‘ചേട്ടാ, വടക്കേപ്പുറം തുറക്കൂ.’

പുറത്തു നിന്നാരെങ്കിലും വന്നിരിയ്ക്കുമ്പോഴാണു മുന്‍വശത്തെ വാതില്‍ തുറക്കാനുള്ള ആഹ്വാനം വരിക.

വാതില്‍ തുറന്നപ്പോള്‍ നാലഞ്ചുപേരുണ്ട്. നീണ്ട ഒരേണിയും തോളിലേറ്റി ഒരു തെങ്ങുകയറ്റ ത്തൊഴിലാളിയുമുണ്ടു കൂട്ടത്തില്‍. മുഖപരിചയമുള്ളവരാണെല്ലാവരും. ഒന്ന് ദേവസ്സിക്കുട്ടിയാണ്.

‘ചേട്ടാ, കപ്പേളപ്പെരുന്നാളിനു തേങ്ങയ്ക്കു വേണ്ടിയാണ്,’ ദേവസ്സിക്കുട്ടി പറഞ്ഞു.

കുറച്ചപ്പുറത്തുള്ള കപ്പേളപ്പെരുന്നാളിനു നടക്കുന്ന സമൂഹസദ്യയ്ക്ക് ഏതാനും നാളികേരം സംഭാവനയായി എല്ലാ വര്‍ഷവും കൊടുക്കാറുള്ളതാണ്. നാളികേരം സ്‌റ്റോക്കില്ലെങ്കില്‍ തെങ്ങു കാണിച്ചു കൊടുത്താല്‍ മാത്രം മതി, അവര്‍ തന്നെ കയറി തേങ്ങയിട്ടു കൊണ്ടു പൊയ്‌ക്കോളും.

കിഴക്കുവശത്തെ തൈത്തെങ്ങില്‍ നിന്നു എട്ടൊമ്പതു തേങ്ങ തനിയെ വീണു കിട്ടിയത് അതിന്റെ തന്നെ ചുവട്ടില്‍ കൂട്ടിയിട്ടിട്ടുണ്ട്. എല്ലാം നല്ല വലിപ്പമുള്ളവ. തൃപ്തിയോടെ കൊടുക്കാന്‍ പറ്റിയവ. ചെറിയൊരാശങ്കയോടെയാണെങ്കിലും അവ ചൂണ്ടിക്കാണിച്ചു കൊണ്ടു ഞാന്‍ പറഞ്ഞു:

‘എത്ര വേണമെങ്കിലും എടുത്തോളൂ.’

അല്‍പ്പസമയത്തിനു ശേഷം, ‘അഞ്ചെണ്ണമെടുത്തിട്ടുണ്ടു ചേട്ടാ. സമൂഹസദ്യയ്ക്കു വരാതിരിയ്ക്കല്ലേ’ എന്ന സ്‌നേഹപൂര്‍വമായ അഭ്യര്‍ത്ഥനയോടെ ദേവസ്സിക്കുട്ടിയും പാര്‍ട്ടിയും തേങ്ങകളുമായി വിട വാങ്ങി.

ഇത്തവണ കപ്പേളപ്പെരുന്നാളിന്നു രണ്ടു തേങ്ങ മാത്രം കൊടുത്താല്‍ മതിയെന്ന നിര്‍ദ്ദേശം രണ്ടു ദിവസം മുന്‍പു തന്നെ എനിയ്ക്കു കിട്ടിയിരുന്നെങ്കിലും ആ നിര്‍ദ്ദേശം ദേവസ്സിക്കുട്ടി ആന്റ് പാര്‍ട്ടിയോടു പറയാന്‍ മനസ്സു വന്നില്ല.

ശങ്കയോടെ ജനല്‍ക്കലേയ്‌ക്കൊന്നു പാളി നോക്കിയപ്പോള്‍! രണ്ടു കണ്ണുകള്‍ തറച്ചു നോക്കുന്നു……തല വെട്ടിച്ചൊരു പോക്കും!

ആ പ്രതിഷേധപ്രകടനത്തിന്റെ പുറകിലെ വിചാരധാരയെനിയ്ക്കു മനസ്സിലാക്കാവുന്നതേയുള്ളു.

