ശിവശങ്കറിന്റെ അറസ്റ്റ് കെ ഫോണിനെ ലക്ഷ്യമിട്ടുള്ള ‘വലിയ മുതലാളി’യുടെ കളികളോ ?

426

Karthik Hariharan എഴുതുന്നു

ആപ്പ് ക്രോനോളജി ദേഖിയെ..

സീൻ 1

2015 അവസാനം – ചേട്ടൻ അനിയന്മാരുടെ തർക്കത്തിനു ശേഷം ജിയോ ലോഞ്ച് ചെയ്യുന്നു. മുകേഷ് അംബാനിയുടെ ഏറ്റവും വലിയ സ്വപ്നമായ ടെലികോം മേഖല അനിയന് കൊടുത്തത് മനസിലാമനസ്സോടെ സമ്മതിച്ച അംബാനി അഗ്രിമെന്റ് പ്രകാരം പത്തു കൊല്ലത്തേക്ക് അനിയനോട് മത്സരിച്ചില്ല. പകരം രാജ്യമോട്ടാകെ കേബിൾ ശൃംഖല കെട്ടിപടുത്തുകൊണ്ടിരുന്നു. കൃത്യം പത്തു കൊല്ലത്തിനു ശേഷം ജിയോയുടെ ലോഞ്ച്. ബിസിനസ് അറിയാത്ത പാപ്പരായ അനിയന്റെ ശൃംഖല കൂടി ചേട്ടൻ ഏറ്റെടുക്കുന്നു. സൗജന്യ മഹാമേളകൾ കൊണ്ട് തുടങ്ങിയ ജിയോക്ക് വളരെവേഗം ഉപഭോക്താക്കളെ കിട്ടി, റെക്കോർഡ് വേഗത്തിൽ. നഷ്ടം എയർടെൽ, ഐഡിയ, വൊഡാഫോൺ തുടങ്ങി ജനങ്ങളെ പിഴിഞ്ഞുകൊണ്ടിരുന്ന എല്ലാർക്കും വീതിച്ചു കിട്ടുകയും ചെയ്തു.
പതിയേ ജിയോയുടെ നിരക്കുകൾ 2019ഓടെ കുത്തനെ കൂട്ടുന്നു. നഷ്ടത്തിലായ ബാക്കിയെല്ലാരും ആ പാത പിന്തുടരുന്നു. പക്ഷെ ഒരു വ്യത്യാസം. ബാക്കിയുള്ളവർക്ക് അവരുടെ നഷ്ടത്തിന്റെ ഒരു ശതമാനം മറികടക്കാൻ ഈ നിരക്ക് വർധന സഹായിച്ചെങ്കിൽ ജിയോയ്ക്ക് അത് ലാഭത്തിന് മേൽ ലാഭത്തിലേക്കുള്ള യാത്രയാകുന്നു.

സീൻ 2

2017 മുതൽ ഇപ്പോഴും തുടരുന്നു – കേന്ദ്രസർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു. ഉദ്യോഗസ്ഥരുടെ അഹങ്കാരവും കെടുകാര്യസ്ഥതയും ജനങ്ങളെ വളരെ വേഗം ബിഎസ്എൻഎൽ നിന്നും അകറ്റുകയും നഷ്ടത്തിന്റെ കണക്കുകൾ വളരെവേഗം അധികരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

സീൻ 3

2019 അവസാനം – രാജ്യമെമ്പാടും ഫൈബർ ഒപ്റ്റിക് ശൃംഖല കെട്ടിപടുത്ത ജിയോ ഹൈസ്പീഡ് ബ്രോഡ്ബൻഡ് തുടങ്ങുന്നു. പൊന്മുട്ടയിടുന്ന താറാവിനെ പോറ്റാൻ ചേട്ടൻ അംബാനിയോളം മിടുക്ക് ഇന്ത്യാ മഹാരാജ്യത്ത് തൽകാലം ആർക്കുമില്ലല്ലോ.

സീൻ 4

2019 – 2020 – ടെലികോം മേഖലയിൽ ജിയോക്ക് ഒപ്പം പൊരുത്തൻ എയർടെൽ കിണഞ്ഞു ശ്രമിക്കുന്നു. അപ്പുറത്തു വൊഡാഫോണും ഐഡിയയും ലായിക്കുകയും വി എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്യുന്നു. ഇത്രയൊക്കെ ആയിട്ടും ജിയോയുടെ വരുമാനം കൂടിക്കൊണ്ടിരിക്കുന്നതല്ലാതെ കുറഞ്ഞില്ല. ബാക്കിയുള്ളവരുടെ വരുമാനം കുത്തനെ താഴോട്ട് തന്നെ.
ജിയോയുടെ ബ്രോഡ്ബാൻഡുമായി പൊരുതാൻ കേരളത്തിലെ ലോക്കൽ കേബിൾ ശൃംഖലകളും പൊരുതി തുടങ്ങുന്നു, ആകർഷകമായ പ്ലാനുകൾ കൊണ്ട് വരുന്നു.

