ഓർമ്മയുണ്ടോ അന്നത്തെ കല്യാണ വീടുകളെ ?

0
146

Kareem Melekattil Kareem Melekattil

80-90 കാലഘട്ടത്തിലേ കല്യാണ വീടുകളിലേക്ക് ചെന്നാൽ കല്യാണത്തിന് മൂന്ന് നാല് ദിവസം മുൻപേ അടക്കാമരം(കവുങ്ങ്🤣) കുഴിച്ചിട്ട് ഓലമേഞ്ഞ പന്തലുകൾ കാണാം… പന്തലിലോട്ട് കേറുന്നതിന് മുൻപ് “സ്വാഗതം” എന്നെഴുതിയ ബോർഡ് അതിന്റെ രണ്ട് വശത്തും കുലച്ച വാഴകൾ അല്ലെങ്കിൽ കരിക്കിൻ കുലകൾ തൂക്കിയിട്ടിരിക്കുന്നത് കാണാം.

പന്തലിലോട്ട് കേറുമ്പോൾ ഇടത് വശത്തായി ഒരു സ്റ്റീൽ പാത്രത്തിൽ ബീഡി തീപ്പട്ടി കൊള്ളി എന്നിവ കൂട് അഴിച്ച് ഇട്ടിരിക്കുന്നത് കാണാം വേറൊരു പാത്രത്തിൽ വെറ്റില, അടക്ക പുകയില എന്നിവ ഇട്ട് വെച്ചിരിക്കുന്നു, ചുണ്ണാമ്പ് വേറെ…മടക്കാവുന്ന ഇരുമ്പ് കസേരകളിലും വാടകയ്ക്ക് എടുക്കുന്ന ഗ്ലാസിൽ വരെ സ്ഥാപനത്തിന്റെ പേരെഴുതിയിട്ടുണ്ടാവും. ഓലമേഞ്ഞ പന്തളിന്റെ മുകൾ ഭാഗത്ത്‌ വെള്ള തുണി കെട്ടിയിട്ടുണ്ടാവും അരങ്ങും ചൈന പേപ്പറും കൊണ്ടുള്ള അലങ്കാരമാണ് ഇനി ഉള്ളത്… ഇങ്ങനെ ആക്കാൻ കുറേ നേരം ഇങ്ങനെ കഴുത്തും മുകളിലേക്കാക്കി മെനക്കെടണം..

കല്യാണ മണ്ഡപങ്ങൾ എന്ന് പറഞ്ഞാൽ മൂന്ന് നാല് സാരി മടക്കി കോർത്ത് ഇടും… കുറച്ച് അരങ്ങും പിന്നെ ബലൂണുകളും അതാണ് മണ്ഡപം… ഒരു പറയിൽ വിടർന്ന തെങ്ങിൻ പൂക്കുല… ചെറിയൊരു നിലവിളക്ക്.. കളഭം… ചെറുനാരങ്ങ നിറച്ച ഒരു പാത്രം. മൂന്ന് നാല് ദിവസം മുൻപേ പെണ്ണുങ്ങൾ വന്ന് മല്ലിം മുളകും ഒക്കെ പൊടിച്ച് അരിയൊക്കെ കുത്തി ആകെ ബഹളം ആയിരിക്കും.. കല്യാണ തലേന്ന് തേങ്ങ ചിരവുന്നവരുടെ ഒരു കൂട്ടം.. ഇറച്ചി നുറുക്കുന്നവരുടെ കൂട്ടം.. മാങ്ങയും സബോളയും അരിയുന്നവരുടെ കൂട്ടം.. അങ്ങനെ നാട്ടിലെയും വീട്ടിലെയും വിശേഷങ്ങൾ പറഞ്ഞ് ഇങ്ങനെ ഇരിക്കും…. ശരിക്കുമൊരു ഉത്സവ പ്രതീതി..

ഇല വെട്ടി കൊണ്ട് വരുന്ന ആളെ നോക്കിയിരിക്കും ആളെങ്ങാനും വൈകിയാൽ ഒരു ചങ്കിടിപ്പാണ് പിന്നത്തെ താരം റാന്തൽ അല്ലെങ്കിൽ പെട്രോമാക്സ് ലൈറ്റ് അത് പ്രത്യേക ശബ്ദത്തോടെ കത്തിക്കുന്നത് ഇങ്ങനെ നോക്കി നിൽക്കാൻ നല്ല രസമാണ്… തലേന്ന് രാത്രി മധുരം കൊടുക്കൽ ചടങ്ങ് കഴിഞ്ഞാൽ പിന്നെ പാട്ടും ഡാൻസും ബഹളവും ആയി… നേരത്തെ പറഞ്ഞ കൊച്ചു മണ്ഡപം ആണ് സ്റ്റേജ്..
പണികൾ ഒക്കെ ഒന്നൊതുങ്ങിയാൽ പിന്നെ ചീട്ട് കളിയായി… ആരെയും ഉറങ്ങാൻ സമ്മതിക്കാതെ ഉച്ചത്തിൽ അട്ടഹസിച്ച് ഒരു ചീട്ടുകളി… ഇടയ്ക്കിടെ കട്ടൻ ചായ വന്നുകൊണ്ടേ ഇരിക്കും..
കല്യാണ ദിവസം രാവിലെ തലേ രാത്രിയിലെ ബാക്കി ഭക്ഷണം തന്നെയാവും ചൂടാക്കി പ്രാതൽ ആയി ഉപയോഗിക്കുക അതിനും ഒരു പ്രത്യേക രുചിയാണ്.

