കരിയുമ്മ

201

kariyumma

എല്ലാവരും അവരെ ‘കരിയുമ്മ’ എന്നു വിളിച്ചു. ഞാന്‍ കാണുമ്പോള്‍ ഉണങ്ങി വരണ്ടു ഒരു വിറകു കൊള്ളി പോലെയായിരുന്നു അവര്‍. അത്യദ്ധ്വാനത്തിന്റെ ഫലം. കരിയുണ്ടാക്കി ,അത് നിലമ്പൂരു കൊണ്ടുപോയി ചായക്കടക്കാര്‍ക്ക് വില്‍ക്കുന്നതായിരുന്നു അവരുടെ തൊഴില്‍. എണ്‍പതുകളില്‍ അതൊരു കാഴ്ചയായിരുന്നു. വലിയ ചാക്കുകളില്‍ കരി നിറച്ചു പത്തും പതിനഞ്ചും കിലോമീറ്റര്‍ ചുമന്നു ഒരു പറ്റം മനുഷ്യര്‍ നിലമ്പൂരിലെ ചായക്കടകള്‍ പ്രവര്‍ത്തിപ്പിച്ചു. നിലമ്പൂര്‍ ഒരു ഗ്യാസ് ഏജന്‍സി വന്നത് തൊണ്ണൂറുകളുടെ തുടക്കത്തിലാണ്. അതുവരെ വിറകും കരിയുമായിരുന്നു ഇന്ധനം. ചാലിയാര്‍ പുഴ കടന്നു പത്തു പതിനഞ്ചു കിലോമീറ്റര്‍ അകലെയുള്ള കൃഷിസ്ഥലത്തേക്ക് പോകുമ്പോള്‍ കരി നിറച്ച ചാക്കുമായി മനുഷ്യക്കോലങ്ങള്‍ നടന്നു നീങ്ങുന്നത് കാണാം. നാട്ടു പാതകളുണ്ട്. പക്ഷേ വാഹനമില്ല. ആകെയുള്ള ഒരു ജീപ്പ് കിട്ടിയാല്‍ നമ്പൂരിപ്പൊട്ടി വരെയെത്താം. പിന്നേയും അഞ്ചാറ് കിലോമീറ്റര്‍ ദൂരമുണ്ട്. നടപ്പ് അല്ലാതെ വേറെ വഴിയില്ല.

ചെറുപ്പത്തിന്റെ ഊറ്റത്തില്‍ കൃഷിക്കാരനാവാന്‍ പോയതാണ് ഞാന്‍. ശനിയാഴ്ച അതിരാവിലെ വീട്ടില്‍ നിന്നിറങ്ങും. പല വണ്ടി കയറി എട്ട് മണിയോടെ നിലമ്പൂരെത്തും. മഴക്കാലമല്ലെങ്കില്‍ പത്തു മിനുട്ടുകൊണ്ട് ചാലിയാര്‍ കടക്കാം. മഴക്കാലത്ത് നിറഞ്ഞു കവിഞ്ഞൊഴുകുന്ന പുഴ കണ്ടാല്‍ തന്നെ പേടിയാവും. നിറയെ ആളെ കയറ്റിയ തോണി അക്കരെയെത്താന്‍ ഒന്നൊന്നേകാല്‍ മണിക്കൂറെടുക്കും. വലിയ തോണി നിറയെ ആളുകളുണ്ടാവും. തോണിക്കാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല ,അത്രയധികം ആളുകളുണ്ട് പുഴ കടക്കാന്‍. ജനത്തിന്റെയും സാധനങ്ങളുടെയും ഭാരം കൊണ്ട് തോണി വല്ലാതെ വെള്ളത്തില്‍ താണിട്ടുണ്ടാവും. കൊച്ചുപിച്ചടക്കമുള്ള യാത്രക്കാര്‍ അധികം സംസാരിക്കാതെ നല്ല അച്ചടക്കത്തോടെ തോണിക്കുള്ളില്‍ ഇരിക്കും. ഓരോ യാത്രയിലും, തോണിയുടെ ഓരോ ആട്ടത്തിലും ഞാന്‍ വല്ലാതെ ഭയക്കും. എനിക്കു വെള്ളം അത്ര പരിചയമില്ല. നീന്തല്‍ അറിയില്ല. പിറ്റെന്നു വീട്ടില്‍ തിരിച്ചെത്തി തോണി യാത്രയെക്കുറിച്ച് പറയുമ്പോള്‍ ഭാര്യ പറയും ‘നീന്തലറിഞ്ഞിട്ടും കാര്യമില്ല, ആ കുത്തൊഴുക്കില്‍ ആര്‍ക്കും നീന്തിക്കയറുക എളുപ്പമല്ല.’