സീൻ 5

2019 – കേരള സർക്കാർ മുൻകൈ എടുത്തു സംസ്ഥാനത്തെ ഏറ്റവും വലിയ വിഭവശേഷിയുള്ള കെഎസ്ഇബിയുമായി ചേർന്നുള്ള രാജ്യത്തിൽ ആദ്യമായി “എല്ലാവർക്കും ഇന്റർനെറ്റ്” പദ്ധതിയായ KFON (Kerala Optic Fiber Network) പ്രഖ്യാപിക്കുന്നു. സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദോഗസ്ഥനായ ശിവശങ്കറിന്റെ മേൽനോട്ടത്തിൽ KFON പദ്ധതി അതിവേഗം പുരോഗമിക്കുന്നു.

സീൻ 6

2020 ജൂലൈ – തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് പിടിച്ച സ്വർണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സർക്കാരിനെ ശിവശങ്കറിലൂടെ ഉന്നം വയ്ക്കുന്നു. മാസങ്ങൾ നീണ്ട ED, സിബിഐ, കസ്റ്റമസ് തുടങ്ങിയവരുടെ അന്വേഷണ നാടകങ്ങൾക്കൊടുവിൽ ശിവശങ്കറിനെ ED അറസ്റ്റ് ചെയ്യുന്നത് ഒക്ടോബറിൽ.

സീൻ 7

2020 ഒക്ടോബർ – അധികം ആരും ശ്രദ്ധിച്ചിരിക്കില്ലാത്ത ഒരുകാര്യമാണിത്. ടെലികോം മേഖലയിൽ ഇപ്പോൾ മൂന്നാമന്മാരായ VI (വൊഡാഫോൺ – ഐഡിയ) യുടെ കേരളമെമ്പാടും ഉള്ള സർവീസ് ഒരു ദിവസം പൊടുനെന്നെ നിശ്ചലമാകുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ അത് വലിയ ചർച്ചാവിഷയവുമാകുന്നു. എന്നാൽ രണ്ടു ദിനം കൊണ്ട് എല്ലാം ശരിയാക്കിയിട്ടു വി കേരളത്തിലെ എല്ലാ അച്ചടി മാധ്യമങ്ങളുടെയും മുൻപേജിൽ വലിയ പ്രാധാന്യത്തോട് കൂടി ക്ഷമാപണം കൊടുക്കുന്നു. അതിലെ ഒരു വാചകം ഇതാണ് “ഞങ്ങളുടെ കേരളത്തിലെ ഫൈബർ ശൃംഖലയിക്ക് കുറച്ചുപേർ മനപ്പൂർവം കേടുപാടുകൾ വരുത്തിയിട്ടുണ്ട്, അതിനെതിരെ അന്വേഷണം നടക്കുന്നു”

സീൻ 8

2020 ഇന്ന് – സ്വർണ്ണകള്ളക്കടത്തുമായി അറസ്റ്റിലായ ശിവശങ്കറിലൂടെ കെഫോണിലേക്ക് EDയുടെ അന്വേഷണം നീളുന്നു എന്ന് വലിയ വാർത്താ തലകെട്ടുകൾ! ആർക്കും ഒരു സംശയവും ഇല്ല എന്ന് പറയാൻ പ്രത്യേകം പറഞ്ഞിട്ടുണ്ട്.

നബി – അമ്പാനി മൊതലാളി വില കൂട്ടുന്നതിനു മുന്നേ ഒരു വർഷത്തേക്ക് സേവനത്തിന്റെ കാശു മുൻകൂട്ടി മുടക്കിയതിനാൽ ഞാൻ ഇപ്പോഴും ടെലികോം സേവനത്തിനായി ജിയോ ആണ് ഉപയോഗിക്കുന്നത്. ഒരു രണ്ടു മാസത്തേക്ക് കൂടി അത് തുടരുകയും ചെയ്യും. എന്നാൽ സേവനങ്ങളിൽ വലിയ ഇടിവ് ഇപ്പോൾ കാണാൻ പറ്റുന്നുമുണ്ട്.