ഒരു വയസ്സുള്ള കുട്ടിക്ക് അമ്മയില്‍ നിന്നും വേണ്ടത് ഭക്ഷണവും വാത്സല്യവും കരുതലുമാണ്, അതേ അമ്മയാണ് തന്റെ കുഞ്ഞിനെ കടൽത്തീരത്തെ കരിമ്പാറക്കൂട്ടങ്ങളിലേക്കു വലിച്ചെറിഞ്ഞത്

187

മേരിലില്ലി

കാമുകനോടപ്പം പോകാൻ സ്വന്തം കുഞ്ഞിനെ കടൽത്തീരത്തെ കരിങ്കൽ കൂട്ടങ്ങളിലേക്കു വലിച്ചെറിഞ്ഞ ‘അമ്മ ‘ കേരള മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. ആദ്യത്തെ ഏറിൽ മരിക്കാത്തതുകൊണ്ടു പിന്നെയും വലിച്ചെറിഞ്ഞു മരണം ഉറപ്പാക്കിയ ‘അമ്മ ‘. ഇത്തരക്കാർ ജീവിക്കുന്ന കാലത്തു ജീവിക്കാൻ കഴിയുന്നതു അത്യന്തം നിർഭാഗ്യം തന്നെയാണ്. ദാരിദ്ര്യം സഹിക്കാൻ വയ്യാതെ കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാരേ കണ്ടിട്ടുണ്ട്, അതിൽ പോലും മനസാക്ഷി എന്നൊരു ഘടകമുണ്ട് എന്നിരിക്കെ മറ്റൊരുവനോടൊപ്പമുള്ള ജീവിതാസക്തികളെ സ്വപ്നം കണ്ടു കുഞ്ഞിനെ കൊന്നുന്നതിൽ എന്ത് വികാരമാണ്. ഇവിടെ ആ സ്ത്രീ മാത്രമാണോ കുറ്റക്കാരി ? അവളെ ആ കൃത്യത്തിനു പ്രേരിപ്പിച്ച പുരുഷനും ശിക്ഷയർഹിക്കുന്നു. കുഞ്ഞിനെ ഒഴിവാക്കാനുള്ള പ്രേരണ ആ സ്ത്രീയ്ക്ക് അവനിൽ നിന്നാകാം കിട്ടിയത്.

പ്രസവിച്ചു എന്നതു കൊണ്ടു മാത്രം ഒരു സ്ത്രീയും അമ്മയാകുന്നില്ല. സ്വന്തം ജീവനേക്കാള്‍ വലുതായി തന്‍െറ കുഞ്ഞിനെ കാണുകയും പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുമ്പോഴേ അവള്‍ ഒരു അമ്മയാകൂ.ഒരു വയസ്സുള്ള കുട്ടിക്ക് അമ്മയില്‍ നിന്നും വേണ്ടത് ഭക്ഷണവും വാത്സല്യവും കരുതലുമാണ്. അതേ അമ്മ തന്നെ തന്‍െറ കുഞ്ഞിനെ കടലിലേക്ക് മാത്രമല്ല കടലിലെ പാറക്കെട്ടുകളിലേക്ക് വലിച്ചെറിഞ്ഞു എന്നറിയുമ്പോള്‍ അവള്‍ അമ്മ എന്നതു പോകട്ടെ ഒരു സ്ത്രീ പോലും അല്ല. പ്രണയത്തിനും പുതിയ വിവാഹത്തിനും മക്കള്‍ ഒരു തടസ്സമായി തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ അവരെ വീട്ടില്‍ തന്നെ ഉപേക്ഷിക്കുക. അല്ലെങ്കില്‍ കുട്ടികള്‍ ഇല്ലാത്തവര്‍ക്കു കൊടുക്കുകയോ അനാഥാലയങ്ങളില്‍ ഏല്പിക്കാനോ ശ്രമിക്കുക. അല്ലാതെ എന്തിന് ആ കുരുന്നുകളെ കൊന്നു കളയണം? ഈ ഭൂമിയില്‍ ജീവിക്കാന്‍ അവര്‍ക്കും അവകാശമുണ്ട്. ജീവന്‍ നല്‍കി എന്നതു കൊണ്ട് വളര്‍ത്താന്‍ നിങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. പക്ഷേ കൊല്ലാന്‍ ആര്‍ക്കും അധികാരമില്ല.