28 വയസ്സ് തികച്ച കരണും അർജുനും.
Rahul Madhavan
1995 ജനുവരി 13 നു റിലീസ് ചെയ്ത ബ്ലോക്ക് ബസ്റ്റർ ചിത്രമായ കരൺ അർജുൻ ഇറങ്ങിയിട്ട് ഇന്നേക്ക് 28 വർഷം തികയുകയാണ്. പടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് അതിലെ ടൈറ്റിൽ കഥാപാത്രങ്ങളായ ഷാരൂഖ് – സൽമാൻ എന്നിവർ തന്നെ.രാകേഷ് റോഷൻ സംവിധാനം ചെയ്ത ഈ ആക്ഷൻ – ഫാന്റസി ചിത്രത്തിന് ആദ്യം കാസ്റ്റ് ചെയ്യപ്പെട്ടത് ഷാരൂഖ് -അജയ് ദേവ്ഗൺ എന്നിവരെയായിരുന്നു. പക്ഷേ ഇരുവർക്കും തങ്ങൾക്ക് ലഭിച്ച കഥാപാത്രങ്ങൾ മാറ്റണം എന്നൊരു ആഗ്രഹം അല്ലെങ്കിൽ വാശി ഉണ്ടായിരുന്നു.
പക്ഷേ സംവിധായകൻ അതിനു സമ്മതം മൂളാൻ കൂട്ടാക്കിയില്ല, ശേഷം അജയ് പടത്തിൽ നിന്നും പിന്മാറി. പിന്നീട് ആമീറിനും സൽമാനും രാകേഷ് ആ കഥാപാത്രങ്ങൾ ഓഫർ ചെയ്തപ്പോൾ അതും നടന്നില്ല. ഫൈനലായി ആ റോളുകൾ ഷാരൂഖിനും സൽമാനും തന്നെ ഏറ്റെടുത്തു. ഫലം ആ വർഷം ഇന്ത്യ കണ്ട ഏറ്റവും വലിയ രണ്ടാമത്തെ പണം വാരി പടമായി ഇത്.
തങ്ങളുടെ കുടുംബത്തെ ചിന്നഭിന്നമാക്കിയ ശത്രുവിനെ ഇല്ലാതാക്കാൻ സഹോദരൻമാർ നേരിടുന്ന പോരാട്ടമാണ് പടത്തിന്റെ കഥ. കുറച്ചധികം ഫാന്റസിയൊക്കെയുണ്ട്. അതൊക്കെ അന്ന് വലിയ രീതിയിൽ പ്രേക്ഷകരെ തൃപ്തിപെടുത്തി.മികച്ച ഗാനങ്ങളും കിടിലൻ ആക്ഷൻ രംഗങ്ങളും ചിത്രത്തിന് മുതൽകൂട്ടായി. ചിത്രത്തിൽ ഹൃതിക് റോഷൻ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തു എന്നതും മറ്റൊരു വിശേഷം. കാജലും മമത കുൽക്കർണിയും നായികമാരായപ്പോൾ അമ്മ വേഷം ചെയ്ത രാഖിയുടെ കഥാപാത്രം മറ്റെല്ലാരെക്കാളും സ്കോർ ചെയ്തു. അമരീഷ് പുരിയാണ് പടത്തിൽ വില്ലൻ വേഷം ചെയ്തത്.
ചിത്രത്തിന്റെ ആക്ഷൻ ഡയറക്ടർ ആയിരുന്ന വീരു ദേവ്ഗൺ മൂന്നു നാലു ദിവസങ്ങൾക്ക് ശേഷം തന്റെ മകൻ മികച്ച റോൾ നഷ്ടപെടുത്തിയതിന്റെ പേരിൽ ഈ പടം ഉപേക്ഷിച്ചതും മറ്റൊരു ചർച്ചയായി. 28 വർഷങ്ങൾക്ക് ശേഷം ഇതേ മാസം ഖാൻമാർ പത്താൻ എന്ന സിനിമയിൽ ഒന്നിക്കുന്നു എന്നതും മറ്റൊരു നിമിത്തം. ഇതിൽ ഋതിക്ക് കൂടി ഉണ്ടെന്ന് ന്യൂസ് വന്നിരുന്നു, ഉണ്ടെങ്കിൽ അതും അടിപൊളി.