കേരളം അൺലോക്ക് ചെയ്യാൻ തുടങ്ങുമ്പോൾ…

0
416

Karthik Hariharan

കേരളം അൺലോക്ക് ചെയ്യാൻ തുടങ്ങുമ്പോൾ…

ലോക്ക് ഡൌൺ ഇളവുകൾ ഇന്ന് വരുമെന്ന് കേൾക്കുന്നു. വൈകിയാണെങ്കിലും വളരെ നല്ലത്. ആളുകൾ പണിക്ക് പോയി തുടങ്ങട്ടെ. ജീവിതം എങ്ങനെയെങ്കിലും മുന്നോട്ട് ചലിക്കട്ടെ. ഒപ്പം കർശനമായി പാലിച്ചുകൊണ്ട് പോകേണ്ട എനിക്ക് മനസ്സിൽ വരുന്ന ചില പൊതുവായ നിർദേശങ്ങൾ മുന്നോട്ട് വയ്ക്കാൻ ആഗ്രഹിക്കുന്നു. എല്ലാ നിയന്ത്രണങ്ങളും കർശനമായി കുറഞ്ഞത് ഒരു കൊല്ലത്തേക്ക് തുടരണം, അതിനു വ്യക്തമായ ഗൈഡ്ലൈൻ ഇപ്പോഴേ പുറപ്പെടുവിക്കണം.

  1. കല്യാണം, മരണം, മറ്റ് കുടുംബ ചടങ്ങുകൾ തുടങ്ങിയ പൊതു കൂട്ടയ്മകൾ കർശനമായി ഒരു കൊല്ലത്തേക്ക് നിയന്ത്രിക്കണം. ലംഘിക്കുന്നവർക്ക് കർശന പിഴ ശിക്ഷ ഉറപ്പാക്കണം. പാവപ്പെട്ടവന്റെ കല്യാണത്തിനും പണക്കാരന്റെയും നിയമം ലംഘിച്ചാൽ ശിക്ഷ ഒരുപോലെ ആകണം, അല്ലാതെ തിരഞ്ഞു പിടിച്ചു നിയമം അടിച്ചൽപ്പിക്കുന്ന തരത്തിൽ ആകരുത്. കോവിഡ് ആദ്യ തരംഗം കെട്ടടങ്ങിയ സമയം വലിയ വലിയ ആഘോഷങ്ങൾ ഒരുപാട് കണ്ടിട്ടുണ്ട്. ഒരു കാരണവശാലും ഇത് ഇനി ആവർത്തിക്കരുത്.

  2. രാഷ്ട്രീയ യോഗങ്ങളും സമ്മേളനങ്ങളും കർശനമായി നിയന്ത്രിക്കണം. എന്തൊക്കെ ന്യായീകരിച്ചാലും തിരഞ്ഞെടുപ്പ് മെഗാ സമ്മേളനങ്ങൾ വൈറസ് സ്പ്രെഡിന് വലിയ കൈസഹായം ചെയ്തിട്ടുണ്ട്. അതുപോലുള്ളവയും കുറഞ്ഞത് ഒരു വർഷത്തേക്ക് കർശനമായി നിയന്ത്രിക്കണം.

  3. ആരാധനാലയങ്ങളിലെ തിരക്കും മതവും ജാതിയും നോക്കാതെ കർശനമായി നിയന്ത്രിക്കണം. പിഴ ശിക്ഷകൾ ഉറപ്പാക്കണം. നിയമം ലംഘിച്ച ഒറ്റയ്ക്ക് നടന്നു പോയ പാവപ്പെട്ടവന്റെ പോക്കറ്റിൽ ഉള്ള 500 രൂപ പിഴിയുന്നതിനൊപ്പം ഇവിടെയും കർശന ശിക്ഷകൾ ഉറപ്പാക്കണം.

  4. പണിക്ക് പോയി തുടങ്ങുന്ന ഭൂരിഭാഗം ആളുകളുടെയും ഏറ്റവും വലിയ കൈത്താങ്ങാണ് ട്രാൻസ്‌പോർട് സർവീസുകൾ. അവിടങ്ങളിൽ വെറുതെ തിരക്കുണ്ടാകരുത് എന്ന് പറഞ്ഞിട്ട് കാര്യമില്ല, ആവശ്യത്തിനുള്ള, അതിലും കൂടുതൽ സർവീസുകൾ ഓടിക്കണം, ഇവിടെ ലാഭം നോക്കരുത്. 100 പേർക്ക് ഒരു സ്ഥലത്ത് യാത്ര ചെയ്യാനുണ്ട്, ആ റൂട്ടിൽ ഒരു ദിവസം ഒരൊറ്റ ബസ് മാത്രമേ ഉള്ളൂ എന്ന സ്ഥിതി മാറാത്തിടത്തോളം തിരക്കുണ്ടാകുക തന്നെ ചെയ്യും.

