ഇനിയും കോവിഡ് കേസുണ്ടായാൽ മുഴുവനും പൂട്ടിയിടണോ? അങ്ങനെ ആണെങ്കിൽ എത്ര നാൾ പൂട്ടിയിടും ഈ മാരത്തോൺ ജയിക്കാൻ ?

0
71

Karthik Hariharan

ഇനിയും കോവിഡ് കേസുണ്ടായാൽ മുഴുവനും പൂട്ടിയിടണോ?⁉️ അങ്ങനെ ആണെങ്കിൽ എത്ര നാൾ പൂട്ടിയിടും ഈ മാരത്തോൺ ജയിക്കാൻ ⁉️

എത്ര കാലം സർക്കാർ എല്ലാ കോവിഡ് രോഗ ബാധിതരെയും ചികിൽസിക്കും? ഇന്നത്തെ വാർത്താ സമ്മേളനം പ്രകാരം 53 കേസുകളാണ് ഇപ്പോ ആക്റ്റീവ് ആയ 9000ത്തോളം കേസുകളിൽ ക്രിട്ടിക്കൽ. അതിൽ തന്നെ 9പേർ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്റർ സപ്പോർട്ടോടു കൂടി തുടരുന്നു. ഈ കണക്കുകൾ പ്രകാരം ബാക്കിയുള്ള മിക്കവർക്കും മൈൽഡ് രോഗബാധ ആയിരിക്കും. അതിനു സർക്കാർ ചിലവിൽ കാലങ്ങളോളം ചികിത്സ കൊടുക്കേണ്ട ആവശ്യമുണ്ടോ⁉️ പ്രത്യേകിച്ചു ഡൽഹിയിൽ നടന്ന പഠന പ്രകാരം ജനസംഖ്യയുടെ കാൽ ഭാഗത്തോളം ആളുകൾക്ക് രോഗം വന്നു പോയിരിക്കാം എന്നിരിക്കെ. മൈൽഡ് രോഗബാധിതരേ വീട്ടിൽ തന്നെ നിർത്തിക്കൂടെ, അവിടെ നിരീക്ഷണങ്ങൾ ശക്തമാക്കിയ ശേഷം⁉️

ഡിസ്ചാർജ് പോളിസി നമ്മൾ മാത്രം എന്ത് കൊണ്ട് രാജ്യം അംഗീകരിച്ച പോളിസി തുടരുന്നില്ല ⁉️ ഈ കാലത്തും ഒരു സീരിയസ് അല്ലാത്ത രോഗി 30ഉം 40ഉം ദിവസം ആശുപത്രിയിൽ കഴിയേണ്ടയിട വരുത്തുന്നത് ആശുപത്രി കിടക്കകൾ പെട്ടന്ന് കാലിയാകാനും ആരോഗ്യ പ്രവർത്തകർക്ക് കൂടുതൽ കൂടുതൽ പണി കൊടുക്കുന്നതും അല്ലെ⁉️ ഒപ്പം കൊടുത്തിരിക്കുന്ന ചിത്രം ICMR അംഗീകരിച്ച, ഇന്ത്യ മുഴുവൻ ഫോളോ ചെയ്യുന്ന കോവിഡ് ഡിസ്ചാർജ് പോളിസി. സ്ട്രാറ്റജി സാഹചര്യത്തിന് അനുസരിച്ചു മാറ്റേണ്ടി ഇരിക്കുന്നു എന്ന് തോന്നുന്നു‼️

മാധ്യമ പ്രാർത്തകൻ KJ Jacob സാറിന്റെ വാക്കുകളോട് നൂറു ശതമാനം യോജിക്കുന്നതിനാൽ അദേഹത്തിന്റെ ഈ കാര്യത്തിലുള്ള അഭിപ്രായം താഴെ കൊടുക്കുന്നു.

“ലോകമെങ്ങും കോവിഡ് പ്രതിരോധ നയങ്ങൾ സർക്കാർ രൂപപ്പെടുത്തുന്നത് അപ്പോഴപ്പോൾ വരുന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌. ഡൽഹിയിൽനിന്നും വരുന്ന രണ്ടു പുതിയ വിവരങ്ങൾ വളരെ പ്രാധാന്യമുള്ളതാണ്; കേരള സർക്കാർ ഇക്കാര്യം പരിഗണിക്കേണ്ടതുണ്ട്.

