ഇനിയും ലോക്ക് ഡൌൺ നമ്മൾ താങ്ങുമോ ?

0
57

Karthik Hariharan

ഇനിയും ലോക്ക് ഡൌൺ നമ്മൾ താങ്ങുമോ ?

ലോക്ക് ഡൌൺ അധികാരികളുടെ കയ്യിലെ അധികാരം ജനങ്ങളിൽ അടിച്ചേൽപ്പിക്കാനുള്ള വടി ആകുന്നോ എന്ന് നല്ല സംശയം തോന്നിതുടങ്ങുന്നു. തിരുവനന്തപുരത്തെ രണ്ടു പ്രധാന സ്ഥലങ്ങളായ കരമനയും കവടിയാറും ഈ ആഴ്ച പൂട്ടി ഇട്ടത് പ്രത്യേകിച്ചു കാരണങ്ങൾ ഒന്നുംതന്നെ ഇല്ലാതെയാണെന്നു ബന്ധപ്പെട്ട കൗൺസിലറും എംഎൽഎയും പ്രതികരിച്ചു കണ്ടു. അവരുടെ ആശങ്ക ആസ്ഥാനത്തുമല്ല, കാരണം ഈ രണ്ടു സ്ഥലങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ ഒന്നോ രണ്ടോ മാത്രമാണ്. ഒരു പക്ഷെ ഇത് എന്തെങ്കിലും പിശക് കാരണമായിരിക്കാം. പക്ഷെ ഈ പിശക് കാരണം ഒരു കൂട്ടം ആളുകൾക്ക് പണിയില്ലാതെ ആയി എന്നതാണ് ഫലം.

ഇന്നും “നാട് മുഴുവൻ അടച്ചിടു” എന്ന് നിലവിളിക്കുന്നത് വീട്ടിലെ സൗകര്യങ്ങളിൽ ഇരുന്നു ഫേസ്ബുക്ക് കുത്തുന്നവർ മാത്രമാണ്. യഥാർത്ഥ ലോകത്തിൽ പലരുടെയും കാര്യം വലിയ കഷ്ടതയിൽ ആണ്. തിരുവനന്തപുരം ലോക്ക് ഡൌൺ ആക്കിയിട്ട് മൂന്ന് ആഴ്ച കഴിഞ്ഞു. കോവിഡ് കേസുകളിൽ ഇന്നും ഒരു മാറ്റവും കാണുന്നില്ല. ഉടനെയൊന്നും ഒരു മാറ്റവും ഉണ്ടാകുമെന്നും കാണുന്നില്ല.
കോവിഡിന്റെ കൂടെ ജീവിതം മുന്നോട്ട് കൊണ്ടു പോയേ പറ്റു. സർക്കാരിനും സഹായങ്ങൾ നല്കാൻ ഒരു പരിധി വരെയേ പറ്റുകയുള്ളു എന്ന കാര്യം ആദ്യം ചിന്തിക്കേണ്ടത് സർക്കാർ തന്നെയാണ്. ആളുകൾക്ക് ജീവിക്കാൻ പുറത്തിറങ്ങിയേ പറ്റു. ഇന്നേക്ക് 4 മാസങ്ങൾ കഴിഞ്ഞു പൂർണ ലോക്ക് ഡൌൺ തുടങ്ങിയിട്ട്. അടുത്തെങ്ങും ഇതിനൊരു മാറ്റം ഉണ്ടാകും എന്നൊരു പ്രതീക്ഷയും ഇല്ല.

ജനത്തെ തടയുന്നതിന് പകരം പോലീസിന്റെ പണി കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടോ എന്ന് മോണിറ്റർ ചെയ്യുക എന്നതാവട്ടെ. സർക്കാരിന്റെ പണി കഴിയുന്നത്ര ടെസ്റ്റുകൾ ചെയ്യുക എന്നതാവട്ടെ. ഇപ്പോൾ സ്വീകരിച്ച കോവിഡ് ഹോം കെയർ പോലത്തെ കാര്യങ്ങൾ ഇനിയും വരട്ടെ. ഇതൊക്കെ ലോകം ചെയ്തു തെളിയിച്ച കാര്യങ്ങൾ തന്നെയാണ്.