ദശാബ്ദങ്ങള്‍ക്കു മുന്‍പ് ശ്രീമതി രംഗപ്രവേശം ചെയ്ത് അധികം കഴിയും മുന്‍പെ, പടിയ്ക്കല്‍ നില്‍ക്കുന്ന തെങ്ങിന്റെ തേങ്ങകളില്‍ രണ്ടെണ്ണം മുരളിയെക്കൊണ്ടു കയറുകെട്ടി മെല്ലെത്താഴെയിറക്കിച്ച്, സ്വയം കുഴിയെടുത്ത്, ഭക്തിവാത്സല്യങ്ങളോടെ നട്ടു നനച്ചു വളര്‍ത്തി വലുതാക്കിയ തൈത്തെങ്ങ്. സണ്‍ഷേയ്ഡിന്റെ പൊക്കമെത്തിയപ്പോഴേയ്ക്കും കായ്ച്ചു. വലിയ, ആകൃതിസുഭഗമായ തേങ്ങകള്‍. ശ്രീമതി ചാണകം വരുത്തിയിടുമ്പോഴും, വേനല്‍ക്കാലത്ത് നനച്ചു കൊടുക്കുമ്പോഴും ഞാനൊന്നെത്തി നോക്കുക പോലും ചെയ്തിട്ടില്ല. എന്നിട്ടും ‘എത്ര വേണമെങ്കിലും എടുത്തോളൂ’ എന്നു പറഞ്ഞ് നാട്ടുകാരുടെ മുന്നില്‍ മാന്യനായി ഞെളിയാനൊരു മടിയുമുണ്ടായില്ല!

കാര്യം ശരി തന്നെയാണ്. പക്ഷേ കപ്പേളക്കാരോട് ഇത്തവണ രണ്ടു തേങ്ങ മാത്രമെടുത്താല്‍ മതിയെന്നു ഞാനെങ്ങനെയാണു പറയുക? അവരെന്റെ പരിചയക്കാരായിപ്പോയതു കൊണ്ടു മാത്രമല്ല. കപ്പേളക്കാര്‍ സംഭാവന തുകയായി വാങ്ങുകയില്ല. അതുകൊണ്ട് അവര്‍ക്കു കൊടുക്കാവുന്നതായി തേങ്ങ മാത്രമേയുള്ളു എന്റെ പക്കല്‍.

തന്നെയുമല്ല, ഇത്തവണ കപ്പേളക്കാര്‍ക്കു രണ്ടു നാളികേരം മാത്രമേ കൊടുക്കാവൂ എന്ന കര്‍ക്കശ നിര്‍ദ്ദേശം പുറപ്പെടുവിച്ച ഇതേ ശ്രീമതി തന്നെ ഇതേ കപ്പേളയിലെ മേരി മാതാവിന്റെ കാല്‍ക്കല്‍ തൊട്ടു വന്ദിച്ചിട്ടേ അതിന്റെ മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും പോകാറുള്ളു. തൊട്ടടുത്തുള്ള അമ്പലത്തിലെ ഭഗവതിയുടെ മുന്നിലുള്ളതിനേക്കാള്‍ വലിയ ഭക്തിപ്രകടനം പലപ്പോഴും കപ്പേളയുടെ മുന്നിലാണ് നടത്തിക്കാണാറ്. ഇടയ്ക്കിടെ ഓരോ കൂടു മെഴുകുതിരി എന്നെക്കൊണ്ടു വാങ്ങിപ്പിച്ച് അതു മുഴുവന്‍ സ്വയം ഭക്തിപുരസ്സരം തെളിയിച്ചുവച്ചാനന്ദനിര്‍വൃതിയടയാറുള്ളത് ഞാന്‍ മാത്രമല്ല, നാട്ടുകാരും കാണുന്നതാണ്. അപ്പുറത്തൊരു പുഷ്പാഞ്ജലി കൊടുത്താല്‍, ഇപ്പുറത്തൊരു കൂടു മെഴുകുതിരി. രണ്ടു ദേവിമാരുടേയും പ്രീണനം അവരിലാര്‍ക്കും പരാതിയ്ക്കിടം കൊടുക്കാത്ത വിധം സമതുലിതമായിത്തന്നെ നിലനിര്‍ത്തിക്കൊണ്ടു പോകുന്നതും എല്ലാവരും കണ്ടു കൊണ്ടിരിയ്ക്കുന്നതാണ്.

അതൊക്കെപ്പോകട്ടെ. ഇന്നു ഞാനിവിടെയില്ലായിരുന്നെങ്കിലത്തെ കഥയെടുക്കാം. ഇപ്പോള്‍ കൊടുത്തുപോയിരിയ്ക്കുന്നതിലും ഒരെണ്ണമെങ്കിലും കൂടുതലേ കൊടുക്കുമായിരുന്നുള്ളു, ശ്രീമതി. ആളെ എനിയ്ക്കറിഞ്ഞു കൂടേ. ഇന്നുമിന്നലെയൊന്നുമല്ലല്ലോ, കുറച്ചേറെ നാളായില്ലേ കാണാന്‍ തുടങ്ങിയിട്ട്!