പുഴ കടന്നാല്‍ ചിലപ്പോള്‍ നമ്പൂരിപ്പൊട്ടി വരെ ജീപ്പ് കിട്ടും. ഇല്ലെങ്കില്‍ ആ ദൂരവും നടക്കണം. വഴിയില്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞ കരിച്ചാക്കുകളുമേന്തി നടന്നു വരുന്ന മനുഷ്യരെക്കാണാം. ബാലനും ഉണ്ണിക്കേലുവും മൊഹമ്മദും സൈനബയുമൊക്കെ സംഘത്തില്‍ കാണും. മനുഷ്യന്‍ ഒരു ചാണ്‍ വയറിനുവേണ്ടി ഇത്രയൊക്കെ കഷ്ടപ്പെടേണ്ടതുണ്ടോ എന്നു എനിക്കു തോന്നിയിട്ടുണ്ട്. പണ്ട്, ഒരു കഷണം റൊട്ടി കിട്ടാതെ കലാപക്കൊടുംകാറ്റ് അഴിച്ചു വിട്ട തെരുവിലെ മനുഷ്യരെക്കുറിച്ച് ഫ്രാന്‍സിലെ റാണി ‘അവര്‍ക്ക് കേക്ക് തിന്നു കൂടെ?’ എന്നു നിഷ്‌കളങ്കമായി ചോദിച്ച കഥ കേട്ടിട്ടുണ്ട്. ഏതാണ്ട് അതുപോലൊരു തോന്നലായിരുന്നു എന്റെതും. ആ എണ്‍പതുകളിലും പട്ടിണി നമ്മുടെ നാട്ടില്‍ ഒരു യാഥാര്‍ഥ്യമായിരുന്നു. ഇഷ്ടം പോലെ പണിക്കാരെ കിട്ടുന്ന കാലമായിരുന്നു അത്. പണി ഉണ്ടായിരുന്നില്ല. ഞാന്‍ സ്ഥലം കാണാന്‍ ചെല്ലുമ്പോള്‍ അടുത്ത പറമ്പില്‍ പണിക്കാരുണ്ടായിരുന്നു. ഉണക്ക അവലും മധുരമിടാത്ത കട്ടന്‍ ചായയുമായിരുന്നു പത്തു മണിക്കുള്ള ആഹാരം. ഉച്ചക്ക് വെള്ളം നിറഞ്ഞ കഞ്ഞിയും ചുട്ട ഉണക്കമീനും. ഭക്ഷണം കൊടുക്കുന്നതു അലുമനീയത്തിന്റെ പിഞ്ഞാണങ്ങളില്‍.

കാട് വെട്ടിത്തെളിച്ച് തീയിട്ടു. അടുത്ത പണി റബ്ബര്‍ നടാന്‍ കുഴികളെടുക്കുകയാണ്. കത്താതെ കിടക്കുന്ന ചെറു മരങ്ങള്‍ എടുത്തോട്ടെ എന്നു ചോദിച്ചു ഉണ്ണിക്കേലു. അയാളും സൈനബയും ഒക്കെച്ചേര്‍ന്നു മരങ്ങളൊക്കെ പെറുക്കിക്കൂട്ടി ചൂളയ്ക്ക് വെച്ചു. ധാരാളം കരി കിട്ടി. ആ കരി നിലമ്പൂരിലെ സമോവറുകള്‍ പ്രവര്‍ത്തിപ്പിച്ചു. ഇന്നിപ്പോള്‍ സമോവറുകള്‍ ഒരു അപൂര്‍വ്വ കാഴ്ചയാണ് . ഒരു കാലത്ത് മലയാളികള്‍ സമോവറില്‍ ഉണ്ടാക്കുന്ന ചായയെ കുടിച്ചിരുന്നുള്ളൂ. ആ ചായയുടെ രുചിയും ഒന്നു വേറെ തന്നെയാണ്.

