കറുപ്പും വെളുപ്പും തമ്മിലുള്ള യുദ്ധം അമേരിക്കയിൽ ആഭ്യന്തര യുദ്ധത്തിന് ശേഷവും ഒരു നിഴൽയുദ്ധം പോലെ തുടർന്നിരുന്നു

കറുപ്പ് താൻ എനക്ക് പിടിച്ച കളർ

കഴിഞ്ഞ ദിവസം വാൾ ലേക്കിൽ നിൽക്കുമ്പോൾ കുറെ കറുത്തവർഗക്കാർ അവിടെ കൂട്ടം കൂടുന്നത് കണ്ടു . കറുത്ത വർഗം ആയാലും വെളുത്ത വർഗം ആയാലും തവിട്ട് വർഗം ആയാലും ആൾക്കൂട്ടത്തെ പണ്ടും ഇന്നും എന്നും എനിക്ക് ഭയമാണ് , എങ്കിലും കറുപ്പിനോട് എന്തോ ഒരു മാനസികമായ അകലം ഉണ്ട് . കറുത്ത വർഗം ഭീകരത ഉളവാക്കുന്നു എന്ന പണ്ടേ ഉള്ള ബോധ മനസാകണം എന്നെ അങ്ങനെ ഭയപ്പെടുത്തുന്നത് . അല്ലെങ്കിൽ നമ്മുടെ സാമൂഹിക കാഴ്ചപ്പാട് ആയിരിക്കാം അങ്ങനെ ഒന്ന് . കൂട്ടം കൂടുന്നത് കണ്ട് കൊണ്ട് തന്നെ ഞാൻ സ്ഥലം കാലിയാക്കി .

അമേരിക്കയിൽ വരുന്നതിന് മുമ്പേ ഇവരെക്കുറിച്ചുള്ള ചില കഥകൾ എന്റെ മനസ്സിൽ ആരോക്കെയോ വരച്ചിട്ടിരുന്നു എന്നതാണ് സത്യം . അമേരിക്കയിലേക്കുള്ള ആദ്യ യാത്രയിൽ ആദ്യമായി ഇവരെ കണ്ട ഞാൻ ഒന്ന് ഭയന്നെങ്കിലും , അമേരിക്കയിൽ എത്തിയ നാൾ മുതൽ , കുട്ടികളുടെ സ്‌കൂളിലും ജോലി സ്ഥലത്തും പൊതു നിരത്തുകളിലും ഇവരെ കണ്ട് കണ്ട് എന്റെ ഭീതി പതുക്കെ മാറി . അവരോട് കൂടുതൽ സ്നേഹം തോന്നി . ഇന്ത്യക്കാർക്ക് പൊതുവെ അടുക്കാൻ താല്പര്യം ഉള്ളത് കറുത്ത വർഗക്കാരോടാണ് .എന്റെ സഹപ്രവർത്തകരിൽ പലരും കറുത്ത വർഗ്ഗത്തിൽ പെട്ടവർ ആയിരുന്നു .

കറുപ്പും വെളുപ്പും തമ്മിലുള്ള യുദ്ധം അമേരിക്കയിൽ ആഭ്യന്തര യുദ്ധത്തിന് ശേഷവും ഒരു നിഴൽ യുദ്ധം പോലെ തുടർന്നിരുന്നു എന്നതാണ് സത്യം . കറുപ്പ് നിറം ഉള്ളവർക്ക് തന്നെ , തങ്ങൾ എന്തോ കുറവുള്ളവർ ആണെന്നുള്ള ഒരു മാനസിക വിഭ്രാന്തി പോലെ അവരിൽ ഉണ്ടായിരുന്നു എന്നതാണ് ഒരു സത്യം. അവരുടെ പല സംസാരങ്ങളിലും പലപ്പോഴും ആ അകൽച്ച അല്ലെങ്കിൽ അപകർഷതാ ബോധം കടന്നു വന്നിട്ടുണ്ട് . ഞാനോ ഞങ്ങളുടെ കുടുംബമോ കറുപ്പും വെളുപ്പും അല്ലാത്ത സങ്കര ഇനം ആയത് കൊണ്ട് രണ്ട് കൂട്ടരോടും മാനസികമായ അകൽച്ചയോ അടുപ്പമോ ഞങ്ങൾക്കില്ല .

