലേ…? വ്യക്തമായി പറഞ്ഞാൽ മൊബൈൽ ഫോണിന്റെ വ്യാപനത്തോടെ എന്ന് തന്നെ ഉറപ്പിച്ച് പറയാം. എന്നാൽ മൊബൈൽ ഫോൺ മാത്രമാണോ ഇതിലെ വില്ലൻ? അല്ല.
വിവാഹിതയാകുന്ന ഓരോ സ്ത്രീയും പുരുഷനും ഇണയിൽ നിന്ന് ആഗ്രഹിക്കുന്നത് എന്താണ്?
തന്റെ മനസ്സ് മനസ്സിലാക്കുന്ന, തന്റെ വികാര വിചാരങ്ങൾ മനസ്സിലാക്കുന്ന, തന്റെ കഴിവിലും പോരായ്മയിലും കൂടെ നിൽക്കുന്ന, തന്റെ വീഴ്ചകളിൽ കൈതാങ്ങാകുന്ന, ഉയർച്ചകൾക്ക് പിന്തുണയും പ്രശംസയും അർപ്പിക്കുന്ന ഒരു പങ്കാളിയെ ആണ് സ്തീയായാലും പുരുഷൻ ആയാലും ആഗ്രഹിക്കുന്നത്.മേൽപ്പറഞ്ഞ ഘടകങ്ങൾ എല്ലാം ചേരുമ്പോഴേ അത് സംതൃപ്തമായ ഒരു ദാമ്പത്യബന്ധം ആയി മാറുകയുള്ളൂ.സംതൃപ്തമായ ലൈംഗിക ബന്ധങ്ങൾ പോലും മേൽപ്പറഞ്ഞ ഘടകങ്ങൾ പരസ്പര പൂരിതമെങ്കിൽ മാത്രമേ നടക്കൂ.എന്നാൽ ഇന്ന് വിവാഹാനന്തര ജീവിതത്തിൽ സംഭവിക്കുന്നത് എന്താണ്? ഇന്നത്തെ അതിവേഗ ജീവിത ശൈലിയിൽ ഇണക്ക് വേണ്ടത്ര പരിഗണന നല്കാനോ അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് മുന്നിൽ തലകുനിക്കാനോ ‘ഈഗോ’ സമ്മതിക്കുന്നില്ല.
മൊബൈൽ, ഇന്റർനെറ്റ് ഉപയോഗങ്ങൾ പങ്കാളികളുടെ സ്വകാര്യ നിമിഷങ്ങൾ വളരെയധികം കവർന്നെടുക്കുന്നൂ.
കേരളീയ പുരുഷന്മാരിലും ഇപ്പോൾ സ്ത്രീകളിലും ലഹരി ഉപഭോഗം ഭയാനകമായ രീതിയിൽ വർദ്ധിച്ചു വരുന്നു.ഇതെല്ലാം അടിസ്ഥാനപരമായി ബാധിക്കുന്നത് കുടുംബം എന്ന കെട്ടുറപ്പിനെയാണ്….
കഴിഞ്ഞ ദിവസം ഞ്ഞാൻ ഇടപെടേണ്ടി വന്ന ഒരു കേസ് പറയാം.ഭർത്താവ് നല്ലജോലിയും വരുമാനവും ഒക്കെ ഉള്ള ആളാണ്. ഭാര്യ വീട്ടമ്മ. ഭർത്താവ് വീട്ടിൽ എത്തുന്നത് വൈകീട്ട് ഒരു പത്ത് മണിക്കാണ്. അതും ഏതാണ്ട് പകുതി ബോധത്തിൽ. ഭക്ഷണം വിളമ്പി കൊടുത്താൽ കഴിച്ചു എന്ന് വരുത്തും. പിന്നെ കിടപ്പറയിലെ കടത്തും കഴിച്ചാൽ സുഖ സുഷുപ്തിയിലേക്ക് വീഴും.ഭാര്യക്ക് മറ്റൊരാളുമായി മൊബൈലിൽ അഫയർ എന്നതായിരുന്നു ഞ്ഞങ്ങൾ കേട്ട പരാതി. ആ സ്ത്രീയോട് സംസാരിച്ചപ്പോൾ അവർ സമ്മതിച്ചു. ഒരാൾ സ്ഥിരം വിളിക്കുന്നുണ്ട്. സ്വന്തം ഭർത്താവ് എന്നോട് ഒരു അഞ്ച് മിനിറ്റെങ്കിലും എന്തിനെക്കുറിച്ഛെങ്കിലും സംസാരിച്ചിട്ട് മാസങ്ങളായി.
അങ്ങനെ ഇരിക്കുമ്പോൾ അവിചാരിതമായി തന്നെ വിളിച്ച ഭർത്താവിന്റെ ഒരു സുഹൃത്തിൽ, അയാളുടെ വാക്ധാരണിയിൽ ഇവർ വീണ് പോയി എന്ന് അവർ തുറന്ന് സമ്മതിച്ചു. വിവാഹ നിശ്ചയത്തിന് ശേഷം വിവാഹത്തിന് മുന്പുള്ള ഇടവേളയിൽ രാത്രി പുലരുവോളം മൊബൈലിൽ വിളിച്ച് ‘താൻ ഒരു സംസാര പ്രിയനാണ്’ എന്ന് സമർഥസമർഥ്തിച്ചിരുന്ന ഭർത്താവാണ് ഇതെന്ന് ഓർക്കണം. വിദ്യാഭ്യാസവും സോഷ്യൽ സ്റ്റാറ്റസുമൊക്കെ ആവറേജിന് മുകളിൽ നിൽക്കുന്ന ഒരു കുടുംബത്തിലാണ് ഇത് സംഭവിച്ചത്. അപ്പോൾ പറഞ്ഞ് വരുന്നത് വിവാഹിതരായവർക്കിടയിൽ ദാമ്പത്യേതര ബന്ധങ്ങൾ കേരളീയ സമൂഹത്തിൽ ഭയാനകമാം വിധം വർദ്ധിച്ചുകൊണ്ടിരിക്കയാണ്. ഇത് ഒരു സാമൂഹ്യ യാഥാർത്ഥ്യമാണ്. ഈ വിഷയം തിരിച്ചറിഞ്ഞ് കൊണ്ട് ബന്ധപ്പെട്ട സർക്കാർ വകുപ്പുകളെ ചുമതലപ്പെടുത്തി കൊണ്ട് സമൂഹത്തിൽ ഒരു സത്വര ഇടപെടൽ നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്.