ഈ സീരീസ് തുടങ്ങുന്നതിനു മുന്നേ ആരും സ്വപ്നം പോലും കണ്ടിട്ടില്ലാത്ത ഫലം

  0
  127

  Karthik Hariharan

  ആദ്യ ടെസ്റ്റിൽ 36 എന്ന നാണംകെട്ട സ്കോറിനു പുറത്തായി കളി അടിയറ വയ്ക്കുന്നു. രഹനെയുടെ സെഞ്ച്വറിയിലും ബുമ്രയുടെ തീപാറുന്ന ബൗളിങ്ങിലും മെൽബണിൽ ശക്തി കാണിച്ചു കൊടുക്കുന്നു, എത്ര മാർജിനിനു കഴിഞ്ഞ കളി ഭീകരമായി തോറ്റോ അതേ മാർജിനിൽ ജയിക്കുന്നു.പരുക്കുമായി നൂറുകണക്കിന് പന്തുകൾ മുട്ടിയിട്ട് വിഹാരിയും അശ്വിനും സിഡ്നിയിൽ തോൽക്കാൻ മനസില്ല എന്ന് പ്രഖ്യാപിക്കുന്നു.
  പിന്നെ ഓരോരുത്തരായി പുറത്തോട്ട്. കോഹ്ലി, ഭുവി, ശമി, അശ്വിൻ, ജഡേജ, വിഹരി,ബുമ്ര അങ്ങനെ മുൻനിര എല്ലാരും പുറത്തായ സ്ഥിതിക്ക് എങ്ങനെയെങ്കിലും ഒരു ഡ്രോ ചെയ്തു കപ്പ് നിലനിർത്താൻ വേണ്ടി, സബ്സ്ടിട്യൂട്ട് ഇറങ്ങണേൽ പോലും കാണികളിൽ നിന്നും ആളുകളെ വിളിക്കണം എന്ന ഘട്ടത്തിൽ ഗാബ ടെസ്റ്റിനു ടീം പ്രഖ്യാപിക്കുന്നു. ഓസ്ട്രേലിയയുടെ പ്രതാപകാലത്തെ ഓർമിപ്പിക്കും മാതിരിയുള്ള ബൗളിംഗ് നിര – പാറ്റ് കമ്മിൻസ്, സ്റ്റാർക്ക്, ഹാസ്ൽവുഡ്.

  അത്യാവശ്യം നല്ല സ്കോർ ഉണ്ട് അവസാന ദിവസം ജയിക്കാൻ. ആദ്യ സെഷൻ പക്കാ ബ്ലോക്കിങ്ങിൽ തുടങ്ങി സെറ്റ് ആയി, രണ്ടാം സെഷൻ സെറ്റ് ആയ ശേഷം ഏകദിന ശൈലിയിൽ റൺ കേറ്റി തുടങ്ങി, മൂന്നാം സെഷൻ 20-20ആയി ഓസ്ട്രേലിയൻ വിജയത്തിനും അനിവാര്യമായ ഡ്രോയിൽ നിന്നും വിജയം പിടിച്ചെടുക്കുന്നു ഇന്ത്യയുടെ രണ്ടാം നിര ടീം. ഗാബയിൽ ആദ്യമായി. ഓസ്ട്രേലിയ മുപ്പത്തു വർഷങ്ങൾക്ക് ശേഷം ഗാബയിൽ തോൽക്കുന്നു. ഈ സീരീസ് തുടങ്ങുന്നതിനു മുന്നേ ആരും സ്വപ്നം പോലും കണ്ടിട്ടില്ലാത്ത ഫലം! ഈ ടെസ്റ്റിലെ ഇന്ത്യൻ ടീമിലെ എല്ലാവരും താരങ്ങളാണ്. സുന്ദറിലും ശാരദൂലിലും തുടങ്ങി, സിറാജിലൂടെ ഇന്ന് ഗില്ലും പന്തും പൂജാരയും, മുന്നിൽ നിന്നു നയിച്ചു രഹാനെയും. ഇത് ഇന്ത്യൻ ടീമിന് എന്നന്നേക്കും ഓർത്തു വയ്ക്കാനുള്ള ചരിത്ര വിജയം.