ഒന്ന്: ജൂൺ 27 മുതൽ ജൂലൈ 10 വരെ കേന്ദ്രസർക്കാർ ഏജൻസിയായ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ നടത്തിയ ഒരു സർവ്വേപ്രകാരം ദൽഹി ജനസംഖ്യയിലെ 22.86 ശതമാനം പേരിൽ കോവിഡ്-19 ഉണ്ടാക്കുന്ന വൈറസിനെതിരായ ആന്റിബോഡിയുടെ സാന്നിധ്യമുണ്ട്. ഇവർ റെക്കോര്ഡുപ്രകാരം രോഗികളായിരുന്നിട്ടില്ല. അതിന്റെയര്ഥം ആരുമറിയാതെ ഇവരിൽ രോഗം വന്നുപോയി എന്നാണ്.

രണ്ട്: കഴിഞ്ഞ ഒരുമാസമായി ഡൽഹിയിൽ ലോക്ഡൌൺ ഇല്ല. എങ്കിലും കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ദിവസേന റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം പകുതിയിലും താഴെയായി കുറഞ്ഞു. റീപ്രൊഡക്ടീവ് റേറ്റ് (ഒരു രോഗി വേറെ എത്ര ആൾക്ക് പകരുന്നുണ്ട് എന്നതിന്റെ തോത്) ഒന്നിലും കുറഞ്ഞു. അതായത് രോഗവ്യാപനം ഏകദേശം നിയന്ത്രിച്ചുനിർത്താൻ ആയിട്ടുണ്ട്.
ലോക് ഡൌൺ ഇല്ലാതെ ഡൽഹി ഈ മെച്ചപ്പെട്ട നിലയിൽ എത്താനുള്ള കാരണമായി പറയപ്പെടുന്നത് കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ ചേർന്ന് നടപ്പിലാക്കിയ ഒരു പദ്ധതിയാണ്. തനുസരിച്ച് വീടുതോറും കയറിയിറങ്ങി ആളുകളെ ടെസ്റ്റ് ചെയ്തു; രോഗമുള്ളവരെ ലക്ഷണമില്ലെങ്കിൽ/അത്യാവശ്യമില്ലെങ്കിൽ വീട്ടിൽത്തന്നെ ക്വാറന്റൈൻ ചെയ്തു. ടെസ്റ്റിന്റെ എണ്ണം കൂട്ടുകയും വലിയ ലക്ഷണങ്ങൾ ഇല്ലാത്തവരെ വീടുകളിൽ കഴിയാൻ അനുവദിക്കുകയും ചെയ്തതോടെ ആശുപത്രികളുടെയും ആരോഗ്യപ്രവർത്തകരുടെയും മേലുള്ള ഭാരം കുറഞ്ഞു; പലയിടത്തും ബെഡുകൾ മിച്ചമായി വന്നു.ഇതേ അനുഭവം ഇപ്പോൾ ചെന്നൈയില്നിന്നും വരുന്നുണ്ട്. നഗരത്തിലെ രോഗികളുടെ എണ്ണം കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പകുതിയായി കുറഞ്ഞു, റീപ്രൊഡക്ടീവ് റേറ്റും ഒന്നിൽതാഴെയായി.പക്ഷെ പ്രകടമായ ഒരു വ്യത്യാസമുണ്ട്: ചെന്നൈയിൽ സമ്പൂർണ്ണ ലോക്ക് ഡൌൺ ആയിരുന്നു.