അന്നൊക്കെ കാമറയ്ക്ക് പോസ് ചെയ്യാൻ ആളുകൾക്ക് നാണമാണ്…പിന്നെ കുറേ കാർന്നോമാരുണ്ട് ചിരിക്കാൻ പറഞ്ഞാൽ ഫോട്ടോഗ്രാഫറെ തെറിവിളിക്കുന്ന സൈസ്.അന്നൊക്കെ മേക്കപ്പ് ഒട്ടും പ്രചാരത്തിൽ ഇല്ല…ഫെയർ & ലവ്‌ലി, കുട്ടിക്കൂറ പൗഡർ പിന്നെ മേമ്പൊടിക്ക് ഇച്ചിരി റോസ് പൗഡർ ! അതൊക്കെയിട്ട് മണവാട്ടി നിൽക്കുമ്പോൾ പിള്ളേര് സെറ്റ് സംശയത്തോടെ നോക്കും “ഇത് ഇന്നലെ കണ്ട ചേച്ചിയല്ലല്ലോ “… ഒന്ന് വിയർത്താലോ മഞ്ഞുരുകും പോലെയാകും പെണ്ണിന്റെ മുഖം.
ചടങ്ങുകൾക്കിടയിൽ ചെറുക്കനും പെണ്ണും ചെറുനാരങ്ങാ പാത്രത്തിലാക്കി എല്ലാവർക്കും കൊണ്ട് കൊടുക്കും… കളഭം പരസ്പരം ചാർത്തും…

കുടിയ്ക്ക് വന്ന എല്ലാവരും കളഭം ചാർത്തിയാലേ കല്യാണത്തിന്റെ ആ ഒരു സുഖം ഉണ്ടാവൂ..
പൈനാപ്പിളിൽ അന്ന് രാവിലെ കൂടി മുറ്റമടിച്ച ചൂലിന്റെ ഈർക്കിലി കുത്തി വെച്ച് അതിന്റെ തുമ്പത്ത് ചെറിപ്പഴം കുത്തി വെയ്ക്കും എന്നിട്ട് അതും വന്നവർക്ക് കൊണ്ട് കൊടുക്കണം.. ചിക്കൻ ബീഫ് എന്നൊക്കെ പറയുന്നതിന് പകരം അന്നത്തെ കാലത്ത് ഭക്ഷണം വിളമ്പുന്നവർ “പോത്ത്, പശു, കോഴി, മീൻ, സർലാസ് “എന്നിങ്ങനെ വിളിച്ചു ചോദിച്ചിരുന്നത് .സാമ്പത്തികമായി പുറകിൽ ഉള്ളവർ ടീ പാർട്ടിയാണ് നടത്താറ്.. മിക്സ്ചർ, ലഡു, ജിലേബി, കേക്ക്, കൊട്ട കേക്ക്, ചായ എന്നിങ്ങനെ ചെറിയ രീതിയിൽ ഉള്ള പരിപാടി…

“കല്യാണക്കുടി ” പിക്നിക് തന്നെയായിരുന്നു എല്ലാവരും കൂടി പാട്ടൊക്കെ വെച്ച് മാറ്റാഡോർ വാനിലോ അല്ലെങ്കിൽ ജീപ്പിലോ ആയിരിക്കും പോകുന്നത്… അംബാസിഡർ ചെറുക്കനും പെണ്ണിനും മാത്രം എന്നാൽ അവർക്കിരിക്കാൻ സ്ഥലം തികയാറില്ല എന്നുള്ളതാണ് സത്യം.. ജീപ്പിൽ എല്ലാവരെയും കയറ്റി ചെറുപ്പക്കാർ തൂങ്ങി നിൽക്കും അത് അവരുടെ അവകാശമാണ്.. ജീപ്പിന്റെ പുറകിലെ സീറ്റിൽ പെടുന്നവരുടെ അവസ്ഥ ചൂടും കയറില്ല വെളിച്ചവും കയറില്ല… പോരാത്തതിന് കാലാവധി കഴിഞ്ഞ മുല്ലപ്പൂവിന്റെ വാടിയ മണവും…

കല്യാണക്കുടി പോകുന്ന വണ്ടികളുടെ പുറകിൽ പൂവ് കൊണ്ട് പേര് എഴുതുമായിരുന്നു.. പിന്നീട് അത് തെർമോക്കോളിലേക്ക് മാറി… തെർമോക്കോളിൽ തിളക്കം കിട്ടാൻ പശ തേച്ച് ഗിൽറ്റ് പൌഡർ വാരിയിടുമായിരുന്നു…ഇടുന്നവന്റെ കയ്യിൽ നിന്നും 2 ദിവസത്തേക്കും നോക്കി നിന്നവന്റെ കവിളിൽ നിന്ന് 03 ദിവസത്തേയ്ക്കും ഗിൽറ്റ് മാറാതെ നിൽക്കുമായിരുന്നു.

