കോവിഡ് പ്രതിരോധത്തിൽ കേരള മോഡൽ എന്തിനു കൊള്ളാം ? എന്ന് ചോദിക്കാൻ തോന്നിയ ഒരാളാണോ നിങ്ങൾ?

65

Karthik Hariharan

കോവിഡ് പ്രതിരോധത്തിൽ കേരള മോഡൽ എന്തിനു കൊള്ളാം 😏

എന്ന് ചോദിക്കാൻ തോന്നിയ ഒരാളാണോ നിങ്ങൾ? എങ്കിൽ താഴെ പറയുന്നത് തീർച്ചയായും വായിച്ചിരിക്കണം. തമിഴ്നാടിൽ കോവിഡ് കേന്ദ്രമായ ചെന്നൈയിൽ താമസിക്കുന്ന എന്റെ ഒരു സുഹൃത്തിന്റെ ഇന്നുണ്ടായ അനുഭവമാണ്.

ഈ വ്യക്തി താമസിക്കുന്നത് 2 3 പ്രായമുള്ളവർ ഉൾപ്പെടെ പത്തു പേര് അടങ്ങിയ ഒരു കൂട്ടു കുടുംബത്തിലാണ്. ഇവർ താമസിക്കുന്ന സ്ഥലത്ത് പൊതുവെ കോവിഡ് കേസുകൾ ഒന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇദ്ദേഹത്തിന്റെ ഒരു കുടുംബാംഗത്തിനു കഴിഞ്ഞ ആഴ്ച ഒഴിച്ചു കൂടാനാവാത്ത ജോലിത്തിരക്കുകൾ കാരണം ചെന്നൈയിൽ തന്നെ ഒരു കോൺടൈന്മെന്റ് സോണിൽ പണിക്ക് പോകേണ്ടി വന്നു. അദ്ദേഹത്തിന് കഴിഞ്ഞ ദിവസം കോവിഡ് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത് കൊണ്ട് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ കാണിക്കേണ്ടി വന്നു.

സ്വാഭാവികമായും ആശുപത്രിക്കാർ കോവിഡിനുള്ള സാമ്പിൾ ശേഖരിച്ചു എന്നിട്ട് മരുന്ന് കുറിച്ചു കൊടുത്തിട്ട് വീട്ടിൽ പോയി റസ്റ്റ്‌ എടുക്കാൻ പറഞ്ഞു. രണ്ടു നാൾ കഴിഞ്ഞു ഇന്ന് രാവിലെ റിസൾട്ട്‌ കിട്ടി – പോസിറ്റീവ്. ഇനി, കോവിഡ് സാമ്പിൾ ശേഖരിച്ചത് സ്വകാര്യ ആശുപത്രിയിൽ നിന്നായതു കൊണ്ട് സർക്കാർ പ്രവർത്തകർ പറഞ്ഞത് ഐസൊലേഷനും ചികിത്സാ ചിലവും എല്ലാം സ്വയംവഹിക്കണം എന്നാണ്. ആശുപത്രിക്കാർ ഒരു എസ്റ്റിമേറ്റ് കൊടുത്തു. ദിവസേന ബെഡിനു മാത്രം ഇരുപതിനായിരം രൂപ, മരുന്നുകൾക്കും ഭക്ഷണത്തിനും വേറെ. അങ്ങനെ ടോട്ടൽ എസ്റ്റിമേറ്റ് ഏകദേശം ഒരു ലക്ഷത്തിൽ കൂടുതൽ. മുൻകൂറായി തുക അടയ്ക്കുകയും വേണം‼️ പിന്നീട് അറിഞ്ഞത് ഒട്ടും നിവൃത്തിയില്ലാത്ത ആളാണെങ്കിൽ സർക്കാർ ചികിത്സ കൊടുക്കും, പക്ഷെ അതിനു അതിന്റെതായ ഫോർമാലിറ്റീസ് ഉണ്ട്. എന്തായാലും ഇദ്ദേഹത്തിന്റെ കുടുംബത്തിന് ഒരാളുടെ ചികിത്സ വഹിക്കാൻ പറ്റും എന്നുള്ളത് കൊണ്ട് അവർ അവിടെ തന്നെ തുടരാൻ തീരുമാനിച്ചു.