ഡൽഹിയിലെയും ചെന്നൈയിലെയും അനുഭവങ്ങൾ വെച്ച് കേരളം ചില കാര്യങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം.ഒന്ന്: ലോക്ക്ഡൌൺ: ഇപ്പോൾ ഒരു പ്രദേശം ഹോട്ട് സ്പോട്ടാവുകയോ, വ്യാപകമായി രോഗവ്യാപനം ഉണ്ടാവുകയോ ചെയ്‌താൽ അവിടെ അപ്പോൾത്തന്നെ ലോക് ഡൌൺ ചെയ്യുകയാണ് ചെയ്യുന്നത്. അത് തീർത്താൽ തീരാത്ത ദുരിതമാണ് മനുഷ്യർക്ക് സമ്മാനിക്കുന്നത്. തിരുവനന്തപുരത്തുള്ള ആളുകളോട് സംസാരിക്കുമ്പോൾ അതിന്റെ ആഴം മനസിലാകും. ദൽഹി പരീക്ക്ഷണങ്ങളുടെ വെളിച്ചത്തിൽ ലോക് ഡൌൺ കാര്യത്തിൽ സർക്കാർ ഒരു പുനഃപരിശോധനാ നടത്തണം. രോഗവ്യാപനം വ്യാപകമായി ഉണ്ടാകുന്ന സ്‌ഥലങ്ങളിൽ വ്യാപകമായി ടെസ്റ്റ് നടത്തുക. രോഗികളായി കാണുന്നവരെ ഐസൊലേറ്റ് ചെയ്യുക. ബാക്കിയുള്ളവരെ സാധാരണ പോലെ ജീവിക്കാൻ അനുവദിക്കുക.

രണ്ട്: ചികിത്സ: കേരളത്തിൽ ഇപ്പോൾ രോഗം സംശയിച്ചാൽത്തന്നെ അപ്പോൾ മുതൽ സർക്കാർ സംരക്ഷണയിലാണ്. വളരെ കുറഞ്ഞ കേസുകൾ ഉണ്ടായിരുന്നപ്പോൾ അത് സാധ്യമാണ്. ഇനി ഇത് എത്രത്തോളം പ്രായോഗികമാണ് എന്ന് സർക്കാർ ആലോചിക്കണം. ലക്ഷണങ്ങൾ ഇല്ലാത്തവരെയും ചെറിയ ലക്ഷണങ്ങൾ ഉള്ളവരെയും വീടുകളിൽ കഴിയാൻ അനുവദിക്കണം; അവരുടെ മേൽ കൃത്യമായ നിരീക്ഷണം ഉണ്ടായിരിക്കണം; ആരോഗ്യനിലയിലുള്ള ചെറിയ വ്യതിയാനം പോലും വളരെ പെട്ടെന്ന് വഷളാകാറുണ്ട്; അതുകൊണ്ട് അവർക്കു എത്രയും വേഗം മെഡിക്കൽസേവനം ഉറപ്പുവരുത്തിയാൽ മതി. ഇങ്ങിനെ വന്നാൽ ആശുപത്രികളുടെയും ആരോഗ്യപ്രവർത്തകരുടെയും മേലുള്ള വലിയ സമ്മർദ്ദം ഒഴിവാക്കാം.

മൂന്ന്: ഡിസ്ചാർജ് പോളിസി: ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ പോളിസി പ്രകാരം ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി പത്തുദിവസത്തിനകമോ പനി മാറി മൂന്നുദിവസത്തികമോ ഡിസ്ചാർജ് ചെയ്യാം; ടെസ്റ്റിന്റെ ആവശ്യമില്ല. ഇപ്പോഴത്തെ അവസ്‌ഥയിൽ കേരളത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന ആൾ എത്ര ലഘുവായ ലക്ഷണം കാണിച്ചാലും അസുഖം ഭേദമായാലും ടെസ്റ്റ് ചെയ്തു നെഗട്ടീവായി എന്നുറപ്പാക്കിയിട്ടുമാത്രമേ ഡിസ്ചാർജ് ചെയ്യൂ. ഇത് അനാവശ്യമായ പണച്ചെലവും കാലതാമസവും ഉണ്ടാക്കുന്നുണ്ട്. ഇക്കാര്യത്തിൽ കുറച്ചുകൂടെ പ്രായോഗികമായ നയമുണ്ടാകണം.


ആവർത്തിക്കട്ടെ: ലോകമെങ്ങുമുള്ള സർക്കാരുകൾ പുതിയ പഠന ഫലങ്ങളനുസരിച്ച് നയങ്ങൾ മാറ്റുന്നുണ്ട്. കേരളവും അത്തരം ഒരു സമീപനം സ്വീകരിക്കണം.”