വിമാനാപകടത്തിൽ മരിച്ചാലുള്ള നഷ്ടപരിഹാരം ഒരു കോടി രൂപയ്ക്കു മുകളിലാണ്, നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ കൂടുതൽ പരിഗണിക്കേണ്ടത് പ്രകൃതി ദുരന്തത്തിന് ഇരയാകുന്നവരെയാണ്

238

വിമാനാപകടത്തിൽ മരിച്ചാലുള്ള നഷ്ടപരിഹാരം ഒരു കോടി രൂപയ്ക്കു മുകളിലാണ് (Montreal Convention 1999 as amended in 2009).കൃത്യമായി പറഞ്ഞാൽ ഒരു കോടി ഇരുപതു ലക്ഷം രൂപ. ജോലി ചെയ്യാൻ പറ്റാത്ത രീതിയിലുള്ള അംഗവൈകല്യം സംഭവിച്ചാൽ ലഭിക്കുന്ന തുക അതിലും കൂടും. ഗുരുതരമായ പരിക്ക് (കയ്യ്, കാലു എന്നിവ നഷ്ടപ്പെടുക) പറ്റിയവർക്കും അമ്പതു ലക്ഷത്തിനു മുകളിൽ ലഭിക്കും. ചികിത്സാ ചിലവുകളും തുടർ ചികിത്സ ആവശ്യമുണ്ടെങ്കിൽ അതിന്റെ കാലാവധി നോക്കി നിശ്ചിത തുകയും ലഭിക്കും. ചികിത്സ അപ്പോളോ പോലെയുള്ള ഏറ്റവും കൂടിയ ചിലവുള്ള ആശുപത്രികളിലും ആവാം. മുഴുവൻ ചെകിത്സാ ചിലവും ലഭിക്കും.പ്രത്യക്ഷമായ പരിക്ക് ഇല്ലെങ്കിലും മാനസിക സമ്മർദ്ദം,ഷോക്ക് എന്നിവ നേരിട്ടു എന്ന് തെളിയിക്കാൻ കഴിഞ്ഞാലും നഷ്ടപരിഹാരം ലഭിക്കും (Mental/Emotional anguish and shock)പറക്കുന്ന എല്ലാ വിമാനങ്ങളും ഇതിനു വേണ്ടി ലയബിലിറ്റി ഇൻഷൂറൻസ് എടുക്കണം എന്ന് നിര്ബന്ധമാണ്. ഇൻഷൂറൻസ് ഇല്ലാത്ത വിമാനങ്ങളെ ഇറങ്ങാനോ പൊങ്ങാനോ അധികൃതർ അനുവദിക്കില്ല. ഇക്കാര്യം ഉറപ്പു വരുത്താൻ ഇന്ത്യൻ അധികൃതർ വിട്ടു പോയാലും മറ്റുള്ള രാജ്യങ്ങളിലെ അധികൃതർ പിടിക്കും.ഇക്കാരണം കൊണ്ട് കരിപ്പൂരിൽ അപകടം സംഭവിച്ച എയർ ഇന്ത്യ വിമാനത്തിന് ഇൻഷൂറൻസ് ഉണ്ടെന്നു ഉറപ്പാണ്. റോഡ് അപകടത്തിനുള്ളത് പോലെ കോടതി വിധി (MACT) ആവശ്യമില്ലാത്തതു കൊണ്ട് നഷ്ടപരിഹാരം ലഭിക്കാൻ മൂന്നു-ആറു മാസത്തിൽ കൂടുതൽ എടുക്കില്ല,രേഖകൾ എല്ലാം ശരിയാണെങ്കിൽ. വിമാന കമ്പനിയും ഇൻഷൂറൻസ് കമ്പനിയും രേഖകൾ എല്ലാം നോക്കി എത്രയും പെട്ടെന്ന് നഷ്ടപരിഹാര തുകയുടെ കാര്യത്തിൽ തീരുമാനമെടുക്കും.അത് കൊണ്ട് കേന്ദ്ര/കേരള സർക്കാരുകൾ നഷ്ടപരിഹാരവും ചികിത്സാ ചിലവും നല്കുന്നുവെങ്കിൽ അത് വായ്പയായി നൽകിയാൽ മതിയാവും. നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ കൂടുതൽ പരിഗണിക്കേണ്ടത് പ്രകൃതി ദുരന്തത്തിന് ഇരയാകുന്നവരെയാണ്. അവർക്ക് മറ്റൊരു നഷ്ടപരിഹാരവുമില്ല, മാത്രമല്ല പാവങ്ങളുമാണ്.