എന്റെ മക്കൾ രണ്ട് പേരും ഇപ്പോൾ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നു . കൊറോണ കാലം ആയത് കൊണ്ട് ഇപ്പോൾ കഴിഞ്ഞ കുറെ മാസമായി വീട്ടിൽ ഇരുന്നാണ് പഠിക്കുന്നത് . വിശ്രമ വേളകൾ ആനന്ദകരമാക്കാൻ വേണ്ടി സമയം കിട്ടുന്നത് അനുസരിച്ച് അടുത്തുള്ള സ്റ്റോറിൽ അവർ ജോലിക്ക് പോകുന്നുണ്ട് . എന്റെ മകൾ , എന്നെ പോലെ തന്നെ ചില തീവ്ര ചിന്താഗതി ഉള്ളവൾ ആണ് . സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ , കറുപ്പ് വംശജരോട് കടുത്ത ആരാധനയും ആണ് . വളരെയധികം എഴുതുകയും വായിക്കുകയും ചെയ്യും . ആരെങ്കിലും അവർക്കെതിരെ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്‌താൽ അന്ന് വീട്ടിൽ ബഹളം ആയിരിക്കും .അവർക്ക് വേണ്ടി ശക്തമായി വാദിക്കും . മോൻ അമ്മയെ പോലെ മിത ഭാഷിയും ധാരാളം വായിക്കുന്ന സ്വഭാവം ഉണ്ട് . എന്നാൽ എന്തെങ്കിലും എഴുതുന്നത് കണ്ടിട്ടില്ല .

ഇന്നലെ ജോലി കഴിഞ്ഞു വന്നപ്പോൾ മുതൽ മോൾ ഭക്ഷണം പോലും കഴിക്കാതെ എന്തൊക്കെയോ എഴുതുകയും ആരോടൊക്കെയോ സംസാരിക്കുകയും ചെയ്യുന്നു . അവൾ പറയുന്നതും എഴുതുന്നതും മിനാപ്പോളിസിൽ നടന്ന സംഭവത്തെ കുറിച്ച് ആണെന്ന് മനസിലായി . അവളെ അത്രമേൽ അത് സ്വാധീനിച്ചിട്ടുണ്ട് . മോൻ ഒരു മണിക്കൂർ മുമ്പേ സ്റ്റോറിൽ നിന്നും തിരികെ വന്നു . കാരണം സ്റ്റോറിൽ കൊള്ള നടക്കും എന്ന സാധ്യത കണക്കിൽ എടുത്ത് അവർ നേരത്തെ തന്നെ സ്റ്റോർ അടച്ചു പോലും .

ഞാൻ പറയാൻ വന്നത് , ജോർജ് ഫ്‌ലോയിഡിന്റെ കൊലപാതകം രാജ്യത്തെ ഓരോ ജനതയെയും എങ്ങനെ സ്വാധീനിക്കുന്നു എന്ന് പറയുവാൻ വേണ്ടിയാണ് . വെളുത്തവർ കറുത്തവരെ കൊല്ലുന്നതോ കറുത്തവർ രാജ്യത്ത് ആക്രമണം അഴിച്ചു വിടുകയും കൊള്ള നടത്തുകയും ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല . രണ്ടും തെറ്റ് തന്നെയാണ് . രാജ്യത്തെ ഓരോ ജനതയും ആഗ്രഹിക്കുന്നത് സമാധാനപൂർവ്വമായ ഒരു അന്തരീക്ഷമാണ് . തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്ക തന്നെ വേണം . രാജ്യത്ത് സമാധാനം കൊണ്ട് വരേണ്ടത് നീതി ന്യായ സംവിധാനങ്ങൾ തന്നെയാണ് .

അമേരിക്കൻ വിരോധികളായ ചില മലയാളം ഓൺ ലൈൻ എഴുത്തുകാർ നവമാധ്യമങ്ങളിൽ കൂടി പടച്ചു വിടുന്ന കഥകൾ കേട്ട് കൊണ്ട് എഴുതിയതാണ് . ഞങ്ങളിൽ വംശീയതയോ വർഗീയതയോ ഇല്ല എന്നതാണ് സത്യം . ചില പുഴുക്കുത്തുകൾ എല്ലാ സംവിധാനങ്ങളിലും ഉണ്ട് . കേരളമോ ഇന്ത്യയോ ഇതിൽ നിന്നും ഒട്ടും വിഭിന്നമല്ല . എന്നാൽ അവിടെങ്ങളിൽ അസംഘിടിതമായ ഒരു കൂട്ടം ആയത് കൊണ്ടാണ് അവരുടെ ശബ്ദങ്ങൾ പുറത്തേക്ക് വരാത്തത് . പുര കത്തുമ്പോൾ വാഴ വെട്ടുന്നതും , എരി തീയിൽ എണ്ണ ഒഴിക്കുന്നതും ഒട്ടും ആശാസ്യമല്ല . ഇപ്പോൾ വീണ്ടും അമേരിക്കയിൽ ഒരു ആഭ്യന്തര യുദ്ധ നിഴലിൽ ആണെങ്കിലും അവിടെ സമാധാനം പുനഃസ്ഥാപിക്കും എന്ന് തന്നെയാണ് വിശ്വാസം .ഗോഡ് ബ്ലസ് അമേരിക്ക !!