Saju Joseph

ഭീതിപ്പെടുത്തുന്ന പരിവേഷത്തോടെ നായാട്ടുകാരുടെ കഥകളിലും , ആദിവാസികളുടെ കഥകളിലും നിറഞ്ഞു നിൽക്കുന്ന ഭീകരൻ പാമ്പ് …. 25 – 30 അടിയോളം നീളവും, വലിയ കമുകിനേക്കാള്‍ വണ്ണവും ഉള്ള കരിനീല നിറവും, വിഷം ചീറ്റിത്തെറിപ്പിക്കാന്‍ ശേഷിയുമുള്ള പാമ്പ്. ചിലരുടെ വിവരണത്തിൽ 16 അടിയോളം നീളവും , 14 ഇഞ്ചോളം വണ്ണവുള്ള ഭീകരൻ. അതിന്റെ നിശ്വാസമേറ്റാൽ മാത്രം മതി മനുഷ്യരും മൃഗങ്ങളും ക്ഷണത്തിൽ മരിച്ചു വീഴും. കരിങ്കോളി, മഞ്ഞക്കോളി, കരിവെതല, കരിചാത്തി എന്നീ പേരുകളിൽ ‌‌കഥകളിലെ മാത്രം അസ്തിത്വവുമായി ഇവൻ ഇന്നും മുത്തശ്ശിക്കഥകളിലൂടെയും പഴയ നായാട്ടു കഥകളിലൂടെയും ജീവിക്കുന്നു.

പ്രചാരത്തിലുള്ള ഇവന്റെ ശരീരവലിപ്പത്തിൽ പലയിടങ്ങളിലും അൽപ്പം അതിശയോക്തി കലർത്താറുണ്ടെങ്കിലും എല്ലാവരും പറയുന്ന ആകൃതി ഏകദേശം ഒരേപോലെ. കരിപോലെ കറുത്ത നിറവും ആക്രമണ സ്വഭാവവും. മുന്നിൽപ്പെടുന്നവരെല്ലാം ഓടി രക്ഷപെടാറാണ് പതിവ്. ഇത് മലഞ്ചോലയിൽ ചുറ്റ് ഇട്ട് വെള്ളക്കെട്ട് ഉള്ള സ്ഥലത്ത് ഇര പിടിക്കാൻ പാറ പോലെ ഇരിക്കും. ആൺ പാമ്പ് പൂവൻ കോഴിയുടെ കൂകലിനു സമാനമായ ശബ്ദം ഉണ്ടാക്കും. പെൺ പാമ്പ് കൊക്കുകയാണ് ചെയ്യുക. ഇത് കൂകുന്ന ശബ്ദംകേട്ടാൽ പണ്ടുകാലത്ത് വേ‌ട്ടക്ക് പോകുന്നവർ പേടിച്ച് തിരിച്ചുപോരും. വലിയ തടി കൂട്ടിയിട്ട് അതിനടിയിലാണ് അടയിരുപ്പ്. കാവലിന് ആൺപാമ്പുമുണ്ടാവും.

ആണ്‍പാമ്പിനു തലയില്‍ പൂവന്‍കോഴിയുടെ പോലെ പൂവും , ഹീറോ പേനയുടെ ആരോ ചിഹ്നം പോലൊരു അടയാളം കഴുത്തിലും ഉണ്ടായിരിക്കും. ആൺ പാമ്പിനെ പൂവൻ എന്നും , പെണ്ണിനെ കോളി അഥവാ പിട എന്നും വിളിക്കും. പെണ്ണിന് പൂവ് ഉണ്ടായിരിക്കില്ല. പെൺ പാമ്പിന് നീളം കൂടുതലുണ്ടെങ്കിലും ആൺ പമ്പ് നീളം കുറഞ്ഞ് തടിച്ചാണിരിക്കുന്നത്. ആൺ പാമ്പിനെ കണ്ടാൽ പെൺ പാമ്പ്
അടുത്തെവിടെയെങ്കിലുമുണ്ടെന്ന് ഉറപ്പാണ്. അടുത്തുണ്ടെന്ന് അറിയിക്കാൻ വേണ്ടി പരസ്പരം ചൂളം വിളിച്ച് ശബ്ദം ഉണ്ടാക്കും. അടഞ്ഞ കാടുകളിലാണ് താമസം. മൃഗങ്ങള്‍ ആണ് ഭക്ഷണം. ആൺ പാമ്പിനെ വെടിവെച്ചു കൊന്നാൽ പെൺ പാമ്പ് തീർച്ചയായും പാഞ്ഞെത്തുമെന്നും നിങ്ങളെ വെറുതെ വിടില്ലെന്നുമുള്ള കഥകളും ധാരാളം. ഈ വിവരമമറിയാവുന്ന നായാട്ടുകാർ പെൺ പാമ്പിനേയും കാത്തിരുന്ന് കൊല്ലും. ഇവ ഇടുക്കി, പെരിയാര്‍, നെല്ലിയാമ്പതി കാടുകളില്‍ഇപ്പോഴും ഉണ്ടെന്നു ചിലര്‍വിശ്വസിക്കുന്നു.