റഷ്യന്‍ നോവലുകളില്‍ സമോവറുകളെക്കുറിച്ച് ധാരാളം പരാമര്‍ശം ഉണ്ട്. ഗോര്‍ക്കിയുടെ ‘അമ്മ’യിലും മറ്റും സമോവാറിന് ഒരു കഥാപാത്രത്തിന്റെ മാനം ഉള്ളതായി തോന്നിയിട്ടുണ്ട്. വിപ്ലവകാരികളുടെ ബൈബിളായിരുന്നു ഗോര്‍ക്കിയുടെ ‘അമ്മ’. ഇന്ന് വിപ്ലവ ചിന്തകളും ഉപരിപ്ലവമായി. ഗോര്‍ക്കിയും അമ്മയുമൊന്നും ചെറുപ്പക്കാരുടെ നാവിന്‍ തുമ്പത്തുള്ള പേരുകളല്ലാതായി. സോവ്യറ്റ് യൂണിയന്റെ പതനവും, നല്ല ഭംഗിയുള്ള കടലാസ്സില്‍ നാമമാത്രമായ വിലയ്ക്ക് പ്രഭാത് ബുക്‌സ് നല്കിയിരുന്ന റഷ്യന്‍ ബുക്കുകള്‍ കിട്ടാതായതും, കാരണമാവാം. പാര്‍ട്ടി സാഹിത്യം മാത്രമല്ല പ്രഭാത് ബുക്‌സിലൂടെ കിട്ടിയിരുന്നത്. അമൂല്യമായ ബാല സാഹിത്യ കൃതികളും റഷ്യന്‍ കഥകളും നോവലുകളും എല്ലാം ചെറുപ്പക്കാര്‍ ആഹ്ലാദത്തോടെ വാങ്ങിക്കൂട്ടി. വൈജ്ഞ്ജാനിക ഗ്രന്ഥങ്ങളും ഏറെയായിരുന്നു. പക്ഷേ ചെലവ് ചുരുക്കലിന്റെയും വറുതിയുടെയും കാലത്ത് രാഷ്ട്രീയവും സംസ്‌കാരവും കയറ്റുമതി ചെയ്യുന്ന പണി റഷ്യ നിര്‍ത്തിക്കളഞ്ഞു. അതോടെ റഷ്യന്‍ ബുക്കുകളുടെ വരവും നിന്നു.

രാവിലെ കരിപ്പണിക്കാര്‍ കയറിപ്പോകുന്നത് കാണാം. ആണും പെണ്ണും അടങ്ങുന്ന സംഘങ്ങള്‍. വനത്തിലേക്കാണ്. വീണു കിടക്കുന്ന മരങ്ങള്‍ മുറിച്ച് അവര്‍ ചൂളയ്ക്ക് വെക്കും. മരങ്ങള്‍ അടുക്കി അതിനു മുകളില്‍ ചളികൊണ്ടു കവചമുണ്ടാക്കിയാണ് ചൂള ഒരുക്കുക. ചകിരി ഉപയോഗിച്ച് ദഹിപ്പിക്കുന്ന രീതി തന്നെ. മണ്ണിന്റെ ആവരണം പൊട്ടിപ്പോയാല്‍ എല്ലാം നശിച്ചു. കരിക്ക് പകരം ചാരമേ കിട്ടൂ. അങ്ങിനെ ഇടക്ക് സംഭവിക്കാറുമുണ്ട്.