തുറന്നു കൊടുക്കണം, നിയന്ത്രണങ്ങൾ പടി പടിയായി നീക്കുന്ന കാര്യം ആലോചിക്കണം. കോവിഡ് പ്രതിരോധവും ഒപ്പം കൊണ്ടു പോകണം. ആളുകൾ പണിക്ക് പോയി തുടങ്ങട്ടെ. ഒപ്പം മധ്യവർഗത്തിലുള്ളവരുടെ കയ്യിൽ നിന്നും കാശ് വിപണിയിൽ എത്തട്ടെ. അത് വഴി സർക്കാരിനും വരുമാനം ഉണ്ടാവട്ടെ. ഇതുണ്ടായില്ലേൽ കോവിഡ് മരണത്തെക്കാളും എത്രയോ മടങ്ങു പട്ടിണി മരണങ്ങൾക്കും ആത്മഹത്യകൾക്കും നാം സാക്ഷിയാകേണ്ടി വരും.

കണ്ടൈണ്മന്റ് സോണാക്കുന്ന ഭാഗങ്ങളിലേക്ക് പോകുന്ന വഴികളെ കെട്ടി അടയ്ക്കുമ്പോൾ ഒന്നുകിൽ അവിടെ പോലീസ് സേവനം രാപകലേർപ്പെടുത്തുക അല്ലെങ്കിൽ പോലീസുകാർ രാത്രിയോടെ പിൻവാങ്ങുമ്പോൾ വഴികൾ തുറന്നിടുക. കാരണം പകൽ കെട്ടിയടച്ചു വച്ച് കർശനമായി നിയന്ത്രിക്കുമ്പോൾ പോലും കടത്തിവിടുന്ന വാഹനങ്ങൾ പോലും ആ വഴികൾ തുറന്നിട്ടാൽ രാത്രി എട്ടുമണിക്ക് ശേഷം പോകാറില്ല. ജനങ്ങളിൽ അതൃപ്തി പുകയുകയാണ്. ഇന്നിപ്പോൾ ചാനലിലെ ഒരു വാർത്ത ഗൗരവം അർഹിക്കുന്നതാണ്. നാണയം വിഴുങ്ങിയ കുട്ടി ചികിത്സകിട്ടാതെ മരിച്ചത്. ഒന്നാമത് വിദഗ്ധ ചികിത്സയ്ക്കായി പോകുന്നവർക്ക് വഴികൾ കെട്ടിയടയ്ക്കുന്നതുകാരണം സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെടുന്നു, രണ്ടാമത് കണ്ടൈൻമെൻറ് സോണിൽ വന്നു ചികിത്സ തേടി വരുന്നവരെ മറ്റു ആശുപത്രികൾ അഡ്മിറ്റ് ചെയ്യുന്നില്ല.

എന്റെ വീട്ടിൽ നിന്നും കിംസ് ആശുപത്രിയിലേക്ക് രണ്ടു കിമി ദൂരമേയുള്ളൂ. അതിനിടയിൽ രണ്ടു ബാരിക്കേഡുകൾ അടുത്ത ദിവസം വരെ ഉണ്ടായിരുന്നു. അതും കെട്ടിമുറുക്കി വച്ചിരിക്കുന്നു. അവിടെ പോലീസും ഇല്ല. ഈ സ്ഥലങ്ങൾക്കിടയിൽ ഒരാൾക്ക് രാത്രി പെട്ടന്നൊരു ആരോഗ്യപ്രശ്നം വന്നാൽ എന്തുചെയ്യും ? ഇന്ന് ചാനലുകളിൽ കണ്ട മറ്റൊരു വാർത്ത, കോവിഡ് കാരണം അത്യാസന്ന നിലയിലായ രോഗിക്ക് വേണ്ടി വിളിച്ച ആമ്പുലൻസ് എത്തിയത് മൂന്നു മണിക്കൂറിനു ശേഷം. അപ്പോഴേയ്ക്കും രോഗി മരിച്ചിരുന്നു.