ചാവറയച്ചന്റെ ജീവചരിത്രത്തിൽ ഈ സർപ്പത്തെ ചുറ്റിപ്പറ്റിയുള്ള കഥകളുണ്ട്. പ്ലാശനാലിനടുത്തുള്ള കിഴക്കൻ വനങ്ങളിൽ ആശ്രമ പണികൾക്കായി തടി ശേഖരിക്കാൻ പുറപ്പെട്ടു. ഈ വനാന്തരങ്ങളിൽ ജനങ്ങളെ ഭയപ്പെടുത്തുന്ന ഈ സർപ്പം ഉണ്ടെന്നറിയാതെയാണ് അദ്ദേഹം അവിടേക്ക് പുറപ്പെട്ടത്. അച്ചന് ആപത്തു സംഭവിക്കും എന്ന് പേടിച്ച ജനങ്ങൾ തോക്കും മറ്റുമായി എത്തിയപ്പോൾ ഗർജ്ജിക്കുന്ന സർപ്പത്തിന്റെ മുമ്പിൽ ജപമാലയുമായി മുട്ടുകുത്തി നിൽക്കുന്ന അച്ചനെയാണ് കണ്ടത്. സർപ്പത്തെ ആരേയും ഉപദ്രവിക്കരുത്തെന്ന് ശാസിച്ച് വനത്തിലേക്ക് തിരിച്ചയക്കയാണ് അച്ചൻ ചെയ്തത്.

മൂവാറ്റുപുഴയാറിൽ 25 ഓളം വർഷങ്ങൾക്കു മുമ്പ് ഒരു വെള്ളപ്പൊക്കത്തിൽ ഈ ഇനത്തിൽപ്പെട്ട രണ്ട് ഇണപ്പാമ്പുകൾ ഒഴുകിയെത്തിയെന്ന് കിംവദന്തി പരന്നിരുന്നു. . അന്ന് ആ പുഴയിൽ കുളിക്കാൻ ഇറങ്ങരുതെന്ന് പലരും വിലക്കിയിരുന്നു. ദുക്‌റാനപ്പെരുനാളിന് മലവെള്ളപ്പാച്ചിലിൽ ആറാനകൾ ഒഴുകി വരുമെന്നും, കൂട്ടത്തിൽ ഈ പാമ്പുകളും ഒഴുകിയെത്തുമെന്നും പണ്ടുള്ളവർ വിശ്വസിച്ചിരുന്നു.

ഈ ഭീകര പരിവേഷമുള്ള പാമ്പിനെ കണ്ട കഥ കേരളത്തിൽ മാത്രമല്ല പ്രചരിക്കുന്നത്. ആഫ്രിക്കൻ നാടുകളായ സൗത്ത്, ആഫ്രിക്ക, സാമ്പിയ, മൊസാംബിക്, ടാൻസാനിയ, മലാവി എന്നീ രാജ്യങ്ങളിലും പ്രചരിക്കുന്നുണ്ട്. പക്ഷെ വിശ്വാസയോഗ്യമായ ഒരു തെളിവും അവിടെ നിന്നും കിട്ടിയിട്ടില്ല. ഇതേപ്പറ്റി പoനം നടത്തിയ വിദേശിയായ KarI shaker എഴുതിയ പുസ്തകത്തിൽ അദ്ദേഹം കേട്ടറിഞ്ഞ കാര്യങ്ങൾ,
crowing crested cobra എന്ന് ഇംഗ്ലീഷിൽ വിളിപ്പേരുള്ള ഈ പാമ്പു കഥകളെ തെളിവില്ലാത്ത കെട്ടുകഥകളാവാം എന്നാണ് പറയുന്നത്.

