കുഞ്ഞിനെ നിഷ്ടൂരമായി കൊലപ്പെടുത്തിയിട്ട് ഒന്നുമറിയാത്തതുപോലെ അഭിനയിച്ച ശരണ്യക്ക് കൊടുക്കണം അഭിനയത്തിന്റെ ഓസ്കാർ

കടൽതീരത്തെ കരിങ്കല്ലുകൾക്കിടയിലെറിഞ്ഞു കുഞ്ഞിനെ കൊലപ്പെടുത്തിയെന്നു പൊലീസിനു മൊഴി നൽകിയ ശരണ്യ തന്നെയാണ് കുഞ്ഞിനെ തിരയാൻ കരിങ്കല്ലുകൾക്കിടയിൽ ഇറങ്ങിയതും.
കൊലപാതകത്തിനുശേഷം വീട്ടിലെ ഹാളിൽ കിടന്നുറങ്ങിയ ശരണ്യയെ അമ്മയാണു രാവിലെ വിളിച്ചുണർത്തിയത്. ശരണ്യയ്ക്കു കണ്ണൂരിലെ സ്വകാര്യ സ്ഥാപനത്തിൽ പുതിയ ജോലിക്കു കയറേണ്ട ദിവസമായിരുന്നു തിങ്കളാഴ്ച.
എഴുന്നേറ്റയുടൻ ശരണ്യ ഭർത്താവിന്റെ അടുത്തെത്തി കുഞ്ഞിനെ തിരക്കി.പിന്നീടു മറ്റുള്ളവർക്കൊപ്പം കുഞ്ഞിനെ തിരയാനും ഇറങ്ങി. കുഞ്ഞിനെ എറിഞ്ഞ സ്ഥലത്തെ തിരച്ചിൽ ശരണ്യ സ്വയം ഏറ്റെടുത്തു. ആ ഭാഗത്തു താൻ തിരഞ്ഞതാണെന്നു മറ്റുള്ളവരോടു പറയുകയും ചെയ്തു. നാട്ടുകാരും, പിന്നീടു പൊലീസും എത്തിയപ്പോഴൊന്നും ശരണ്യയുടെ മുഖത്തു കാര്യമായ സങ്കടമുണ്ടായില്ല. ഭാര്യയും കുഞ്ഞുമായുള്ള അകൽച്ച, ഇടയ്ക്കിടെയുള്ള വഴക്ക്, മൂന്നുമാസത്തിനുശേഷം വീട്ടിലേക്കു യാദൃച്ഛികമായുള്ള വരവ്: ഒന്നരവയസ്സുകാരൻ വിയാന്റെ കൊലപാതകത്തിൽ അച്ഛൻ പ്രണവിനെ സംശയിക്കാൻ ഇത്രയും സാഹചര്യത്തെളിവുകൾ ധാരാളമായിരുന്നു പൊലീസിന്. എന്നാൽ, ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണ ബുദ്ധിയും ശാസ്ത്രീയ തെളിവുകളും ചേർന്നു ദുരൂഹതയുടെ ചുരുളഴിച്ചപ്പോൾ കഥ മാറി.
അമ്മ പ്രതിയായി.
ഇത്രയും നാൾ അമ്മയ്ക്കൊപ്പമാണു കുഞ്ഞു കഴിഞ്ഞിരുന്നത് എന്നതിനാൽ ആദ്യഘട്ടത്തിൽ സംശയമുന ശരണ്യയ്ക്കു നേരെ നീങ്ങിയില്ല. അതേസമയം, ഭർത്താവിനെ സംശയിക്കാൻ കാരണങ്ങൾ പലതായിരുന്നു. സ്വമേധയാ വീട്ടിൽ ചെല്ലുകയും നിർബന്ധം ചെലുത്തി അവിടെ താമസിക്കുകയും ചെയ്തതിലെ അസ്വാഭാവികത ആദ്യം സംശയിക്കപ്പെട്ടു. ശരണ്യയുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴി മുഴുവൻ പ്രണവിനെതിരായിരുന്നു.
കുഞ്ഞിനെ കാണാതായതിനു പിന്നാലെ പ്രണവിന്റെ ചെരിപ്പുകൾ കാണാതായതു സംശയം ഇരട്ടിപ്പിച്ചു. അതു ശ്രദ്ധയിൽപെട്ട പൊലീസ്, കുഞ്ഞിനെ അപായപ്പെടുത്താനുള്ള ശ്രമത്തിനിടെ പ്രണവിന്റെ ചെരിപ്പുകൾ കടലിലോ മറ്റോ പോയിരിക്കാമെന്നു സംശയിച്ചു. എന്നാൽ, കുഞ്ഞിനെ കാണാതായ വിവരമറിഞ്ഞു വീട്ടിൽ പലരും വന്നു പോയതിനിടെ ചെരിപ്പു കാണാതെ പോയതാണെന്നു പിന്നീടു ബോധ്യപ്പെട്ടു. അതോടെ രണ്ടു പേരിലേക്കുമായി അന്വേഷണം.
കുഞ്ഞ് ഇല്ലാതായാൽ ആർക്കാണു ഗുണം എന്നു പൊലീസ് സ്വയം ചോദിച്ച ചോദ്യത്തിന്റെ ഉത്തരമാണു ശരണ്യയിൽ സംശയം ജനിപ്പിച്ചത്. പ്രണവ് ഇത്രയും കാലം ഭാര്യയും കുഞ്ഞുമായി അകന്നു കഴിയുകയായിരുന്നു. അയാൾക്കു മറ്റൊരു ജീവിതം തിരഞ്ഞെടുക്കാൻ അതുകൊണ്ടു തന്നെ ഭാര്യയും കുഞ്ഞും തടസ്സമല്ല. എന്നാൽ കുഞ്ഞിനെ സംരക്ഷിക്കുന്ന ശരണ്യയ്ക്കു കുഞ്ഞൊരു തടസ്സമായിത്തോന്നിയേക്കാം.
ഈ ചിന്തയാണു ശരണ്യയുടെ ഫോൺ കോൾ വിശദാംശങ്ങൾ പരിശോധിക്കുന്നതിലേക്ക് എത്തിച്ചത്. ഒരേ നമ്പറിലേക്ക് അസമയത്ത് ഒട്ടേറെ വിളികൾ, ചാറ്റുകൾ. ശരണ്യയ്ക്കൊരു പ്രണയമുണ്ട് എന്ന കാര്യം വ്യക്തമായി. കടൽവെള്ളം കയറിയിറങ്ങുന്ന കരിങ്കൽക്കൂട്ടത്തിനിടയിലാണു കുഞ്ഞിന്റെ മൃതദേഹം കിടന്നിരുന്നത്.
കുഞ്ഞുമായി അവിടെയെത്തിയത് ആരായാലും അയാളുടെ വസ്ത്രത്തിലോ ദേഹത്തോ ഉപ്പുവെള്ളം പറ്റിയിട്ടുണ്ടാകുമെന്നു പൊലീസ് കണക്കുകൂട്ടി. ഇരുവരും രാവിലെ ധരിച്ചിരുന്ന വസ്ത്രങ്ങളും ചെരിപ്പുകളും കണ്ണൂർ റീജനൽ ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലം ശരണ്യയ്ക്ക് എതിരായതോടെ, കുറ്റം ഏറ്റുപറയാതെ തരമില്ലെന്നായി.