ഫോറസ്റ്റ്കാര്‍ക്ക് കൈക്കൂലി കൊടുക്കാതെ കാട്ടില്‍ ഒരു പണിയും നടക്കില്ല. കരിയുടെ അളവനുസരിച്ച് ആണ് കൈക്കൂലി. കൈക്കൂലി വാങ്ങുമെങ്കിലും വിരട്ടലിന് കുറവൊന്നുമില്ല. സാധാരണ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് വിധേയത്വത്തിന്റെ മാനസികാവസ്ഥയാണുണ്ടാവുക. പക്ഷേ പാവങ്ങളുടെ കാര്യത്തില്‍ അതങ്ങിനെയല്ല. അവരില്‍ നിന്നു പരിധിയില്ലാത്ത വിധേയത്വമാണ് പല ഉദ്യോഗസ്ഥരും പ്രതീക്ഷിക്കുക. പ്രദേശ വാസികളെ വനം കൊള്ളക്കും ശിക്കാറിനും വനം കയ്യേറ്റത്തിനും പ്രേരിപ്പിക്കുന്നത് വനപാലകര്‍ തന്നെയാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. കണക്ക് പറഞ്ഞു കൈക്കൂലിയും വാങ്ങും. എന്നിട്ട് കുറച്ചു കാലം കഴിയുമ്പോള്‍ നാട്ടുകാര്‍ക്കെതിരെ കേസ്സും എടുക്കും.

എല്ലാവരും അങ്ങിനെയുള്ളവരല്ല. അപൂര്‍വ്വമായി കൈക്കൂലിക്കാരല്ലാത്തവരും ഉണ്ട്. അങ്ങിനെയുള്ളവര്‍ പട്ടിണിക്കാരന്റെ ചെറിയ ചെറിയ തെറ്റുകള്‍ക്ക് നേരെ കണ്ണടയ്ക്കുന്നതായും കണ്ടിട്ടുണ്ട്. സമീപ പ്രദേശങ്ങളില്‍ കൂലിപ്പണി കിട്ടാന്‍ തുടങ്ങിയപ്പോള്‍ കരിയുണ്ടാക്കുന്ന ജോലി ക്രമേണ നിന്നു പോയി. അത്രക്ക് കഷ്ടപ്പെടാതെ തന്നെ ജീവിക്കാമെന്ന അവസ്ഥ വന്നു. ആദ്യ കാലങ്ങളില്‍ വന്‍ കിടക്കാര്‍ ഫോറസ്റ്റ്കാരുടെ സഹായത്തോടെ മരങ്ങള്‍ ഈര്‍ന്ന് കടത്തുന്ന രീതിയാണുണ്ടായിരുന്നത്. പിന്നെപ്പിന്നെ വ്യാപകമായ മരം കൊള്ളകളായി. സത്യസന്ധരും കാടിനോട് സ്‌നേഹമുള്ളവരും ഉയര്ന്ന ഉദ്യോഗസ്ഥരായി വന്നപ്പോഴാണ് വനം കൊള്ളക്ക് അറുതി വന്നത്. കാട് സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന ഒരു അവബോധം ജനങ്ങളിലും ഉണ്ടായി. പരിസരങ്ങളിലൊക്കെ ടെലഫോണ്‍ സൌകര്യം ഉണ്ടായതും വനസംരക്ഷണത്തെ സഹായിച്ചു. ഇന്ന് നമ്മുടെ കാടുകളില്‍ അതിക്രമിച്ചു കടക്കുന്നവര്‍ വിരളമാണ്. ഏതെങ്കിലും ഒരാള്‍ അതിനു മുതിര്‍ന്നാല്‍ പത്തു മിനുട്ടിനുള്ളില്‍ വിവരം മന്ത്രിയുടെ ഓഫീസില്‍ വരെ എത്തും. മൊബൈല്‍ ഫോണിന്റെ ഗുണം.

അവിവാഹിതയായിരുന്ന കരിയുമ്മക്ക് ഒരു ആണ്‍ കുട്ടിയുണ്ടായിരുന്നു. ഒരു വനപാലകന്റെ സംഭാവന. അവരുടെ ജീവിതം ആ കുട്ടിക്ക് വേണ്ടി മാത്രമുള്ളതായിരുന്നു. ട്രാന്‍സ്ഫറായി നാട് വിട്ടുപോയ വനപാലകനെക്കുറിച്ച് അവര്‍ക്ക് പരിഭവമില്ല. അച്ഛനെ അന്യോഷിച്ചു മകനെ ഒട്ടു പറഞ്ഞു വിടുകയുമില്ല. അവരുടെ വാക്കുകള്‍ ഇപ്പൊഴും എന്റെ കാതില്‍ മുഴങ്ങുന്നുണ്ട്. ‘അതിനെന്താ സാറേ, നല്ലൊരു ആണ്‍ കുട്ടിയെ കിട്ടിയില്ലേ, എനിക്കത് മതി’