  5. സർക്കാർ വാക്‌സിനേഷനിൽ പൂർണ ശ്രദ്ധ ചെലുത്തണം. ഇപ്പോൾ ഉള്ള 25 ശതമാനത്തിൽ നിന്നും രണ്ട് മാസങ്ങൾക്കകം തന്നെ ജനസംഖ്യയുടെ 50% പേരിലും ഓഗസ്റ്റോടെ വാക്‌സിൻ എത്തുന്നു എന്ന് ഉറപ്പാക്കണം. ഒരു വിട്ടുവീഴ്ചയും ഈ കാര്യത്തിൽ ഉണ്ടാകാൻ പാടില്ല.

  6. വലിയ മാളുകൾ ഒക്കെ തുറന്നു കൊടുക്കണം എത്രയും വേഗം, കാരണം അവിടെയും പണിയെടുക്കുന്നവർ എത്രയോ കാണും. എന്നാൽ നിയന്ത്രണങ്ങൾ പൂർണതോതിൽ അതാത് തദ്ദേശ ഭരണ വകുപ്പിന് കൊടുക്കണം. ഒരു രീതിയിലുമുള്ള ആൾകൂട്ടം ഈ സ്ഥലങ്ങളിൽ ഉണ്ടാകാൻ ഇടവരരുത്. അത് പോലെ തന്നെ ബീവറേജുകളും ബാറുകളും. സർക്കാരിന്റെ വലിയൊരു പങ്ക് വരുമാനം വരുന്ന സ്ഥലമായത് കൊണ്ട് ഇതും തുറക്കണം, എന്നാൽ നിയന്ത്രണങ്ങൾ കർശനമാക്കണം. ലംഘിക്കുന്ന ആളുകളിൽ നിന്നും ഉയർന്ന പിഴ ഈടാക്കുന്നത് തുടരണം, ഇതിൽ പോലീസിന്റെ അലംഭാവം കാണിക്കരുത്.

  7. ഏറ്റവും വലുത് ഒറ്റയ്ക്കോ ഒന്നോ രണ്ടോ കുടുംബക്കാരോ ആയി യാത്ര ചെയ്യുന്നവരുടെ സഞ്ചാര സ്വാതന്ത്ര്യം പുനസ്ഥാപിക്കണം. നിയന്ത്രണങ്ങൾ എഴുതിയുണ്ടാക്കുന്ന സാറന്മാർ ചുവന്ന ബോർഡുള്ള പ്രിവിലേജ്ഡ് വണ്ടികളിൽ യാത്ര ചെയ്യുമ്പോൾ ഇത് ഇപ്രകാരം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നൊരിക്കലും മനസിലാകില്ല. തന്റെ ഒരു നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നുമുള്ള ആവശ്യത്തിന് പുറത്തിറങ്ങേണ്ടി വരുന്ന സാധാ മനുഷ്യന് അതല്ല സ്ഥിതി. അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന പോലീസിങ് അവസാനിപ്പിക്കണം. ഒറ്റയ്ക്കോ അല്ലെങ്കിൽ ഒരു കുടുംബത്തിലെ ഒന്നോ രണ്ടോ പേരോ യാത്ര ചെയ്യുമ്പോഴല്ല കോവിഡ് പകരുന്നത്, മറിച്ചു ആൾകൂട്ടം ഉണ്ടാകുമ്പോഴാണ്.

  8. തിരക്കുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കർശനമായി പോലീസ് പട്രോളിംഗ് ദിനവും രാത്രിയും തുടരണം. നിയമലംഘകരെ പിടിക്കാൻ കാത്തിരിക്കണം. മുകളിൽ പറഞ്ഞ മാതിരി ഓരോരുത്തരെയും തടഞ്ഞു നിർത്തി ചോദ്യം ചെയ്യുന്നതിനു ചിലവാക്കുന്നതിന്റെ പകുതി എഫോർട്ട് മാത്രമേ പോലീസിനു തിരക്കുള്ള ഇടങ്ങളിൽ സ്ഥിരമായി പട്രോൾ ചെയ്യുന്നതിനു ആകുന്നുള്ളു.