പാമ്പുകളെക്കുറിച്ച് പ്രക‍ൃത്യാലുള്ള ഭയമാവാം ഇത്തരം കഥകൾ ചമയ്ക്കുന്നതിന് കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ദരുടെ അഭിപ്രായം. ഡോ . കെ ജി അടിയോടിയുടെ കേരളത്തിലെ വിഷപ്പാമ്പുകളെന്ന പുസ്തകത്തിൽ കരിങ്കോളി – ഒരു പ്രശ്നസർപ്പം എന്ന ശീർഷകത്തിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. എൻ. പരമേശ്വരൻ 1958 ൽ എഴുതിയ വനസ്മരണകൾ എന്ന പുസ്തകത്തിൽ 16 അടി നീളവും 14 ഇഞ്ച് വണ്ണവുമുള്ള ഈ പാമ്പിനെ വെടിവച്ച് കൊന്നതായി പറയുന്നുണ്ട്.

രാജവെമ്പാലയെയാവാം ഇങ്ങനെ തെറ്റിദ്ധരിക്കപ്പെടുന്നതത്രെ. രാജവെമ്പാല തൊലിയുരിയുന്ന സമയങ്ങളിൽ ചിലപ്പോൾ തലയിൽ അവയുടെ തൊലി മുഴുവനായും പോകാതെ ചിലപ്പോൾ ഇരുന്നേക്കാം. പിന്നെ ഈ പാമ്പിന്റെ കൂകലിന് ഒരു ശാസ്ത്രീയ അടിത്തറയുമില്ല. സ്വനപേടകം ഇല്ലാത്ത ജീവികളാണ് പാമ്പുകൾ. . ബ്ലാക്ക് മാംബ എന്നയിനം പാമ്പ് പടമുരിക്കുമ്പോള്‍ അവശേഷിക്കുന്ന തൊലി കണ്ട് തെറ്റിദ്ധരിച്ചതാകാമെന്ന് അവി‌ടുത്തെ പാമ്പ് വിദഗ്ദർ പറയുന്നു. പിന്നെ കൂകുന്ന ശബ്ദമുണ്ടാക്കുന്നത് അവ പിടിച്ച ഇരകളാകാം എന്നും അവർ പറയുന്നു.

You May Also Like

കാനഡയിലെ ഫാൽക്കൺ തടാകത്തിന് സമീപം പറക്കുംതളികയെ കണ്ട സ്റ്റെഫാൻ മിച്ചാലക്കിന് സംഭവിച്ചത്

1967 മെയ് 20 ന്, ഫാൽക്കൺ തടാകത്തിന് സമീപം സ്റ്റെഫാൻ മിച്ചാലക്ക് ഒരു പറക്കുംതളികയെ (UFO)…

മൂന്ന് അമേരിക്കൻ പ്രസിഡന്റുമാർ കൊല്ലപ്പെടുമ്പോൾ യാദൃശ്ചികമായി അവിടെ സന്നിഹിതനായിരുന്ന ഒരു വ്യക്തിയുണ്ട്

നിങ്ങളിൽ ഭൂരിപക്ഷം പേർക്കും ഇതൊരു അപൂർവ്വ അറിവായിരിക്കും

“ആനയ്ക്ക് അവനെക്കാൾ ബുദ്ധിയുണ്ട്”

ഒരു ദേശീയ പാർക്കിലേക്കോ മൃഗശാലയിലേക്കോ ഒരു ടൂർ പോകുന്നത് പലർക്കും സ്വപ്നതുല്യമായ ഒരു രക്ഷപ്പെടലാണ്, എന്നാൽ…

ഷൂവിന്റെ ആകൃതിയിലുള്ള വീട് ആയ ‘ഹെയ്ൻസ് ഷൂ ഹൗസ്’ എവിടെയാണ് ?

ഷൂവിന്റെ ആകൃതിയിലുള്ള വീട് ആയ ‘ഹെയ്ൻസ് ഷൂ ഹൗസ്’ എവിടെയാണ് ? അറിവ് തേടുന്ന പാവം…