ആൽബം : ഒരു ചെറിയ ബുക്ക് അതിൽ ഫോട്ടോഗ്രാഫർക്ക് തോന്നിയ പോലെ കുറച്ച് ഫോട്ടോകൾ.. അതാണ്‌ ആൽബം, ഫിലിം ആയിരുന്ന കാലം ആയത് കൊണ്ട് എടുത്ത ഫോട്ടോകൾ പതിയാതെ പോയിട്ട് ഫോട്ടോ കിട്ടാൻ വേണ്ടി താലി കെട്ടുന്ന ഫോട്ടോ വീണ്ടും എടുക്കേണ്ടി വന്നവരും ഉണ്ട്. വീഡിയോ വളരേ വിരളം.. അഥവാ എടുക്കുന്നെണ്ടിങ്കിൽ കണ്ണ് തുറക്കാനാവാത്ത വിധം മുഖത്തേയ്ക്ക് ലൈറ്റ് അടിച്ച് വെറുപ്പിക്കുന്നതും സാധാരണം.അന്നൊക്കെ കല്യാണം കഴിഞ്ഞു എല്ലാവരും പോകുമ്പോൾ മനസിലൊക്കെ ഒരു വിഷമം ആയിരുന്നു.

പിന്നാമ്പ്ര കാഴ്ച്ചകൾ :-
നാരങ്ങ വിളമ്പുന്നത് എത്ര ആളുകൾ കുടി വന്നിട്ടുണ്ട് എന്നറിയാനാണത്രേ, 100 നാരങ്ങ വെച്ചത് മുഴുവൻ ചിലവായാൽ ആളുകൾ കൂടുതൽ ഉണ്ടെന്നും വിളമ്പുന്നവർ പിടിച്ചു വിളമ്പണം എന്നുള്ളതിന്റെ സൂചനയാണത്.കല്യാണം കഴിഞ്ഞ് വൈകുന്നേരമായാൽ കവർ പൊട്ടിച്ച് പൈസ എഴുതി വെയ്ക്കൽ ഉണ്ട്… നമ്മൾ കൊടുത്ത അത്രയും കിട്ടിയോ… കുറഞ്ഞോ എല്ലാം ബുക്കിൽ എഴുതി വയ്ക്കും… കുറച്ച് തന്നവരെ കളിയാക്കി പിച്ചയെന്നോ എച്ചിയെന്നോ സ്പോട്ടിൽ വിളിക്കും. ഇന്നത്തെ ന്യൂ ജനറേഷൻ കല്യാണം പോലെ ഉന്തുവണ്ടിയും ജെസിബിയും ഒന്നും ഇല്ലാ പേടിപ്പിക്കുന്ന എട്ടിന്റെ പണികൾ ഇല്ല… ആകെ ഉള്ളത് ചെറി പഴത്തിൽ മുളകരച്ച് വെയ്ക്കുന്നതോ… ജൂസിന് പകരം ഉപ്പ് വെള്ളം വെയ്ക്കുന്നതോ മാത്രമാണ്..

വാലറ്റം :-

കല്യാണ വീട്ടിൽ ബാക്കി വന്ന ഭക്ഷണത്തിന്റെ പങ്ക് കാത്ത് നിന്ന് വിശന്നു മടുത്ത അയൽവക്കത്തെ ചേച്ചി ഒക്കെ തീർത്താവോ എന്ന് മനസ്സിൽ പ്രാകി കൊണ്ടേയിരുന്നു..രാത്രിയിൽ ആരെങ്കിലും വീണ്ടും കല്യാണ വീട്ടിലേക്ക് പോകുന്നത് കണ്ടാൽ “ഇവനൊക്കെ അടുപ്പിൽ വെള്ളമൊഴിച്ചിരിക്കയാണോ.. കുരിപ്പുകൾ ” എന്ന് മനസ്സിൽ ഓർത്തപ്പോഴേയ്ക്കും ഭക്ഷണവുമായി ചെറുക്കന്റെ അനിയൻ എത്തി…. അത് കണ്ട ചേച്ചി.. ചിരിച്ചു കൊണ്ട് ” അയ്യോ വേണ്ടാർന്നു “