ഇനിയെങ്കിലും ചാനലുകളും സർക്കാരും ഒന്ന് മനസിലാക്കണം, നിങ്ങൾ കോവിഡ് ഭീതി പടർത്തുമ്പോൾ ഈ നാട്ടിൽ കോവിഡ് മാത്രമല്ല ആരോഗ്യപ്രശ്നം ഉണ്ടാക്കുന്നത്, മറ്റു രോഗികളും അപകടങ്ങളിൽ പെടുന്നവരും കൂടെയുണ്ട്. നമുക്ക് പരിമിതമായ സൗകര്യങ്ങളാണ് ഉള്ളതെന്ന് അറിയാം. അപ്പോൾ എന്താണ് ചെയ്യേണ്ടത് ജനങ്ങളെ സഞ്ചരിക്കാൻ എങ്കിലും അനുവദിക്കുക. പല സ്ഥലങ്ങളിലെയും ജനങ്ങൾ തടങ്കലിൽ എന്നപോലെ ആണ് ഇപ്പോൾ. കണ്ടയ്നമെന്റ് സോണുകളിൽ നിന്ന് വരുന്നവർ എന്ന് പറയുമ്പോൾ പല ആശുപത്രികൾക്കും അയിത്തം ആണ്. ഇക്കണക്കിനു കോവിഡ് ഇതര രോഗികൾക്ക് സുഖമരണം ആശംസിക്കാൻ മാത്രമേ സാധിക്കൂ.

സര്‍ക്കാര്‍ ആശുപത്രികളില്‍ വിദഗ്ധ ചികിത്സ ലഭിച്ചില്ല, അബദ്ധത്തില്‍ നാണയം വിഴുങ്ങിയ കുട്ടി മരിച്ചു. യു പി യിലോ ഹരിയാനയിലോ അല്ല നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ… ആരോഗ്യരംഗത്ത് ഇന്ത്യയിൽ ഒന്നാമത് ആണെന്ന് വീമ്പു പറയുന്ന നമ്മുടെ കൊച്ചു കേരളത്തിൽ.സർക്കാർ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്നാണ് വീട്ടുകാർ പരാതിപ്പെടുന്നത്. ആശുപത്രിയിലെത്തിച്ചപ്പോൾ കുഴപ്പമൊന്നുമില്ല നാണയം തനിയെ പൊയ്ക്കൊള്ളുമെന്നാണ് അറിയിച്ചതെന്ന് കുട്ടിയുടെ അമ്മ പറയുന്നു.

ശനിയാഴ്ച രാവിലെ 11 മണിക്കായിരുന്നു സംഭവം. നാണയം വിഴുങ്ങിയെന്ന് മനസിലാക്കിയ വീട്ടുകാർ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചു. അവിടെ പീഡിയാട്രീഷൻ ഇല്ലായെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് അയച്ചു. എന്നാൽ ഇവിടെയും ചികിത്സ ലഭ്യമായില്ലെന്നാണ് വീട്ടുകാർ പറയുന്നത്.ഇവിടെയും പീഡിയാട്രീഷൻ ഇല്ലാതിരുന്നതിനാൽ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു.അതിനിടെ കുട്ടിക്ക് പഴവും വെള്ളവും കൊടുത്താൽ നാണയം ഇറങ്ങിപ്പൊയ്ക്കൊള്ളുമെന്നും പിന്നീട് വയറിളക്കിയാൽ അത് പുറത്തുപോകുമെന്നുമാണ് ഡോക്ടർമാർ നിർദ്ദേശിച്ചുവെന്ന് വീട്ടുകാർ പറയുന്നു.

ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് ഇവർ വിളിച്ചുചോദിച്ചപ്പോഴും ഇതേ മറുപടിയാണ് ലഭിച്ചതെന്ന് പറയുന്നു.ഇതനുസരിച്ച് വീട്ടുകാർ മടങ്ങിപ്പോവുകയും ശനിയാഴ്ച രാത്രിയോടെ കുട്ടിയുടെ നില വഷളാവുകയും ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെയോടുകൂടി മരണപ്പെടുകയായിരുന്നു.ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന് പറഞ്ഞു തള്ളിക്കളയാൻ ആവില്ല. ആ കുട്ടിയെ കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിക്ക് വേണ്ടത്ര പരിഗണന നൽകാതെ അനാസ്ഥ കാട്ടി ആ കുട്ടിയെ മരണത്തിലേക്ക് തള്ളി വിട്ട ഓരോരുത്തർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം… അവരെയെല്ലാം സർവീസിൽ നിന്ന് പിരിച്ചു വിടണം. ഇനിയും ഒരാൾക്കും ഇത്തരത്തിൽ ഒരു ദുർഗതി ഉണ്ടാവരുത്.