ഇനി കുടുംബാംഗങ്ങളെ മുഴുവൻ ടെസ്റ്റ്‌ ചെയ്യണ്ടെ, അവർ സ്വയം ഐസൊലേഷനിൽ പ്രവേശിക്കണ്ടേ⁉️ ഉറപ്പായും. വേണം.ആരോഗ്യ പ്രവർത്തകർ അവരെ രാവിലെ തന്നെ കോൺടാക്ട് ചെയ്തു, എന്നിട്ട് രോഗ ബാധിതനെ അഡ്മിറ്റ് ആക്കുവാനുള്ള കാര്യങ്ങളൊക്കെ ചെയ്തു. എന്നിട്ട് അവരോട് പറഞ്ഞത് വൈകുന്നേരത്തിനു മുന്നേ അവർ വീട്ടിൽ വരും, അത് കഴിഞ്ഞു പിന്നെ പുറത്തിറങ്ങരുത്, അതിനു കുറച്ചു ദിവസത്തേക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങളും പെട്ടന്ന് പോയി വാങ്ങി വയ്ക്കാൻ ‼️സീരിയസ്‌ലി⁉️😔 തത്കാലം അവർക്ക് ആവശ്യമുള്ള കാര്യങ്ങൾ എല്ലാം ഉള്ളതിനാൽ പുറത്തിറങ്ങേണ്ടി വന്നില്ല.

ആരോഗ്യ പ്രവർത്തകർ വൈകുന്നേരം പിന്നേം കോൺടാക്ട് ചെയ്തു, പ്രായമുള്ളവർക്കും കുഞ്ഞുങ്ങൾക്കും മാത്രം ടെസ്റ്റ്‌ ചെയ്താൽ മതിയെന്ന് പറഞ്ഞു. എന്റെ സുഹൃത്തിനോടും മറ്റൊരാളോടും (ചെറുപ്പക്കാർ) വേണമെങ്കിൽ നിങ്ങളും ടെസ്റ്റ്‌ ചെയ്‌തോ എന്ന് പറഞ്ഞു 🙄
അവരെല്ലാരും ടെസ്റ്റിംഗ് ചെയ്യണം എന്ന് പറഞ്ഞത് കൊണ്ട് ചെയ്യാം എന്ന് സമ്മതിച്ചു. അവരോട് അടുത്തുള്ള സ്കൂളിൽ ടെസ്റ്റ്‌ സെന്ററിൽ പോയി സാമ്പിൾ കൊടുക്കാൻ പറഞ്ഞു. കോവിഡ് ടെസ്റ്റിംഗിനുള്ള ചെലവ് സർക്കാർ വഹിക്കുമെന്ന് പറഞ്ഞു, ഭാഗ്യം . സുഹൃത്ത് പറഞ്ഞത് പ്രകാരം ആരോഗ്യ പ്രവർത്തകർ ആരും ഈ നേരം വരെ വീട്ടിൽ പോയിട്ടില്ല, അവർ സ്വയമേവ ഐസൊലേഷനിൽ നില്കുന്നു എന്നതല്ലാതെ ഒരു രീതിയിലുള്ള നേരിട്ട് വന്നുള്ള പ്രവർത്തനവും, അടുത്തുള്ളവരെ ബോധവത്കരണം ഉൾപ്പെടെ, ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.

പറഞ്ഞു വന്നത് എന്തെന്നാൽ ഇതൊക്കെയാണ് കേസുകൾ കൂടിയ ഇടങ്ങളിലൊക്കെ നടക്കുന്നത്. ഒരുപാട് വീഴ്ചകൾ ഇവിടെ ചൂണ്ടി കാണിച്ചു എങ്കിലും അതെല്ലാം തമിഴ്നാട് സർക്കാർ മോശമായത് കൊണ്ടല്ല, പക്ഷെ അവിടുത്തെ പ്രയോറിറ്റികൾ മാറിയത് കൊണ്ടാണ്. ഇങ്ങനെയൊക്കെയേ നടക്കു കേസുകൾ ഒരു പരിധിക്കപ്പുറം കൂടുമ്പോൾ. കേരളത്തിൽ പണമുള്ളവരിൽ നിന്നും ഇന്സ്ടിട്യൂഷണൽ ക്വാറന്റൈന് പണം ഈടാക്കണം എന്ന് സർക്കാർ പറഞ്ഞപ്പോൾ എതിർത്തവർ ഇതൊന്നു വായിച്ചാൽ നന്നായിരിക്കും. ഒപ്പം ഇവിടെ ഇതുവരെ എങ്ങനെ കോവിഡ് രോഗികളെ ചികിൽസിച്ചെന്നും.

Advertisements