വാതിലടച്ചു കസേരയില്‍ വന്നിരുന്ന് പത്രവായന തുടരുന്നതിനിടെ പതിവില്ലാത്തൊരു നിശ്ശബ്ദതയെങ്ങും പരന്നിരിയ്ക്കുന്നതു ശ്രദ്ധിച്ചു.

പതിവുള്ള മൂളിപ്പാട്ടും നിലച്ചിരിയ്ക്കുന്നു.

അന്തരീക്ഷം പ്രക്ഷുബ്ധം!

കുറേക്കഴിഞ്ഞു കാണണം. ഈജിപ്തിലെ തഹരീര്‍ സ്‌ക്വയറില്‍ തടിച്ചു കൂടിയിരിയ്ക്കുന്ന ജനതതിയെന്നാണിനി വിജയം കണ്ടെത്തുകയെന്ന് ഉത്കണ്ഠയോടെ വായിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ്….പെട്ടെന്നു പുറത്തു കുളിരുകോരിയിടുന്നൊരു കരസ്പര്‍ശം. നെറുകയില്‍ അമരുന്ന ചുണ്ടുകള്‍ക്കിടയിലൂടെ, തഴുകുന്നൊരു മന്ത്രണം:

‘നല്ല കുട്ടിയാണ് ട്ടോ. കീപ്പിറ്റപ്പ്!’

——————————————————

ഈ കഥ സാങ്കല്‍പ്പികം മാത്രമാണ്. ഇത് മറ്റു ചില ബ്ലോഗ്‌സൈറ്റുകളില്‍ ഞാന്‍ കുറച്ചു കാലമായി പ്രദര്‍ശിപ്പിച്ചു കൊണ്ടിരിയ്ക്കുന്നതാണ്. ചിലരെങ്കിലും വായിച്ചു കഴിഞ്ഞിട്ടുള്ളതാകാം.

 

You May Also Like

ആരൊക്കെ തകർത്തഭിനയിച്ചാലും സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത് ഡാൻസിങ് റോസിനെയാണ്

ആര്യയും ജോൺ കൊക്കനും പശുപതിയുമൊക്കെ തകർത്തഭിനയിച്ച സിനിമയിൽ നിന്നും പക്ഷേ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത് ഡാൻസിങ് റോസായെത്തിയ ഷബീർ കല്ലറക്കലിനെയാണ്.

ഒരു പാവം മദ്യപാനവും, കുറെ സ്മാര്‍ത്ത വിചാരികളും……..

എന്‍റെ മുന്‍കാല പോസ്റ്റുകളില്‍ ഒന്നില്‍ എഴുതിയ പോലെ ഇതു ഒരു ‘സംഭവ’ കഥ എന്നൊക്കെ പറയാം…..എന്നാല്‍ വായിച്ചുകഴിയുമ്പോള്‍ ഇതില്‍ യാതൊരു വിധ സംഭവങ്ങളും ഉണ്ടായിരുന്നില്ല എന്ന് മാന്യ വായനക്കാരന് തോന്നിയാല്‍ അദേഹത്തിന് ഉണ്ടായ സമയ നഷ്ടത്തിനും മാനഹാനിക്കും ഒന്നും ഞാന്‍ ഉത്തരവാദി അല്ല എന്ന് സദയം പറഞ്ഞു കൊള്ളട്ടെ….

ബിനാലേ വേദികള്‍ ആര്‍ക്കു വേണ്ടിയാണ് തുറന്നിരിക്കുന്നത്…

ബിനാലേ വേദികള്‍ ആര്‍ക്കു വേണ്ടിയാണ് തുറന്നിരിക്കുന്നത്. കലയുടെ പൂരണവും പോഷണവും എന്നൊക്കെ വെറും വയറ്റില്‍ പറയാം. പൊതു ഇടങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട കലാ സൃഷ്ടികള്‍ക്ക് എന്തിനാണ് വലിയ വാതിലുകളും ഗുണ്ടകളുടെ മുഖവും സ്വഭാവവുമുള്ള സുരക്ഷാ ജീവനക്കാരും?

തിമിംഗലം വിഴുങ്ങുന്ന കുട്ടികളുടെ കഥയുമായി ബലെന

കലാമണ്ഡലം ഉണ്ണികൃഷ്ണൻ. എ കലയും രചനയും സംവിധാനവും നിർവഹിച്ച ‘ബലെന’ എന്ന ഷോർട്ട് മൂവി ഈ…